“അനിയത്തിയുടെ കുഞ്ഞിന്റെ ചിരികളികൾ മുഴുകി നിൽക്കുമ്പോഴാണ് എന്റെ മാറിടങ്ങളിൽ മുലപ്പാൽ നിറഞ്ഞു വിങ്ങുന്നതു പോലെയെനിക്ക് അനുഭവപ്പെട്ടത്
“അനിയത്തിയുടെ കുഞ്ഞിന്റെ ചിരികളികൾ മുഴുകി നിൽക്കുമ്പോഴാണ് എന്റെ മാറിടങ്ങളിൽ മുലപ്പാൽ നിറഞ്ഞു വിങ്ങുന്നതു പോലെയെനിക്ക് അനുഭവപ്പെട്ടത്.ബ്ലൗസിന്റെ മുൻഭാഗത്ത് ചെറിയ നനവ് പകർന്നിരിക്കുന്നത് ഞാനറിഞ്ഞു.ഉടനെ തന്നെയോടി മുറിയിൽ കയറി ഞാൻ വാതിലും ജനലഴികളും ബന്ധിച്ചു…..
വാഷ്ബേസന്റെ പൈപ്പ് ഓൺ ചെയ്തിട്ട് ഞാനെന്റെ ഇടത്തേമാറിടത്ത് നിന്ന് മുലപ്പാൽ പതിയെ അമർത്തി കളഞ്ഞു കൊണ്ടിരുന്നു. വലതുവശത്തെ മാറിടവും അതുപോലെ ചെയ്തിട്ട് മുഖവും കഴുകി ജനലഴികളുടെ വാതിൽ തുറന്നു അകലങ്ങളിലേക്ക് ദൃഷ്ടികൾ പതിപ്പിച്ചു…..
” എന്റെ കുഞ്ഞ്,എന്റെ പൊന്നുമോൻ എന്നൊരു നിലവിളിയെന്നിൽ നിന്നും ഉയർന്നു…..
കൺകുളിർക്കെ കണ്ടു തീർന്നില്ലവനെ,ലാളിച്ചു കൊതിതീർന്നില്ല,അതിനു മുമ്പേ അവന്റെ കുഞ്ഞു ജീവൻ ദൂരേക്ക് പറന്നകന്നു….
എന്റെ നെഞ്ഞ് പിഞ്ഞിക്കീറുന്നു.കടുത്ത ദാഹവും എന്നെ തളർത്തുമെന്ന് ഉറപ്പായതോടെ വേച്ചു വേച്ചു ഞാൻ പാദങ്ങൾ മുമ്പോട്ടു ചലിപ്പിച്ചു.പൈപ്പിൽ നിന്നും ഒഴുകിയെത്തിയ ജലം ഞാൻ ആർത്തിയോടെ കൈക്കുമ്പുളിലാക്കി കുടിച്ചു.ദാഹപരവേശം കെട്ടടിങ്ങിയതോടെ ബെഡ്ഡിലേക്ക് ഞാൻ വീഴുകയായിരുന്നു…..
വിവാഹം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞപ്പോഴാണു ഞാനാദ്യം ഗർഭിണിയാകുന്നത്.ഒരുവർഷത്തെ കാലയളവ് എനിക്ക് സമ്മാനിച്ചത് കടുത്ത നിരാശകളായിരുന്നു….
മച്ചിയെന്ന വിളി കേൾക്കും മുന്നെ പ്രഗ്നന്റായത് എന്നെ വളരെയധികം സന്തോഷിപ്പിച്ചെങ്കിലും അതിനധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അബോർഷനായി കടിഞ്ഞൂൽ കണ്മണി ഇല്ലാതാകുന്ന വേദന ഞാൻ അറിഞ്ഞു.ആശ്വസിപ്പിക്കലും സ്വാന്തനവുമായി പിന്നെയും കാത്തിരിപ്പ്.വീണ്ടും പഴയ അനുഭവം രണ്ടു പ്രാവശ്യവുമെന്നെ തേടിയെത്തിയപ്പോൾ മാനസികമായും ശാരീരികമായും ഞാനേറെ തളർന്നിരുന്നു……
ഒന്നിൽ പിഴച്ചാൽ മൂന്നെന്ന ചൊല്ല് അർത്ഥപൂർണ്ണമാക്കി ഞാൻ വീണ്ടും ഗർഭിണിയായി.ഈ പ്രാവശ്യം ഭയത്താൽ ഞങ്ങൾ ആഘോഷങ്ങളെല്ലാം മാറ്റിവെച്ചു കുഞ്ഞിനായി സകല നേർച്ചയും നേർന്നു കാത്തിരുന്നു….
എന്നെ അനങ്ങുവാൻ സമ്മതിക്കാതെ എന്റെ ഏട്ടൻ അവസാന സമയത്ത് ലീവെടുത്ത് എന്റെ കൂടെ ചിലവഴിച്ചു. സമയത്ത് ആഹാരവും മരുന്നുമെല്ലാം നിർബന്ധപൂർവ്വം കഴിപ്പിച്ചു……
വീർത്തുന്തി വരുന്ന എന്റെ ഉദരത്തിലേക്ക് ഏട്ടൻ കുഞ്ഞിന്റെ ചലനത്തിനായി ചെവിയോർത്തിരുന്നു….
പ്രസവ ഡേറ്റ് അടുക്കുന്തോറുമെന്നിൽ ഭയവും വളർന്നു. വേദന തുടങ്ങിയ ദിവസം ഏട്ടൻ തന്നെയാണ് എന്നെ ആശുപത്രിയിൽ എത്തിച്ചതും….
ബ്ലഡ് പ്രഷർ കൂടിയതിനാൽ സിസേറിയനെ സാദ്ധ്യമാകൂ എന്ന് ഗൈനക്കോളജിസ്റ്റ് പറയുമ്പോഴും ഞാനുള്ളിൽ ആർത്തു കരയുകയായിരുന്നു….
എനിക്കെന്ത് പറ്റിയാലും സാരമില്ല ഡോക്ടർ കുഞ്ഞിനു ഒരാപത്തും കൂടാതെ അതിന്റെ അച്ഛനെ ഏൽപ്പിച്ചാൽ മതി,കടുത്ത വേദനയിലും കൈകൾ കൂപ്പി പിടിച്ചിരുന്നു….
അമ്മയാകണം,മരിച്ചാലും സാരമില്ല, കുഞ്ഞിനു കുഴപ്പമൊന്നും വരരുത് മനസ്സിനെ ധൈര്യം നൽകാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു….
നടുവളച്ച് അനസ്തേഷ്യ നൽകുന്നതും ഞാൻ അറിഞ്ഞിരുന്നു.പാതി മയക്കത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ എന്റെ അടിവയറിനു താഴെ കത്തിയും സിസറും ഉയർന്നു താഴുന്നത് സ്വപ്നത്തിലെന്ന പോലെ ഞാനറിഞ്ഞു…..
ഇടക്കെപ്പഴോ കുഞ്ഞിന്റെ ദീർഘമായ കരച്ചിൽ കേട്ട് ഞാൻ വീണ്ടും ഉണർന്നു.എനിക്ക് കാണാം എന്റെ കുഞ്ഞിനെ ഡോക്ടർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്.ഓടിച്ചെന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങി തുരുതുരെ മുത്തങ്ങൾ നൽകാൻ മനസ്സ് വെമ്പിപ്പോയി…..
പാതിമയക്കം വിട്ടൊഴിയുന്ന വേളയിൽ വെളളത്തുണിയിൽ പൊതിഞ്ഞൊരു ചോരക്കുഞ്ഞിനെ എന്നെ കാണിച്ചു തന്നു….
ആൺകുഞ്ഞാണെന്ന് മാലാഖ പറയുമ്പോഴും അവനെയൊന്നെടുക്കാൻ മനസ്സ് കൊതിച്ചു.നേരത്തോട് നേരം കഴിയുന്നത് വരെ ഞാനും അവനും രണ്ടിടത്ത്……
അമ്മിഞ്ഞ കുടിക്കാൻ ചുണ്ടുകൾ പിളർത്തിയ കുഞ്ഞിനെ മതി വരുവോളം നൽകി അവന്റെ വിശപ്പടക്കി മാതൃവാൽസല്യം ഞാൻ അനുഭവിച്ചു. അന്നു മുതൽ അവനിലായിരുന്നെന്റെ ശ്രദ്ധ മുഴുവനും. കൈകൾ വളരുന്നുവൊ കാൽ വളരുന്നുവോന്ന് ശ്രദ്ധിച്ച് അവനും ഞാനുമായി എന്റെ ലോകം.കുഞ്ഞരിപ്പല്ലുകൾ ഇളിച്ചു എനിക്കും അവനും മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ സംസാരിച്ചു…..
അന്നൊരു രാത്രി നിർത്തലില്ലാതെ അവൻ കരഞ്ഞതോടെ എന്നിലെ അമ്മ വീണ്ടും ഉണർന്നു.കരഞ്ഞു കരഞ്ഞെന്റെ മോന്റെ ശബ്ദം കുറഞ്ഞു വരുന്നത് ആരെക്കാളും മുന്നെ ഞാൻ മനസ്സിലാക്കി…..
എന്റെ അലമുറയിട്ട കരച്ചിൽ കേട്ട് ഉണർന്നു വന്ന വീട്ടുകാർ ഭർത്താവ് എത്തും വരെ കാത്തിരിക്കാൻ പറഞ്ഞു… പക്ഷേ എന്നിലെ അമ്മക്ക് ആകുമായിരുന്നില്ല ഒരുനിമിഷം പോലും പാഴാക്കുവാൻ.അവനെയും എടുത്തുകൊണ്ട് അറിയാവുന്ന വഴിയിലൂടെ ഞാൻ മുമ്പോട്ട് കുതിച്ചു….
കമ്പിളിയിൽ പുതപ്പിച്ച് ഏറെനേരത്തെ യാത്രക്കൊടുവിൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവനെയെന്റെ മാറിൽ നിന്ന് അടർത്തി മാറ്റുമ്പോൾ ചെറിയ നിശ്വാസം മാത്രം ഉയർന്നു കേട്ടു. ഹൃദയം തകർന്നു പോയതു പോലെ ഞാൻ ഉറക്കെ നിലവിളിച്ചു…..
“അമ്മേടെ പൊന്നുമോൻ അമ്മയെ വിട്ടിട്ടു പോകുവാണോടാ……
ഡോക്ടർമാരുടെ കഠിനമായ പ്രയ്ത്നങ്ങൾ പാഴായിപ്പോയെന്ന് ഞാൻ അറിയുന്നത് എനിക്ക് ബോധം വീണ്ടു കിട്ടുമ്പോഴാണു.കരഞ്ഞു തളർന്ന് എന്നിലും ശബ്ദമില്ലാതെയായി.വീണ്ടുമെന്റെ ഹൃദയം പിടഞ്ഞതെന്റെ കുഞ്ഞിന്റെ നിശ്ചലമായ ശരീരം അഗ്നി വിഴുങ്ങുമ്പോളെനിക്ക് നിലവിളി വെളിയിൽ വരാതെ തൊണ്ടക്കുഴിയിൽ ഉടക്കി നിന്നു……
എന്റെ മോനില്ലാത്ത ജീവിതം എനിക്ക് വിരസമായ ദിനങ്ങൾ ആയിരുന്നു .അനിയത്തിയുടെ മകനിലൂടെ ഞാൻ പിന്നെയെന്റെ മകനെ കണ്ടത്.പലപ്പോഴും അവനെ വാരിയെടുത്ത് എന്റെ അമൃത് നൽകാൻ ഞാൻ കൊതിച്ചു……
കുഞ്ഞിന്റെ ഓർമ്മയിൽ വീണ്ടുമെന്റെ മാറിടത്ത് മുലപ്പാൽ ചുരത്തി.രണ്ടും കൽപ്പിച്ചു മുറി തുറന്ന് കുഞ്ഞിനെ വാരിയെടുക്കാൻ തുനിഞ്ഞതും അനിയത്തിയെന്റെ തൊട്ടു മുമ്പിൽ…. പൊളളലേറ്റ പോലെ പിടഞ്ഞു പോയി ഞാൻ. കരഞ്ഞു കൊണ്ടോടി മുറിയിലെ കട്ടിലിൽ വീണു ഞാൻ പൊട്ടിക്കരഞ്ഞു….
ഇടക്കെപ്പഴൊ ആരൊ മുറിയിൽ കടന്ന് വാതിലിന്നു കൊളുത്തിടുന്നത് അറിഞ്ഞിട്ടും എനിക്ക് നോക്കാൻ കഴിഞ്ഞില്ല….
ചേച്ചീന്നുളള അനിയത്തിയുടെ വിളികേട്ടു ഞാൻ മുഖം തിരിച്ചതും വിശ്വസിക്കാനെനിക്ക് കഴിഞ്ഞില്ല എന്റെ കണ്ണുകളെ…..
നീട്ടിപ്പിടിച്ച അവളുടെ കയ്യിൽ കുഞ്ഞിരിക്കുന്നു….
” ചേച്ചി ഞാനും പ്രസവിച്ചവളാണു…എനിക്ക് അറിയാം കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ മനസ്സ്.ചേച്ചീടെ മോൻ കൂടിയല്ലെ ഇവൻ…അവനും കൂടിയാ അമൃത് നൽകിയാൽ ഞാൻ ചേച്ചിയെ വഴക്കു പറയോന്ന് ഭയപ്പെടുന്നു ഇല്ലെ.ഒരിക്കലും ഇല്ല…ചേച്ചിയും ഞാനും അമ്മയാണ്…..
അനിയത്തി പറഞ്ഞതെന്റെ മനസ്സ് നിറക്കുമ്പോഴും വികൃതി ചെക്കൻ അമ്മിഞ്ഞ നുണത്ത് മതിയാകാതെ വീണ്ടും അടുത്തതിനായി മാറിൽ പരതുകയാണ്…..
വീണ്ടും അമ്മയെന്ന ആനന്ദ നിർവൃതിയടഞ്ഞ് കുഞ്ഞിനെ ഞാൻ മാറോട് ചേർത്തു പിടിച്ചു…….
Feel good......
ReplyDelete