Popular Posts

ജാതകം

ജാതകത്തിൽ രണ്ട് മംഗല്യയോഗം ഉണ്ട് എന്ന് അറിഞ്ഞതും ഒരു കുടുംബമായി കഴിഞ്ഞവരുടെ ഇടയിൽ മുറുമുറുപ്പ് തുടങ്ങി.. പക്ഷേ ഞങ്ങളുടെ മനസ്സ് ആരും മനസിലാക്കാൻ ശ്രമിച്ചില്ല....

ഞങ്ങൾ തമ്മിൽ അകന്ന ഒരു ബന്ധമേ ഉള്ളു എങ്കിലും അടുത്തടുത്ത വീട് ആയതിനാൽ ഒരു കുടുംബം പോലെയാണ് കഴിഞ്ഞതിരുന്നത്..

അവളെന്റെ കളികൂട്ടുകാരി.. ഇന്നേ വരെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും എന്റെ മനസ്സ് അവൾക്കും അവളുടെ മനസ്സ് എനിക്കും അറിയാമായിരുന്നു..

എന്നും കൊലുസിന്റെയും വളകളുടെയും ശബ്ദത്താൽ എന്നെ ഉണർത്തുന്നവൾ..

ഓർമ വച്ച നാൾ മുതൽ ആ മുഖം കണികാണിച്ച് എന്നെ   ഉണർത്തിയവൾ..

അമ്പലത്തിൽ പോകുമ്പോൾ കൂട്ടായി എന്നെ വിളിക്കുന്നവൾ....

അമ്പലത്തിൽ പോകുന്ന വഴിയിൽ കാക്കയോടും പൂച്ചയോടും വരെ കുശലം ചോദിക്കുന്നവൾ...

എന്റെ മുഖം ഒന്ന് ചുമന്നാൽ സങ്കടം കൊണ്ട് കണ്ണ് നിറക്കുന്നവൾ...

ഞാൻ വേറെ ഒരു പെൺകുട്ടിയോട് സംസാരിച്ചാൽ ദേഷ്യപ്പെട്ട് മിണ്ടാതെ നടക്കുന്നവൾ...

പഠിപ്പും വിവരവും കുറച്ച് കുറവാണെങ്കിലും അവളെ പോലെ ഒരു പെണ്ണിനെ ഈ ജന്മം എനിക്ക് കിട്ടില്ല.. വീട്ടിൽ എല്ലാവര്ക്കും അവളെ ഇഷ്ടമാണ്..

പേര് ദേവിക, ദേവു എന്നാണ് എല്ലാവരും വിളിക്കുക.. ഇങ്ങനെ ഒക്കെ ആയതുകൊണ്ടാണ് വീട്ടുകാർ ഞങ്ങളെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചത്... എന്നാൽ ഇപ്പോൾ ഇതെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..

അവളുടെ അമ്മയും അച്ഛനും എന്നെ മകനെ പോലെ കണ്ടിരുന്നതാണ് ഇപ്പോൾ കണ്ടാൽ മിണ്ടാതെയായി.. കാരണം എന്റെ ജാതകത്തിലാണ് രണ്ട് മംഗല്യയോഗം...

അവളുടെ കൊലുസിന്റെ ഈണം കേട്ട് ഉണർന്നിട്ട് നാളുകൾ കുറെ ആയി... അവൾ എന്റെ വീട്ടിൽ വരാറില്ല എന്നതാണ് സത്യം.. ഒന്ന് കാണണമെന്നുണ്ട് പക്ഷേ അവളുടെ വീട്ടിൽ പോയാൽ അത് ഒരു പ്രശ്നമായലോ.. അതുകൊണ്ട് അതിന് ഞാൻ മുതിർന്നില്ല...

അപ്പു വഴിയാണ് അന്ന് അവളുടെ ഒരു കത്ത് എനിക്ക് കിട്ടിയത്..

ഞാൻ വൈകിട്ട് അമ്പലത്തിൽ പോകും വരുന്ന വഴി കാവിലെ ആൽമരചുവട്ടിൽ ഞാൻ കത്ത് നിൽക്കും എന്തായാലും വരണം..

എന്നെ മറക്കണം പറയാൻ ആകും അല്ലാതെ എന്താ അവള് പറയുക.. വീട്ടുകാരെ എതിർത്ത് എന്റെ കൂടെ അവൾ ഒരിക്കലും വരില്ല അത് ഉറപ്പാണ്..

പിന്നെ രണ്ട് മംഗല്യയോഗം എന്ന് പറഞ്ഞാൽ എന്താണ്... ഒന്നുകിൽ ആദ്യ ഭാര്യക്ക് എന്തെങ്കിലും സംഭവിക്കണം, അല്ലെങ്കിൽ ആദ്യ വിവാഹ ബന്ധം വേർ പെടുത്തണം..

ആരെങ്കിലും ഇങ്ങനെ ഒരു കുഴപ്പം ഉള്ളവനെ വിവാഹം കഴിക്കാൻ തയ്യാറാകുമോ..!!

ഇല്ല.. അവളെ തെറ്റ് പറയാൻ വയ്യല്ലോ... എന്റെ കുഴപ്പം ആണല്ലോ...

ഒന്ന് കാണാൻ ഒത്തിരി ആഗ്രഹമുണ്ട് അതുകൊണ്ട് വൈകുന്നേരം വിളിച്ചതിലും നേരത്തെതന്നെ പോയി..

മുഖവുരയില്ലാതെ അവൾ കാര്യം പറഞ്ഞു തുടങ്ങി...

ഏട്ടൻ എന്നെ വിവാഹം കഴിക്കാതെ വേറെ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടാം എന്ന് കരുതണ്ടാ.. ഇനി അങ്ങനെ വല്ലതും മനസ്സിൽ പോലും തോന്നിയാൽ ഉണ്ണുന്ന ചോറിൽ വിഷം കലക്കി തന്ന് ഞാൻ കൊല്ലും എന്നിട്ട് ഞാനും ചാവും.. അല്ലാതെ ഒറ്റയ്ക്ക് ഞാൻ കെട്ടിത്തൂങ്ങി മരിക്കും എന്ന് കരുതണ്ടാ.. എന്റെ ജാതകത്തിൽ ഇങ്ങനെ കുഴപ്പം ഉണ്ടെങ്കിൽ ഏട്ടൻ എന്താ എന്നെ കല്യാണം കഴിക്കില്ല...!!

പിന്നെ രണ്ട് മംഗല്യം കഴിക്കും എന്നതാണ് പ്രശ്‌നമെങ്കിൽ ആദ്യം ഒരു വിവാഹം കഴിക്കാ എന്നിട്ട് എന്നെ വിവാഹം ചെയ്യാ..

എന്താ നീ പറയുന്നത്.. വിവാഹം എന്താ കുട്ടികളിയോ..!! ഒരു പെണ്ണിനെ വിവാഹം കഴിച്ച് വേണ്ടന്ന് വെക്കാനോ...!!

അയ്യടാ.. വേറെ പെണ്ണിനെ വിവാഹം കഴിക്കാം എന്ന ആഗ്രഹം മനസിൽ പോലും കരുതണ്ട.. വാഴയില്ലേ അതിനെ ഒരു പെണ്ണായി കരുതി ഒരു താലി അങ്ങോട്ട് കെട്ടുക.. എന്നിട്ട് ആ വാഴ വെട്ടി മുറിച്ച് കളയുക.. എന്നിട്ട് ആ താലി എന്റെ കഴുത്തിൽ കെട്ടിയാൽ മതി.. അപ്പോൾ രണ്ടാമത്തെ മംഗല്യം ആയല്ലോ...!!

പിന്നെ എനിക്ക് ഒന്നും വരാതെ ഇരിക്കാൻ രാത്രി കഴിഞ്ഞു പുലരും വരെ കാവലായി എപ്പോഴും ഏട്ടനുണ്ടാകും.. ഒരു ദിവസമെങ്കിൽ ഒരു ദിവസം ആ നെഞ്ചിൽ തലചായ്ച്ചുറങ്ങുവാനും ആ മുഖം കണ്ടുനരുവാനും ഇനി എന്ത് തന്നെ സംഭവിക്കുമെന്നു പറഞ്ഞാലും ഞാൻ ഒരുക്കമാണ്....

ആ നിമിഷം ഞാൻ ഉറപ്പിച്ചു ജീവിതത്തിൽ ഇനി ഒരു പെണ്ണ് ഉണ്ടെങ്കിൽ അവൾ മാത്രം ആകുമെന്ന്....

No comments