അഭിയേട്ടൻ
കോളേജിലെ എല്ലാർക്കും ഇഷ്ടമുളള ചേട്ടൻ ആയിരുന്നു അഭിയേട്ടൻ.
ഞങ്ങൾ ജൂനിയേർസൊക്കെ പുള്ളിക്ക് സ്വന്തം അനുജന്മാരായിരുന്നു, അതോണ്ടന്നെ റാഗിംങ്ങിൽ പെട്ട് നട്ടം തിരിഞ്ഞ കാലത്ത് ഞങ്ങൾക്കൊരു താങ്ങായിരുന്നു അഭിയേട്ടൻ.
പുള്ളിയെ പറ്റി പറയാണെങ്കിൽ പഠിപ്പിനു പഠിപ്പ് തല്ലിനു തല്ല് കളിക്ക് കളി എന്ന് മൂന്ന് വാക്കിൽ പറയാം.
എന്തോ ഞങ്ങൾക്കൊക്കെ വല്യ ഇഷ്ടായിരുന്നു ചേട്ടനെ...
എങ്കിലും ആ കണ്ണിൽ എന്നും തങ്ങി നിന്നിരുന്ന വിഷാദത്തെ പറ്റി ഞങ്ങളും അഞ്ജരായിരുന്നു...
ചോദിക്കണം എന്നൊക്കെ തോന്നിയെങ്കിലും ആരും ചോദിച്ചില്ല...
പിന്നീടാണറിയുന്നെ സംഭവം പ്രണയമാണ്!
കോളേജിലെ സ്വന്തം ബാച്ചിലെ ഒരു ചേച്ചി യോട് പുള്ളിക്ക് മുടിഞ്ഞ പ്രേമം!
അതായത് കഴിഞ്ഞ 4 കൊല്ലമായിട്ട് ... കോളേജ് തുടങ്ങിയത് തൊട്ട് എന്ന് പറയാം.
പക്ഷെ പേടി കാരണം ഇതുവരെ പറഞ്ഞിട്ടില്ല!
ഇതൊക്കെ അറിഞ്ഞതും ഞങ്ങൾ അനിയന്മാർ കേസ് ഏറ്റെടുത്തു.
പറഞ്ഞേ തീരു എന്ന ഞങ്ങളുടെ വാശിക്കു മുൻപിൽ ചേട്ടൻ കീഴടങ്ങി.
വേനലിൽ വ്യക്ഷങ്ങൾ ഇല കൊഴിക്കുന്നത് പോലെ അഭിയേട്ടൻ്റെ അവസാന വർഷവും കൊഴിഞ്ഞ് തീരാറായിരുന്നു...
അവസാന സെമസ്റ്ററിലെ അവസാന പരീക്ഷയും കഴിഞ്ഞ് നേരെ പോയി കാര്യം പറയും എന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ വാക്ക്...
അങ്ങനെ ആ ദിവസം വന്നെത്തി...
ഞങ്ങളെല്ലാവരും ആ കാഴ്ച കാണാൻ എക്സാം ഹാളിനെ ചുറ്റിപറ്റി തന്നെ നിന്നു!
എല്ലാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും വിഷാദം മുറ്റിയ ആ കണ്ണുകളിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ...!
"എന്തായി പറഞ്ഞോ "
ആകാംക്ഷ അടയ്ക്കാൻ വയ്യായിരുന്നു ഞങ്ങൾക്ക്.
"മം പറഞ്ഞെടാ.. കഴിഞ്ഞ 4 കൊല്ലമായിട്ട് എനിക്ക് നിന്നെ ഇഷ്ടമായിരുന്നെന്ന് ''
"മറുപിടി എന്തായിരുന്നു?? "
ഞങ്ങളുടെ ചോദ്യത്തിനു ശേഷം തളം കെട്ടിയ നിശബ്ദദയ്ക്ക് ഒരായുസിൻ്റെ ദൈർഘ്യം ഉണ്ടായിരുന്നിരിക്കണം!
..... " ഓ സാരമില്ല ന്നു! "
നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ച് പടികളിറങ്ങി പോയ അഭിയേട്ടനെ നോക്കി ...ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങൾ നിന്നു...!
No comments