Popular Posts

ഏറെ സ്നേഹത്തോടെ,പ്രണയത്തോടെ തന്നെ നോക്കിയിരുന്ന ജീവന്റെ പാതിയായവൻ അതേ കണ്ണുകൾ കൊണ്ട് ഇന്ന് മറ്റൊരു പെണ്ണിനെ കാമം എന്ന ഒറ്റയൊരു വികാരത്തോടെ നോക്കുന്നുണ്ടെന്നറിഞ്ഞ നിമിഷം ഇടനെഞ്ചാകെ പൊള്ളി പോയിരുന്നു...


ഏറെ സ്നേഹത്തോടെ,പ്രണയത്തോടെ തന്നെ നോക്കിയിരുന്ന ജീവന്റെ പാതിയായവൻ അതേ കണ്ണുകൾ കൊണ്ട് ഇന്ന് മറ്റൊരു പെണ്ണിനെ കാമം എന്ന ഒറ്റയൊരു വികാരത്തോടെ നോക്കുന്നുണ്ടെന്നറിഞ്ഞ നിമിഷം ഇടനെഞ്ചാകെ പൊള്ളി പോയിരുന്നു...


ഒന്ന് ഉറക്കെ കരയാൻ പോലുമാവാതെ ശ്വാസം വിലങ്ങി,വാക്കുകൾ തൊണ്ടക്കുഴിയിൽ മരിച്ചു വീഴുന്നുണ്ടായിരുന്നു.ചുട്ടുപഴുത്ത തീക്കനലാം നൊമ്പരത്തിന്റെ താപം സഹിക്കാതെന്നവണ്ണം ഹൃത്തൊന്നാകെ വിങ്ങുന്നുണ്ടായിരുന്നു....


രണ്ട് ഏട്ടന്മാരുടെ കുഞ്ഞനിയത്തിയായി,അച്ഛന്റെ കുറുമ്പിയായി,അമ്മേടെ കാന്താരിയായിരുന്നവൾ....പാതി ചത്ത ശരീരവുമായി തളർന്നു വീണ അമ്മയെ കണ്ട് ഹൃദയം വിങ്ങിയെങ്കിലും വീട്ടിലെ ഉത്തരവാദിത്വങ്ങൾ എല്ലാം ആ പത്ത് വയസ്സിൽ തന്നെ ഏറ്റെടുത്തിരുന്നു...


പല കാരണങ്ങളാൽ മുടങ്ങി പോയ പഠിപ്പുമായി വീട്ടിൽ അമ്മയെ നോക്കി കഴിയുന്ന സമയത്ത് ജീവിതത്തിലേക്ക് കടന്നു വന്നവൻ...വിവാഹം കഴിഞ്ഞുള്ള പ്രണയം...ഇഷ്ടമായിരുന്നു...ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു...അമ്മായിയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു പകല് മുഴുവൻ തള്ളി നീക്കുമ്പോഴും രാത്രി തനിക്ക് ചാഞ്ഞുറങ്ങാൻ ആ നെഞ്ചുണ്ടല്ലോ എന്ന ചിന്ത മാത്രമായിരുന്നു...ഓരോ ദിവസവും ജോലി കഴിഞ്ഞെത്തുന്നവന് വേണ്ടി കാത്തിരിക്കുമായിരുന്നു....


ജീവിതത്തിലേക്ക് സന്തോഷം വിതറുവാൻ  പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന് അറിഞ്ഞതും മനസ്സ് കൊണ്ട് ഒരു അമ്മയായി കഴിഞ്ഞിരുന്നു.. നിറവയറുമായി ആ വീട്ടിലെ പണികൾ എടുക്കുമ്പോഴും ആ അമ്മയോട് ദേഷ്യം തോന്നിയിട്ടില്ല...അത്രയും വേദന സഹിച്ചു പ്രസവിച്ച്‌ വളർത്തിയ മകനെ തന്നതിൽ സ്നേഹം മാത്രമായിരുന്നു അവരോട്...


ശരീരത്തിലെ ഓരോ കോശവും നുറുങ്ങുന്ന വേദനയിൽ അവൻ വന്നതും.... മാറോടടക്കി അമ്മിഞ്ഞ കൊടുക്കാനും,കണ്ണെഴുതി പൊട്ടു തൊടീക്കാനും,കുഞ്ഞുടുപ്പുകൾ തുന്നിയിടീക്കാനും,ഏറെ സ്നേഹത്തോടെ നെഞ്ചിൽ കിടത്തിയുറക്കാനും പുന്നാരിക്കാനും എന്തോ ഒരുതരം  തിടുക്കമായിരുന്നു....


ആറാം മാസത്തിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന തന്റെ ചെവിയിൽ താലികെട്ടിയവന് അപ്രത്തെ വീട്ടിലെ പ്രായം ചെന്ന സ്ത്രീയുമായി അരുതാത്ത ബന്ധം ഉണ്ടെന്ന് അറിഞ്ഞതും സഹിക്കാനായില്ല....തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീ...അത്രയും വിശ്വാസം ഉണ്ടെങ്കിൽ പോലും അങ്ങനെ ഒരു പഴി...എങ്ങനെ സഹിക്കാനാണ്...ഞാൻ അത്രമേൽ സ്നേഹിക്കുന്നവനല്ലേ...ചോദിക്കാതിരിക്കാൻ ആവാതെ വന്നപ്പോൾ ചോദിച്ചു...അങ്ങനെ ഒന്നുമില്ലെന്ന് കുഞ്ഞിന്റെ തലയിൽ കൈവച്ചു സത്യം ചെയ്ത് നിറഞ്ഞ കണ്ണുകൾ തുടച്ചു തന്ന് ചേർത്ത് പിടിച്ചപ്പോൾ തീരുന്ന പരിഭവമേ ഉണ്ടായിരുന്നുള്ളു...


രണ്ട് മാസങ്ങൾക്കുള്ളിൽ വിദേശത്തേക്ക് പോയപ്പോൾ വേദനയായിരുന്നു...ആ വീട്ടിൽ കുറ്റപ്പെടുത്തലുകൾക്ക് ഇടയിൽ ഒറ്റയ്ക്ക് ആയിപോകുമെന്നോർത്ത് പേടി തോന്നി...എങ്കിലും സഹിച്ചു നിന്നു...


ഹാളിലെ തറയിൽ പായ വിരിച്ച് കുഞ്ഞിനെ ഉറക്കി കിടത്തി ജോലി ചെയ്യുന്ന സമയങ്ങളിൽ ഉറക്കം ഉണർന്നു കരയുന്ന കുഞ്ഞിനെ ആരും ഒന്ന് എടുക്കുന്നു പോലുമില്ലല്ലോ എന്ന് കാണുമ്പോൾ കണ്ണ് നിറയാറുണ്ട്...എന്നെ സ്നേഹിക്കണ്ട...പക്ഷേ കുഞ്ഞിനെ എങ്കിലും....പ്രതീക്ഷിച്ചിരുന്നു....പക്ഷേ അതുമില്ല എന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്...


പായയിൽ നിഷ്കളങ്കമായി ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി വെള്ളം കോരാൻ പോയി കുറച്ച് കഴിഞ്ഞതും ഉമ്മറത്തു നിന്ന് ഉറക്കെയുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടുകയായിരുന്നു...സ്റ്റെപ്പിന്ന് താഴെ വീണ് കരയുന്ന എന്റെ പിഞ്ചുകുഞ്ഞിനേയും അത് നോക്കി കയ്യും കെട്ടി നിൽക്കുന്ന അമ്മയേം കണ്ട് മനസ്സ് മരവിച്ചു പോയിരുന്നു...ഒരു സ്ത്രീക്ക് എങ്ങനെയാണ് ഇത്രയും ക്രൂരയാവാൻ കഴിയുന്നത്? അവരും ഒരമ്മയല്ലേ.. എന്റെ കുഞ്ഞ് അവരുടെയും ചോരയല്ലേ...


വാരിയെടുത്ത് നെഞ്ചോട് ചേർത്ത് മുലയൂട്ടിയപ്പോഴേക്കും കരച്ചിൽ നിന്നെങ്കിലും തലയിലെ മുഴുപ്പും നിറഞ്ഞ കുഞ്ഞിക്കണ്ണുകളും കാണുംതോറും ഹൃദയം വേദന കാർന്ന് തിന്നുന്നത് പോലെ തോന്നി.....ഇനിയും ഈ സഹനം തുടരാനാവുമോയെന്നറിയില്ല.. മനസ്സുകൊണ്ട് അത്രയേറെ അശക്തയായിരിക്കുന്നു..


വീട്ടിലേക്ക് പോകാൻ ആകുമായിരുന്നില്ല....ഇതുവരെയും എന്റെ വേദനകൾ അവരെയാരെയും അറിയിച്ചിട്ടില്ല..അത്രയ്ക്കും.പാവങ്ങളാണ് ന്റെ അച്ഛനുമമ്മയും ഏട്ടന്മാരും ...


എപ്പോഴും ചേർത്ത് പിടിച്ചിരുന്നവളുടെ കൈകൾ തന്റെ നേർക്ക് നീണ്ട് വരുന്നുണ്ടെന്ന് അറിഞ്ഞതും ഹൃദയം വിങ്ങിയിരുന്നു...സമ്മതിക്കാഞ്ഞിട്ടും തന്നെ കൂട്ടി കൊണ്ട് പോയി...ഏട്ടനോട് എല്ലാം ചേച്ചി തന്നെയാണ് വിളിച്ചു പറഞ്ഞത്...ഏട്ടന്റെ ചേച്ചി...എന്റെയും ചേച്ചി..എന്നും സ്നേഹമായിരുന്നു...എങ്കിലും ആരോടും അധികം അടുപ്പം പുലർത്താതെ ഏട്ടനെ മാത്രം ചുറ്റി തിരിഞ്ഞു നിന്നിരുന്നു...


ഇപ്പോ തന്നെ ചേർത്ത് പിടിച്ചു ആ വീട്ടിലേക്ക് കൊണ്ട് പോകുമ്പോൾ രണ്ട് പെണ്മക്കൾ ഉള്ള ചേച്ചിക്ക് ഞാനും ഒരു മകളായി...കുറെ നാളുകൾക്ക് ശേഷം സ്നേഹം എന്തെന്ന് അറിഞ്ഞ നാളുകൾ...പിന്നെ അങ്ങോട്ട് ജീവിക്കുകയായിരുന്നു....അത്രയും സന്തോഷത്തോടെ....


പത്ത് വർഷങ്ങൾ....വീണ്ടുമൊരു നക്ഷത്ര തിളക്കവുമായി എന്റെ മുന്നക്കുട്ടി വന്നു....എന്നേക്കാളേറെ സന്തോഷം ഏട്ടന് ആയിരുന്നു....അതിനേക്കാളേറെ സന്തോഷം ചേച്ചിക്ക് ആയിരുന്നു...അപ്പെടെ മോൾ ആരുന്നു...ഒരു സ്ത്രീക്ക് ഇത്രയുമൊക്കെ മറ്റൊരാളുടെ കുഞ്ഞിനെ സ്നേഹിക്കാൻ പറ്റുവോന്ന് പോലും എനിക്ക് തോന്നിപ്പോയി...ആ സ്നേഹം കണ്ട് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്....


അപ്പോഴാണ് ഇങ്ങനെ...ഏട്ടൻ...എങ്ങനെ സഹിക്കും ഞാൻ...തൊട്ടു മുന്നിലെ വീട്ടിലെ പെണ്ണിനെ തന്റെ ഭർത്താവ് നോക്കുന്നു എന്ന കാര്യം...ചേച്ചിയാണ് തന്നോട് സംശയം പറഞ്ഞതും...കേട്ടപ്പോൾ ചേച്ചിയോട് ദേഷ്യം തോന്നിപ്പോയി...എന്റെ ശ്യാമേട്ടനെ കുറിച്ച് അങ്ങനെയെല്ലാം പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി ദേഷ്യം തോന്നിയിരുന്നു...ഞാൻ തന്നെ നേരിട്ട് കണ്ട് തുടങ്ങിയപ്പോൾ സഹിക്കാനായില്ല...


രാവിലെ നാല് മണിക്ക് എഴുനേറ്റ്‌ ഉമ്മറത്തിരിക്കുന്ന ഏട്ടന്റെ കണ്ണുകൾ എപ്പോഴും ആ വീട്ടിലേക്കാണെന്ന തിരിച്ചറിവ് എന്നെ വേദനിപ്പിച്ചു...വെള്ളം കോരാനും കുളിയ്ക്കാനുമെന്ന പോലെ മുന്നിൽ നിക്കുന്ന ആ സ്ത്രീയും  അത് ആസ്വദിക്കുന്നുണ്ടെന്ന പോലെ തോന്നി...അവളും ഒരു കുഞ്ഞുള്ളവൾ അല്ലേ എന്ന ചിന്ത പോലും നോവിച്ചു...


എന്തിനിങ്ങനെ!!!


ഒരു വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും തന്നെ ചേർത്ത് പിടിക്കുകയോ പ്രണയത്താൽ നോക്കുകയോ കാമത്താൽ അടുത്ത് വരുകയോ ഒന്നും ചെയ്തിട്ടില്ല....വേദന തോന്നിയിരുന്നു...എങ്കിലും പുറമെ ഒരിക്കൽ പോലും കാണിച്ചിട്ടില്ല...മക്കളെക്കാൾ ഞാൻ ശ്യാമേട്ടനെ സ്നേഹിയ്ക്കുന്നുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... 


എന്നിട്ടിപ്പോ...അവൾ സുന്ദരിയാണ്...ഞാൻ...ഞാൻ ഇപ്പൊ...നല്ല തടിയുണ്ട്...പ്രസവത്തിന്റെ അവശേഷിപ്പ് പോലെ ശരീരത്തിൽ പാടുകൾ വീണിട്ടുണ്ട്...വയറിൽ മടക്കുകൾ വീണിട്ടുണ്ട്...പലപ്പോഴും ശരീരത്തിൽ വേദന ഉണ്ടാവാറുണ്ട്...കൊള്ളില്ല...


തുറന്ന് ചോദിച്ചപ്പോഴും അങ്ങനെ ഒന്നും തന്നെ ഇല്ലെന്ന വാക്കുകൾ ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടു...എന്റെ ഉറങ്ങികിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ തലയിൽ തൊട്ട് സത്യം ചെയ്യാൻ പോയപ്പോൾ ഞാൻ തന്നെയാണ് വേണ്ട എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞത്... 


ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മൗനമായി സ്നേഹത്തോടെ നിൽക്കുന്ന എന്നെ കണ്ട് ആദ്യമായി ചേച്ചി ദേഷ്യപ്പെട്ടു...ചേച്ചി അല്ല..അമ്മ തന്നെയാണ് എനിക്ക്....


ആദ്യമായി അത് ഓർത്ത് പൊട്ടിക്കരഞ്ഞു പോയി...തന്നെ ചേർത്ത് പിടിച്ചു കണ്ണീരൊഴുക്കുന്ന ചേച്ചിയെ കണ്ടപ്പോൾ വീണ്ടും ഹൃദയം വേദനിച്ചു... 


"വേണ്ട ചേച്ചി...ഇനി എനിക്ക് അയാളെ വേണ്ട...പൊയ്ക്കോട്ടേ...എന്നെ കൊള്ളാഞ്ഞിട്ടല്ലേ...എന്നിൽ സംതൃപ്തി ഇല്ലാഞ്ഞിട്ടല്ലേ....അത് ഞാൻ എന്ന പെണ്ണിന്റെ തോൽവി അല്ലേ ചേച്ചി..."


"നീ എന്തിനാ കുഞ്ഞേ ഇങ്ങനെ വേദന തിന്നുന്നത്...നിനക്ക് ഇപ്പോഴും എങ്ങനെ അവനോട് ഇങ്ങനെ സ്നേഹത്തോടെ നിൽക്കാൻ കഴിയുന്നു..."


"എനിക്ക്...എനിക്ക് കയറികിടക്കാൻ ഒരു വീടുണ്ടോ ചേച്ചി...അടുത്ത മാസം മനൂന് വയസ്സ് പതിനൊന്നാണ്...നോക്കണ്ടേ എനിക്ക് എന്റെ കുഞ്ഞുങ്ങളെ .. ഞാൻ മാത്രം ആയിരുന്നെങ്കിൽ ഈ ജീവൻ അങ്ങ് കളയാമായിരുന്നു....പക്ഷേ ഇതിപ്പോ എത്ര നാൾ എന്ന് വെച്ചാണ് ഇവിടെ ഇങ്ങനെ...തുറന്ന് പറഞ്ഞില്ലെങ്കിൽ പോലും ഞാൻ മനസ്സിലാക്കണ്ടേ....ഒരു വീട് വെച്ചിട്ട് പൊയ്ക്കോട്ടേ ചേച്ചി...പിന്നെ തൊഴിലുറപ്പിനു പോയിട്ടാണെങ്കിലും ഞാൻ എന്റെ മക്കളെ നോക്കിക്കോളാം...അല്ലാതെ ഞാൻ എന്ത് ചെയ്യാനാണ്..എനിക്ക് ഇങ്ങനെ അഭിനയിച്ചെ പറ്റു..."


"മോളെ...നീ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടുന്നോ..ഞങ്ങൾ ഇല്ലേ നിനക്ക്...രണ്ട് കൊല്ലം കൂടി കഴിഞ്ഞാൽ ദേവൂട്ടിക്ക് ജോലി ആവില്ലേ...പിന്നെ അവളില്ലെ നിങ്ങളെ നോക്കാൻ...എല്ലാം അറിഞ്ഞിട്ട് അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞതാണ്..ഞാൻ നോക്കിക്കോളാം അമ്മേ...നമ്മടെ മാമി അല്ലേ...മുന്ന എന്റെ വാവ അല്ലേ ന്ന്...എന്തൊക്കെ ആണെങ്കിലും നിന്റെ വേദന ഞങ്ങൾക്ക് മനസിലാവില്ലേ...മ്മ്"


"അറിയാം ചേച്ചി....ഞാൻ ഒന്ന് സ്നേഹത്തോടെ നിക്കാം ചേച്ചി...ചിലപ്പോ ശ്യാമേട്ടന് എന്നെ മനസിലായാലോ...ഏട്ടൻ ഇല്ലാതെ...നിക്ക്.. നിക്ക് പറ്റില്ലാ ചേച്ചീ...ഞാൻ ഒരുപാട് സ്നേഹിച്ചു പോയി..."


പിന്നീട് താൻ നിൽക്കുമ്പോൾ പോലും ഏട്ടൻ അവളെ നോക്കുന്നത് കാണുമ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്....


മുന്നേടെ രണ്ടാം പിറന്നാളിന് ഒരു കുഞ്ഞുടുപ്പ് വാങ്ങാൻ പോകാം ന്ന് പറഞ്ഞപ്പോ ഏട്ടന് തിരക്ക് ആണെന്ന് പറഞ്ഞോണ്ട് ചേച്ചിയാണ് കൊണ്ട് പോയത്....ട്രാഫിക് കാരണം തിരിച്ചു വരാൻ വൈകി ഇരുട്ടി തുടങ്ങിയിരുന്നു...ബ്ലോക്കിൽ കിടക്കുമ്പോ മറു സൈഡിൽ നിൽക്കുന്ന ചുവന്ന നിറത്തിലെ സ്കൂട്ടി ഏട്ടന്റെ ആണെന്ന് തിരിച്ചറിഞ്ഞതും സന്തോഷത്തോടെ ആണ് അങ്ങോട്ട് നോക്കിയത്...ഏട്ടനെ ചുറ്റി പിടിച്ചു പുറകിൽ ഇരിക്കുന്നവളെ കണ്ട് ശരീരവും മനസ്സും ഒരുപോലെ പുകഞ്ഞു പോയിരുന്നു...എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് അവളുടെ കൈയെടുത്തു ചുംബിക്കുന്നത് കണ്ടപ്പോഴേക്കും നെഞ്ച് നീറിപ്പോയി... 


ചേച്ചി എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഇറങ്ങി ആ ട്രാഫിക്കിലൂടെ അങ്ങോട്ട് നടന്നിരുന്നു...പെട്ടെന്ന് എന്നെ കണ്ട ഞെട്ടലിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ബൈക്കിൽ ഇരിക്കുന്ന അയാളെ  ഒന്ന് നോക്കി അവളെ വലിച്ചിറക്കി ചെവിക്കല്ലിനു ഇട്ട് രണ്ടെണ്ണം പൊട്ടിച്ചു.. 


"ഇത് വീട്ടിൽ സ്വന്തമായിട്ട് ഒരുത്തൻ ഉണ്ടായിട്ട് കണ്ടവളുമാരുടെ കെട്ട്യോൻമാരുടെ കൂടെ പോണതിന്..."


"ഇനി നിങ്ങൾക്ക്..."ആദ്യമായി അയാൾക്ക് മുന്നിൽ കൈ ചൂണ്ടി സംസാരിക്കുമ്പോൾ ശരീരം മൊത്തം വിറയ്ക്കുന്നുണ്ടായിരുന്നു...


"നിങ്ങളെ കൈ നീട്ടി അടിക്കാൻ പോലും എനിക്ക് തോന്നുന്നില്ല...എന്റെ കൈ പോലും അശുദ്ധം ആയി പോകും...വെറുപ്പാണ് എനിക്ക്....പൊയ്ക്കോണം രണ്ടും കൂടി എവിടെ എന്ന് വെച്ചാൽ...ഇല്ലങ്കി കൊന്ന് പോകും ചിലപ്പോ ഞാൻ നിങ്ങളെ...."


അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയെങ്കിലും തിരിഞ്ഞു ചെന്ന് കുനിഞ്ഞു നിന്ന അയാളെ കൈ ഞൊട്ടി വിളിച്ചു... 


"താനൊരു ആണാണോ...ഷണ്ഡൻ!"


അന്ന് ആദ്യമായി ഒരാളെ നോക്കി കാർക്കിച്ചു തുപ്പി...ഒരു ജന്മസാഫല്യമെന്നപോലെ ചേർത്തുപിടിക്കേണ്ടവളെ ഇഞ്ചിഞ്ചായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരധമനെ..ഒരു നികൃഷ്ടജന്മത്തെ.. 


ഇനി എനിക്ക് അയാളെ വേണ്ട...എനിക്ക് എന്റെ കുഞ്ഞുങ്ങൾ മാത്രം മതി...പേരിനു വേണ്ടി ഒരു ഭർത്താവ് എനിക്ക് എന്തിനാണ്....ഇനിയും അഭിനയിക്കാൻ എനിക്കാവില്ല...


തിരിച്ചുള്ള യാത്രയിൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ശീലാവതി ആയിരുന്നവൾ സാവിത്രിയായി...വേദന നൽകുന്നവനെ സഹിക്കാതെ തന്റെ കുഞ്ഞുങ്ങളുടെ കൈകളും ചേർത്തുപിടിച്ചു ഒറ്റയ്ക്ക് നിൽക്കാൻ പഠിച്ചവൾ...പെണ്ണ്!

ആണിന്റെ കരവലയത്തിൽ ഒതുങ്ങിയാൽ മാത്രമേ അവൾ മാന്യ ആണെന്ന് ചിന്തിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിൽ ആരെയും പേടിക്കാതെ നിൽക്കുന്ന നട്ടെല്ലുള്ള പെണ്ണ്...


✍️-ശിവാനി കൃഷ്ണ

No comments