Popular Posts

വിളിച്ചോണ്ടിരിക്കണ്ട . ഞാനങ്ങോട്ട് തന്നെയാ വരുന്നെ

വിളിച്ചോണ്ടിരിക്കണ്ട . ഞാനങ്ങോട്ട് തന്നെയാ വരുന്നെ "
അവൾക്കൊരു ഹലോ പറയാനുള്ള സമയം പോലും കിട്ടിയില്ല അതിനു മുൻപ് മനു കാൾകട്ടുചെയ്തു . പിന്നീട് ഒരു തവണകൂടി വിളിക്കാനുള്ള ധൈര്യം വന്നില്ല . വരുന്നവഴി കടയിൽകേറി വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാൻ വേണ്ടിയാണ് വിളിച്ചത് . ഇനീപ്പൊ എന്തുചെയ്യും .അഭി മൊബൈൽ താഴെവെച്ച് ഒന്നുകൂടി കണക്ക് കൂട്ടലുകൾ നടത്തി . വെളിച്ചെണ്ണ ഇതുകൊണ്ട് ഇന്നൂടെ ഒപ്പിക്കാം . രാവിലെ തലയിൽ തേക്കാനെത്തുമോന്നു സംശയമാണ് . മുട്ടക്കറി വെക്കാൻ തൽക്കാലം 2 ഉള്ളി അടുത്ത വീട്ടീന്ന് വാങ്ങാം . നാളെ തിരിച്ചു കൊടുത്താൽ മതിയല്ലോ . മൊത്തത്തിലൊരു കണക്ക് കൂട്ടലൊക്കെ നടത്തീട്ടാണ് അവൾ മോനെ വിളിച്ചത് .
"അപ്പൂ വാ . അമ്മ കുളിപ്പിച്ച് തരാലോ . മതി കളിച്ചത് . സന്ധ്യ ആവാറായി ."
കുറച്ച് നേരം കൂടി .
"ദേ ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ . വേഗം വന്നോ കെട്ടോ . " മുറ്റത്തെ അടുപ്പിൽ വെച്ചിരുന്ന ചൂടു വെള്ളവും താങ്ങിപിടിച്ച് അവൾ കുളിമുറിയിലേക്ക് നടന്നു . വീടും കുളിമുറിയും വേർതിരിവുള്ള ആ പഴയ തറവാട്ടു വീട്ടിലെ കുളിമുറിയിലേക്കുള്ള സ്റ്റെപ്പ് വെള്ളവും എടുത്ത് കയറുംബോ‌ഴേക്കും അവൾ പലപ്പോഴും ഇടുപ്പിൽ കൈവെച്ച് നിന്നുപോയിട്ടുണ്ട് . അവളുടെ പ്രസവ സമയത്ത് എടുത്ത ഇൻഞ്ചക്ഷന്റെ ബാക്കിയായി ആ നടുവേദന എന്നും ഉണ്ടായിരുന്നു . വെള്ളത്തിന്റെ ചൂട് ഒന്നൂടെ കൈകൊണ്ട് നോക്കി അവൾ മോനെ വിളിച്ചു .
" എടാ അപ്പൂ . വന്നേ മതി കളിച്ചത് "
"ഞാനൊറ്റയ്ക്ക് കുളിച്ചോളാം ,, തോർത്ത് പിടിച്ച് വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു .
"ആ . എന്നിട്ട് മണ്ണും ചേറും പോയത് തന്നെ . അമ്മ തേച്ചുതരാം മോൻ വെള്ളം ഒഴിച്ചാൽ മതി ." അവൾ കൈയിൽ എണ്ണയെടുത്ത് മോന്റെ തലയിൽ തേക്കാൻ തുടങ്ങി . ബാക്കി കുറച്ച് എണ്ണ കൊണ്ട് ചെവിയിലും കഴുത്തിലും തേച്ചു പിടിപ്പിച്ചു .
" കൈ അടക്കി വെക്ക് " അപ്പു ബക്കറ്റിലെ വെള്ളത്തിൽ കൈമുക്കി കളിക്കുന്നത് കണ്ടപ്പൊ കൈയിൽ നല്ലൊരടിവെച്ചു കൊടുത്തുകൊണ്ട് അവൾ പറഞ്ഞു .
" അമ്മേടെ മേല് വെള്ളാകാതെ മെല്ലെ വെള്ളമെടുത്ത് ഒഴിച്ചേ " നൈറ്റി കുറച്ച് കേറ്റിവെച്ച് അവൾ അവനേ കുളിപ്പിച്ചു .
ഡ്രെസ്സൊക്കെ മാറ്റി അവളും കുളിച്ചു . വിളക്ക് വെച്ചു .
"അപ്പൂ . അച്ചൻ വരുന്നുണ്ടോന്നു നോക്കണം . ഞാൻ അച്ചനു കുളിക്കാനുള്ള വെള്ളം ചൂടാക്കട്ടെ കെട്ടോ . " മനുവിനും നടുവേദനയാണ് . നീര് ഉള്ളത് കാരണം ഇപ്പോൾ എന്തൊക്കെയോ പച്ചമരുന്നൊക്കെ ഇട്ട് ചൂടാക്കിയ വെള്ളത്തിലാണ് കുളിയൊക്കെ .
ഹാളിൽ വന്നിരുന്നു അപ്പുവിനെ പഠിപ്പിക്കാനുള്ള ശ്രമം തുടങ്ങി . സ്ലേറ്റിൽ ഓരോ അക്ഷരങ്ങൾ എഴുതിക്കൊടുത്തും വായിച്ചു കൊടുത്തും ഇടയ്ക്ക് മൊബൈലെടുത്തുനോക്കിയും ആലോചനകളിൽ മുഴുകി . തനിക്ക് മാത്രം എന്താണാവോ ഇങ്ങനേ ?
ആദ്യമൊക്കെ എന്തായിരുന്നു വിളിയും മെസേജും . ഒരു മിസ്കാൾ വിടാൻ കാത്തിരിക്കയായിരിക്കും വിളിക്കാൻ . ഇപ്പൊ അങ്ങോട്ട് വിളിച്ചാലും വല്ലാത്തൊരു ദേഷ്യവും അവഗണനയും തിരക്കും . എന്തൊക്കെയായിരുന്നു ,
" നീയാണെന്റെ ലോകം , നീ ഇല്ലെങ്കിൽ ഞാനില്ല , ഫ്രീയാകുംബൊ മിസ്സ് അടിക്കണം , ചായകുടിച്ചോ ? കുളിച്ചോ ? കഴിച്ചോ ? ഉറങ്ങിയോ ? " ഹൊ മെസ്സേജുകളുടെ പ്രളയമായിരുന്നു . ശരിക്ക് ഇപ്പൊ ഒന്നു മനസ്സ് തുറന്ന് സംസാരിച്ചിട്ട് തന്നെ എത്രയോ കാലമായിരിക്കുന്നു . അവഗണിച്ച് അവഗണിച്ച് ഇപ്പൊ ഇടയ്ക്കൊക്കെ മറക്കാനും തുടങ്ങിയിട്ടുണ്ട് .
വിധി അല്ലാതെന്ത് . എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു . കല്യാണം കഴിഞ്ഞ് ഒരഞ്ചാറ് മാസം ഉണ്ടായിരുന്നു സന്തോഷം . പിന്നെ പിന്നെ എന്തേലും പറയാൻ പോയാലും ദേഷ്യം ആയിരുന്നു . എന്തു പറഞ്ഞിട്ടും കാര്യമില്ലെന്നു കണ്ടപ്പോഴാണ് സ്വന്തം വീട്ടിലോട്ട് പോയത് . തിരക്കിവരും ഇടയ്ക്കിടയ്ക്ക് വിളിക്കും തന്നെ കൂട്ടാൻ വേണ്ടി ബൈക്കെടുത്ത് വരും എന്തൊക്കെ പ്രതീക്ഷ ആയിരുന്നു . കണ്ണകന്നാൽ മനസും അകലും അത്രതന്നെ . കാണാതെയും വിളിക്കാതെയും നീ എന്താ ഇവിടെ വന്നു നിൽക്കുന്നേന്നുള്ള അയൽക്കാരുടെ ചോദ്യവും കൂടി ആയപ്പോൾ വേഗം തിരിച്ചുവന്നു. ഒരു ദീർഘനിശ്വാസത്തിൽ അവസാനിക്കുന്ന ഒരുപാട് ഓർമ്മകൾ .
" അമ്മേ അച്ചൻ വരുന്നുണ്ട് " ദൂരെ നിന്നും വരുന്ന ബൈക്കിന്റെ സൗണ്ട് ചെവിയോർത്ത്കൊണ്ടാണ് അവൻ അതുപറയുന്നത് .
mm . അവനെ പിടിച്ച് എണീപ്പിച്ച് ഉമ്മറത്തേക്ക് നടന്നു .
" നീ കുളിക്കാനുള്ള വെള്ളമെടുത്ത് വെക്ക് . വേഗം പോകണം "
"എവിടെക്കാ ? " ചോദ്യം മാത്രം ബാക്കി . അല്ലേലും ഇപ്പൊ ഒന്നും പറയാറില്ലല്ലോ . " വേഗം പോകണം , ഞാനിപ്പൊ വരാം , നീയാ ബൈക്കിന്റെ താക്കോലിങ്ങെടുത്തേ ,, ഇതൊക്കെ പറയുംബോഴും അവളീ ചോദ്യം ചോദിച്ചിട്ടുണ്ട് ഉത്തരം കിട്ടാറില്ല . ആദ്യോക്കെ എന്തായിരുന്നു . പോകാനിറങ്ങുംബൊ ബൈക്കിന്റെ ഹാന്റിൽ പിടിച്ച് അവളുടെ നിൽപും സംസാരവും കേൾക്കാൻ അവനും ഇഷ്ടാരുന്നു .
ചൂടുവെള്ളം എടുത്ത് കുളിമുറിയിൽ വെച്ച് ടാപ്പിൽ നിന്നും വെള്ളമൊഴിച്ചു അവൾ ചായവെക്കാൻ അടുക്കളയിലേക്ക് ഓടി .
"ഇങ്ങനെ ചൂടുള്ള വെള്ളത്തിൽ എങ്ങനാ കുളിക്കുക . കൈ പൊള്ളിപോയല്ലോ . ഒരു കാര്യം മര്യാദയ്ക്ക് ചെയ്യില്ല . എടുത്ത് നിന്റെയൊക്കെ തലേലൊഴിക്കുവാ വേണ്ടത് " കുളിമുറിയിൽ നിന്നുള്ള അലർച്ചയായിരുന്നു . ഇനി ചൂടുകുറഞ്ഞാൽ പറയും ഇതിലും നല്ലത് പച്ചവെള്ളമായിരുന്നു എന്ന് . രണ്ടായാലും കുറ്റം തന്നെ .
" ആ പൈപ്പിൽ നിന്നും കുറച്ച് വെള്ളം ചേർത്താൽ പോരെ മനുഏട്ടാ . അതിനിത്ര ബഹളം വെക്കണോ . "
"ഓ . അത് ഇനി നീ പറഞ്ഞിട്ടുവേണം " പുച്ചത്തോടെയുള്ള മറുപടികേട്ടെങ്കിലും അവൾമറുപടി ഒന്നും പറയാതെ ചായ ഗ്ലാസിലാക്കി ഇത്തിരി തണുപ്പിച്ചു . ഇനി അതിന് ചൂട് കൂടുതലെന്നു പറഞ്ഞ് കുടിക്കാതെ പോകും .
"നിങ്ങളെങ്ങോട്ടാ പോകുന്നേ ? " ചായകൊടുത്തുകൊണ്ട് ചോദിച്ചുവെങ്കിലും മറുപടി കാനപ്പിച്ച ഒരു മൂളൽ മാത്രം ആയിരുന്നു .
" വരാൻ വൈകുമോ ?"
ചിലപ്പോ . നീ കിടന്നോ . കാത്തിരിക്കണ്ട .
എവിടെക്കാ പോകുന്നേ ?
പ്രസാദിന്റെ മോന്റെ പിറന്നാൾ ആയകൊണ്ട് ചെറിയ പരിപാടി ഉണ്ട് .
"mm " കഴിഞ്ഞമാസം ആരും അറിയാതെ കടന്നുപോയ തന്റെ പിറന്നാൾ ദിവസത്തെ കുറിച്ച് ഓർത്തു പോയി . അല്ലേലും ഇപ്പൊ കൊറേകാലമായി വിശേഷ ദിവസങ്ങൾ ഒന്നൂലല്ലോ . എല്ലാം ഒരുപോലെ .
വേഗം വരില്ലേ ? ഒറ്റയ്ക്ക് പേടിയാകും .
"ഒറ്റയ്കല്ലല്ലോ . മോനില്ലേ ? " അതും പറഞ്ഞ് മനു ബൈക്ക് മുന്നോട്ടെടുത്തു .
ശരിയാണ് . ഒറ്റയ്ക്കല്ല . എന്റെ മോനുണ്ട് എനിക്ക് . അല്ലെങ്കിലും അവനിലാണല്ലോ പ്രതീക്ഷ മുഴുവൻ .
" ഡാ കള്ളാ നീ ഉറങ്ങിയോ ? " തോളത്തിട്ട് തട്ടികൊണ്ട് അവൾ ചോദിച്ചൂ .
" നീ കൂടി ഇല്ലായിരുന്നെങ്കിൽ ഈ അമ്മ എന്നേ ......" ഉറങ്ങുന്ന അവന്റെ നെറ്റിയിൽ ചുണ്ടമർത്തികൊണ്ട് അവൾ കിടന്നു . അവളുടെ ജീവിതം മക്കളിലേക്ക് ചുരുങ്ങി കൊണ്ടേയിരുന്നു .
എഴുതിയത്: അനൂപ്

1 comment: