Popular Posts

ആദ്യരാത്രി മണിയറയിലേക്ക് ഒരു കൊട്ട സ്വപ്നങ്ങളും ലോഡ് കണക്കിന് പഞ്ചാരയുമായി കേറിയ ഞാൻ


ആദ്യരാത്രി മണിയറയിലേക്ക് ഒരു കൊട്ട സ്വപ്നങ്ങളും ലോഡ് കണക്കിന് പഞ്ചാരയുമായി കേറിയ ഞാൻ ശരിയ്ക്കും ഞെട്ടി പണ്ടാറടങ്ങി...

മണവാട്ടി ദേ ഇരുന്നു കരച്ചിലോട് കരച്ചിൽ...

വാതിൽ നല്ലോണം പൂട്ടിക്കെട്ടി ഞാൻ പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു...

എന്ത് പറ്റി എന്ന് പിരികം മേലോട്ട് വളച്ചപ്പോൾ സ്വിച്ചിട്ട പോലെ കരച്ചിലിന്റെ ശബ്ദം നന്നായൊന്നു കൂടുകേം ചെയ്തു...

തുറന്നു മലത്തി വച്ച ഫോണിന്റെ സ്‌ക്രീനിൽ ഫാമിലി ഫോട്ടോ കണ്ടപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി...

ഹോം സിക്ക്നെസ്!!

എന്റെ മനസ്സ് മഞ്ഞു പോലെ അല്ലെങ്കിൽ വേണ്ട ഐസ്ക്രീം പോലെ അലിഞ്ഞങ്ങ് ഇല്ലാണ്ടായി...

പാവം കൊച്ച്..

വീട്ടിന്ന് പോന്നതിന്റെയാ... സങ്കടം കാണാതിരിക്കില്ലല്ലോ... അച്ഛന്റേം അമ്മേടേം പൊന്നോമന!!

സ്നേഹിയ്ക്കാൻ മാത്രമറിയാവുന്ന ഏട്ടന്റെ നെഞ്ചിൽ നിന്നല്ലേ പറിച്ചെടുത്തു കാറിൽ കയറ്റിയത്..

അപ്പോഴൊന്നും ഇത്ര കരച്ചില് കണ്ടില്ലല്ലോ...

പാവം എല്ലാം കൂടെ അയവിറക്കി ഇപ്പോഴാവും സങ്കടം മലവെള്ളപ്പാച്ചില് പോലെ പുറത്തു ചാടിയത്...

"എന്താ ഇപ്പൊ ഇങ്ങനെ കരയാൻ?? ഇവിടെ ഇഷ്ടപ്പെട്ടില്ലേ?? "

അവള് എന്റെ നേരെ നോക്കി സാരിത്തല കൊണ്ട് മൂക്ക് തുടച്ചു..

"വീട് വിട്ടു പോന്നതിന്റെ സങ്കടാണോ??"

ചോദിച്ചു നാവെടുത്തു ഉള്ളിലേക്കിട്ടില്ല അതിനു മുൻപ് ഡ്രില്ലർ മെഷീൻ പോലുള്ള ശബ്ദം മുറിയ്ക്കുള്ളിൽ മുഴങ്ങിക്കേട്ടു...

നോക്കുമ്പോ പെണ്ണതാ ഫോണും നോക്കി ഉറക്കെ നിലവിളിയ്ക്കുന്നു...

ഞാൻ നൈസ് ആയിട്ട് വിയർക്കാനും തുടങ്ങി...


"എന്റെ പൊന്ന് സുലൂ.. ആ വോളിയം ഒന്ന് കുറയ്ക്കൂ... ബന്ധുക്കളാരും പോയിട്ടില്ല...അവരൊക്കെ കേട്ടാൽ തെറ്റിദ്ധരിക്കില്ലേ??"

ഞാൻ വാക്കുകളിൽ പരമാവധി മാന്യത കുത്തിക്കേറ്റി...

സുലൂ വിളി കേട്ടിട്ട് നിങ്ങള് തെറ്റിദ്ധരിയ്ക്കണ്ട... സുലോചന അല്ല.. സുലക്ഷണ ആണേ...

അവള് പാടുപെട്ട് ശബ്ദം കുറച്ചു തേങ്ങാൻ തുടങ്ങി...

"കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീടാ പെണ്ണിന്റെ വീട്..."

അമ്മ രാത്രി യുദ്ധം ചെയ്തു വയ്ക്കുന്ന സീരിയലുകളിലേതിലോ കേട്ട ഡയലോഗ് ഞാൻ വൃത്തിയായി പുറന്തള്ളി...

"അല്ലെങ്കിലും സുലൂന്റെ വീട് ഇവിടെ അടുത്ത് തന്നെയല്ലേ?? എപ്പോ വേണമെങ്കിലും നമുക്ക് പോവാലോ... പോരാത്തതിന് നാളെ രാവിലെ ഇവിടുന്നു വിരുന്നും പോണില്ലേ?? പിന്നെന്താ??"

ഹോ.. എനിയ്ക്ക് ക്ഷമയില്ലെന്നു നാഴികയ്ക്ക് നാൽപതു വട്ടം മുറ വിളി കൂട്ടി നടക്കുന്ന മാതാശ്രീ ഈ പ്രകടന വേളയിൽ അടുത്ത് വേണമായിരുന്നു!!

എനിയ്ക്ക് വല്ലാത്ത നഷ്ടബോധം തോന്നി...

"സുരേഷേട്ടാ...."

ദേ വിളിക്കണു!! ഒട്ടും സമയം കളഞ്ഞില്ല... ഞാൻ തിരിച്ചും വിളിച്ചു...

"എന്താ സുലൂ...??"

"ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുവൊ??"

ദേഷ്യപ്പെടാനോ?? ഞാനോ?? അതും എന്റെ സുലൂനോട്?? നോ നോ.. നെവർ!!

മനസ്സിൽ വന്ന ഉത്തരങ്ങളെ മുഴുവൻ നിർദാക്ഷിണ്യം തൊണ്ടയിൽ നിന്ന് താഴോട്ടിറക്കി വിട്ടുകൊണ്ട് ഞാൻ ചുരുക്കി പറഞ്ഞു...

"ഇല്ല.. പറയൂ..."

"എനിയ്‌ക്കെന്റെ അമ്മേനെ കാണണം..."

പറഞ്ഞു തീരുന്നതിന്റെ മുന്നേ കണ്ണീരു അണക്കെട്ട് പൊട്ടിയ പോലെ ഭൂമി ലക്ഷ്യമാക്കി ഒഴുകി...

"ഇപ്പോഴോ??"

ചോദിച്ചു കഴിഞ്ഞപ്പോഴാ സംശയം... അവസാനത്തെ 'ഴോ' ചെറുതായി ഇടറിയോ?? വേണ്ടായിരുന്നു...

മറുപടിയായി ലവൾ ഒന്ന് മൂളുക മാത്രം ചെയ്ത് പ്രതീക്ഷയോടെ എന്നെ നോക്കി ഇരിപ്പ് തുടർന്നു..

ഇതിലും ഭേദം ഒരു ചെറിയ കൊച്ചിനെ ദത്തെടുക്കുന്നതായിരുന്നു എന്ന് വരെ തോന്നിപ്പോയ നിമിഷം!!

വല്ല തെങ്ങിന്റെ ചോട്ടിലും പോയി നിക്കാരുന്നു...

 തലേൽ തേങ്ങ വീണു ചാവട്ടെ ഇത്രയ്ക്ക് അപലക്ഷണം പിടിച്ച ഞാൻ..

സുരാജ് ചേട്ടന്റെ ദയനീയമായ ഏതോ ട്രോൾ മീം പോലെയായി എന്റെ അവസ്ഥ!!

പെട്ടെന്ന് എന്റെ മണ്ടയിൽ ആ ബുദ്ധി തെളിഞ്ഞു...

"സുലൂ.. നമുക്ക് അമ്മയെ വീഡിയോ കോൾ ചെയ്താലോ? ഈ രാത്രിയിൽ അങ്ങോട്ട് പോവാൻ പറ്റില്ലല്ലോ.. എല്ലാരും എന്ത് കരുതും??"

കേട്ട പാതി കേൾക്കാത്ത പാതി അവള് ഫോണെടുത്തു ആഞ്ഞു കുത്തി..

പടച്ചോനെ... ഇനി ഇതിന്റെ കലങ്ങിയ കണ്ണ് കണ്ടിട്ട് അവിടെ ഉള്ളോരു വല്ല ബാല പീഡനത്തിന് കേസ് കൊടുക്കോ എന്തോ...

എന്തായാലും പിറകില് ചമ്മിയ ശശീടെ പ്രതിമ പോലെ മാക്സിമം ഇളിഞ്ഞു ഞാനും നിൽക്കേണ്ടി വന്നു...

അപ്പുറത്തു അറ്റൻഡ് ചെയ്യപ്പെട്ടു...

ആ കുഞ്ഞു സ്‌ക്രീനിനകത്തു അമ്മ അച്ഛൻ ചേട്ടൻ ചേട്ടത്തി അയൽക്കാർ വീട്ടിലെ പൂച്ച പട്ടി ഇതൊന്നും പോരാഞ്ഞു ചുമരിലെ പല്ലിക്കുഞ്ഞ് വരെ കഷ്ടിച്ച് സ്ഥാനം പിടിച്ചിട്ടുണ്ട്...

ഇവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല!!

ഞാൻ മനസ്സിലോർത്തു...

എന്തൊക്കെയോ വിശേഷം പറഞ്ഞും ചോയ്ച്ചും അവസാനം ഇവളുടെ നാവിന്ന് വന്ന ചോദ്യം കേട്ടപ്പോൾ വായ കീറുമാറ് ഇളിച്ചു നിന്ന എന്റെ വോൾട്ടേജ് അല്പമൊന്നു കുറഞ്ഞു...

"അമ്മേ... മോളുറങ്ങിയോ??"

അമ്മ അപ്പുറത്തൂന്ന് എന്നെ പാളിയൊരു നോട്ടവും വേഗത്തിൽ തലയിട്ടൊരു ഇളക്കവും...

"അമ്മെ... അവളെന്നെ കാണാതെ ഒന്നും കഴിക്കില്ല... നിർബന്ധിച്ചു കഴിപ്പിക്കണേ...

അവളെ തനിച്ചു കിടത്തല്ലേ... അമ്മേടെ കൂടെ കിടത്തണെ..."

എനിയ്ക്ക് നേരെ വിളറിയ നോട്ടമെറിഞ്ഞു അമ്മ ലൈൻ കട്ടാക്കി സ്ഥലം വിട്ടു...

"ആ.. ആർടെ മോൾടെ കാര്യാ സുലൂ..."

"എന്റെ... അല്ലാണ്ട് കണ്ടോരുടെ മോൾടെ കാര്യം ഞാൻ തിരക്കണോ??"

ഞാനെങ്ങനെയോ കെടാൻ റെഡിയായി നിന്ന ബോധത്തെ സമാധാനിപ്പിച്ചു നിർത്തി...

"സുരേഷേട്ടൻ അറിയാത്തൊരു കാര്യമുണ്ട്... എനിയ്ക്കൊരു മോളുണ്ട്... ഒന്നര വയസേ ഉള്ളൂ അവൾക്ക്..."

അവളുടെ മുഖത്തു ട്യൂബ് ലൈറ്റ് തെളിഞ്ഞു... ഇതാണോ മാതൃ വാത്സല്യം?? എനിയ്ക്കാണെങ്കിൽ കാൽവിരൽ തൊട്ടൊരു തരിപ്പും കേറി...

"എന്നിട്ട് നീയിതെന്താ നേരത്തെ പറയാഞ്ഞത്??"

"വീട്ടീന്ന് ഭീഷണിയുണ്ടായിരുന്നു ഏട്ടാ.."

ലവൾ മുഖത്തു നിഷ്‌കു ഭാവം നിറച്ചു...

"അത്... സുലൂന്റെ കല്യാണം കഴിഞ്ഞതാണോ??"

"ഏയ്... അല്ല..."

ഓഹോ അപ്പൊ അതാണ് കാര്യം!!
ആരാന്റെ കൊച്ചിനെ എന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള സൈക്കിളോടിയ്ക്കൽ മൂവ് ആരുന്നു എല്ലാം... അതില് ഞാൻ വീണതാ...

കല്യാണത്തിന് ആധാരം പണയം വച്ചെടുത്ത ബാങ്ക് ലോണിന്റെ പേപ്പേഴ്‌സ് ഷെൽഫിനുള്ളിൽ നിന്നും ഏന്തി വലിഞ്ഞു നോക്കി സഹതപിച്ചു...

അല്ലെങ്കിലും കഷ്ടകാലം വരുമ്പോ ഒന്നിച്ചാണല്ലോ...

ബാഗെടുത്തു ബസ് സ്റ്റോപ്പിലെത്തിയ പ്രതീക്ഷയെ ഞാൻ കഷ്ടിച്ച് പിടിച്ചു നിർത്തി...

"സുലു പട്ടിക്കുഞ്ഞിന്റെ കാര്യമാണല്ലേ പറയണേ?? എനിയ്ക്ക് മനസ്സിലായി...."

"പട്ടിയോ?? എന്റെ പിങ്കിമോളെപ്പറ്റി അനാവശ്യം പറയരുത്..."

അവളെന്നെ നോക്കി അണ്ണാക്കിലെ പല്ല് കടിച്ചങ്ങു പൊട്ടിച്ചു...

"ഞാൻ നാളെ വിരുന്നിനു പോയി വരുമ്പോ അവളെ കൂട്ടിക്കൊണ്ടു വരും... എനിയ്ക്ക് കാണാണ്ടിരിയ്ക്കാൻ പറ്റില്ല സുരേഷേട്ടാ.... അവൾക്കും അങ്ങിനെ തന്നെയാ..."

പറഞ്ഞു തീരുന്നതിന്റെ മുന്നേ ലവള് കേറിക്കിടന്നങ്ങു കൂർക്കം വലിയും തുടങ്ങി...

പച്ച വെള്ളം ചവച്ചു കുടിയ്ക്കുന്ന പെങ്കൊച്ചിനെ ആത്മാർത്ഥമായി അഞ്ചു കൊല്ലം പ്രേമിച്ചതിനു കിട്ടിയ തേപ്പു പെട്ടിയിൽ തൊട്ടു സത്യം ചെയ്തതാണ് ഇനിയൊരുത്തിയെ കൂടെ കൂട്ടുന്നുണ്ടെങ്കിൽ അതൊരു കാന്താരി ആയിരിയ്ക്കുമെന്നത്..

അങ്ങനെ തേടി കണ്ടു പിടിച്ചതാണ് അന്തം വിട്ടു വായും പൊളിച്ചുറങ്ങുന്ന ഈ സാധാനത്തിനെ....

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കറങ്ങുന്ന ഫാനിനെ നോക്കി എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ..

വിരുന്നിനു പോവാൻ മെനക്കെട്ടൊരുങ്ങുന്ന പത്നിയെ കണ്ടപ്പോൾ നാട്ടപ്പ്രാന്തു പിടിച്ചിട്ടെന്റെ കിളിയങ്ങു പറന്നു...

ഒരുങ്ങെടീ ഒരുങ്ങ്.. നിന്റെ ഒടുക്കത്തെ ഒരുക്കം...

പെങ്ങടെ കുരുപ്പ് മാത്രം കൊറേ നേരം മുഖത്തേയ്ക്ക് നോക്കി നിന്നിട്ട് മാമനെന്താ ഒരു ചങ്കടം എന്ന് ചോദിച്ചപ്പോൾ സത്യായിട്ടും സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി..

കട്ടെടുത്ത കിന്റർ ജോയ് മുഴുവനും തിരിച്ചു വെച്ചേക്കുമെന്നു ഞാനവന്റെ തലയിൽ തൊട്ടങ്ങു സത്യവും ചെയ്തു..

ചെക്കന്റെ പ്രാക്ക് കിട്ടീതാണെന്നു തെറ്റിദ്ധരിച്ചതും വെറുതെയായി..

എല്ലാരും കൂടെ പാട്ടും മേളവുമായി അവളുടെ വീടെത്തി.. മുറ്റത്തു തന്നെ ഒരു ജാതയ്ക്കുള്ള ആൾക്കാരെ കണ്ടപ്പോൾ ഞാൻ തൽക്കാലം ഒന്നടങ്ങി...

മുറ്റത്തു കാലെടുത്തു കുത്തീതും കേട്ട്യോൾ എന്റെ കയ്യും പിടിച്ചു സൂപ്പർ ഫാസ്റ്റ് ബസ്സ് പോലെ ഒരോട്ടം..

രണ്ടും കൂടെ എങ്ങോട്ടാ പായുന്നതെന്നു എല്ലാരും അന്തം വിട്ടു നോക്കുന്നതിന്റെ ഇടയിലൂടെ ആരോ ഒരു കമന്റും പാസാക്കി...

ചക്കിക്കൊത്ത ചങ്കരൻ!!

അപ്രതീക്ഷിത ആക്രമണമായതിനാൽ എതിർക്കാൻ പറ്റാതെ കൂടെ പോയതാണെന്ന നഗ്ന സത്യം എനിയ്ക്കും അവൾക്കും മാത്രമല്ലെ അറിയൂ...

പിന്നെ ബ്രെയ്ക് ചവുട്ടീത് അവളുടെ മുറിയ്ക്കുള്ളിലാണ്...

എന്താ സംഭവിച്ചതെന്നുള്ള ധാരണയിലേയ്ക്ക് വരുന്നതിനു മുൻപേ അവള് കട്ടിലിലേക്ക് കമിഴ്ന്നടിച്ചൊരു വീഴ്ച്ച!!

കൂട്ടത്തിൽ എന്റെ മോളെ കുഞ്ഞേ എന്നൊക്കെയുള്ള വിളികളുമുയർന്നു...

നോക്കുമ്പോൾ കട്ടിലിൽ രാജകീയ ഭാവത്തിലതാ കിടക്കുന്നു സാമാന്യം വലിപ്പത്തിലുള്ളൊരു ബാർബി!!

"ഡീ... ഇതാണോ നിന്റെ മോള്??"

"ആഹ്... ഞാൻ രണ്ടിൽ പഠിയ്ക്കുമ്പോ അച്ഛൻ വാങ്ങി തന്നതാ ഇവളെ... ഇന്നേ വരെ പിരിഞ്ഞിരുന്നിട്ടേയില്ല ഞങ്ങൾ..."

അവളുടെ ആത്മാർത്ഥമായ വാക്കുകൾ കേട്ടതും നേരത്തെ പറന്ന കിളിയ്ക്കു കൂട്ടായി മറ്റേ കിളിയും പറന്നൊരു പോക്ക്...

ഞാനാണെങ്കിൽ കരയണോ ചിരിയ്ക്കണോ എന്നറിയാത്ത അവസ്ഥയിലും...

എന്റെ നിൽപ്പും മട്ടും കണ്ടിട്ട് ലവള് ഭൂലോക ചിരി... ചിരിച്ചു ബോറടിച്ചപ്പോ അവള് പാവയെയും കൊണ്ട് എന്റെ നേരെ വന്നിട്ടൊരു ചോദ്യം!!

"പേടിച്ചു പോയോ?? സാരല്ലാട്ടോ... ശീലായിക്കോളും... "

അവള് പണി തന്നതാണെന്നു മനസ്സിലായെങ്കിലും തൽക്കാലം ഞാൻ ഇളിഭ്യന്റെ ഭാവമെടുത്തണിയാൻ പോയില്ല...

വിഷയം മാറ്റാൻ ചുമരിലെ ഷെൽഫിൽ വച്ചിരിയ്ക്കുന്ന ഒരേയൊരു ട്രോഫി ചൂണ്ടി ഞാനൊരു ചോദ്യമങ്ങു പടച്ചു വിട്ടു..

"ഇത് നിനക്ക് കിട്ടീതാണോ??"

"അതെ... ഡിഗ്രിയ്ക്ക് എല്ലാ സബ്ജക്റ്റിനും ജസ്റ്റ് പാസായതിന് അച്ഛനും അമ്മേം കൂടി മേടിച്ചു തന്നതാ... അവരുടെ മാനം കാത്തതിന്റെ സമ്മാനം..."

ഒരുളുപ്പുമില്ലാതെ അവളെന്റെ മുഖത്തു നോക്കി പറഞ്ഞു കളഞ്ഞു...

അപ്പോഴേയ്ക്കും അഞ്ചാറു പൊടിപ്പിള്ളേർ ഓടി മുറിയ്ക്കകത്തു കയറി അവളോടൊരു ചോദ്യവും..

"ഡീ സുലൂ... കളിക്കാൻ ഉണ്ടെങ്കിൽ ഇപ്പൊ വന്നേക്കണം... ലാസ്റ്റ് കൂട്ടുവോ ന്ന് ചോദിച്ചു പിന്നാലെ കൂടി കരഞ്ഞാൽ ഞങ്ങള് കൂട്ടൂല പറഞ്ഞേക്കാം..."

കേട്ട പാതി കേൾക്കാത്ത പാതി അവളോടിച്ചെന്നു വായിൽ കൊള്ളാത്ത ഏതാണ്ടൊക്കെയോ ഉറക്കെ പാടി എല്ലാത്തിനേം എണ്ണിത്തിരിച്ചു...

ഒടുക്കം മിച്ചം വന്ന ചെറുതിനെ എണ്ണാൻ നിർത്തി അവളും ബാക്കി പിള്ളേരും കൂടെ ഓടിപ്പിടഞ്ഞെങ്ങോട്ടോ പോയി...

ഉത്സവപ്പറമ്പിൽ കളഞ്ഞിട്ടിട്ടു പോയ മുട്ടായിത്തോലു പോലെ അന്തം വിട്ടു നിൽക്കുന്ന എനിയ്ക്ക് നേരെ അവളുടെ ആങ്ങള നടന്നടുത്തു...

"ഈ പാവയെ കിട്ടിയാൽ അവള് അതിനോട് മിണ്ടിപ്പറഞ്ഞിരിയ്ക്കുംന്നു വച്ചിട്ടാ കൊടുത്തയയ്ക്കാഞ്ഞത്..."

ഞാൻ നിറഞ്ഞൊരു ചിരി പാസാക്കിക്കൊടുത്തു...

"അവള് വേറെ കുഴപ്പമൊന്നും ഒപ്പിച്ചില്ലല്ലോ അല്ലെ?? "

"ഏയ് ഇല്ല..."

"ഈ കുറുമ്പും ബഹളവും ഉണ്ടെന്നെ ഉള്ളൂ.. ആള് പാവാ..."

അളിയൻ അത്രയും പറഞ്ഞു എന്നെ കൂടെ കൂട്ടി പുറത്തേയ്ക്ക് നടക്കുമ്പോൾ ഞാൻ പതിയെ മനസ്സിൽ പറഞ്ഞു...

ഇതിലും വലുതെന്തോ വരാനിരുന്നതാ!!

                 -----കയ്ഞ്ഞു😉-----

(ഇതിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിയ്ക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം...😜 പ്രത്യേകിച്ച് മെസ്സേജ് ഒന്നൂല്ലാത്ത കുഞ്ഞു കഥയാണ്... ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും അഭിപ്രായമറിയിയ്ക്കണേ....)

No comments