Popular Posts

പൂച്ചകണ്ണൻ

#പൂച്ചക്കണ്ണൻ ---------------------------- ഡിഗ്രി കഴിഞ്ഞിട്ടും വരുന്ന വിവാഹാലോചനകൾ എല്ലാം ഓരോ കാര്യങ്ങൾ പറഞ്ഞ് മുടക്കുന്നത് കൊണ്ടുതന്നെ വീട്ടുകാരുടെ സംശയദൃഷ്ടികൾ എന്നെ വളഞ്ഞു. ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ.. ? എന്ന അവരുടെ ചോദ്യം എന്നിലുണർത്തിയത് ചിരിയായിരുന്നു. പാവങ്ങൾ എന്റെ ചിരി നാണം കൊണ്ടുള്ള ചിരിയായി വ്യാഖ്യാനിച്ചു. വീട്ടുകാർ തലങ്ങും വിലങ്ങും ചോദിച്ചിട്ടും ഒരു രക്ഷയുമുണ്ടായില്ല. പിന്നേയ്.. നേരാംവണ്ണം ഒരു ആൺസുഹൃത്ത് പോലുമില്ലാത്ത എനിക്കാണ് കാമുകൻ. അങ്ങനെ എന്റെ കാമുകനെ കണ്ടുപിടിക്കുന്ന ചുമതല എന്റെ ആത്മാർത്ഥ സുഹൃത്ത് വിപഞ്ചികയെ ഏവരും ഏൽപ്പിച്ചു. ഡിഗ്രി മുതൽക്കുള്ള സൗഹൃദമാണ് അവളുമായിട്ട്. "എടീ പെണ്ണേ.. ആൺപിള്ളേരെ ദൂരെ നിന്ന് കാണുമ്പോഴേ മുട്ടുവിറയ്ക്കുന്ന നീയിതൊക്കെ എങ്ങനെ ഒപ്പിച്ചെടി.. ഞാൻ പോലുമറിയാതെ.. " അവളുടെ ഈ അമ്പരന്നുള്ള ചോദ്യം കേട്ട് തലയറഞ്ഞു തന്നെ ഞാൻ ചിരിച്ചു. "എന്റെ പൊന്നു വിപഞ്ചൂ.. നീയറിയാതെ എനിക്കെവിടുന്നാടി കാമുകൻ.. " എന്റെ നിഷ്കളങ്കത മനസ്സിലായത് കൊണ്ടാകണം അവൾ ശാന്തമായി കാരണം തിരക്കിയത്. "അതേയ്.. നിനക്കറിയാമല്ലോ എനിക്ക് കുഞ്ഞുങ്ങളെ വല്യ ഇഷ്ടമാണെന്ന്.. അതും പൂച്ചക്കണ്ണുള്ള കുഞ്ഞുങ്ങളാണെങ്കിൽ വാരിയെടുത്ത് ഉമ്മവയ്ക്കാൻ തോന്നും.. " 'അതും ഇതും തമ്മിലെന്താടീ വിന്ധ്യേ ബന്ധം.. ?' എന്റെ പറച്ചിൽ കേട്ടവൾ അമ്പരന്നു. 'നീയല്ലേ അന്ന് പറഞ്ഞത് പൂച്ചക്കണ്ണന്മാരെ വിവാഹം ചെയ്താൽ പൂച്ചക്കണ്ണുള്ള കുഞ്ഞ് ജനിക്കുമെന്ന്.. എനിക്കൊരു പൂച്ചക്കണ്ണനെ മതിയെടീ.. അതും നല്ല വെള്ളിക്കണ്ണുള്ളവനെ.. ' നിലത്ത് കാൽവിരൽ കൊണ്ട് കളം വരച്ച് നാണത്തോടെ പറയുമ്പോൾ ഞാൻ കണ്ടു അന്തംവിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന വിപഞ്ചൂനെ. 'എടീ വിന്ധ്യേ.. ഞാനന്നൊരു തമാശ പറഞ്ഞതല്ലേ... ' വിക്കിവിക്കി പറയുമ്പോഴും അവൾ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. അല്ല..അച്ഛനെയും അമ്മയെയും പോലെയല്ലേ കുഞ്ഞുങ്ങൾ ഇരിക്കുന്നത്. ഞാനൊരു പൂച്ചക്കണ്ണനെ കെട്ടിയാൽ എനിക്കും കിട്ടുമെടീ പൂച്ചക്കണ്ണുള്ള കുഞ്ഞ്.. ' ഉറപ്പിച്ചു പറഞ്ഞു ഞാൻ. ഒരുതരത്തിലും എന്നെ അനുനയിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടുതന്നെ പൂച്ചക്കണ്ണനെ കണ്ടുപിടിച്ചു തരാമെന്നവൾക്ക് സമ്മതിക്കേണ്ടിവന്നു. വീട്ടിലിക്കാര്യം അറിഞ്ഞ് എല്ലാവരുടെയും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഞാനതൊന്നും കാര്യമാക്കിയതേയില്ല. ഒരുനാൾ ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോഴാണ് ആ കാഴ്ച കണ്ടത്. ബസ് സ്റ്റോപ്പിന് സമീപത്തായി ഒരു ചുള്ളൻ ചെക്കൻ. നീല ജീൻസും വെള്ളഷർട്ടും ധരിച്ച് റെയ്ബാൻ ഗ്ലാസ് വച്ച് മൊബൈലിൽ സംസാരിച്ചുകൊണ്ട് ബുള്ളറ്റിൽ ചാരി നിന്ന നിൽപ്പുണ്ടല്ലോ.. ഹോ.. എന്നാ ലുക്കാന്നേ.. ആദ്യമായിട്ടാണ് ഒരു ചെക്കനെ കണ്ടപ്പോൾ ഇത്ര ഫീൽ. നോക്കിയപ്പോൾ ബസിലെ എല്ലാ ചിരുതമാരുടെയും മിഴികൾ അവനിൽ തന്നെ. ലേശം കുശുമ്പ് തോന്നിയെങ്കിലും നമ്മുടെ ലിസ്റ്റിൽപ്പെടുന്ന ആളല്ലല്ലോ എന്നാശ്വസിച്ചതും അതാ ചേട്ടൻ റെയ്ബാൻ ഗ്ലാസ് മാറ്റി.. ദൈവമേ.. പൂച്ചക്കണ്ണൻ. മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. മനസ്സിൽ തകർക്കുന്ന പഞ്ചാരിമേളം പ്രകടമാക്കിക്കൊണ്ട് അടുത്തിരുന്ന വിപഞ്ചൂനെ തട്ടിവിളിച്ച് കാര്യം പറഞ്ഞു. അവളുടെ ഫോണിലുള്ള സംസാരം കഴിഞ്ഞല്ലേ അവൾ നോക്കൂ..അവൾ തിരിഞ്ഞതും ആൾ ബുള്ളറ്റും സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോയി. മനസ്സിൽ ആദ്യമായി പൊട്ടിയ ലഡ്ഡുവെല്ലാം ഒരുനിമിഷം കൊണ്ട് ഉറുമ്പരിച്ച അവസ്ഥ. ദേഷ്യവും സങ്കടവും ഉള്ളിലടക്കി മൗനം പാലിച്ചു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ആ സമയത്തുതന്നെ അവിടെയെത്തിയെങ്കിലും പൂച്ചക്കണ്ണനെ മാത്രം കാണാനായില്ല. ആ പൂച്ചകണ്ണ് കണ്ണുമുൻപിൽ നിറഞ്ഞുനിൽക്കുന്നു ഓരോ നിമിഷവും. ഇതുവരെ ആണുങ്ങളെ കണ്ടാൽ വിറയ്ക്കുന്ന തനിക്കുണ്ടായ മാറ്റം വിപഞ്ചുവിൽ അത്ഭുതം ഉണർത്തിച്ചു. അങ്ങനെയിരിക്കെ ഒരുനാൾ വീണ്ടും പൂച്ചക്കണ്ണനെ കണ്ടു. 'പോയി പറയെടീ നിന്റെ പ്രണയം.. ' പ്രോത്സാഹനം തന്ന് വിപഞ്ചു കട്ടയ്ക്ക് നിന്നുവെങ്കിലും അതിനുള്ള ധൈര്യം മാത്രമുണ്ടായില്ല. 'ആളിനെക്കുറിച്ച് ഒന്നുമറിയാതെ എങ്ങനെയാടീ ഇഷ്ടമാണെന്ന് പറയുന്നത്.. പേര് പോലുമറിയില്ല..' തന്റെ സ്വരത്തിൽ നിഴലിച്ചുനിന്ന നിരാശ മനസ്സിലായെന്നവണ്ണം വിപഞ്ചിക തലയനക്കി. പിറ്റേന്ന് സന്തോഷത്തോടെയാണ് വിപഞ്ചുവിന്റെ ഫോൺ വച്ചത്. പൂച്ചക്കണ്ണന്റെ പേര് നിരൂപ്. അമേരിക്കയിൽനിന്നും എം ബി എ കഴിഞ്ഞ് നാട്ടിൽ ലാൻഡ് ചെയ്തിട്ട് രണ്ടു മാസമായി. വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും അനിയത്തിയും ഉണ്ട്. എങ്ങനെ അറിഞ്ഞെന്ന് ചോദിച്ചപ്പോൾ 'അപ്പം തിന്നാൽ പോരേ മോളേ കുഴി എണ്ണണോ '..എന്നവൾ കാച്ചി. വയസ്സ് ഇരുപത്തിയൊന്ന് ആയെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ ഇനി ഇരുപത്തിയൊമ്പതാം വയസ്സിലേ മംഗല്യഭാഗ്യമുള്ളൂ എന്നും പറഞ്ഞ് വീട്ടിൽ വിവാഹം ഉറപ്പിക്കുമെന്ന മട്ടായി. മനസ്സിലൊരു പൂച്ചക്കണ്ണൻ കുടിയേറിയിട്ട് ദിവസങ്ങളായെന്ന് തുറന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് പറയാനും പോയില്ല. രണ്ടും കൽപ്പിച്ച് പൂച്ചക്കണ്ണൻ ചേട്ടനോട് ഇഷ്ടം പറയാൻ പോയി. പൂക്കുലപോലെ വിറച്ചുകൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴുള്ള അവന്റെ നോട്ടം.. എന്റമ്മേ.. ഓർക്കാൻ കൂടി വയ്യ.. തുറിച്ചൊരു നോട്ടം. 'സോറി.. എന്റെ സങ്കൽപ്പത്തിലുള്ള കുട്ടിക്ക് വേണ്ട ക്വാളിറ്റീസ് ഒന്നും തനിക്കില്ല.. ആം എക്സ്സ്ട്രീമിലി സോറി യാർ.. ' അവന്റെ ജാഡപ്പറച്ചിൽ കേട്ടപ്പോൾ സങ്കടവും ദേഷ്യവുമെല്ലാം സടകുടഞ്ഞെഴുന്നേറ്റു. പക്ഷെ അത് കണ്ണുനീരായാണ് പുറത്തേക്ക് വന്നതെന്ന് മാത്രം. വിപഞ്ചുവിന്റെ ആശ്വാസവാക്കുകൾ ആയിരുന്നു എനിക്ക് ഏകആശ്വാസം. ഒരാഴ്ച കടന്നുപോയി. പൂച്ചക്കണ്ണനെ മറക്കാൻ ശ്രമിച്ചുവെങ്കിലും ഇടയ്ക്കിടെ തെളിഞ്ഞുവരും അവന്റെ മോന്തയും പരട്ട ഇംഗ്ലീഷും. ഈ ആലോചന നടത്തിയേ പറ്റുള്ളൂ എന്ന വാശിയിലാണ് ഏതോ കമ്പനിയിൽ മാനേജർ ആയ പയ്യൻ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് അച്ഛൻ അറിയിച്ചത്. മനസ്സില്ലാമനസ്സോടെ സ്വപ്നങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ് സുന്ദരിയായി നിന്നു. ചായ കൊടുത്തപ്പോഴാണ് ചെക്കനിലേക്കെന്റെ മിഴികൾ പാറിവീണത് . കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അമ്പരന്നു നിന്നപ്പോഴേക്കും പിന്നിൽനിന്നും രണ്ടു കൈകൾ വലയം ചെയ്തു. വിപഞ്ചു... ഇഷ്ടമായോടീ എന്റേട്ടനെ.. ? കുസൃതിചിരിയോടെ അവളത് ചോദിക്കുമ്പോൾ കള്ളച്ചിരിയോടെ ഇരിക്കുകയായിരുന്നു പൂച്ചക്കണ്ണൻ. എന്റേട്ടൻ അമേരിക്കയിലാണെന്നല്ലാതെ നീ കണ്ടിട്ടില്ലല്ലോ. ഇതാണ് ആൾ.. നിരൂപ് എന്ന എന്റേട്ടൻ. മറ്റേ ഏട്ടനെ നിനക്കറിയാമല്ലോ വിരാട്. നിനക്ക് പൂച്ചക്കണ്ണനെ മതിയെന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആലോചിച്ചത് എങ്കിൽ നിന്നെയെന്റെ നാത്തൂനായി കൊണ്ട് പോയാലോയെന്ന്. നിന്റെ വീട്ടുകാരുടെ അറിവോടെ ഞങ്ങൾ കളിച്ച നാടകമായിരുന്നു കഴിഞ്ഞതൊക്കെ. സന്തോഷം കൊണ്ട് നിറഞ്ഞ മിഴികൾ തുടച്ച് വിപഞ്ചുവിനെ ചേർത്തുപിടിച്ച് ഉമ്മ കൊടുത്തു. മുറിയിൽ ജാലകവാതിലിനരികിൽ നിന്ന് സകല ദൈവങ്ങൾക്കും നന്ദി പറയുമ്പോഴാണ് പൂച്ചക്കണ്ണൻ.. അയ്യോ.. നിരൂപേട്ടൻ കടന്നുവന്നത്. 'നീയെന്നെ ആദ്യമായി കണ്ടനാൾ വിപഞ്ചിക ഫോണിൽ പറഞ്ഞതനുസരിച്ചാണ് ഞാൻ നിന്നെ കാണുന്നത്. അന്നുതന്നെ നിന്നെ എനിക്കിഷ്ടമായി. പിന്നെ ടീ.. എന്റേത് പരട്ട ഇംഗ്ലീഷാ അല്ലേ.. ? ' എന്റെ ചെവി തിരുമ്മിക്കൊണ്ട് നിരൂപേട്ടൻ ചോദിച്ചപ്പോൾ കിലുങ്ങിച്ചിരിക്കാനേ കഴിഞ്ഞുള്ളു. 'അതേയ്... എനിക്കും പൂച്ചക്കണ്ണുള്ള കുഞ്ഞ് മതീട്ടോ.. ചുറ്റും നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി നിരൂപേട്ടൻ പറഞ്ഞപ്പോൾ ഞാൻ കണ്ടു വെള്ളിക്കണ്ണിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം... ' രചന-#Simi_Aneesh_Abhi

No comments