Popular Posts

ഇന്നവളുടെ കല്യാണം ആയിരുന്നു..എനിക്കവളോട് വെറുപ്പായിരുന്നു


ഇന്നവളുടെ കല്യാണം ആയിരുന്നു. എന്നേക്കാൾ എട്ട് വയസിനു മൂത്ത എന്റെ ചേച്ചിയുടെ. എനിക്കവളോട് വെറുപ്പായിരുന്നു. എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
പക്ഷേ ഇപ്പോൾ എന്തിനാണ് എന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നത് എന്നെനിക്കു അറിഞ്ഞു കൂടാ
എനിക്ക് നാണക്കേട് തോന്നുന്നു. അതു കൊണ്ടാണ് ഞാൻ ആരും കാണാതെ മുറി അടച്ചിട്ടിരിക്കുന്നതു

അവളെ ഞാൻ വെറുത്തു തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷത്തോളം ആയിരിക്കുന്നു
എന്റെ ചെറുപ്പത്തിൽ എനിക്കവളെ ആയിരുന്നു അമ്മയേക്കാൾ ഇഷ്ടം.. എട്ട് വയസിനു മൂത്തതായിരുന്നതിനാൽ എന്നെ ഏറ്റവും കൂടുതൽ ചുമന്നോണ്ട് നടന്നതും അവൾ തന്നെയാണ്
എനിക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് കണ്ടു അവൾ അലറി കരഞ്ഞതും, എന്റെ കൈ വിരൽ ഞാൻ റബ്ബർ മെഷീനിടയിൽ വെച്ചു ചതച്ചത് കണ്ടു ബോധം കെട്ടു വീണതും എനിക്കോർമ്മ ഉണ്ട്

അവളുടെ അതേ സ്കൂളിൽ ആണ് ഞാനും പഠിച്ചത്. ഞാൻ ഞണ്ടിനെ പിടിച്ചു പാത്രത്തിൽ ഇട്ടു കൊണ്ട് വന്നു മറ്റു കുട്ടികളെ പേടിപ്പിച്ചപ്പോഴും,
സ്കൂളിന്റെ മതില് ചാടി പോയി മിട്ടായി വാങ്ങിയത് കൈയ്യോടെ പിടിച്ചപ്പോഴും ടീച്ചർ അടിക്കാൻ പിടിച്ചപ്പോൾ ആരോ പറഞ്ഞറിഞ്ഞു എന്റെ ക്ലാസ്സിലേക്ക് ഓടി വന്നു

 "കുട്ടനെ അടിക്കല്ലേ ടീച്ചറേ കുട്ടൻ ചെറിയ കുട്ടി അല്ലേന്നു കരഞ്ഞതും എനിക്കോർമ്മ ഉണ്ട്

ഈ വിഷയം വീട്ടിൽ എത്തിയപ്പോഴും, എന്നെ അടിക്കാൻ പിടിച്ച അച്ഛന്റെയും എന്റെയും ഇടക്ക് ചാടിയതും അവൾ തന്നെ ആയിരുന്നു
ഇതിനിടയിൽ എല്ലാം ഞാൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാനെത്ര ചെറിയ കുറ്റം കാണിച്ചാലും ഓടിച്ചിട്ടടിക്കുന്ന അച്ഛൻ ഒരിക്കലും അവളെ വഴക്ക് പറയാൻ ആ ഉത്സാഹം കാണിച്ചിരുന്നില്ല

"മാളു ഇനി ഇങ്ങനെ ചെയ്യാൻ പാടില്ല കേട്ടോ "എന്ന ശാസനയിൽ ഒതുങ്ങും

കിട്ടുന്ന അവസരത്തിൽ എല്ലാം അച്ഛമ്മ ആണ് അവൾക്കിട്ടു കൊടുത്തു കൊണ്ടിരുന്നത്
അച്ഛമ്മ എത്ര വഴക്ക് പറയുന്നത് കണ്ടാലും അമ്മ ഒന്നും മിണ്ടാറില്ലായിരുന്നു എന്നും
അച്ഛന്റെ കൂർത്ത നോട്ടത്തെ മാത്രം ആണ് അച്ഛമ്മക് പേടി. അതു കൊണ്ട് അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ അച്ഛമ്മയുടെ ദേഷ്യ പ്രകടനങ്ങൾ നോട്ടത്തിൽ ഒതുങ്ങും
ഇങ്ങനെ പോകുന്നതിനു ഇടയിൽ ആണ് അവളെ വെറുപ്പിച്ചു കളഞ്ഞ ഒരു അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടാകുന്നതു

ഞാൻ പത്തിൽ പഠിക്കുകയാണ്
ഒരു ഞായറാഴ്ച രാവിലെ ആണത് ഉണ്ടായതു. മൂടി പുതച്ചു ഉറങ്ങിയ ഞാൻ എഴുന്നേറ്റു വന്നത് വല്യ ബഹളം കേട്ടു കൊണ്ടാണ്
അച്ഛനെക്കാൾ പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ അച്ഛന് നേരെ ഒച്ചയെടുക്കുകയാണ്

"എന്റെ മകളെ കൊണ്ട് പോകാൻ ആണ് ഞാൻ വന്നിരിക്കുന്നത് "
ഞാൻ കൊണ്ട് പോകും !!!

അച്ഛൻ ശബ്ദം താഴ്ത്തി സംസാരിക്കാൻ അയാളോട് അപേക്ഷിക്കുന്നുണ്ട്
അയാളാകട്ടെ നിർത്തുന്നേയില്ല.
ഇടയ്ക്കു അമ്മയുടെ പുറകിൽ പതുങ്ങി നിന്ന ചേച്ചിയെ അയാൾ കൈയ്യിൽ പിടിച്ചു വലിക്കാൻ ഒരു ശ്രമം നടത്തി

"എന്റെ കുഞ്ഞിനെ കൊണ്ട് പോകരുത്" എന്നു പറഞ്ഞു അയാളെ തടയാൻ ശ്രമിക്കുക ആണ് അമ്മ

"കല്യാണം കഴിഞ്ഞിട്ടും പഴയ കാമുകനെ മറക്കാൻ പറ്റാത്ത കൊണ്ടാണല്ലോ ഞാൻ കുറച്ചു കാലത്തേക്ക് വീട്ടിൽ കൊണ്ട് വിട്ട നീ ഒടുവിൽ അവന്റെ കൂടെ തന്നെ പോയത് !!!!
"നിന്നെ പോലെ സംസ്കാരമില്ലാത്ത ഒരുത്തിയുടെ കൂടെ ഇനി എന്റെ മകൾ വളരേണ്ട "

അച്ഛൻ കൈ കുടയുന്നതും അയാൾ ഒരു വശത്തേക്ക് ചെരിയുന്നതും കണ്ടോപ്പഴാണ് അടി പൊട്ടിയത് എനിക്ക് മനസിലായത്

അവിടുന്ന് എഴുന്നേറ്റിട്ടും നിർത്താതെ അയാൾ മുറ്റത്തേക്ക് ചാടി മതിൽ വഴി എത്തി നോക്കുന്ന മുഖങ്ങളോട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു
അകത്തേക്കു കരഞ്ഞു കൊണ്ട് ഓടിയ അമ്മക്ക് പിന്നാലെ എത്തിയ അച്ഛൻ പൊട്ടി കരയുന്ന അവളെ ചേർത്തു പിടിച്ചു പറയുന്നുണ്ടായിരുന്നു

"നീ എന്റെ മോളാണ് " എന്റെയും ഇവളുടെയും ആദ്യത്തെ മകൾ "
നിന്നെ ഇവിടുന്നു നിന്റെ ഇഷ്ടം ഇല്ലാതെ ആരും കൊണ്ട് പോകില്ലെന്ന്

മതിലിനു മുകളിൽ കൂടി എത്തി നോക്കുന്ന മുഖങ്ങളിലെ പരിഹാസത്തിന്റെ അർത്ഥം പകുതി മാത്രം മനസിലാക്കിയ എന്നോട് അച്ഛമ്മയാണ് ബാക്കി പറഞ്ഞത്
അച്ഛനും അമ്മയും പണ്ട് സ്നേഹത്തിൽ ആയിരുന്നെന്നും. അച്ഛന് ജോലി ഒന്നും ആയില്ല എന്ന കാരണത്താൽ അമ്മയുടെ വീട്ടുകാർ റെയിൽവേ ജോലിക്കാരൻ വന്നപ്പോൾ മകളെ കെട്ടിച്ചു വിട്ടെന്നും
മദ്യപാനി ആയ അയാൾ കുടിച്ചു ജോലിക്കു പോയി ജോലി പോയെന്നും, അമ്മക്ക് അപ്പൂപ്പൻ കൊടുത്തത് എല്ലാം കുടിച്ചു നശിപ്പിച്ചിട്ട് ഗർഭിണി ആയ അമ്മയെ ഉപദ്രവിക്കുമായിരുന്നെന്നും
ഒടുവിൽ അമ്മയെയും ഒരു പെണ്കുഞ്ഞിനെയും അമ്മയുടെ വീട്ടിൽ കൊണ്ടാക്കി കൂടുതൽ പണവും ആയി വരാൻ ആവശ്യപ്പെട്ടപ്പോൾ അപ്പൂപ്പൻ വിവാഹമോചനത്തിന് കേസ് കൊടുപ്പിച്ചെന്നും
വിവരം എല്ലാം അറിഞ്ഞ എന്റെ അച്ഛൻ അമ്മയെ വീണ്ടും വിവാഹം ചെയുകയും അമ്മയെയും അവളെയും കൂട്ടികൊണ്ട് വേറെ നാട്ടിലേക്കു ട്രാൻസ്ഫർ വാങ്ങി വരികയും ആയിരുന്നു എന്നു

ഞാൻ അവളെ വെറുത്തു പോയി. എന്റെ അച്ഛൻ അവൾക്കു വേണ്ടി മറ്റുള്ളവരുടെ മുൻപിൽ ചെറുതാകേണ്ടി വന്നതും

പത്താം ക്ലാസ്സ് പരീക്ഷ അടുത്ത സമയം ആയതിനാൽ അതേ നാട്ടിൽ, അതേ സ്കൂളിൽ കൂട്ടുകാരുടെ കുശുകുശുപ്പിനെയും അർത്ഥം വെച്ച നോട്ടത്തെയും നേരിടേണ്ടി വന്ന പതിനഞ്ചു കാരൻ
എന്റെ അഭിമാനം തകർന്നു തരിപ്പണം ആയി കിടക്കുന്നതു ഞാനറിഞ്ഞു

പക്ഷേ എന്തൊക്കെ സംഭവിച്ചിട്ടും അവളോടുള്ള വാത്സല്യത്തിന് ഒരു കുറവും കാണിക്കാത്ത അച്ഛന്റെ സാന്നിധ്യം അവളെ അവഗണിക്കുന്നതിൽ കൂടുതൽ എന്തെങ്കിലും ചെയ്യുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു
ഇന്ന് എല്ലാം അറിയുന്ന അച്ഛന്റെ സുഹൃത്തിന്റെ മകന് അവളെ കൈപിടിച്ച് കൊടുക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു

വലിയ താല്പര്യം കാണിക്കാതെ മാറി നിന്ന എന്നെ അടുത്ത് വിളിച്ചു ചേർത്ത് നിർത്തി "ഇനിയും എന്നോട് പിണങ്ങി ഇരിക്കല്ലേടാ" ഞാൻ പോകുവല്ലേ "" എന്നു പറഞ്ഞു അവൾ കരയുന്നതിനിടയിൽ ഞാൻ കണ്ടു

ഒരു താടിക്കാരൻ കൈയ്യിൽ ഇരുന്ന കണ്ണട താഴെ ഇടുന്നതും, അതെടുക്കാൻ എന്ന ഭാവത്തിൽ കുനിയുന്നതും, അച്ഛന്റെ കാലിൽ ഒന്ന് തൊടുന്നതും
അതു ഞാൻ കണ്ടെന്നു കണ്ടിട്ടോ അയാൾ നിവർന്നു എന്റെ നെറുകയിലും ഒന്ന് തലോടിയിട്ടു ആൾക്കൂട്ടത്തിലേക്കു മറയുന്നതും

അതേ !!!അതയാൾ ആയിരുന്നു. അവളുടെ അച്ഛൻ
അപ്പോൾ മുതൽ ഉള്ളതാണ്, മനസിന്റെ ഈ ഭാരം.ഞാനെന്റെ അച്ഛന്റെ മകൻ അല്ലേ, അച്ഛന്റെ മനസിന്റെ വലിപ്പത്തിന്റ ഒരംശം പോലും എനിക്കില്ലാതെ പോയല്ലോ

അച്ഛൻ അവളെ സ്വന്തം മകനായ എന്നേക്കാൾ സ്നേഹിച്ചിട്ടേ ഉള്ളു
എല്ലാരും ഉറങ്ങിയെന്നു തോന്നുന്നു. എനിക്കവളെ കാണണം എന്നു തോന്നി
ഞാൻ മിണ്ടാതിരുന്ന കാലത്തും എനിക്ക് പനി വരുമ്പോൾ ചുക്കു കാപ്പി ഇട്ടു തന്നവളെ, എന്റെ വസ്ത്രം ഇസ്തിരി ഇട്ട് മടക്കി വെച്ചവളെ,
വൈകി വീട്ടിൽ വന്നു കയറുന്ന എനിക്ക് ചോറ് വിളമ്പി വെച്ചിട്ട് മിണ്ടാതെ മാറി ഇരുന്നവളെ
അതേ എന്റെ വെറുപ്പ് അയാളോട് ആയിരുന്നു. അവളുടെ അച്ഛനോട് !!!! അതാണ് ഞാൻ അവളോട് കാണിച്ചു കൊണ്ടിരുന്നത്

അച്ഛമ്മയുടെ മുറിയിൽ പഴയ ആൽബം ഉണ്ട്. അതെടുത്തു അവളുടെ മുഖം ഒന്ന് കൂടി കാണാൻ വേണ്ടിയാണു ഞാൻ കള്ളനെ പോലെ പതുങ്ങി ചെന്നത്
"അപ്പോഴാണ് ആരോ മൂക്ക് ചീറ്റുന്നതു !!!
വേറെ ആരും അല്ല. നമ്മുടെ കിളവി തന്നെ !

എന്റെ ചേച്ചിയോട് ഉള്ള പോരെല്ലാം എടുത്തിട്ട് ഇപ്പോൾ അവൾ പോയപ്പോൾ കിടന്നു മോങ്ങുകയാണ് !!!

പെട്ടന് ലൈറ്റ് ഇട്ടപ്പോൾ കണ്ണിലെ കണ്ണീരിന്റെ തിളക്കം ഞാൻ കണ്ടു എന്നു മനസിലാക്കിയ പുള്ളിക്കാരി മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടക്കുന്നതായി ഭാവിച്ചു രക്ഷപെടാൻ ഒരു ശ്രമം നടത്തി

നിങ്ങൾക്കു സന്തോഷം ആയില്ലേ ??? അവള് പോയല്ലോ എന്നു ചോദിച്ച എന്നോട് കിളവി പറയുവാ

"ഒന്ന് പോടാ ചെറുക്കാ,അവളെ ഒന്ന് ഗുണ ദോഷിക്കാൻ ആരും ഇല്ലന്ന് തോന്നിയ കൊണ്ടാ ഞാനവളെ വല്ലപ്പോഴും വഴക്ക് പറഞ്ഞതെന്ന് !!!!എന്റെ കൊച്ചിനേ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലെന്ന് "

ഞങ്ങൾ രണ്ട് പോരാളികളും കൂടി ആൽബം കാണുവാണിപ്പോ. അവളെ കാണാനും, രഹസ്യമായി മാപ്പ് ചോദിക്കുവാനും...

No comments