Popular Posts

പാദസര കിലുക്കം

രാവിലെ അമ്മക്ക് പകരമവൾ മുറ്റമടിക്കുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചിരിന്നു ഇന്നെന്തോ അവൾക്ക് പറയാനുണ്ട് എന്ന്..

രാവിലെ ഞാൻ വിളിച്ചു കൂവാതെ ചായ എന്റെ കട്ടിലിനരികിലേക്ക് എത്തിക്കുമ്പോൾ തന്നെ ഞാൻ സംശയിച്ചിരിന്നു ഇന്നെന്തോ കാര്യ സാധ്യം ഉണ്ടെന്ന് ..

ഉച്ചയ്ക്ക് പതിവിലുമേറെ ഊണ് സ്നേഹം കാണിച്ചവൾ തട്ടി തരുമ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു ഇന്നിതെന്തിനാണെന്ന്..

അലക്കി വെച്ച എന്റെ ഡ്രസ്സൊക്കൊ തേച്ചു മിനുക്കി വെക്കുന്നത് കണ്ടപ്പോഴും ഞാൻ മനസ്സിലാക്കിയിരുന്നു ഇന്നത്തെ സോപ്പെന്തിനാണെന്ന്..

കെട്ട് പറഞ്ഞുറപ്പിച്ചത് മുതൽ അവളിലെ കളിയും ചിരിയും നഷ്ടപ്പെട്ടതും അവളുടെ പെരുമാറ്റത്തിലാകെയൊരു മാറ്റവും ഞാൻ കണ്ടിരുന്നു..

എന്റെ ഊഹങ്ങളും സംശയങ്ങളും ശരിവെക്കുന്ന പോലെ അവൾ വന്നു പറഞ്ഞു '' ഏട്ടാ എനിക്കിപ്പോൾ കല്യാണം വേണ്ടാ എന്ന്..

ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ടു മതി കല്യാണം എന്നും..

ഞാനൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വീട്ടിലെ ആദ്യത്തെ കല്യാണം നിന്റെയായിരിക്കുമെന്ന്..

മോൾ അടുക്കളയിൽ പോയി ഒരു ചായ ഇട്ടു കൊണ്ട് വാ'
നാളെ കെട്ടിച്ചു വിടുമ്പോൾ അടുക്കളയിൽ കയറേണ്ടവളാണ് ഇപ്പഴേ അടുക്കളയിൽ കയറി പഠിച്ചോണം '' എന്ന് പറഞ്ഞവളെ ഞാൻ ഓടിച്ചു..

അതു വരെ ഇല്ലാത്ത പിറു പിറുക്കലുമായാണ് പുന്നാര പെങ്ങൾ അടുക്കളയിലേക്ക് പോയത്..

ഇതേ കാര്യം അമ്മയോട് ചെന്നു കൊഞ്ചി പറയുന്നത് ഞാൻ കേട്ടിരുന്നു
അമ്മ ചൂലെടുത്തില്ല എന്നേയുള്ളൂ
മുഖം വാടി അവൾ വീട്ടിലിരിക്കുന്നത് ഞാൻ കണ്ടിരുന്നു
എങ്കിലും ഞാനതു കണ്ടില്ലെന്ന് നടിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അടുത്തു വന്നു ചോദിച്ചു

'' കാശിന്റെ കാര്യത്തിൽ നീ വല്ല വഴിയും കണ്ടു വെച്ചിട്ടുണ്ടോ രമേശാ എന്ന്..

ഞാൻ അമ്മയോട് പറഞ്ഞു ബാങ്ക് ലോൺ ഒരെണ്ണം പറഞ്ഞു വെച്ചിട്ടുണ്ട് വീടിന്റെ ആധാരം ഈടായി കൊടുക്കേണ്ടി വരും..

അമ്മ അപ്പോൾ തന്നെ പോയി അലമാരയിൽ സൂക്ഷിച്ച ആധാരം ഒരു കവറിലാക്കി കയ്യിൽ തന്നു..

ആളെ വിളിക്കണം പന്തലിടണം സദ്യ വട്ടങ്ങളൊരുക്കണം ഡ്രസ്സെടുക്കണം സ്വർണ്ണമെടുക്കണം ഓട്ടത്തിനിടയിലും അവളുടെ മുഖത്തെ തിളക്കമെല്ലാം കുറഞ്ഞത് ഞാൻ കണ്ടിരുന്നു..

എങ്കിലും ഞാനതെല്ലാം കണ്ടില്ലെന്നു നടിച്ചു..
കല്യാണത്തിന് അണിയാനുള്ള സ്വർണ്ണവും ഉടുത്തൊരുങ്ങാനുള്ള പട്ടു സാരിയുമെല്ലാം എടുത്തു വരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്റെ ഉള്ളിലുമുണ്ടായിരുന്നു ഒരു വിങ്ങൽ പക്ഷേ അവളതറിയതെന്നു കരുതിയാണ് അവളെ ഞാൻ കൊച്ചു കുട്ടികളെ പോലെ എന്ന് പറഞ്ഞു കളിയാക്കിയത്..

ബാങ്കിൽ പോയി വരുമ്പോൾ അവൾ ഉമ്മറ വാതിലിനരികിൽ നിന്നവൾ മിഴി നിറച്ചു നിൽക്കുന്നത് ഞാൻ കണ്ടു..
എനിക്കറിയാം അവൾക്കും ആദ്യം ഇതൊക്കെ സങ്കടമായി തോന്നും എന്ന്..

കല്യാണ ദിവസം അടുത്തു വരുമ്പോൾ അവളിലാകെ ഒരു മാറ്റം ഞാൻ കണ്ടിരുന്നു..
എന്തേലും പറഞ്ഞാൽ ചിലതിനൊക്കൊ തറുതല പറയാറുള്ള അവളിന്ന് അനുസരണയോടെ അടങ്ങി ഒതുങ്ങി ഇരിക്കുന്നത് ഞാൻ കണ്ടു..

വീടുറങ്ങി വരുന്നത് പോലെ തോന്നി..
വീടു വിട്ടു പോവുമ്പോൾ അവൾക്ക് ഉണ്ടാവുന്ന സങ്കടം അതെനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ..

എങ്കിലും പുതിയ ജീവിതത്തിലേക്ക് അവളെ യാത്രയാക്കണം..
അതിനാൽ അവളിലെ കണ്ണീരും ഞാൻ കണ്ടില്ലെന്ന് നടിക്കണം..

ഞാൻ അവളെ ശ്രദ്ധിക്കുന്നില്ല എന്നവൾക്കു തോന്നിയപ്പോൾ
അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറി പോകുന്നത് ഞാൻ കണ്ടു '

ഞാൻ അവളെ വിളിച്ചു സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു'

'ചെന്നു കയറുന്ന വീടും നിന്റെ വീടാണ് അവിടെ ഒച്ഛനുണ്ട് അമ്മയുണ്ട്
പിന്നെ ഇങ്ങോട്ട് എപ്പ വേണേലും ഓടി വരാലോ നിനക്ക്..

എങ്കിലും അവിടെ എന്ന് പറഞ്ഞു കണ്ണു നിറച്ചപ്പോൾ അതു തുടച്ചു കൊടുത്തു കൊണ്ട് ഞാനവളോട് പറഞ്ഞു

ഏട്ടനേക്കാൾ സ്നേഹം കിട്ടുന്ന ഒരാളോടൊപ്പമാണ് മോളെ ഈ ഏട്ടൻ പറഞ്ഞയക്കുന്നതെന്ന്..
ഇതെല്ലാം കേട്ടവൾ മിഴി തുടക്കുമ്പോൾ എന്റെ മനസ്സും പിടഞ്ഞിരിന്നു

എങ്കിലും അവൾ ഒരിക്കലും അതറിയരുത് കാരണം അവളിവിടെ നിന്ന് പോകുന്നതിൽ ഏട്ടനൊട്ടും വിഷമമില്ലെന്ന് അവൾക്ക് തോന്നണം..

കല്യാണത്തിന് പന്തലിടുമ്പോൾ മുതൽ അമ്മാവൻ അച്ഛന്റെ സ്ഥാനത്ത് വന്നു നിന്നിരുന്നു
അമ്മാവൻ ഓരോന്നും ഓടി പിടിച്ച് ചെയ്യുന്നത് കണ്ടപ്പോൾ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു..
ആ പന്തലിൽ കല്യാണ പെണ്ണായി അവൾ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിന്നു

അതു കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു കൊച്ചു കുട്ടികളെ പോലെ കരയാതിരിന്നോണം എന്ന് പറഞ്ഞപ്പോൾ
അവൾ കരച്ചിൽ അടക്കി പിടിച്ചു
കല്യാണപ്പെണ്ണായി അരങ്ങിൽ നിന്നു..

വിവാഹം കഴിഞ്ഞ് അവൾ അനുഗ്രഹം വാങ്ങാൻ അമ്മയുടെ അരികിലേക്കെത്തുമ്പോൾ അടക്കി പിടിച്ചതെല്ലാം തേങ്ങി തീർത്തു തുടങ്ങിയിരുന്നവൾ
എന്റെ അടുക്കലേക്കവൾ വരുമ്പോൾ എന്റെ മുഖത്തേക്ക് അവൾ നോക്കിയില്ല
അവൾക്ക് കരച്ചിൽ നിർത്താനാവാതെ തേങ്ങിയപ്പോൾ ഞാൻ അവളെ ചേര്ത്തു പിടിച്ച് പറഞ്ഞു

എനിക്കെന്നും നീ കുഞ്ഞാണ് ഏട്ടനെന്നും ആഗ്രഹിക്കുന്നത് നിന്റെ പുഞ്ചിരിയാണ്
കരയരുത് എന്ന് പറഞ്ഞു ഞാനവളുടെ മിഴി തുടച്ച് യാത്രയാക്കി...

അവളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചിറക്കി കൊണ്ട് പോവുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു
ഞാൻ മാറി നിന്നൊന്നു മിഴി തുടച്ചു...

അവൾ വീണ്ടും തിരിഞ്ഞു നോക്കി ഞാൻ ചിരിച്ചു കൊണ്ട് തന്നെ നിന്നു..
അവൾക്കറിയാം അവളുടെ മുമ്പിൽ നിന്ന് ഒരിക്കലും ഞാൻ കരഞ്ഞു കാണിക്കില്ല എന്ന്
കാരണം
ചോദിക്കാനും പറയാനും അവൾക്കാകെയുണ്ടായിരുന്നത് ഒരേട്ടനാണ് ആ ഏട്ടൻ കരഞ്ഞാൽ പിന്നെ അവൾക്ക് സഹിക്കാനാവില്ല എന്ന് അവൾക്കും അറിയാം ..

അവൾ കാറിലേക്ക് കയറുമ്പോൾ ഞാൻ മിഴിയൊന്ന് തുടച്ചു പറഞ്ഞിരിന്നു ഇന്ന് നീ ചിരിച്ചില്ലേലും നിന്റെ ഒരായിരം ചിരികൾ ഈ ഏട്ടന്റെ നെഞ്ചിലുണ്ടെന്ന്..

എല്ലാവരും പോയി കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ വീടിന്റെ അകത്തളത്തിലൊരു പാദസര കിലുക്കം ഞാൻ കേട്ടിരുന്നു ..

രചന-#എ_കെ_സി_അലി

No comments