Popular Posts

#കളഞ്ഞു_കിട്ടിയ_അനിയത്തി...


============================
"ദേ അപ്പുറത്തെ വീട്ടിൽ താമസക്കാര് വന്നു കേട്ടോ"...
അമ്മയുടെ വിളി കേട്ട് ഫോണിൽ കുത്തികൊണ്ടിരുന്ന ഞാൻ തിരിഞ്ഞു നോക്കി..
"ദൈവമേ നല്ല വല്ല പെൺപിള്ളേരും ആയിരിക്കണേ"...
മനസ് പറഞ്ഞു... പതിയെ അടുക്കള വശത്തേക്ക് നടന്നു... ഒരു ചെറിയ മിനി ലോറി. സാധനങ്ങൾ ഒക്കെ ലോറിക്കാരൻ തന്നെ അകത്തേക്ക് എടുത്തു വെക്കുന്നുണ്ട്..
"അച്ചൂ നീ അങ്ങോട്ട്‌ ഒന്ന് ചെന്നേ... ആ പെണ്ണും കുഞ്ഞും മാത്രമേ ഉള്ളൂ...
അമ്മ പറഞ്ഞത് കേട്ട് ഞാൻ അവിടേക്ക് ചെന്നു... ഒരു ചേച്ചിയും കണ്ടാൽ 6 വയസ് തോന്നിക്കുന്ന ഒരു മകളും... ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ ചിരി എനിക്ക് ഇഷ്ടമായി...
സാധനങ്ങൾ എല്ലാം അകത്തു എടുത്തു വെച്ചിട്ട്
ഞാൻ അകത്തേക്ക് നോക്കി .. ജനലരികിൽ നിന്നു അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. നിര തെറ്റിയ പല്ലുകൾ കാട്ടിയുള്ള അവളുടെ ചിരി കാണുവാൻ പ്രത്യേക ഭംഗി ആരുന്നു ...
വൈകിട്ട് ഏകദേശ ചിത്രങ്ങൾ വ്യക്തമായി..
സുനിത എന്നാണ് ചേച്ചിയുടെ പേര്.. കൊല്ലത്തു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു... പ്രണയ വിവാഹം ആയിരുന്നു.. മകൾ കൃഷ്ണപ്രിയ.. ഒന്നാം ക്ലാസിൽ പഠിക്കുന്നു ... ഭർത്താവ് മരിച്ചിട്ട് ഒരു മാസം ആകുന്നു.. ബന്ധുക്കൾ അത്ര രസത്തിൽ അല്ല...
"ഹോ അമ്മയെ സമ്മതിക്കണം... അയൽക്കൂട്ടത്തിൽ പോയി കിട്ടിയതാണോ ഈ കഴിവ് ??"
ഞാൻ കളിയാക്കി...
"നീ പോടാ... വീടിനു ഒരു അയല്പക്കം വന്നാൽ പിന്നെ അവിടെ പോയി സഹകരിക്കണ്ടേ... അല്ലാതെ നിന്നെ പോലെ കയ്യിൽ ഒരു കോപ്പും പിടിച്ചു മുഴുവൻ സമയവും വീടിനകത്തു ഇരുന്നാൽ മതിയോ ???"
അമ്മയുടെ ആ കൌണ്ടർ ഞാൻ പ്രതീക്ഷിച്ചില്ല.. ഞാൻ കയ്യിൽ ഇരുന്ന മൊബൈൽ താഴേക്ക്‌ മാറ്റി...
പിറ്റേന്ന് രാവിലെ പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു പന്ത് എന്റെ കാലിൽ വന്നു തട്ടിയത്..
ഞാൻ പതിയെ തിരിഞ്ഞു നോക്കി... ഇന്നലെ കണ്ട നിരതെറ്റിയ പല്ലുകൾ ഞാൻ തെറ്റി ചെടിയുടെ അരികിൽ കണ്ടു...
ഞാൻ പതിയെ പന്ത് കയ്യിൽ എടുത്തു.. കണ്ണ് കൊണ്ട് അവളെ അടുത്തേക്ക് വരുവാൻ ആഗ്യം കാണിച്ചു...
മടിച്ചു മടിച്ചു അവൾ എന്റെ അരികിൽ എത്തി...
"എന്ത് വേണം ??"... ഞാൻ ശബ്ദം കടുപ്പിച്ചു...
"പന്ത്..". അവൾ തല കുമ്പിട്ടു പറഞ്ഞു...
"ഏത് പന്ത്... ?? ഇവിടെ പന്ത് ഒന്നും ഇല്ലാ.".. ഞാൻ കൈകൾ പിറകിൽ ഒളിപ്പിച്ചു...
"ഞാൻ കണ്ടു "... അവൾ എന്റെ കയ്യിലേക്ക് വിരൽ ചൂണ്ടി
"എടി കള്ളി... പേര് പറഞ്ഞാൽ പന്ത് തരാം"... ഞാൻ അവളുടെ ചുമലിൽ കൈ വെച്ചു പറഞ്ഞു...
"കിഷ്‌ണപിയ "
എന്റെ മുഖത്ത് നോക്കി അവളുടെ നിഷ്കളങ്കമായ മറുപടി കേട്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല...
"കിഷ്‌ണപിയയോ.... എന്നിട്ട് ഞാൻ അറിഞ്ഞത് നിന്റെ പേര് കൃഷ്ണപ്രിയ എന്നാണല്ലോ... "
"അത് തന്നെയാ ഞാനും പറഞ്ഞത്"... അവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു...
"ഓഹോ ഒന്നാം ക്ലാസ്സ്‌ കാരിക്ക് സ്വന്തം പേര് പറയാൻ അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേട്‌ ആ കേട്ടോ... "
അവൾ തല കുനിച്ചു നിന്നു...
"ഈ അങ്ങോട്ടും ഇങ്ങോട്ടും നിക്കുന്ന പല്ല് എല്ലാം നമുക്ക് ഇടിച്ചു നേരെയാക്കാം... അപ്പൊ കിഷ്‌ണപിയ തനിയെ കൃഷ്ണപ്രിയ ആയിക്കോളും കേട്ടോ.."
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി
"കിച്ചീ നീ എവിടെയാ.... ???"
അപോഴെക്കും സുനിതേച്ചിയുടെ വിളി വന്നു...
"അമ്മ വിളിക്കുന്നു ഞാൻ പോകുവാ.."
എന്റെ കയ്യിൽ നിന്നും പന്ത് തട്ടിപ്പറിച്ചു കൊണ്ട് അവൾ ഓടി....
"കുറുമ്പി " ഞാൻ മനസ്സിൽ പറഞ്ഞു....
കിച്ചിയും ഞാനും അടുക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല... ഇപ്പോൾ കണി കാണുന്നത് തന്നെ അവളെയാണ്.. രാവിലെ എത്തും വീട്ടിൽ... അമ്മ ഉണ്ടാക്കിയ പലഹാരം കഴിക്കും, എന്നിട്ട് എന്നെ കുത്തിപ്പൊക്കാൻ ശ്രെമം തുടങ്ങും.. മൊബൈൽ കളിക്കാൻ വേണം അതിനാണ്...
"എന്നും ഉച്ചിക്ക് വെയിൽ അടിക്കുമ്പോൾ പൊങ്ങിയിരുന്ന ചെറുക്കാനാ... ഇവൾ വന്നത് കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായല്ലോ "
അമ്മ പറഞ്ഞത് കേട്ടു അവൾ എന്നെ നോക്കി ചിരിച്ചു...
"ഡി അധികം ചിരിച്ചാൽ പിന്നെ നിനക്ക് ചിരിക്കാൻ മുന്നിൽ നിക്കുന്ന ഈ പല്ല് കാണില്ല കേട്ടോ .. അടിച്ചു ഞാൻ താഴെ ഇടും "??..
ഞാൻ അവളോട്‌ കണ്ണുരുട്ടി ..
"അയ്യടാ ഇങ്ങു വാ ചേട്ടായി . . നിന്നെ ഞാൻ താഴെ ഇടും "
അവൾ അമ്മയുടെ സാരിയുടെ മറവിൽ ഒളിച്ചു നിന്നു എന്നെ കൊഞ്ഞനം കാട്ടി ....
ഞാൻ അവൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങി, സുനിതേച്ചി ജോലി കഴിഞ്ഞു എത്താൻ താമസിക്കും... അത് കൊണ്ട് കിച്ചി സ്കൂൾ വിട്ടു നേരെ വീട്ടിലേക്ക് ആണ് വരിക... അമ്മ ചായയും എന്തെങ്കിലും പലഹാരവും അവൾക്കായി മാറ്റി വെച്ചിട്ടുണ്ടായിരിക്കും ..
മൊബൈൽ എന്ന ഒറ്റ ഉപകരണത്തിൽ തളച്ചു ഇട്ടിരുന്ന എന്നെ അതിൽ നിന്നു പുറത്തു എത്തിച്ചത് അവളാണ് .. അവളുടെ ചിരിയും കുസൃതിയും എല്ലാം അനക്കമില്ലാതെ കിടന്നിരുന്ന എന്റെ വീടിനെ ഒരു വീടാക്കി മാറ്റി...
"ഇവന്റെ തല ആ മൊബൈലിൽ നിന്നു ഒന്ന് പൊങ്ങിക്കിട്ടാൻ ഞാൻ വഴിപാട്‌ വരെ നേർന്നിട്ടുണ്ട് സുനിതേ...
കിച്ചി വന്നതിന് ശേഷം ആണ് ഇവൻ എന്നോട് തന്നെ നേരെ ചൊവ്വേ മിണ്ടിത്തുടങ്ങിയത് "
അമ്മ സുനിതേച്ചിയോട് അടക്കം പറഞ്ഞു..
ശെരിയാണ്‌... രാവിലെ മുതൽ രാത്രി വരെ മൊബൈൽ മാത്രമായിരുന്നു എന്റെ കൂട്ടുകാരൻ.. മനസ്സിൽ തോന്നുന്നത് എന്തും കുറിക്കുന്നതും അതിൽ തന്നെ.. അത് കഥ ആയാലും കവിത ആയാലും ...
ഇപ്പോൾ മൊബൈൽ ഞാൻ ശ്രെദ്ധിക്കാറേ ഇല്ലാ .... അത് വല്ലപ്പോഴും കയ്യിൽ എടുക്കുന്നത് കിച്ചിയുടെ ചിരി അവൾ അറിയാതെ ക്യാമറയിൽ പകർത്താൻ ആണ്...
അത്രയും നിഷ്കളങ്കമായ ചിരി ഞാൻ ഇത് വരെ കണ്ടിട്ടില്ല .... എന്ത് ഭംഗിയാണെന്നോ അവൾ ചിരിക്കുന്നത് കാണാൻ...
മാസം ഒന്ന് കടന്നു പോയി... അമ്മ അമ്മാവന്റെ വീട്ടിൽ പോയതാണ് . ഞാൻ കിച്ചിയെ പടം വരക്കുവാൻ പഠിപ്പിക്കുകയായിരുന്നു ..
അമ്മ ദൂരേന്നു വരുന്നത് ഞാൻ കണ്ടു .. എന്നാൽ അമ്മയുടെ മുഖത്ത് എന്തോ ദേഷ്യവും ഭയവും എല്ലാം എനിക്ക് ഫീൽ ചെയ്തു...
"മോളെ നീ നിന്റെ വീട്ടിൽ പോ... ഇനി ഇങ്ങോട്ട് വരരുത് "
വന്നു കേറിയ ഉടനെ അമ്മ കിച്ചിയോട് പറഞ്ഞു.....
"അമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ .... നമ്മുടെ കിച്ചി.... "
"അച്ചൂ നീ മിണ്ടരുത് !!!"
ഞാൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അമ്മയുടെ ശബ്ദം വീണു...
കാര്യമറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു കിച്ചി..
"നിന്നോട് അല്ലേ പറഞ്ഞെ വീട്ടിൽ പോകാൻ !!"
അമ്മ അവളോട്‌ കണ്ണുരുട്ടി പറഞ്ഞു ..
അവൾ പേടിയോടെ എന്റെ മറവിലേക്ക് നീങ്ങി നിന്നു... അമ്മയെ ഇത് വരെ അങ്ങനെ അവൾ കണ്ടിട്ടില്ലായിരുന്നു... ഞാനും.....
"കിച്ചി നീ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കോ... "
ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു ..
അവൾ എന്നെ ഒന്ന് നോക്കിയിട്ട് വീട്ടിലേക്ക് ഓടി പോയി ...
"അമ്മക്ക് എന്താ പ്രാന്ത് പിടിച്ചോ ?"
അവൾ പോയ ഉടനെ ഞാൻ അമ്മയോട് ചൂടായി...
"അച്ചു നീ വെറുതെ കാര്യം അറിയാതെ കിടന്നു ചിലക്കരുത്... "
"എന്ത് കാര്യം ??"
" അതിപ്പോ നീ അറിയണ്ട " അമ്മ നേരെ കിച്ചിയുടെ വീട്ടിലേക്ക് നടന്നു...
ഒന്നുമറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാൻ...
അമ്മ അവിടെ പോയി സുനിതേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
എനിക്ക് ഒന്നും മനസിലായില്ല... അമ്മ ആകെ വിഷമിച്ചത് പോലെ ഇരിക്കുന്നു.. രാത്രി എനിക്ക് ചോറ് വിളമ്പി തന്നപ്പോഴും അമ്മ ഒന്നും മിണ്ടിയില്ല...
പിറ്റേന്ന് ശനിയാഴ്ചയായിരുന്നു... കിച്ചിക്കു സ്കൂൾ ഇല്ലാത്ത ദിവസം...
സാദാരണ ഇത്തരം ദിവസങ്ങളിൽ എന്നെ വിളിച്ചുണർത്തുന്നത് അവളാണ്. എന്നാൽ ഇന്നു അവളുടെ ബഹളം വീട്ടിൽ കേട്ടില്ല...
ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് ചെന്നു... അമ്മ അവിടെ ഉണ്ടായിരുന്നു, ഞാൻ ഒന്നും മിണ്ടിയില്ല.. പതിയെ മുറ്റത്തേക്ക് ഇറങ്ങി.. കിച്ചിയെ അവിടെ എങ്ങും കണ്ടില്ല..
പെട്ടന്ന് ജനാലയിൽ കൂടി ഒരു ശബ്ദം കേട്ടു...
"അച്ചു ചേട്ടായി..... "
ഞാൻ തിരിഞ്ഞു നോക്കി.. എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ ജനാലയുടെ അരികിൽ നില്പുണ്ടായിരുന്നു..
ഞാൻ അവളോട്‌ ഇങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു...
ഞാൻ വിളിക്കേണ്ട താമസം അവൾ റൂമിൽ നിന്നും വെളിയിലേക്ക് വരാനായി ഓടി.. എന്നാൽ മുറ്റത്ത്‌ എത്തിയപ്പോഴേക്കും സുനിതേച്ചിയുടെ വിളി വന്നു...
അവൾ അകത്തേക്ക് കയറി... സുനിതേച്ചി അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഞാൻ ചെവി കോർത്തു. പക്ഷെ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.. അല്പസമയത്തിനു ശേഷം അവരുടെ വീടിന്റെ മുൻവാതിൽ അടഞ്ഞത് ഞാൻ കണ്ടു...
ആ ദിവസം എനിക്ക് എന്തോ പോലെയായിരുന്നു... ഒന്നിനും ഒരു ഉത്സാഹമില്ലായ്മ.. കിച്ചി എന്ന ആറു വയസുകാരിക്ക് എന്റെ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയുമെന്നു ഞാൻ അന്ന് മനസിലാക്കി.. അവളുടെ ചിരി കാണാതെ ഒരു ദിവസം കഴിച്ചുകൂട്ടുക അത്രമേൽ പ്രയാസമായിരുന്നു.
രാത്രിയായതോടെ എന്റെ എല്ലാ നിയന്ത്രണവും നശിച്ചു... ഞാൻ രണ്ടും കല്പിച്ചു അമ്മയോട് ചോദിച്ചു..
"അമ്മ അല്ലേ പറഞ്ഞത് പെണ്കുഞ്ഞ് ഇല്ലാത്ത അമ്മക്ക് കിച്ചിയുടെ രൂപത്തിലാ ദൈവം ഒരു പെൺകുഞ്ഞിനെ സ്നേഹിക്കാൻ തന്നത് എന്ന്... എന്നിട്ട് അമ്മ തന്നെ അവളോട്‌ ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു... അവളോട്‌ മിണ്ടാതെ ഇരിക്കാൻ അമ്മക്ക് കഴിഞ്ഞേക്കാം.. എന്നാൽ എനിക്ക് പറ്റില്ല.. എന്തുകൊണ്ടാണ് അവളോട്‌ ഇങ്ങോട്ട് വരണ്ട എന്ന് അമ്മ പറഞ്ഞതെന്ന് എനിക്ക് അറിഞ്ഞേ പറ്റു.... "
അമ്മ കരയുന്നുണ്ടായിരുന്നു..
"അച്ചു നീ അത് അറിയണ്ട"
കണ്ണ് തുടച്ചു കൊണ്ട് അമ്മ പറഞ്ഞു...
"പറ്റില്ല... എനിക്ക് അറിയണം. അത് അറിയാതെ ഞാൻ ഇന്നു ഉറങ്ങില്ല.. "
ഞാൻ വാശി പിടിച്ചു...
"നമ്മുടെ കിച്ചിക്ക് എയിഡ്സ് ആണ് !!!
അമ്മയുടെ വായിൽ നിന്നു അത് കേട്ടതും ഞാൻ കട്ടിലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.. എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..
കിച്ചി.... കിച്ചിക്ക് എയിഡ്സ് ഓ ???...
ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു...
"അതേ.. കിച്ചിക്ക് മാത്രമല്ല സുനിതക്കും.,
അമ്മ പറഞ്ഞു തുടങ്ങി....
"അമ്മാവന്റെ വീട്ടിൽ ചെന്നപ്പോഴാണ് അമ്മ വിവരങ്ങൾ എല്ലാം അറിഞ്ഞത്... ഇവ്ട്ത്തെ താമസക്കാരെ പറ്റി ഞാൻ നാത്തൂനോട് പറഞ്ഞു.. അവര്ക്ക് ഇവരെ അറിയാം.. സുനിതയുടെ ഭർത്താവ് എയിഡ്സ് രോഗിയായിരുന്നു.. അയാൾ മരിച്ചതും അങ്ങനെയാണ്... അയാളുടെ മരണശേഷം ബന്ധുക്കൾ ആരും സഹായത്തിനു എത്തിയില്ല, അങ്ങനെയാണ് അവർ ഇവിടെയെത്തിയത്... "
അമ്മ പറഞ്ഞത് മുഴുവൻ ഒരു മരവിപ്പോടെ കേട്ടു കൊണ്ട് ഞാൻ കിടന്നു...
മനസ് മുഴുവൻ കിച്ചിയായിരുന്നു... അവളുടെ ചിരി... ഈശ്വരാ നീ എന്തിനു ആ കുഞ്ഞിനോട് ഇത് ചെയ്തു... ???
"അമ്മ ഇതിന്റെ പേരിലാണോ അവളെ ഈ വീട്ടിൽ നിന്നും അകറ്റിയത് ?"
"അതേ... ചേട്ടനും പറഞ്ഞു ഇനി അവരെ അടുപ്പിക്കണ്ട എന്ന്...... ഇത് പകരില്ലേ... "
ഞാൻ ഫോൺ എടുത്തു അമ്മയെ ഒരു വീഡിയോ കാണിച്ചു...
എയിഡ്സ് പകരുന്ന രീതിയും, രോഗികളുടെ പരിരക്ഷയും ആയിരുന്നു അതിൽ...
വീഡിയോ കണ്ടതിനു ശേഷം ഞാൻ അമ്മയോട് പറഞ്ഞു :
"അമ്മ അവളെ ഈ വീട്ടിൽ വിളിച്ചത് കൊണ്ടോ അവൾക് ആഹാരം നല്കിയത് കൊണ്ടോ എയിഡ്സ് പകരില്ല.. സമൂഹത്തിന്റെ ചതിക്കുഴികളിൽ മുതിർന്നവർ വീണു പോയതിനു ആ കുഞ്ഞു എന്ത് പിഴച്ചു... ഈ ഘട്ടത്തിലാണ് നമുക്ക് അവളെ കൂടുതൽ സ്‌നേഹിക്കേണ്ടതു...
അമ്മ അവളെ ഒരു മകളായി കണ്ടോ എന്ന് എനിക്ക് അറിയില്ല... എന്നാൽ ഞാൻ അവളെ ഒരു അനിയത്തിയായി കണ്ടു പോയി... ഇനി അത് മാറില്ല... മാറ്റാൻ കഴിയില്ല "
ഞാൻ കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു.. അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു...
അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല... മനസ്സിൽ മുഴുവൻ അവളുടെ രൂപമായിരുന്നു... ദൈവം സൌന്ദര്യം ഉള്ളവയ്ക്കു എല്ലാം അല്പായുസ് മാത്രമാണ് നല്കുന്നത്...
മഴവില്ല് പോലെ.... ചിത്രശലഭങ്ങളെ പോലെ....
ഓരോന്ന് ആലോചിച്ചു കിടന്നു എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല, രാവിലെ എഴുനേറ്റു ഹാളിലേക്ക് ചെന്ന ഞാൻ ഞെട്ടി പോയി.... !!!!!
"കിച്ചി അവിടെ ഇരുന്നു ദോശ കഴിക്കുന്നു !! അവളുടെ മുടിയിൽ തലോടിക്കൊണ്ട് അമ്മയും അടുത്തു നില്പുണ്ടായിരുന്നു... !!!
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഞാൻ അമ്മയുടെ അടുത്തു ചെന്നു അമ്മയെ കെട്ടിപിടിച്ചു...
"ഇവൾ എന്റെ കുഞ്ഞല്ലേടാ "....
അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കിച്ചിയുടെ മുടിയിൽ തലോടി ...
"ഓച്ചിറ അമ്പലത്തിൽ മകരവിളക്ക് ഉത്സവം തുടങ്ങി... ഞാൻ വൈകിട്ട് ഇവളെയും കൊണ്ട് പോയ്കോട്ടേ അമ്മേ ??
"സുനിതയോട് ചോദിച്ചിട്ട് പൊയ്ക്കോ " അമ്മ മറുപടി പറഞ്ഞു
സുനിതേച്ചി എതിർപ്പ് ഒന്നും പറഞ്ഞില്ല... ബൈക്കിൽ അവൾ എന്നെ ചുറ്റിപിടിച്ചിരുന്നു...
അമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.
"കിച്ചി നിനക്ക് പേടിയുണ്ടോ "
അവൾ ഇല്ലെന്നു തലയാട്ടി...
ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു അമ്പലത്തിലേക്ക് നടന്നു... അവൾ എന്നെ പറ്റിച്ചേർന്നു കൂടെ നടന്നു..
ഒരു ജേഷ്ഠന്റെ എല്ലാ സംരക്ഷണവും അപ്പോൾ അവൾക്കുണ്ടായിരുന്നു... ഞങ്ങൾ ഐസ്ക്രീം കഴിച്ചു, ഞാൻ അവൾക് ഒരു മാല വാങ്ങി....
തിരികെ ബൈക്കിൽ വരുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകിയത് എന്നെ കെട്ടിപിടിച്ചു പിറകിൽ ഇരുന്ന അവൾ കണ്ടിരുന്നില്ല...
ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ഇപ്പോൾ കിച്ചി എപ്പോഴും വീട്ടിൽ തന്നെയാണ്... ഞങ്ങൾ എന്നും വൈകിട്ട് ബൈക്കിൽ കറങ്ങാൻ പോകും... ചില ദിവസങ്ങളിൽ കഥ പറഞ്ഞു ഒടുവിൽ എന്റെ കൂടെ തന്നെ കിടന്നുറങ്ങും..
"ഈ പെണ്ണ് ഇപ്പൊ എന്നെ മറന്നെന്നാ തോന്നുന്നേ"..
സുനിതേച്ചി പരാതി പറഞ്ഞു...
ഒരു വെള്ളിയാഴ്ച ദിവസം... കിച്ചി സ്കൂൾ വിട്ടു കഴിഞ്ഞു വീട്ടിൽ ഇരിക്കുകയാണ്..
"അമ്മച്ചി ഇത് വരെ വന്നില്ല ചേട്ടായി "...
കിച്ചി വീട്ടിലേക്കു നോക്കി പറഞ്ഞു ..
ശെരിയാണ്‌ , സാധാരണ 7 മണി ആകുന്നതിനു മുൻപ് തന്നെ സുനിതേച്ചി വരുന്നതാണ്.. ഇപ്പോൾ ഏഴര കഴിഞ്ഞിരിക്കുന്നു..
"അച്ചൂ നീ ബൈക്ക് എടുത്തു ഒന്ന് നോക്കിയിട്ട് വാ... ചിലപ്പോൾ ബസ്‌ കിട്ടി കാണില്ല "
അമ്മ പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് എടുത്തു ഇറങ്ങി...
"ഞാനും വരുന്നു ചേട്ടായി... "
അവൾ ബൈക്കിൽ കയറാൻ വാശി പിടിച്ചു..
"വേണ്ട തണുപ്പ് ഉണ്ട്... വെറുതെ തണുപ്പ് അടിച്ചു ഒന്നും വരുത്തി വെക്കണ്ട, മോൾ ഇവിടിരിക്ക് അമ്മയേം കൂട്ടി ചേട്ടായി വേഗത്തിൽ വരും... "
അമ്മ അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു..
ഞാൻ ചേച്ചിയുടെ കമ്പിനിയിൽ എതിയപോൾ അവിടെ പുറത്തു ഒന്ന് രണ്ടു പേർ നില്പുണ്ടായിരുന്നു..
"ഈ സുനിത....
"സുനിതയുടെ റിലേറ്റീവ് ആണോ ?? എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ കൂട്ടത്തിലൊരാൾ എന്നോട് ചോദിച്ചു.
"അല്ല അയലത്തെ വീട്ടിലെ ആണ്.. ഇത് വരെ കാണാഞ്ഞപ്പോൾ..... കുഞ്ഞു ഞങ്ങളുടെ വീട്ടിലുണ്ട്....
"സുനിത വൈകിട്ട് ഒന്ന് കുഴഞ്ഞു വീണു.. ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ്.. ബന്ധുക്കളെ ആരെയെങ്കിലും ബന്ധപ്പെടാൻ ഞങ്ങൾ കുറെ കഷ്ടപ്പെട്ടു... ഒടുവിൽ അമ്മയുടെ ബന്ധുക്കളെ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട്... പക്ഷെ കുഞ്ഞിനെ പറ്റി അവര്ക്കും ഒന്നും അറിയില്ലെന്നാ പറഞ്ഞത്...
എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ തറച്ചത് പോലെ തോന്നി... വേഗം ബൈക്ക് എടുത്തു ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടായിരുന്നു...
ബോഡി പിറ്റേന്ന് രാവിലെയാണ് വീട്ടിലേക്ക് കൊണ്ട് വന്നത്... ഞാൻ അന്ന് രാത്രി ഹോസ്പിറ്റലിൽ തന്നെയായിരുന്നു... ചേച്ചിയുടെ കുറെ ബന്ധുക്കൾ വന്നിട്ടുണ്ട്...
സുനിതേച്ചിയുടെ അടുത്തു ഇരുന്നു കരയുന്ന അമ്മയുടെ മടിയിൽ കിച്ചി കിടപ്പുണ്ടായിരുന്നു..
അവളെ അങ്ങനെ കാണുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... അമ്മ ഇനി തിരിച്ചു വരില്ല എന്ന് ഈ പാവം അറിഞ്ഞു കാണുമോ...
"കൊല്ലത്തേക്ക് കൊണ്ട് പോകാം "
കൂടി നിന്ന ബന്ധുക്കളിൽ ആരോ പറഞ്ഞു..
"അതിനു കുഴപ്പമില്ല... കൊച്ചിന്റെ കാര്യം എങ്ങനാ ??"
"അവൾ അമ്മാവന്റെ വീട്ടിൽ നിക്കട്ടെ. ഒന്നുല്ലേലും നിങ്ങടെ അനന്തരവൾ അല്ലേ"...
ഒരു സ്ത്രീ ആണത് പറഞ്ഞത്..
"ഈ അസുഖം ഉള്ള കുട്ടിയെ ഞാൻ എന്ത് പറഞ്ഞാ വീട്ടിലേക്ക് കൊണ്ട് പോകുന്നെ... "
അയാൾ മറുപടി നൽകി..
"എന്റെ വീട്ടിലെ കാര്യം അറിയാമല്ലോ... പെണ്ണുമ്പിള്ളേടെ ഓഹരിയാ... ഇതിനേം വിളിച്ചോണ്ട് ഞാൻ അങ്ങോട്ട്‌ ചെന്നാൽ പിന്നെ എനിക്ക് പെരുവഴി ആ... "
മറ്റൊരാൾ പറഞ്ഞു...
ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യം പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്നു...
"കൊല്ലത്തു എനിക്കറിയാവുന്ന ഒരു പള്ളിലച്ചൻ ഉണ്ട്.. പുള്ളി ഇത് പോലെ ഒക്കെ ഉള്ള കുട്ടികളെ എടുത്തു വളർത്തുന്നതാ... നമുക്ക് അവിടെ ഒന്ന്....
"നിർത്തെടാ !!!!!!!!!"
അയാൾ പറഞ്ഞു തീരും മുൻപേ ഞാൻ അലറി...
കിച്ചി എന്നെ പകച്ച്‌ നോക്കി... ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല...
ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ ചെന്നു വീണു...
"ഇവന്മാർ ദുഷ്ടന്മാരാണമ്മേ... ഇവർ നമ്മുടെ കിച്ചിയെ നോക്കില്ല... അവളെ അനാഥാലയത്തിൽ ആക്കാൻ പോകുവാ...
നമുക്ക് വളർത്താം അമ്മേ ഇവളെ... ആർക്കും വിട്ടു കൊടുക്കണ്ട അമ്മേ... "
ഞാൻ നിലവിളിക്കുകയായിരുന്നു.... കൂടി നിന്ന ബന്ധുക്കൾ ഒന്നും മിണ്ടിയില്ല... ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ മടിയിലേക്ക് വീണു...
അമ്മ എന്നെ മാറ്റിയിട്ടു കിച്ചിയെ എന്റെ അരികിലേക്ക് നിർത്തി.. എന്നിട്ട് കൂടി നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ചെന്നു...
"എനിക്ക് ഒരു പെൺകുഞ്ഞിനെ ദൈവം തന്നില്ല... നിങ്ങൾക്ക് എല്ലാം ഇവൾ ഒരു ഭാരം ആണെന്ന് മനസിലായി...
ദൈവം ഈ കുഞ്ഞിനു എത്ര നാൾ ആയുസ് കൊടുത്തിട്ടുണ്ട് എന്ന് അറിയില്ല... എത്ര നാളാണോ അത്രയും നാൾ ഇത് എന്റെ വീട്ടിൽ വളരും... എന്റെ മകളായി.... അവന്റെ അനിയത്തിയായി...... "
അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കരയുകയായിരുന്നു... കിച്ചിയെ ചേർത്തു പിടിച്ചു അവളുടെ മുഖത്തു മുഴുവൻ ഉമ്മകൊടുത്തു... എന്താ നടക്കുന്നത് എന്ന് പോലും മനസിലാവാതെ അവൾ നിൽക്കുന്നുണ്ടായിരുന്നു...
*********
ഇന്നു കിച്ചി രണ്ടാം ക്ലാസിലാണ്... ഇപ്പോൾ ഞാൻ ഇത് എഴുതുമ്പോൾ അവൾ എന്റെ മുന്നിൽ ഇരുന്നു ബുക്കിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്... ഇടയ്ക്കു തലപൊക്കി എന്നെ ഒന്ന് നോക്കി ചിരിച്ചു.... ലോകത്ത് ഇത്രയും ഭംഗിയുള്ള ചിരി ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല....
അവൾ എത്ര കാലം ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നറിയില്ല... എന്നാൽ ഒന്നറിയാം, അവളുടെ മനസ്സിൽ പൂവിടുന്ന ഒരു ആഗ്രഹം പോലും പാഴായി പോകില്ല... അവൾക്കായി ജീവിക്കുകയാണ് ഞാൻ ഇപ്പോൾ....എന്റെ കളഞ്ഞു കിട്ടിയ അനിയത്തിക്കായി.....
*ശുഭം *

No comments