ആദ്യത്തെ കല്യാണക്കുറി "തേച്ചിട്ട്" പോയ കാമുകിക്ക്
ആദ്യത്തെ കല്യാണക്കുറി "തേച്ചിട്ട്" പോയ കാമുകിക്ക് തന്നെയാകട്ടെ എന്നു തീരുമാനിച്ചത് അവളോടുള്ള ദേഷ്യം കൊണ്ടല്ല..
അവളെ ഒന്നു കാണാനുള്ള മോഹം കൊണ്ട് കൂടിയാണ്.
പാവം പെണ്ണ്,
എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.
കുടുംബം ഒരുമിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ അവൾ അവരെ അനുസരിച്ചു.
എനിക്കറിയാം അന്നവൾ എന്നെ ഓർത്തു ഒരുപാട് വേദനിച്ചിരുന്നു.
സ്വന്തം വീട്ടുകാരുടെ കാര്യം വന്നപ്പോൾ അല്പം സ്വാർത്ഥത ഉണ്ടായതാണോ?
ആവും,, പെണ്ണിന്റെ മനസു മനസിലാക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല..
അവളുടെ വീട് എവിടെയെന്ന് കൃത്യമായി അറിയില്ല.
കല്യാണ കത്തിലെ അഡ്രസ് നോക്കിയാ പോയത്,,
അവളുടെ നാട്ടിൽ എത്തി വഴി ചോദിച്ചപ്പോൾ
ഒരു ഫ്രീക്കൻ "ഈ ബ്രോ ഇന്ന് രാവിലെ മരിച്ചു" എന്നു വളരെ നിസാരമായി പറഞ്ഞു കളഞ്ഞു.
കൃത്യമായി വീട്ടിലേക്കുള്ള വഴിയും അവൻ തന്നെ കാണിച്ചു തന്നു.
താബൂക് കൊണ്ട് പണിഞ്ഞ ആ വീട്, സിമന്റ് തേച്ചിട്ടില്ല,
അത്ര വലിയ സാമ്പത്തിക സ്ഥിതി ഒന്നും ഇല്ല.
നിലവിളി ശബ്ദത്തിനിടയിൽ ഞാൻ തിരഞ്ഞത് അവളുടെ ശബ്ദമായിരുന്നു.
കരയാൻ പോലും ശക്തിയില്ലാതായോ അവൾ.
ഞാൻ അകത്തേക്ക് കയറി, അവളുടെ സഹോദരനെയും അച്ഛനെയും കണ്ടു.
സിമന്റ് തറയിൽ വെള്ളയിൽ പൊതിഞ്ഞു കിടക്കുന്ന അയാളുടെ ശരീരം കാണുന്നതിന് മുൻപ് ഞാൻ അവളെ കണ്ടു. എന്നെ
കണ്ടപ്പോൾ അവളുടെ കരച്ചിലിന് അല്പം ശക്തി കൂടിയോ?
അവളുടെ കുഞ്ഞു ആകണം,, അമ്മ കരയുന്നത് കണ്ട് അച്ഛനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.
അവളുടെ കരച്ചിൽ കാണാൻ എനിക് സാധിക്കില്ല, പെട്ടെന്ന് തന്നെ പുറത്തു ഇറങ്ങി,
അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു.
"ബിസിനസ് പൊളിഞ്ഞപ്പോൾ ഒരു കുപ്പി വിഷത്തിൽ അവൻ എല്ലാം തീർത്തു."
എന്നെ ഒരിക്കൽ അടിക്കാൻ ഒരുങ്ങിയ മനുഷ്യൻ എന്റെ മുന്നിൽ നിന്നും കരയാതിരിക്കാൻ ശ്രമിക്കുന്നു.
എന്റെ പ്രായത്തിൽ ഉള്ള കുറച്ചു പേർ കിണറിനരികിൽ നിൽക്കുന്നുണ്ട്,
അവരുടെ അടുത്തേക്ക് ഞാനും ചെന്നു.
മരിച്ചു കിടക്കുന്ന ആളെ പറ്റിയല്ല ഈ ചെറു പ്രായത്തിൽ ഒറ്റക്കായ സുന്ദരിയായ ഭാര്യയെ ഓർത്താണ് അവർ വിഷമിക്കുന്നത്.
ഇനിയും അവിടെ നിൽക്കാൻ എനിക്കാവില്ല.
കയ്യിലുള്ള കല്യാണ കത്തു അവൾക്ക് കൊടുക്കാതെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഭാവി വധു ഫോണിൽ വിളിക്കുന്നു.
ഒരു മരണ വീട്ടിൽ ആണെന്ന് പറഞ്ഞപ്പോൾ
ആരാ മരിച്ചത് എന്നായി അവൾ.
പിന്നെ വിളിക്കാം എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എന്ത് ചെയ്യണം???
കല്യാണ കത്തു ആർക്കും കൊടുത്തിട്ടില്ല.
ഒരിക്കൽ എന്റെ ജീവനായിരുന്നവൾ ഇനി ഒറ്റക്കാണ്,,
എന്റെ ജീവിതയാത്രയിൽ ഇനി ഞാൻ എങ്ങോട്ട് തിരിയണം ????
No comments