Popular Posts

"എനിക്ക് നിങ്ങളെ ഇഷ്ടമല്ല, ഒരിക്കലും ഭർത്താവിന്റെ സ്ഥാനത്ത് കാണാനും കഴിയില്ല




"എനിക്ക് നിങ്ങളെ ഇഷ്ടമല്ല, ഒരിക്കലും ഭർത്താവിന്റെ സ്ഥാനത്ത് കാണാനും കഴിയില്ല "
ആദ്യരാത്രിയിൽ അയാളുടെ മുഖത്തു നോക്കി അങ്ങനെ പറയുമ്പോൾ, അതയാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന ചിന്ത എന്നിൽ ഉണ്ടായിരുന്നില്ല, പകരം തോന്നിയത് അയാളോട് ദേഷ്യവും വെറുപ്പുമായിരുന്നു
അയാളുടെ കണ്ണുകളിൽ അപമാനവും വേദനയും എല്ലാം ഞാൻ കണ്ടു, പക്ഷേ അയാൾ തിരിച്ചൊന്നും പറഞ്ഞില്ല,.
എല്ലാം അയാൾ നിശബ്ദം കേട്ടു നിന്നു, ഇതെന്നെ കൂടുതൽ ചൊടിപ്പിച്ചു, ആരോടൊക്കെയോ ഉള്ള എന്റെ ഇത്രയും കാലത്തെ ദേഷ്യം മൊത്തം ഞാനയാളിൽ തീർത്തു, പ്രതികാരദാഹിയായ രുദ്രയെപ്പോലെ,.
എന്റെ കഴുത്തിൽ താലി കെട്ടി എന്നത് മാത്രമായിരുന്നു അയാൾ ചെയ്ത വലിയ പാതകം,. അയാളെന്ന് തന്നെയല്ല, അയാളുടെ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും ഞാൻ ഇങ്ങനൊക്കെ തന്നെയേ പെരുമാറുമായിരുന്നുള്ളൂ,.
എന്നെക്കാട്ടിലും എട്ട് വയസ്സ് മൂത്തതാണ്, സുന്ദരനും സുമുഖനും ആണ്, നല്ല ജോലിയുണ്ട്, ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന വരൻ, അതായിരുന്നു അയാൾ,.
പക്ഷേ അയാളുടെ സാമിപ്യം എന്നിൽ അറപ്പും വെറുപ്പും ഉണ്ടാക്കി, അയാൾ അടുത്ത് വരുമ്പോൾ ഞാൻ സ്വയം ഉരുകി ഇല്ലാതാവുകയായിരുന്നു,..
ഞാനെന്താണ് അയാളോട് ഇങ്ങനെയൊക്കെ പെരുമാറിയത് എന്നതിന്റെ കാരണം പോലും ചോദിക്കാതെ അയാൾ ഷീറ്റും തലവണയുമെടുത്ത് സോഫയ്ക്കരികിലേക്ക് പോയി,.
" ഉറക്കം വരുമ്പോൾ, ലൈറ്റ് അണച്ച് കിടന്നോളു! "
അയാളത് പറയുമ്പോൾ തോൽവിയേറ്റുവാങ്ങിയവളെപ്പോലെ ആയി മാറി ഞാൻ,..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് അവളുടെ ആദ്യരാത്രി, പക്ഷേ തന്റെ സ്വപ്നങ്ങളിൽ ഒരിക്കലും സിയ ലിമിറ്റഡ് എന്ന മൾട്ടിനാഷണൽ കമ്പനിയുടെ എച്. ആർ മാനേജർ അനൂപ് ദേവ് ഇല്ലായിരുന്നു,. പകരം എന്റെ ഹരിയായിരുന്നു,.
**********---*****
കരയുകയല്ലാതെ എനിക്കെന്ത് ചെയ്യാൻ കഴിയും ? നാല് വർഷത്തെ പ്രണയം,. വിവാഹമാലോചിച്ചു വീട്ടിൽ വന്ന ഹരിയെ എന്റെ വീട്ടുകാർ അപമാനിച്ചിറക്കി വിട്ടു,.
അഭിമാനിയായ എന്റെ അച്ഛൻ അതിനായി കണ്ടെത്തിയ റീസൺ അവൻ ഞങ്ങളുടേതിനേക്കാൾ താഴ്ന്ന ജാതിയാണ് എന്നതായിരുന്നു,.
ഒടുവിൽ സർവ്വവും ഉപേക്ഷിച്ച് അവനൊപ്പം ഇറങ്ങിതിരിച്ചപ്പോൾ സ്വപ്നം കണ്ടത് നല്ലൊരു ജീവിതമായിരുന്നു,. ആ രാത്രി ഇരുട്ടി വെളുത്തിട്ടും അവൻ വന്നില്ല പകരം വന്നത്, അച്ഛനും അമ്മാവന്മാരും,.
"എന്റെ ഹരിക്കെന്ത് പറ്റി ?" എന്ന് ചോദിച്ച് ഞാനലറിക്കരഞ്ഞപ്പോൾ, അച്ഛൻ എന്നെയും കൂട്ടി നേരെ പോയത് അവന്റെ വീട്ടിലേക്കായിരുന്നു,.
"അവനും കുടുംബവും, കോയമ്പത്തൂരിലേക്ക് താമസം മാറി എന്ന വാർത്ത എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു,.
അവനെന്നെ ചതിച്ചു എന്ന് വിശ്വസിക്കാൻ ഇപ്പോഴും എനിക്കായിട്ടില്ല,. ഒരു ഭ്രാന്തിയെപ്പോലെ വെളിച്ചത്തെ ഭയന്ന് ഞാനെന്റെ വീട്ടിലെ ഇരുട്ടുമുറിക്കുള്ളിൽ കഴിഞ്ഞു, ഒടുവിൽ പാലക്കാടുള്ള അച്ഛന്റെ ഫ്രണ്ട് സൈക്യാട്രിസ്റ്റ് ഡോക്ടർ ജോൺ അങ്കിളിന്റെ വീട്ടിലേക്ക് മാറ്റി എന്നെ,.
ഡിപ്രെഷനിൽ നിന്ന് കരകയറാൻ സാധിച്ചെങ്കിലും, എന്റെ ഹരിയെയോ ഞങ്ങളുടെ പ്രണയത്തെയോ എന്നിൽ നിന്ന് മായ്ക്കാൻ അങ്കിളിന്റെ ചികിത്സയ്ക്കോ മരുന്നുകൾക്കോ സാധിച്ചില്ല,.
മകളുടെ അവസ്ഥ കണ്ട് മനം തകർന്ന ഹാർട്ട് പേഷ്യന്റ് ആയ അമ്മ ആവശ്യപ്പെട്ടത് എന്റെ വിവാഹമായിരുന്നു,.
ഒരിക്കൽ മാനസിക രോഗി എന്ന ലേബലിൽ അറിയപ്പെട്ട എന്നെ സ്വീകരിക്കാൻ ആരും തയ്യാറായില്ല,. ഒടുവിൽ വീടും സ്ഥലവും വിറ്റ് മാറേണ്ടി വന്നു ഞങ്ങൾക്ക്,..
അപ്പോഴാണ് അനൂപ് ദേവിന്റെ ആലോചന വരുന്നത്, ഇതും മുടങ്ങിയാലോ എന്ന ഭയത്തിൽ എന്റെ പാസ്റ്റ് മറച്ചുവെച്ചു നടത്തിയ വിവാഹമായിരുന്നു എന്റേത്. .
ആരെയും വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ല എന്നാൽ അയാൾ എന്നെ ആദ്യമായ് സ്പർശിച്ചപ്പോൾ, ..
അതാണെന്റെ സർവ്വ നിയന്ത്രണങ്ങളെയും തെറ്റിച്ചത്,.
*****----******
രാവിലെ എഴുന്നേറ്റപ്പോൾ അയാൾ ഓഫീസിൽ പോവാൻ ഒരുങ്ങുകയായിരുന്നു,. "ഗുഡ് മോർണിംഗ് " ഞാനയാളെ മൈൻഡ് ചെയ്തില്ല,. അതയാളെ നിരാശപ്പെടുത്തി,.
അതെന്നെ വേദനിപ്പിച്ചില്ല, കാരണം അയാൾ എനിക്കാരുമല്ലായിരുന്നു, ബാഗുമെടുത്ത് ഇറങ്ങുമ്പോൾ അയാൾ ഒന്ന് നിന്നു.
" പ്രിയ തന്നോടെനിക്കൊരു റിക്വസ്റ്റ് ഉണ്ട്,. "
ഞാനയാളെ നോക്കി,.
"ദയവ് ചെയ്ത് നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളിൽ നമ്മുടെ വീട്ടുകാരെ ഇടപെടുത്തരുത്,. "
അതൊരു വാണിംഗ് ആയിരുന്നു,
ശരിയാണ് അതിന്റെ ആവശ്യമില്ല, അത് ഞങ്ങളുടെ മാത്രം,.. അല്ല എന്റെ മാത്രം പ്രശ്നമാണ്,..
*********---*******
വളരെ സ്നേഹമുള്ളവരായിരുന്നു അനൂപേട്ടന്റെ ( ഞാനയാളെ പേരുപോലും വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല ) വീട്ടുകാർ,. മരുമകളെന്ന സ്ഥാനമായിരുന്നില്ല എനിക്കവിടെ,.
അവരുടെ മുന്നിൽ ഞങ്ങൾ സ്നേഹമുള്ള ഭാര്യാഭർത്താക്കന്മാർ ആയിരുന്നു,. ബെഡ് റൂമിൽ അപരിചിതരും,..
അയാളോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമെന്തെന്നാൽ, അവസരങ്ങൾ മുതലാക്കി അയാൾ ഒരനാവശ്യ സ്പർശനങ്ങൾക്ക് പോലും മുതിർന്നില്ല എന്നതാണ്,.
എങ്കിലും അയാളുടെ സാമിപ്യം,... അതെന്നെ വല്ലാതെ അലോസരപ്പെടുത്തി യിരുന്നു,.
രണ്ടുമാസം കഴിഞ്ഞപ്പോൾ അയാൾക്ക് മുംബൈക്ക് ട്രാൻസ്ഫർ ആയി,. ഞാനയാൾക്കൊപ്പം പോവാൻ തയ്യാറായില്ല,. എനിക്ക് അവിടം ഇഷ്ടമല്ല എന്നതായിരുന്നു ഞാൻ കണ്ടെത്തിയ സൊല്യൂഷൻ,.
ഞാനയാൾക്കൊപ്പം പോയില്ല എന്നതറിഞ്ഞു അച്ഛൻ ഒരുപാട് ദേഷ്യപ്പെട്ടു,.. ഞാനെന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറല്ലായിരുന്നു,.
എന്നാൽ അയാൾ പോയതോടെ ആ വീട്ടിൽ എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്തു,. ഒരുദിവസം അയാളുടെ കോൾ എന്നെത്തേടിയെത്തി, അയാളുടെ ശബ്ദം കേൾക്കുന്നത്പോലും ഇഷ്ടമില്ലായിരുന്ന എനിക്ക് അതൊരു ആശ്വാസമായിരുന്നു,.
****-****-**-*****
മുബൈയിലെ ഒറ്റമുറി ഫ്ളാറ്റിലെ ജീവിതത്തിനിടക്ക് എനിക്ക് ആരുടെ മുന്നിലും അഭിനയിക്കേണ്ടതായി വന്നില്ല എന്നതായിരുന്നു ആശ്വാസം,.
എങ്കിലും എന്റെ വെറുപ്പ് തരം കിട്ടുമ്പോഴെല്ലാം ഞാനയാളോട് പ്രകടിപ്പിച്ചിര ുന്നു,.
അയാൾ ഓഫീസിൽ പോയിക്കഴിഞ്ഞാൽ ഞാൻ പിന്നെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു,.
പകൽ വേളകളിലെ എന്റെ ബോറടി ഒഴിവാക്കാൻ അയാൾ എന്നെ ഹയർ സ്റ്റഡീസിന് ചേർത്തു,. അയാൾ എന്നും വൈകുന്നേരങ്ങളിൽ എന്നെ പിക് ചെയ്യാൻ എത്തുമായിരുന്നു,.
ഒരുദിവസം എന്റെ കഴുത്തിൽ താലി കാണാതെ അയാൾ എന്നോട് ചൂടായി, അയാളോടുള്ള വാശിയിൽ പിന്നെ ഞാനത് ധരിക്കാനും തയ്യാറായില്ല, അന്ന് അയാൾ വന്നപ്പോൾ ഞാനവിടെ ഉണ്ടായിരുന്നില്ല, ഫ്രണ്ട്സിനൊപ്പം കറങ്ങിനടക്കുന്നതിലായിരുന്നു ഞാനെന്റെ ആനന്ദം കണ്ടെത്തിയിരുന്നത് ,. പിന്നീട് അയാൾ എന്നെ പിക് ചെയ്യാൻ വരുന്നത് എനിക്കിഷ്ടമല്ല എന്ന് ഞാൻ തീർത്തു പറഞ്ഞു,.
അയാളെന്റെ സ്വാതന്ത്ര്യങ്ങളെ ഒന്നും ചോദ്യം ചെയ്തില്ല, എന്നാൽ ഒരു ദിവസം വല്ലാതെ ലേറ്റ് ആയപ്പോൾ അയാൾ പറഞ്ഞു
" ഇത് കേരളം അല്ല മുംബൈ ആണ്, നേരത്തെ വീട്ടിലെത്തണം "
പിന്നെ അതൊരു ഹോസ്റ്റൽ ലൈഫ് ആയി മാറുകയായിരുന്നു, വഴക്കുണ്ടാക്കാൻ ഞാൻ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേ ഇരുന്നു,.
ഏറ്റവും ഒടുവിലായി ഞാനയാളോട് ആവശ്യപ്പെട്ടത് ഡിവോഴ്സ് ആയിരുന്നു,.
അയാൾ തകരുന്നത് കണ്ട് ഞാൻ ആനന്ദിച്ചു,.
******---*******
അന്ന് സാക്ഷക്കൊപ്പം കോഫീ ഷോപ്പിൽ പോയപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്,. എന്റെ ഹരി,.
ഞാനവന്റെ അരികിലേക്ക് ഓടിച്ചെന്നു, അവനെന്നെ കണ്ട് പരിഭ്രമിച്ചുപോയിരുന്നു, അവൻ എന്നെ ഒഴിവാക്കി നടക്കാൻ ശ്രമിച്ചു, സന്തോഷത്തിൽ ഞാനവനെ ആലിംഗനം ചെയ്തു,.
അവൻ ഞെട്ടലിൽ എന്നെ അടർത്തി മാറ്റി,. എനിക്ക് വിശ്വസിക്കാനായില്ല "കോൻ ഹേ യേ ലഡ്കി ?" അവന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ ചോദ്യം
" മേരാ പുരാനി ദോസ്ത് ഹേ യേ നതാഷ "
ഞാനാകെ തകർന്നുപോയി,. ഞാനവനെയും അവളെയും മാറി മാറി നോക്കി..
അവളുടെ കഴുത്തിൽ താലിയും, നെറുകയിൽ സിന്ദൂരവുമുണ്ട്,. കയ്യിലെ മെഹന്തി മാഞ്ഞു തുടങ്ങിയിട്ടില്ല,.
"ഞാനിത് വിശ്വസിക്കില്ല !!"
അവന്റെ മുഖത്തു ഗൗരവം,.
"നീ വിശ്വസിക്കണം, ഇവളെന്റെ ഭാര്യയാണ് നതാഷ,..ഞാനെല്ലാം മറന്നു കഴിഞ്ഞു,. നീയും ഒരു ഭാര്യയാണെന്ന് മറക്കരുത് "
ആ നിമിഷം ഇല്ലാതായിരുന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു,.
അവൻ എന്റെ ഹരിയേ ആയിരുന്നില്ല അപ്പോൾ,.
********---******
ജീവിതംഅവസാനിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു, എന്റെ ഭർത്താവിനോട് കാലിൽ വീണ് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു അപ്പോൾ,. അതാണെന്നെ തടഞ്ഞു നിർത്തിയത്,..
ക്ലോണിംഗ് ബെൽ അനൂപ് ആണ്, എനിക്ക് അയാളുടെ മുഖത്തു പോലും നോക്കാനായില്ല,.
എനിക്ക് നേരെ അയാൾ ഡിവോഴ്സ് പേപ്പേഴ്സ് നീട്ടി,
"എനിക്കറിയാം പ്രിയ, നിനക്കൊരിക്കലും ഹരിയുടെ സ്ഥാനത്ത് എന്നെ കാണാൻ കഴിയില്ലെന്ന്, എല്ലാം അറിഞ്ഞുകൊണ്ടാ തന്നെ വിവാഹം കഴിച്ചതും,. പക്ഷേ,.. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തടസം ഞാനാണെന്നെനിക്കറിയാം, ഇനിയൊരിക്കലും ഞാൻ തനിക്കൊരു ശല്യമാവില്ല "
ഞാനയാളുടെ മുന്നിൽ കൂടുതൽ ചെറുതായ പോലെ എനിക്ക് തോന്നി,. അയാളുടെ കയ്യിൽ നിന്നും ആ പേപ്പേഴ്സ് വാങ്ങി വലിച്ചു കീറിയപ്പോൾ ഞാനെന്താണ് ചെയ്യുന്നതെന്ന ബോധം എനിക്കുണ്ടായിരുന്നില്ല,.
"മാപ്പ് ചോദിക്കാനുള്ള അവകാശം എനിക്കില്ലെന്നറിയാം,. എങ്കിലും എനിക്കൊരവസരം കൂടെ തന്നൂടെ,. "
വീണ്ടും ഒരിക്കൽ കൂടെ അനൂപേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയപ്പോഴും, നെറുകയിൽ സിന്ദൂരമണിയിച്ചപ്പോഴും, അച്ഛന്റെ ചോയ്സ് ഒരിക്കലും തെറ്റാവില്ലെന്ന ഉറച്ച ബോധ്യം എന്നിൽ ശക്തമാവുകയായിരുന്നു ,.
അനൂപേട്ടന്റെ നെഞ്ചിലേക്ക് ആദ്യമായ് ചേർന്ന് നിന്നപ്പോൾ, കലർപ്പില്ലാത്ത സ്നേഹത്തിന്റെ ചൂട് ഞാനാദ്യമായി അറിഞ്ഞു,...
*******----*******
ഹരി പോക്കെറ്റിൽ നിന്ന് പണമെടുത്തതും ,..
അവന്റെ ഫോണിൽ ഒരു മെസേജ് വന്നു,.
"താങ്ക്സ് ബ്രോ "
അനൂപിന്റെ മെസ്സേജ് ആയിരുന്നു അത്, അവന്റെ മൂകമായ മുഖത്തു പുഞ്ചിരി വിരിഞ്ഞു,.
നതാഷ കാത്തു നിൽക്കുകയാണ്,. അവൻ പണം അവളുടെ കയ്യിൽ കൊടുത്തു,.
"താങ്ക്സ് ഡിയർ "
അവളും ചിരിക്കാൻ ശ്രമിച്ചു,.
അവൻ തിരിഞ്ഞു നടന്നു, മനം നിറഞ്ഞ സന്തോഷത്തോടെ,. പിന്നെ അവൻ നതാഷയെക്കുറിച്ചു ചിന്തിച്ചു,.
'താൻ അവൾക്ക് പണം നൽകുമ്പോൾ, അവളുടെ കണ്ണുകളിൽ പണത്തോടുള്ള ആർത്തി അല്ല കണ്ടത്,. ഒരുതരം സഹതാപം,.
ഞങ്ങൾ തമ്മിൽ സംസാരിച്ചതെന്തെന്ന് പോലും അവൾക്ക് മനസ്സിലായിക്കാണില്ല, എങ്കിലും അവളുടെ നീലക്കണ്ണുകളിൽ നോക്കുമ്പോൾ അവൾ പലപ്പോഴും പതറുന്നതായി തോന്നിയിരുന്നു!!!'
'അഭിനയമായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്, അവളുടെ ശ്രദ്ധ മുഴുവൻ പ്രിയയിലായിരുന്നു,.
ഒരു പക്ഷേ, പ്രിയയിൽ അവൾ അവളെത്തന്നെ കണ്ടിരിക്കാം!,.'
'ഒരു കോൾ ഗേളിന് പോലും തന്നോട് സഹതാപം,. അത്ര വലിയ കാര്യമാണോ താൻ ചെയ്തത് ?'
'അറിയില്ല,. പക്ഷേ എല്ലാം പ്രിയയുടെ സന്തോഷത്തിന് വേണ്ടി ആയിരുന്നു,. അവളുടെ നല്ലൊരു കുടുംബജീവിതത്തിനു വേണ്ടിയായിരുന്നു,.
അവളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ് അവളുടെ അച്ഛൻ വന്ന് കെഞ്ചിയപ്പോൾ താൻ വഴിമാറി കൊടുത്തത്,. '
'അത്ര ഗതികെട്ടതുകൊണ്ടാവാം അനൂപ് തന്റെ കാലു പിടിച്ചത്, അതിനർത്ഥം അയാൾ അവളെ ഒരുപാട് സ്നേഹിക്കുന്നു എന്നല്ലേ ? ഒരുപക്ഷെ, എന്നെക്കാളേറെ '
അവന്റെ ഉള്ളിൽ ഒരു വിങ്ങൽ,.
'അയാൾക്കൊപ്പം പ്രിയ തീർത്തും സന്തോഷവതി
ആയിരിക്കും,. '
അവൻ തിരിഞ്ഞു നോക്കി, നതാഷ അവനെത്തന്നെ നോക്കി നിൽക്കുകയാണ്,. അവളുടെ കണ്ണുകളിൽ ബഹുമാനം,.
അവൻ അവൾക്ക് നേരെ പുഞ്ചിരിച്ചു,. അവളുടെ കണ്ണുകളിൽ അപ്പോഴും മിഴിനീർ തിളക്കം,.
ഈ പെൺകുട്ടി പോലും അവളുടെ ഗതികേടുകൊണ്ടാവും തന്റെ ഭാര്യയായി അഭിനയിക്കാമെന്നേറ്റത്,.
" നതാഷ,.."
അവൻ വിളിച്ചു,.. അവൾ അവനെ എന്തെന്ന അർത്ഥത്തിൽ നോക്കി,..
"തനിക്ക് സമ്മതമാണെങ്കിൽ ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ ?"
അവൾക്കത് മനസിലായിട്ടുണ്ടാവില്ലെന്നവന് തോന്നി ..
"ക്യാ തൂ മുജ് സേ ശാദി കരോഗി ?"
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, അവന്റെയും,..
*******----*******
അനൂപിന്റെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു,. പ്രിയ ഇൻബോക്സ് ഓപ്പൺ ചെയ്തു,.
"അനൂപേട്ടാ, ദേ ആരോ ബെസ്റ്റ് വിഷസ് ടെക്സ്റ്റ് ചെയ്തിരിക്കുന്നു,. "
അവന് ആശ്വാസം തോന്നി കാരണം അനൂപ് തന്റെ ഫോണിൽ നിന്നും ഹരിയുടെ കോൺടാക്ട് ഡിലീറ്റ് ചെയ്തിരുന്നു,.
**---------*******-------***
-ശുഭം -

No comments