Popular Posts

ആത്മാവിന്റെ കാല്പാടുകൾ




********************************

"അല്ലെങ്കിലും തനിച്ചായി പോയവനെ ഇനി തോൽപിക്കാൻ കഴിയില്ലലോ.'

"അതെന്തേ...'

"തോറ്റുപോയതുകൊണ്ടാണല്ലോ അവൻ തനിച്ചായത്..."

താളം തെറ്റി ഒഴുകുന്ന  പുഴയുടെ തീരത്തെ ഒഴിഞ്ഞ കോണിൽ നിന്ന ആൽമരത്തിൻറെ ചോട്ടിലിരുന്നു കൊണ്ട് പുഴയുടെ ആഴങ്ങളിലേക്ക് കണ്ണെറിയുമ്പോൾ മനസ്സിലേക്ക് ഒരായിരം ചോദ്യങ്ങൾ ഇടവേളകൾ ഇല്ലാതെ കടന്നു വന്നു... ആഗ്രഹങ്ങളുടെ സാഷാത്കാരത്തിന്റെ ഒരായിരം പൊൻമണികൾ കൊണ്ട് ആ ആൽമരം നിറഞ്ഞു തുളുമ്പിയിരിക്കുന്നു.. അപ്പോഴും പുഴയുടെ ആഴങ്ങൾ പോലെ എന്റെ മനസ്സ്‌ അശാന്തമായി തുടർന്നു.. എങ്ങോട്ടെന്നില്ലാതെ ഞാൻ എന്റെ കണ്ണുകളുടെ ലക്ഷ്യം മാറ്റി.

മടിത്തട്ടിലേക്ക് ചാഞ്ഞു കിടന്നിരുന്ന  മായ ഇപ്പോൾ ആ മണൽതരികൾക്കു മുകളിൽ പന്ത് തട്ടി കളിക്കുന്ന ഉണ്ണികുട്ടന് നിഴലപോലെ  കൂട്ടു നിൽക്കുകയാണ്.. അത് ചിലപ്പോൾ ആ ഉണ്ണി കാലുകളെങ്ങും മാഞ്ഞുപോകാതിരിക്കാനുള്ള ആത്മാർത്ഥത കൊണ്ടായിരിക്കാം...

പക്വത നിറഞ്ഞ മായയുടെ മുഖത്തെ നിഷ്കളങ്കമായ  കുട്ടിത്തം  എന്റെ കണ്ണുകളെ തെല്ലും ചലിപ്പിക്കാതെ ഇരുന്നു... ഓർമകളിലേക്ക് സഞ്ചരിക്കാൻ മനസ്സിന് അതിൽ കൂടുതലൊന്നും വേണ്ടി വന്നില്ല..... അന്നും അവൾ ഇങ്ങനെ തന്നെയായിരുന്നല്ലോ..

"ആത്മാർത്ഥമായ പ്രണയങ്ങൾ പലപ്പോഴും തുടങ്ങുക മാത്രമേയുള്ളു  അല്ലേ . ഒരിക്കലും അവസാനിച്ചതായി അറിവില്ലല്ലോ...."

കലാലയ മുറ്റത്തെ ഇടവഴി പാതകളിൽ മുഴങ്ങി കേൾക്കാറുള്ള പതിവ് പ്രണയ സല്ലാപങ്ങളിൽ നിന്നും  വ്യത്യസ്തമായിരുന്നു എനിക്കായ് കരുതി വെച്ചിരുന്ന പ്രണയ ലേഖനങ്ങളിലെ അവളുടെ ഭ്രാന്തമായ ചിന്തകൾ... അപ്പോഴേക്കും ചങ്ങലകൾ തകർത്തെറിഞ്ഞു കൊണ്ടെന്റെ  മനസ് അവളിലേക്ക് അടിമപെട്ടിരുന്നു...

ശരിയാണ് പ്രണയം പലപ്പോഴും തുടങ്ങുക മാത്രമേയുള്ളു .  മറക്കാനോ മാറ്റിവെക്കാനോ കഴിഞ്ഞേക്കും.. എന്നാൽ ഒരിക്കൽ പോലും അതിന്റെ ഒഴുക്കിനെ തടഞ്ഞു വെയ്ക്കാൻ കഴിയില്ലല്ലോ...

നിശബ്ധമായാ മനസ്സുകളിൽ പ്രണയത്തിന്റെ തന്ത്രികൾ ശ്രുതിമീട്ടുന്നുണ്ടായിരുന്നു..

കാലങ്ങളുടെ പഴക്കം തന്നെയുണ്ട് ആ പ്രണയ സാക്ഷാത്കാരത്തിനു. കലാലയത്തിന്റെ മുറ്റത്തു വെച്ച് തന്നെയാണ് അവൾ ആദ്യമായി കണ്ണിലുടക്കുന്നത്.. എഴുത്തിനെയും പുസ്തകങ്ങളെയും  വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു നാടൻ പെൺകുട്ടി.. അവളുമായി ഒരു സൗഹൃദം സ്ഥാപിച്ചെടുക്കാൻ അധിക നാൾ വേണ്ടിവന്നില്ല... പക്ഷെ എന്റെ അക്ഷരങ്ങളുടെ അടിത്തട്ടിലൂടെ അവൾ നടന്നു കയറിയത് വെറും സൗഹൃദത്തിലേക്കായിരുന്നില്ല... അതിരുകളില്ലാത്ത പ്രണയത്തിലേക്കായിരുന്നു.. അതുകൊണ്ട് തന്നെ കാത്തിരിപ്പിന്റെയെല്ലാ സന്തോഷവും അവളുടെ മുഖത്തും പ്രകടമായിരുന്നു..

ഹൃദയം കൊണ്ടെഴുതിയ അവളുടെ പ്രണയലേഖനങ്ങളേ അത്രനാളും കാണാതെ പോയതായിരുന്നില്ല.. ഒറ്റപ്പെട്ടുപോയവന്റെ ഒന്നുമില്ലായമയിലേക്ക് ഒരാളെ കൂടി ക്ഷണിച്ചു കയറ്റാൻ മനസ്സ് അനുവദിച്ചില്ല.. അതാണ് സത്യം... അവൾക്കറിയില്ലല്ലോ.. അവൾ എന്നെ ഇഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നുവെന്ന്...   ഇനി ഈ മണ്ണിൽ പിറക്കാത്തൊരു പ്രണയത്തിന്റെ ഉടമസ്ഥാവകാശം ഞാൻ അവൾക്ക് തന്നെ നല്കി...

പിന്നീട് ആ പ്രണയം ഒരു നേർ രേഖയിലെന്നപോലെ കാലങ്ങളോളം സഞ്ചരിച്ചു.. വസന്തങ്ങളും വാകമര പൂക്കളും കാവൽ നിന്നു..  ഇളം തെന്നലും വെണ്മേഘങ്ങളും നാണത്താൽ മുഖം ചുളിച്ചു  നിന്നു. പെയ്തൊഴിയാതെ ആ പ്രണയമഴ തുള്ളികൾ പിന്നെയും ഹൃദയങ്ങളെ പുളകം കൊള്ളിച്ചുകൊണ്ടേ ഇരുന്നു...

എഴുതി വെച്ച ചില വരികളിൽ മറ്റാർക്കും വായിച്ചെടുക്കാൻ കഴിയാത്ത എന്നാൽ അവൾക്കു മാത്രം വായിച്ചെടുക്കാൻ കഴിയുന്ന ചില അർഥങ്ങൾ ഉണ്ടായിരുന്നു . പ്രണയം പലപ്പോഴും അങ്ങനെ ആണല്ലോ.. അനുഭവിക്കുന്നവർക്കു മാത്രം വായിക്കാനും വർണിക്കാനും കഴിയുന്ന ഒരു അനുഭൂതിയാണല്ലോ അത്...

"ഇനി എത്ര നാൾ ആണിങ്ങനെ...."

കൈകോർത്തു നടന്ന വീഥികളിൽ ഇതുവരെ കേൾക്കാതിരുന്ന അവളുടെ ചോദ്യം ദൃഢമായിരുന്ന മനസ്സിനെ ചെറുതായോന്നുമല്ല അസ്വസ്ഥമാക്കിയത്... അവിചാരിതമായി കടന്നു വന്ന ആരോ എവിടെ നിന്നോ ആ ബന്ധത്തിന് കടിഞ്ഞാൺ  ഇടുന്ന പോലെ ഒരു തോന്നൽ  . അതൊരു പക്ഷെ ജാതിയാവാം . ചിലപ്പോൾ ജാതകവും ആവാം ..

എന്നാൽ തോറ്റു കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല.. നിസ്സഹായായായി മുഖത്തേക്ക് നോക്കി നിന്നവളെ പുഞ്ചിരി കൊണ്ട് സമാധാനിപ്പിച്ചു  ആ കൈകൾ നെഞ്ചോടു ചേർത്ത് വെച്ചു...

"നമുക്കും പോകണം അവിടെ.. ദേവിയുടെ തിരുനടയിൽ.. ആൽ മരത്തിൽ ഒരായിരം പൊന്മണികൾ കെട്ടണം" .

ഒരു കൊച്ചു കുട്ടിയെ പോലെ അവൾ വാശിപിടുക്കുന്നുണ്ടായിരുന്നു..  എന്തെങ്കിലും ഒന്ന്  ആഗ്രഹിച്ചു  അവിടെ പോയി ആൽമരത്തിൽ മണികൾ കെട്ടിയാൽ അത് സാധിക്കുമത്രെ... അവളെ തെറ്റ് പറയാൻ കഴിയില്ല.. കാരണം അവളും ഒരു പെണ്ണ് അല്ലേ.  ഇത്തരം ചില വിശ്വാസങ്ങളിലൂടെ ആണല്ലോ പെണ്ണ്  ജീവിക്കുന്നതു പോലും...

ഇടവേളകളിൽ ഞാനും അവളും അവിടേക്കു പോകും..  ചുറ്റിനും വെള്ളത്താൽ ബന്ധിച്ചു കിടക്കുന്ന ആ ദ്വീപിലേക്ക് ഒരു കടത്തു കടന്ന് വേണം  കടക്കാൻ..

തളിർക്കാൻ കൊതിക്കുന്ന  ഒരു പ്രണയപുഷ്പത്തെ ഇനിയാരും തല്ലികൊഴിക്കാതിരിക്കാനായി ദേവിയെ മനസ്സിൽ ധ്യാനിച്ചു  മണിയും കെട്ടും.. പിന്നീട് ആ പുഴയെ നോക്കി കുറച്ചു നേരം അവിടെ ഇരിക്കും.. എന്നിട്ടു മടങ്ങും...

വിശ്വാസങ്ങൾ ചിലപ്പോൾ പ്രവചനകൾക്കും അതീതമാണല്ലോ... അതുകൊണ്ടായിരിക്കാം ആറാമതായി കോർത്തുവെച്ച പൊന്മണിയോടൊപ്പം ഒരു താലി ചരട് കൂടി ഞാൻ അവൾക്ക് മേൽ ചാർത്തിയത്... ദേവിയുടെ തിരുനടയിൽ കത്തിയെരിഞ്ഞ ദീപങ്ങൾ പോലും അന്ന് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു ...

ഇണ പിരിയാത്ത ജീവിതത്തിൽ മൂന്നാമനായി ഉണ്ണിയും കൂട്ടിനു വന്നു... ചിലപ്പോഴെല്ലാം ഭൂമി തന്നെയാണല്ലോ യഥാർത്ഥ സ്വർഗം... അതെ അത് അങ്ങനെ തന്നെയാണ്..

മോഹങ്ങൾ അതിന്റെ പൂർണതയിൽ എത്തിയിട്ടും  ഹൃദയത്തിലെ മണിമുഴക്കം പിന്നേയും അവളെ പിന്തുടർന്നു കൊണ്ടേ ഇരുന്നു.. അത് ഒരിക്കൽ കൂടി  ഞങ്ങളെ ആ തിരുനടയിൽ എത്തിച്ചു.. ശാന്തമായി കിടന്നിരുന്ന പുഴ അന്ന് പക്ഷെ വളരെ അധിക ക്രോധത്തോടെയാണ് ഒഴുകി കൊണ്ടിരുന്നത് . അക്കരെയെത്താൻ ഒരുപാട് പ്രായാസപെട്ടു.. ആഗ്രഹ സാഷാത്കാരത്തിനു നന്ദിയും ചൊല്ലി ഒടുവിലത്തെ മണിയും ദേവിക്ക് മുന്നിൽ സമർപ്പിച്ചു തിരികെ  മടങ്ങുന്ന  വഴിയിൽ കുത്തൊഴുകി വന്ന  പുഴ ചങ്ങാടത്തെ കയത്തിലേക്ക് വലിച്ചെറിഞ്ഞു.. നിയന്ത്രണം നഷ്ടപെട്ട ചങ്ങാടം ആ ഒഴുക്കിൽ കുറെ അധികം ഒഴുകി  നടന്നു..  നഷ്ടപ്പെടാൻ പോകുന്നു എന്നൊരു ഭയം അവളുടെ മുഖത്ത് ഞാൻ തെളിഞ്ഞു കണ്ടു. അതിന്റെ അവസാനം എന്നപോലെ കോപം കൊണ്ടൊഴുകിവന്ന പുഴ  അവളെയും കൂട്ടി ആഴങ്ങളിലേക്ക് മറഞ്ഞു .. ദൂരേക്ക്‌ ദൂരേക്ക്‌.. എന്റെ കൈകൾക്ക് എത്താത്തത്രേ ദൂരേക്ക്‌ അവൾ മറഞ്ഞു...

ആഗ്രഹങ്ങൾ നിറവേറിയവർ പിന്നെ ആ വഴുപാട് ചെയ്യരുതത്രെ. അങ്ങനെ ചെയ്താൽ വരം തന്ന ദേവി പോലും കോപിക്കുമത്രേ..

കാലങ്ങൾങ്ങിപ്പുറം തോരാത്ത കണ്ണീരുമായി ഞാനും ഉണ്ണിയും ഇവിടെയൊക്കെ വരാറുണ്ട്.. മായയെ തിരക്കി..

അറിയില്ല.. ഒന്നും അറിയില്ല.. അമ്മയെ തിരക്കാത്ത ഉണ്ണിക്ക് മുന്നിൽ ഉത്തരമില്ലാത്ത ഒരച്ഛനാണ് ഞാൻ..

ഇഷ്ടപെട്ടത് കിട്ടാതിരിക്കുന്നത് മാത്രമല്ലടോ.. ആഗ്രഹിച്ചു സ്വന്തമാക്കിയത് നഷ്ടപ്പെടുന്നതും ഒരുതരം വിരഹമാണ്....

ഇളം കാറ്റിനെ കൂട്ടു പിടിച്ചെത്തിയ ഒരു മിഴി നീർതുള്ളി എന്റെ കൈകൾക്കുമേലെ വന്നു പതിച്ചപ്പോഴാണു ഓർമകളിൽ നിന്നും ഞാൻ ഉണരുന്നത്.. ഗദ്യന്തരം ഇല്ലാതെ ചുറ്റിനും നോക്കിയ ഞാൻ ഉണ്ണിയുടെ അടുത്തു നിന്ന മായയെ കണ്ടില്ല..

പിന്നെ ആരാണ് എന്റെ തോളിലായി ഇത്ര നേരം ചാഞ്ഞിരുന്നത്.. ?

ആരാണ് ഇത്രയും നേരം ഉണ്ണിയുമായി പന്ത് തട്ടി കളിച്ചത്..?

ആരാണ് എന്നെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയത്.. ?

ആരാണ് കലാലയത്തിന്റെ മുറ്റത്തു കൂടി കൈ കോർത്ത് നടന്നൊരു കഥ പറഞ്ഞു തന്നത് ...?

എല്ലാം ഒരു തോന്നൽ മാത്രമായിരുന്നോ..

അല്ല...

 അത് ചിലപ്പോൾ അവൾ ആകാം. അവളുടെ ആത്മാവാകാം.. ആത്മാവിന്റെ കാൽപാടുകൾ ആവാം...

No comments