ആരുമില്ലാത്ത അല്ലെങ്കിൽ ആർക്കും വേണ്ടാത്ത അവളുടെ കൈ പിടിച്ച് എന്റെ ജീവിതം തുടങ്ങിയപ്പോൾ ഒരാള് പോലും കൂടെ നിന്നില്ല
ആരുമില്ലാത്ത അല്ലെങ്കിൽ ആർക്കും വേണ്ടാത്ത അവളുടെ കൈ പിടിച്ച് എന്റെ ജീവിതം തുടങ്ങിയപ്പോൾ ഒരാള് പോലും കൂടെ നിന്നില്ല.
അഞ്ചാറു വർഷം വീടിനു വേണ്ടി മരിച്ചു പണിയെടുത്തിട്ടും ഒരു പെണ്ണിനെ സ്നേഹിക്കുന്നെന്നു പറഞ്ഞപ്പോൾ എന്തോ വലിയ അപരാധം ചെയ്തപോലെ...
അതുവരെ പൊന്നുമോൻ എന്ന് വിളിച്ചിരുന്ന അമ്മക്ക് ഞാൻ ശത്രു ആയി.. കടമ നിർവഹിക്കാൻ കടം വാങ്ങിയും നടുവൊടിഞ്ഞു പണിയെടുത്തും കെട്ടിച്ചു വിട്ട പെങ്ങൾക്കും ഞാൻ ചതുർത്ഥിയായി.
ആരോരുമില്ലാത്ത ഒരു പാവം പെണ്ണിന് ജീവിതം കൊടുക്കുന്നത് ഇത്ര വലിയ തെറ്റാണോ ?അറിയില്ല.
ആരെതിർത്തിട്ടും ഒരു കാര്യവുമുണ്ടായില്ല ഞാൻ അവളെ തന്നെ കല്യാണം കഴിച്ചു.
അന്നുമുതൽ അങ്ങോട്ട് കുറെ കാലം കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു. ഒരുതരത്തിലും പൊരുത്തപ്പെടാൻ 'അമ്മ തയ്യാറാവുന്നില്ല. ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോ അവളെ കാണാനില്ല.
അമ്മയോട് മായ എവിടെ എന്നെ ചോദിച്ചുള്ളൂ. "പോയി നോക്കെടാ വല്ലോന്റെ കൂടെ ഇറങ്ങിപ്പോയി കാണും "
തിരക്കാൻ ഒരിടം ബാക്കിയില്ല. വല്ലാത്ത മഴയും.. ബസ്റ്റോപ്പിന്റെ അവിടെ എത്താറായപ്പോഴേ കണ്ടു മതിലിനോട് ചേർന്നു നിൽക്കുന്ന അവളെ. മഴയത്ത് നനഞ്ഞൊലിച്ചുംകൊണ്ടു..
'അമ്മ ഇറക്കി വിട്ടതാണത്രേ.. എങ്ങനെ തോന്നി അവർക്ക് അതും ഈ രാത്രിയിൽ.
അന്നെറങ്ങിയതാണ് അവളുടെ കയ്യും പിടിച്ച്. വർഷം അഞ്ച് കഴിഞ്ഞു ഒരുമാസവും മുടങ്ങാതെ അമ്മക്ക് ചിലവിനുള്ള പൈസ അയച്ചുകൊടുക്കും. അത് എന്റെ കടമയാണ് അതുകൊണ്ട് മാത്രം.
അഞ്ചു വർഷം വാശിയായിരുന്നു ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ സാധാരണ കൊടുക്കാറുള്ള അത്രേം സ്വർണ്ണം മായയ്ക്ക് ഉണ്ടാക്കി കൊടുത്തു അവൾക്കു ഒന്നിനും ഒരു കുറവും വരരുതല്ലോ. ഒരു ഭർത്താവിന്റെ സ്ഥാനം മാത്രം അല്ല എനിക്കവൾ തരുന്നത്. ഒരു സഹോദരൻ ആയും അച്ഛനായും മാറാറുണ്ട് അവൾക്കു വേണ്ടി...
വീട്ടിൽ നിന്നും അനിയത്തി കത്തെഴുതിയപ്പോൾ വായിക്കാതെ കളയാൻ തോന്നിയതാണ്. മായയാണ് വായിച്ചത്. അമ്മക്ക് സുഖമില്ലെന്നും നോക്കാൻ ആളില്ലെന്നും. അനിയത്തിക്ക് വീട്ടിൽ വന്നുനിന്ന് അമ്മയെ നോക്കാൻ പറ്റില്ലത്രേ.. വീടെത്താറായപ്പോ തൊട്ട് ഒരസ്വസ്ഥത. വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ. പക്ഷെ മായ അവളുടെ പെരുമാറ്റം ഞെട്ടിച്ചു കളഞ്ഞു.
അമ്മയോട് നമ്മളാണ് തെറ്റ് ചെയ്തത്. അവർ ഇറക്കിവിട്ടപ്പോ എന്റെ ബുദ്ധി മോശം കൊണ്ട് ഞാൻ ഇറങ്ങി പോയി. അത് ചെയ്യാതെ പിടിച്ച് നിൽക്കണമായിരുന്നു. പിന്നെ അമ്മയും മരുമോളും തമ്മിൽ വഴക്കൊക്കെ പതിവാണ്. ചേട്ടൻ അത് ഒത്തുതീർപ്പാക്കാതെ ഇറങ്ങിയതും ശരിയായില്ല.
ദൈവമേ ഈ അമ്മക്ക് ഇനിയെങ്കിലും ഈ പെണ്ണിന്റെ മനസ്സൊന്നു മനസ്സിലാക്കാൻ പറ്റിയെങ്കിൽ.....
വീട്ടിൽ ചെന്ന് കയറിയപാടെ അമ്മ ഉമ്മറത്ത് നിൽക്കുന്ന കണ്ടു. ഞങ്ങളെ കണ്ടതും ഓടി വന്ന് കരയാൻ തുടങ്ങി. അമ്മ തെറ്റാണു മക്കളെ ചെയ്തത് അതിന് അഞ്ചുവർഷത്തെ ശിക്ഷ തന്നെ ധാരാളം.
എന്നാലും മക്കൾക്ക് വരാൻ തോന്നിയല്ലോ എന്റെ പ്രാർത്ഥന ദൈവം കേട്ടതാണ്.
സംസാരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് കിടക്കാൻ നേരം അവൾ പറഞ്ഞു.. ആ കത്ത് ഞാൻ തന്നെ എഴുതിയതായിരുന്നു. വേറൊന്നിനും അല്ല. നമ്മൾ എത്ര സന്തോഷത്തോടെ ഇരുന്നാലും എന്റെ നെഞ്ചിൽ ഒരു നീറ്റൽ ആയിരുന്നു. ആകെ ഉള്ള മകനെ ആ അമ്മയിൽ നിന്നും അകലാൻ ഞാൻ ഒരു കാരണം ആയല്ലോ എന്നോർത്ത്.. ഇന്നാണ് ഞാൻ ഒന്ന് ഉള്ള് തുറന്നു സന്തോഷിക്കുന്നത്.
എനിക്ക് പോലും തോന്നാത്ത കാര്യം ആണല്ലോ ഇവൾ ചെയ്തു തീർത്തത്. നെഞ്ചിലേക്ക് ഒന്നുകൂടെ ചേർത്ത് കിടത്തുമ്പോൾ മനസ്സ് നിറയുവായിരുന്നു .. ഈ പെണ്ണിനെ എനിക്ക് കിട്ടിയതിൽ....
No comments