മറുക്
ഇടത് ഉള്ളം കയ്യിലെ കറുത്ത മറുക്.
..........................................................................
പേടിയോടെഇടത് കൈ വിടർത്തിയപ്പോൾ കണ്ടു... കറുത്ത മറുക് ഒന്ന് കൂടി തെളിഞ്ഞിരിക്കുന്നു... കൈ നോക്കി ഫലം പറയുന്ന ഒരു സ്ത്രീയാണ് ആദ്യം പറഞ്ഞത്.. ഇടത് ഉള്ളം കയ്യിലെ ചന്ദ്ര മണ്ഡലത്തിൽ കറുത്ത മറുകുളളവർക്ക് ഭാര്യ വാഴില്ല പോലും...
കേട്ടപ്പോൾ ചിരിയാണ് വന്നത്... എന്നാൽ.. മറ്റു പലരും ഇതേ കാര്യം പറഞ്ഞപ്പോൾ അൽപം ഭയം തോന്നാതിരുന്നില്ല... ഒടുവിൽ പ്രവചിച്ചത് മധുരയിലെ ആ ദിവ്യ നായിരുന്നു.. പഞ്ഞി പോലെ വെളുത്ത താടിയുള്ള അയാൾ എന്റെ കൈ നോക്കി പിശാചിനെ കണ്ട പോലെ എന്തൊക്കെയോ ഉരുവിട്ടു..
വിവാഹം കഴിക്കാൻ പേടിയായിരുന്നു.. എങ്കിലും പലരും ധൈര്യം തന്നപ്പോൾ അവളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൂട്ടി... പിന്നീട് ഓരോ കാര്യത്തിനും നിഴൽ പോലെ കൂടെ നിന്നു.. നെഞ്ചോട് ചേർത്ത് പിടിച്ച് കാത്ത് സൂക്ഷിച്ചു.. മരണത്തിന് വിട്ട് കൊടുക്കാതിരിക്കാൻ...
കരുതൽ വല്ലാതെ കൂടിയപ്പോൾ ഒരിക്കലവൾ കണ്ണിൽ നോക്കി ചോദിച്ചു.. ഏട്ടനെന്നെ സംശയമാണോ... നിറഞ്ഞ കണ്ണുകളും പതറിയ ശബ്ദവുമായി എല്ലാം തുറന്ന് പറഞ്ഞപ്പോൾ വാത്സല്യ നിധിയായ അമ്മയെ പോലെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു..
കടിഞ്ഞൂൽ പ്രസവത്തിന്റെ സമയത്തൊക്കെ ലേബർ റൂമിന്റെ പുറത്ത് മെഴുക് തിരി പോലെ ഉരുകുകയായിരുന്നു.. മോനെ കൈയിൽ ഏറ്റ് വാങ്ങുമ്പോഴും അവളെ കാണാനായിരുന്നു തിടുക്കം.. പേടിച്ച പോലൊന്നും സംഭവിച്ചില്ല.. എങ്കിലും.. ഏത് നിമിഷവും സംഭവിക്കാവുന്ന ദുരന്തത്തിന്റെ പ്രതീകം പോലെ കറുത്ത മറുക് മായാതെ നിന്നു...
അച്ഛനിപ്പോഴും ഉളളം കയ്യിലെ മറുകും നോക്കിയിരിക്കയാണോ..മകനെറെ ശബ്ദം കേട്ടാണ് ആലോചനയിൽ നിന്നുണർന്നത്... നോക്കിയപ്പോൾ മകനും മരുമകളും കൊച്ച് മക്കളുമൊക്കെ ചിരിച്ച് കൊണ്ട് നിൽക്കുന്നു..കയ്യിലൊരു ഗ്ലാസ് പശുവിൻ പാലുമായി അവളും മുറിയിലേക്ക് കടന്ന് വന്നു..പ്രായം തളർത്താത്ത സൗന്ദര്യത്തോടെ..
എല്ലാവരും പുറത്ത് പോയപ്പോൾ ചുളിഞ്ഞ് തുടങ്ങിയ എന്റെ ഇടത് ഉള്ളം കയ്യിലെ കറുത്ത മറുകിൽ ചുംബിച്ച് കൊണ്ടവൾ ചോദിച്ചു.. വിവാഹം കഴിഞ്ഞ് 38 വർഷമായിട്ടും ഏട്ടന് പേടി മാറിയില്ല ലെ.......പുറത്തപ്പോൾ പതിവില്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു.......
No comments