Popular Posts

പരാജയം

" എവിടെയായിരുന്നെടീ നീയിന്നലെ?"
അവളെ കണ്ടപ്പോൾ അവൻ തെല്ലൊരു ദേഷ്യത്തോടെ ചോദിച്ചു...
മറുപടിയെന്നോണം അവളൊന്നു പുഞ്ചിരിച്ചു.
"ഓ.... ഞാനാരാ നിന്നോടിതൊക്കെ ചോദിക്കാൻ " പരിഭവം ചാലിച്ച് അവൻ പറഞ്ഞു

"ഓ... പിന്നേയ്.. എന്നെ കാണാഞ്ഞിട്ട് ഇയാള് ഉണ്ണാതേം ഉറങ്ങാതേം ഇരിക്കല്ലേ.... അതാ ഒന്ന് വിളിച്ച് നോക്കിയത് " അവളും വിട്ട് കൊടുത്തില്ല..

" ദേ.... പെണ്ണേ.. നീയെന്നെ കൊണ്ട് വല്ലോം പറേപ്പിക്കല്ലേ.. ഏതോ പട്ടിക്കാട്ടിൽ പോയി കിടക്കേം ചെയ്തിട്ട്... എത്ര വിളിച്ചുന്നറിയോ ഞാൻ -.. നിന്നെ കിട്ടണ്ടേ...
പിന്നെ ആരോട് പോയി ചോദിക്കാനാ ഞാൻ, വയ്യാതെ കിടക്കുന്ന നിൻറമ്മയോടോ?അതോ എന്നെ കാണുമ്പോ ചെകുത്താൻ കുരിശ് കണ്ടതുപോലെ മുഖം തിരിക്കുന്ന നിന്റെ തന്തപ്പടിയോടോ?

എന്നിട്ടും ഞാൻ അമ്മയെ കാണണോന്നു കരുതി വീട്ടിലോട്ട് പോകാനിറങ്ങീതാ.. അപ്പഴാ അവിടെ നിന്റെ ചേച്ചീനേം ഭർത്താവിനേം കണ്ടത്, പിന്നെ വേണ്ടാന്ന് വച്ചു...
തന്തപ്പടി അവിടുണ്ടെങ്കിൽ ഇനി ഞാൻ പോയിട്ട് പ്രശ്നം വേണ്ടാന്ന് വിചാരിച്ചു "
അവൻ പറഞ്ഞു നിർത്തിയപ്പോഴും അവളുടെ മുഖത്ത് പുഞ്ചിരി മാത്രം

"അമ്മയെവിടെ പോയി?" അവളുടെ ചോദ്യം
" അമ്മ ചേച്ചീന്റെ വീട്ടിൽ പോയി വൈകുന്നേരം വരും "
"നന്നായി " അവൾ പറഞ്ഞു
"ങേ.... എന്താ ടീ... നിനക്കെന്നെ പീഡിപ്പിക്കാൻ വല്ല ഉദ്ദേശോം ഉണ്ടോ?"

"പോടാ അവിടുന്ന്..... "

"അതൊക്കെ പോട്ടെ.... പറയ്... ഭവതി എവിടെയായിരുന്നു?"

"ഒരു ടൂർ പോയതാ "

"ദേ... പെണ്ണേ കളിക്കല്ലേ..." അവന് ദേഷ്യം വന്നു
" സത്യാ ടോ പറഞ്ഞെ... ടൂർ പോയതാ ഞാൻ.... നീയിപ്പോ പറഞ്ഞ തന്തപ്പടി ആയിരുന്നു സ്പോൺസർ "

"സ്പോൺസറോ?" അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

"ങും... സ്പോൺസർ തന്നെ.. ഞാൻ വന്നത് നിന്നോട് യാത്ര പറയാനാ.... ഞാൻ പോകാണ്"

"യാത്ര പറയാനോ? പോകാണെന്നോ? എങ്ങോട്?
നീയെന്തൊക്കെയായീ പറയുന്നെ.... ഒന്ന് തെളിച്ച് പറയെടീ.... "

" പറയാം.... എല്ലാം പറയാം.... "
അവളിൽ വല്ലാത്തൊരു ഭാവമാറ്റം പ്രകടമായി
"വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചപ്പോൾ അമ്മ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാ വേറെ കല്യാണം കഴിച്ചത്.. ഒടുവിൽ 'രണ്ടു പെൺകുട്ട്യോളേം കൊണ്ട് ജീവിതം ചോദ്യചിഹ്നമാ വേണ്ടാന്ന് അമ്മയ്ക്ക് തോന്നി കാണും... അതു കൊണ്ട് തന്നെ കഷ്ടപ്പാടിന്റെ കയ് പൊന്നും ഇന്നേ വരെഅറിഞ്ഞിട്ടില്ല..... "

എവിടെ പോയതാണെന്നള്ള ഒരു കുഞ്ഞു ചോദ്യല്ലേ ഞാൻ ചോദിച്ചത് ... അതിന് ഇവളെന്താ ഈ കഥാപ്രസംഗം നടത്തുന്നെ എന്ന ഭാവത്തിൽ അവൻ അവളെയൊന്ന് നോക്കി...

അവൾ തുടർന്നു "രണ്ടാനച്ഛനാണെന്ന് ഞങ്ങൾക്ക് തോന്നീട്ടില്ല.... സ്വന്തം മക്കളായാ അന്നൊക്കെ അച്ഛൻ ഞങ്ങളെ സ്നേഹിച്ചത്... സ്നേഹവും വാത്സല്യവും വാരികോരി തന്നിട്ടുണ്ട്... ഞങ്ങൾടെ ഒരു കാര്യത്തിനും ഒരു മുടക്കോം വരുത്തിട്ടില്ല...

ഞങ്ങളുടെ വളർച്ചയിലെപ്പോഴോ അച്ഛനും മാറി തുടങ്ങായിരുന്നു.... അച്ഛനിൽ നിന്നും രണ്ടാനച്ഛന്റെ കുപ്പായമണിഞ്ഞത് ഞങ്ങളെ അത്ഭുതപ്പെടുത്തി.... എന്റെ സംശയം ചേച്ചിയോട് പറഞ്ഞപ്പോ ചേച്ചി പറഞ്ഞു "നമ്മുടെ അമ്മ ഒന്നും അറിയരുതെന്ന്.... ആ പാവം തകർന്നു പോകുമെന്ന് "

അമ്മയെ ഒന്നും അറിയിച്ചില്ല, ഒരു പക്ഷേ അറിയിച്ചാലും അമ്മ വിശ്വസിക്കണമെന്നില്ല... ഞങ്ങളുടെ വെറും തോന്നലായി അമ്മ ആ വാക്കുകൾ തള്ളിയേക്കാം... അത്രയ്ക്ക് വിശ്വാസവും സ്നേഹവുമായിരുന്നു അമ്മയ്ക്ക് അയാളോട്...
കുഞ്ഞുനാളിൽ തന്ന വാത്സല്യമാണ് അയാൾക്കിപ്പോഴും എന്നായിരുന്ന അമ്മേടെ ധാരണ.

ചേച്ചീടെ കല്യാണം കഴിഞ്ഞതോടെ അവള് രക്ഷപ്പെട്ട് പോയി.. എന്നാലും അവൾക്ക് പേടിയായിരുന്നു എന്നെ വിട്ടിട്ട് പോകാൻ... പോയല്ലേ പറ്റൂ അവൾക്ക്.

അതോടെ അയാളുടെ നോട്ടം മുഴുവൻ എന്നിലേക്കായി.... അമ്മ കിടപ്പിലായതോടെ അയാളിൽ പ്രകടമായ മാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തി... അതിന ശേഷം ഇങ്ങോട്ടുള്ള രാത്രികളിൽ സമാധാനത്തോടെ ഞാനുറങ്ങീട്ടില്ല...

അയാൾ വീട്ടിലുള്ളപ്പോൾ ഞാനോടി ഇവിടേക്ക് വരുന്നത് അതാ.... നിന്റമ്മേടെ അടുത്തിരിക്കാൻ "
അവളുടെ നിറഞ്ഞ കണ്ണുകൾ നോക്കി അവൻ പറഞ്ഞു "ഞാനിത് എന്തൊക്കെയാ കേൾക്കുന്നെ?"

"നീയെന്നോട് പലപ്പോഴും ചോദിച്ചിട്ടില്ലേ.. ജീവിക്കാൻ സാഹചര്യം ഉണ്ടായിട്ടും എന്തിനാ ഈ നക്കാപ്പിച്ചാ ശമ്പളത്തിന് ജോലിക്ക് പോകുന്നതെന്ന്

ഈ നക്കാപ്പിച്ചാ ശമ്പളം എന്റെ ജീവിതമായിരുന്നു... എന്റെ ആവശ്യങ്ങൾക്കെങ്കിലും അയാളുടെ സൗജന്യം വേണ്ടാന്ന് വച്ചു... കുട്ടികാലത്ത് അയാള് തന്നെയാ വളർത്തിയത്.... അറിയാഞ്ഞിട്ടല്ല "

"നിനക്കൊരു വാക്ക് പറയായിരുന്നില്ലേ എന്നോട് ... ഞാനെപ്പോം ചോദിക്കിലല്ലേ നിന്നോട് ... എന്താ നിന്റെ പ്രശ്നോന്ന്..അവന്റെ മുഖത്ത് അരിശം ഇരച്ചു കയറി

" പല തവണ പറയാൻ ശ്രമിച്ചതാ ഞാൻ, പക്ഷേ ധൈര്യണ്ടായില്ല.. പിന്നെ വേണ്ടാന്ന് വച്ചു
നീയറിഞ്ഞാൽ വെറുതേയിരിക്കില്ലാന്ന് എനിക്കറിയാം
നിന്നെ വെറുതേ ഒരു പ്രശ്നത്തിലേക്ക് വലിച്ചിടണ്ടാ ന്ന വിചാരിച്ചു ...
അയാള് അമ്മയോട് പറഞ്ഞു, അയാൾടെ ഒരു ബന്ധുവിന്റെ ഓഫീസിൽ എനിക്കൊരു ജോലി ശരിയാക്കീട്ടുണ്ടെന്ന്
ഞാൻ പോകില്ലാന്ന് പറഞ്ഞപ്പോ അമ്മ ദേഷ്യപ്പെട്ടു.. അമ്മക്ക് വാശിയായി ഞാൻ പോകണമെന്ന്
എനിക്ക് അമ്മയോട് പറയാൻ പറ്റ്വോ അയാൾടെ തനിനിറം... അങ്ങനെ പോകാൻ തീരുമാനിച്ചു

അയാള് എന്നേം കൊണ്ട് പോയത് ഏതോ പണ ചാക്കിനെ പ്രീതിപ്പെടുത്താനുള്ള സമ്മാനമായിട്ടായിരുന്നു.......
ഒരു പാട് പെൺകുട്ടികളുടെ ജീവന്റെയും മാനത്തിന്റെയും വിലയുടെ പങ്ക് പറ്റിയാണ് ഞാനും ഇത് വരെ ജീവിച്ചതെന്ന് എനിക്ക് മനസ്സിലായി... ആ കഴുകൻമാരുടെ നഖത്തിനു കീഴേന്ന് എനിക്ക് രക്ഷപ്പെടണമായിരുന്നു, കൊന്നു ഞാൻ.......

അയാളേം കൊന്നു മറ്റ വനേയും കൊന്നു.... ആ കൂർത്ത നഖങ്ങളിൽ പെട്ട ഇനിയൊരു പെണ്ണും പിടയരുത്.... രണ്ടിനേം കൊന്നു ഞാൻ, ദാ ഈ കൈകൾ കൊണ്ട് കൊന്നു ഞാൻ " അവൾ കൈകൾ നോക്കി കൊണ്ട് പറഞ്ഞു

"ഗീതൂ.... നീ എന്തായീ പറയുന്നേ" അവളുടെ രണ്ടു കൈയും കുട്ടി പിടിച്ചു കൊണ്ടവൻ ചോദിച്ചു
"അതേ.. സഞ്ജൂ... നീ നോക്ക് എന്റെ കൈകൾക്ക് ചോരേടെ നിറമല്ലേ ഇപ്പോ " അവളുടെ കണ്ണിൽ നിന്നും തീ പാറുന്ന പോലെ തോന്നി
അവനവളെ മാറോടടക്കിപിടിച്ചു " ഇല്ല നീ ആരെയും കൊന്നിട്ടില്ല... ഞാനാ.... ഞാനാ കൊന്നത്.. നിന്നെ ഞാൻ വിട്ടു കൊടുക്കില്ല ആർക്കും "
അവളുടെ മുഖം ഇരു കൈകളിലാക്കി അവൻ പറഞ്ഞു.
" ഞാനാ... ഞാനാ കൊന്നത് " അവൻ പിറുപിറുത്തു
" ഇല്ല... നിന്റെയീ കൈകളിൽ ഞാൻ ചെയ്ത തെറ്റിന്റെ കറ പുരളരുത്... നിന്റെ യാ പാവം അമ്മയ്ക്ക് താങ്ങാവാൻ നീ വേണം ഇവിടെ... നിനക്ക് മുന്നിൽ ഒരു ജീവിതം കിടപ്പുണ്ട്....

എനിക്കെന്താ.... മേലും കീഴും നോക്കാനില്ല... അമ്മയെ ചേച്ചി നോക്കിക്കോളും

പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞിട്ടാ ഞാൻ വന്നിരിക്കുന്നെ

നിന്നോട് പറഞ്ഞിട്ട് പോകണോന്ന് തോന്നി... മറ്റാരോടും എനിക്ക് ഒന്നും പറയാനില്ല"
നിറ കണ്ണോടെ അവൾ പറഞ്ഞു
അവന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി
അവനവളെ ചേർത്തു പിടിച്ചു "നീയില്ലാതെ എനിക്കൊരു ജീവിതോ?"

"എന്തിനാ സഞ്ജൂ.... അയാളെന്നോടിങ്ങനെ.... ഞങ്ങളെ അച്ഛനായിരുന്നില്ലേ.... " വാക്കുകൾ മുറിഞ്ഞു
പൊട്ടി കരയുന്ന അവളെ മാറോടടക്കിപിടിച്ച് കരയാനല്ലാതെ അവന് മറ്റൊന്നും പറയാനില്ലായിരുന്നു....

അപ്പോഴേക്കും പോലീസ് ജീപ്പെത്തി...

"ഞാനിവിടെ ഉണ്ടാവും.... നിന്നെയും കാത്ത്... അതീ ജന്മം മുഴുവനാണെങ്കിൽ അങ്ങനെ"

അകന്നകന്ന് പോകുന്ന പോലീസ് ജീപ്പിനെ നിറകണ്ണുകളോടെ അവൻ നോക്കി നിന്നു

വഴിയോര കണ്ണുമായ് ഇനിയൊരു കാത്തിരിപ്പ്........

No comments