Popular Posts

പറയാൻ ബാക്കിവെച്ചത്‌

അപ്പൂ സൂക്ഷിച്ചു പോണട്ടോ....
ഒരിടത്തേക്ക്  ബൈക്കുമായി ഇറങ്ങുമ്പോൾ ഈ അമ്മക്ക് എന്നും ഉള്ളതാണ്  ഈ ഉപദേശം.. ഞാൻ എന്താ കൊച്ചു കുട്ടിയാണോ അമ്മേ.. എന്ന് അല്പം ദേഷ്യത്തോടെ  ചോദിച്ചിട്ടാണ് ഇറങ്ങിയത്...
ഉണ്ണിയേട്ടാ എന്റെ ചുരിദാറിന്റെ കാര്യം മറക്കണ്ട...!!
മാളു ...... അനിയത്തിയാണ് അവളുടെ അടുക്കളയിൽ നിന്നുള്ള ഓർമ്മപ്പെടുത്തൽ...
ഞാൻ മറന്നിട്ടില്ല. എന്ന അർത്ഥത്തിൽ അവളെ ഒന്ന് നോക്കി....
അമ്മാമാ ഇച്ച് ഐസ് ക്രീം  പൊന്നു കൊഞ്ചികൊണ്ടു വന്നു...
പൊന്നു ചേച്ചിയുടെ കുട്ടിയാണ്... അവളോട് മറക്കില്ല എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി...
വണ്ടി വീട് കടന്നതും വഴിയിൽ പതിവുപോലെ അവൾ കാത്തു നിൽപ്പുണ്ട്.. ദേവു. ചെറുപ്പം മുതലേ എന്റെ വാല് പോലെ നടന്നവൾ ആണ്.. എന്റെ കളികൂട്ടുകാരി പ്രണയിനി.. അല്ല എന്റെ എല്ലാം...
പക്ഷെ വണ്ടി പലപ്പോഴും ഞാൻ നിർത്താതെ പോകുമായിരുന്നു എന്നാലും ആ കാത്തിരിപ്പിന് ഒരു മുടക്കവും വരാതിരുന്നിട്ടില്ല...പല ദിവസത്തെയും പോലെ അന്നും എന്റെ വണ്ടി അവളുടെ കാത്തുനിൽപ്പിന്റെ വില അറിഞ്ഞ ലക്ഷണമില്ലായിരുന്നു....
ചെറുപ്പത്തിലേ അച്ഛൻ പോയതാണ്... പിന്നീട് പഠിപ്പിന്റെ കൂടെ വീടിന്റെ ചുമതലയും കൂടി എന്റെ ചുമലിൽ ആയതിൽ പിന്നെ ഞാൻ ഇങ്ങനെ ആണ്... ഇഷ്ടങ്ങൾ എല്ലാം മനസ്സിൽ ഒതുക്കി ഒന്നും പുറത്ത് കാണിക്കാതെ അച്ഛനായി അഭിനയിക്കുകയായിരുന്നു ... അവർക്ക് അത് അറിയുമോ എന്ന് എനിക്ക് അറിയില്ല...
അമ്മ എന്നും പറയുന്നതാണ് അപ്പൂ സൂക്ഷിക്കണമെന്ന്... അത് കേൾക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്തതിനാൽ  ഞാൻ പലപ്പോഴുംപറയാതെ പോകുമായിരുന്നു...
എന്നേലും അമ്മ ശ്രദ്ധിച്ചിട്ടുണ്ടോ ആവോ....!!
അനിയത്തിയുടെ ഇഷ്ടങ്ങൾ എന്നും ഞാൻ സാധിച്ചു കൊടുത്തിട്ടെ ഉള്ളു അത് എത്ര വലുതായാലും...
പൊന്നു അന്ന് വീണ് തല പൊട്ടിയ ദിവസം ഹോസ്പിറ്റലിന്റെ വരാന്തയിൽ ഉരുകി ഇല്ലാതെ ആയ എന്നെ പലരും ശ്രദ്ധിച്ചില്ലായിരിക്കും...
ദേവുവിന്റെ മുഖം കണ്ണാടിയിൽ മായുന്ന വരെ കണ്ണ് വെട്ടാതെ നോക്കുന്ന എന്നെ ആരും ശ്രദ്ധിച്ചിട്ടില്ല...
ഞാൻ ഇങ്ങനെ ആണ്...  ജീവിതം എന്നെ ഇങ്ങനെ ആക്കിയതാണ്....
അന്നും അവരുടെ ഇഷ്ടങ്ങൾ എല്ലാം സാധിച്ചു വരുമ്പോൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞതാണിത്... പിന്നീട് ഒന്നും ഓർമയില്ല ...കണ്ണു തുറന്നപ്പോൾ ഞാൻ എവിടെയോ കിടക്കുവാണ്... തലയിൽ എന്തൊക്കെയോ വച്ച് കെട്ടിയിട്ടുണ്ട് ... നല്ല വേദന തോന്നി... എന്നാലും അമ്മയെയും മറ്റുള്ളവരെയും കണ്ടപ്പോൾ അവർ വിഷമിക്കാതിരിക്കാൻ ആ  വേദന സഹിച്ചു കിടന്നു.''
എല്ലാവരും കൂടെയുണ്ട്... അമ്മ' ദേവു ,ചേച്ചി അനിയത്തി, പൊന്നു, എല്ലാരും..
അമ്മേ എനിക്ക് ഒന്നും ഇല്ല ഒരു ചെറിയ മുറിവേ ഉള്ളു എന്ന് അമ്മയെ നോക്കി ഞാൻ പറയാൻ ശ്രമിച്ചു...
ദേവു നീ എന്താ കുട്ടികളെ പോലെ...!! നീ ഇവരെ കൂടി വിഷമിപ്പിക്കല്ലേ.... അവളുടെ മുഖത്ത് പഴയ ആ നാണം ഞാൻ കണ്ടില്ല.'' അവളാകെ തളർന്നിരിക്കുന്നു.'' കണ്ണിലെ തിളക്കം മാഞ്ഞു പോയിരിക്കുന്നു... ചുണ്ടുകൾ എന്തോ മന്ത്രിക്കുന്നുണ്ട്... ഒന്നും വ്യക്തമാകുന്നില്ല ...
മാളൂ നിന്റെ ചുരിദാർ എന്റെ ബൈക്കിന്റെ സൈഡിലെ ബാഗിൽ ഉണ്ട്.. എടുക്കുമ്പോൾ പൊന്നുവിന്റെ ഐസ്ക്രീമും മറക്കണ്ട... അച്ചു കേട്ട ഭാവം നടിച്ചില്ല.' അനുസരണക്കേടിന് അവൾക്കിട്ട് രണ്ട് കൊടുക്കാൻ തോന്നി... പക്ഷേ അവളും എന്തോ ചിന്തയിലാഴ്ന്ന പോലെ ... മുടിയൊക്കെ ചില്ലിപറിഞ്ഞ്.'' ഈ കുട്ടിക്ക് ഇതെന്ത് പറ്റിയോ ആവോ... മാളൂ എന്ന് ഞാനുറക്കെ വിളിച്ചു -
പക്ഷെ അവൾ ഞാൻ പറഞ്ഞത് ഒന്നും കേൾക്കുന്നില്ല... എല്ലാവരുടെയും കണ്ണിൽ നിന്ന് രക്തം പ്രവഹിക്കുന്നതു പോലെ തോന്നി... പതിവില്ലാതെയുള്ള  അപ്പുക്കുട്ടാ എന്ന അമ്മയുടെ വിളി എന്നെ ആശങ്കയിലാഴ്ത്തി.... ഒന്നുമറിയാതെ ഐസ് ക്രീമിനു വേണ്ടി കരയുന്ന പൊന്നുവിന് അതു കൊടുക്കാൻ പറയുവാനായി ഞാൻ ഒത്തിരി വിളിച്ചു കൂവി.. അവർ ഒന്നും കേട്ടില്ല...
അവസാനം ഞാൻ എഴുന്നേൽക്കാൻ നോക്കി.. പക്ഷെ കഴിയുന്നില്ല... എന്റെ കാലുകൾ ആരോ ബന്ധിച്ചിരിക്കുന്നു... ശരീരം ആരോ വെള്ള തുണിയിൽ പുതച്ചിരിക്കുന്നു.. ചുറ്റും ചന്ദന തിരിയുടെ ഗന്ധം ... ആളുകൾ കൂടി നിൽക്കുന്നു .. അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.' അവ്യക്തമായ ചില ശബ്ദങ്ങൾ .." ആക്സിഡന്റ് ആയിരുന്നു ..... തൽക്ഷണം പോയി ... പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇപ്പൊ കൊണ്ടുവന്നതെയുള്ളു" ആരുടെയോ അടക്കിപിടിച്ച സംസാരത്തിൽ നിന്ന് എനിക്ക് വ്യക്തമായി... ഞാൻ മരിച്ചു.'. മുറ്റത്തെ മുത്തശ്ശിമാവിന്റെ കൊമ്പ് ആരോ വെട്ടുന്ന ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി...
ഇല്ല.'എനിക്ക് കഴിയില്ല.. ഉത്തരവാദിത്വത്തിന്റെ ഒരു കെട്ട് തലയിലേറ്റി ജീവിക്കുമ്പോഴും ഒരിക്കൽ പോലും മരിക്കാൻ ആഗ്രഹിച്ചിട്ടില്ല.''  അമ്മയുടെ മുഖത്തെ പുഞ്ചിരി ജീവിക്കാനൊരു പ്രചോദനമായിരുന്നു ... പറയാനും കേൾക്കാനും പ്രവർത്തിക്കുവാനും ഇനിയേറെ ബാക്കി ...
ഞാൻ വളരെ ഉച്ചത്തിൽ അവരെ എല്ലാം മാറി മാറി വിളിച്ചുവെങ്കിലും ആർക്കും കേൾക്കാൻ കഴിഞ്ഞിരുന്നില്ല എന്റെ ശബ്ദം.. ഒരു പിടി ചാരത്തിൽ അലിഞ്ഞ എനിക്ക് പറയാൻ ബാക്കി വച്ച ഒരു മനസ്സുണ്ടായിരുന്നു എന്ന് അവർ അറിയാതെ പോയത് ദൈവനിശ്ചയം മാത്രം.'' അഗ്നിയിലെരിഞ്ഞ് തീരുമ്പോഴും പറയാൻ ബാക്കി വച്ച തെല്ലാം എന്നോടൊപ്പം പു ക യാ യി അലിഞ്ഞു ചേർന്നിരുന്നു...

No comments