വായ്നോട്ടം
...കോൾ കട്ട് ചെയ്ത് ക്ലാസിൽ നിന്നും ഇറങ്ങി ഓടി. സ്റ്റാൻഡിൽ എത്തിയപ്പോഴും ബസ് വിട്ടിരുന്നില്ല. ഓടിവന്നതിന്റെയും അവളെ കണ്ടതിന്റെയും വിമ്മിഷ്ട്ടം ബസ്സിൽ നിന്നുകൊണ്ട് കിതച്ചുതീർത്തു. അവൾ ഇരിയ്ക്കുന്നതിന്റെ മൂന്നു സീറ്റ് പിന്നോട്ടുമാറി സ്റ്റെപ്പിനു വലതുവശത്തെ കമ്പിയിൽ ചാരി നിലയുറപ്പിച്ചു.( അവളുടെ ഏഴയലത്തു പോവാനുള്ള ധൈര്യം ഇതുവരെ എനിക്കു കിട്ടിയിട്ടില്ല.! ). അവളെയൊന്ന് കണ്ടതേയുള്ളൂ, അപ്പോഴേക്ക് ബസ്സെടുത്തു.
ഹൈസ്കൂൾ കുട്ടികൾ ഇടയിൽ കയറിയതിനാൽ പിന്നീടങ്ങോട്ട് കാണാനും പറ്റിയില്ല. മൂന്നാലുപേർ ഇറങ്ങിയപ്പോഴാണ് അവളുടെ സീറ്റിനടുത്ത് നിന്നിരുന്ന ചെക്കനെ ഞാൻ ശ്രദ്ധിച്ചത്.. ബസ്സിന്റെ ഓരോ ചലനത്തിനും അവളുടെ അടുത്തേയ്ക്ക് ചായുന്നുണ്ട് അവൻ. ഒരു പത്താം ക്ലാസ് പ്രായമുള്ള പയ്യൻ , കണ്ടാൽത്തന്നെ ഒരു കൂതറ ലുക്കുണ്ട്. ഞാൻ അവനെയൊന്നിരുത്തി നോക്കി. ഒരു ഭാവവത്യാസവുമില്ലാതെ അവൻ ആ ഭാഗത്തേക്ക് ഒന്നുകൂടി ചരിഞ്ഞുനിന്നു.
എന്നിലെ സദാചാരരോഗിയോ കാമുകന്റെ അസൂയയോ എന്തോ ഒന്ന് ഉണർന്നു. ഒന്നുരണ്ടു പ്രാവിശ്യം ക്ഷമിച്ചുനിന്നു നോക്കി; ചിലപ്പോൾ പാവം അറിയാതെയാണെങ്കിലോ.. പക്ഷെ അല്ല.. എന്നെ വെല്ലുവിളിക്കും പോലെ നോക്കുന്നില്ലേ അവൻ..? എന്റെ കൈ തരിച്ചുവന്നു.. '' എന്റെ പെണ്ണിനെയെങ്ങാൻ തൊട്ടാൽ ഞെരിച്ചുകളയുമെടാ..." എന്നൊരു ഭാവം മുഖത്തുവരുത്തി ഞാൻ വീണ്ടും അവനെ നോക്കി.. ഒരു കൂസലുമില്ലാതെ അവൻ അവിടെത്തന്നെ നിന്നു. ബസ്സിലെ തിരക്കുകാരണം എനിക്കങ്ങോട്ടോന്ന് എത്താനും കഴിഞ്ഞില്ല. അവൾ എന്നെപ്പറ്റി എന്തു വിചാരിക്കും...? എനിക്കു ദേഷ്യം ഇരച്ചുവന്നു..
അൽപം കഴിഞ്ഞപ്പോൾ അവൻ ഇറങ്ങി. ദേഷ്യവും പുച്ഛവും കലർന്ന ഭാവത്തോടെ ഞാനവനെ തിരഞ്ഞു. അവനെയും അവനെ കൈ പിടിച്ച് റോഡ് മുറിച്ചുകടത്തുന്ന കൂട്ടുകാരെയും റിയർഗ്ലാസിലൂടെ ഞാൻ കണ്ടു.. അവനു കണ്ണു കാണില്ലായിരുന്നു എന്ന സത്യം അപ്പോഴാണ് ഞാൻ മനസിലാക്കിയത്...
NB : പെൺപിള്ളേരെ ശല്യം ചെയ്യുന്ന ഞരമ്പുരോഗികൾ എല്ലായിടത്തുമുണ്ടാവാം. അടിക്കാനും പിടിയ്ക്കാനും പോവുമ്പോൾ ഇതു പോലുള്ള പാവങ്ങളെ വെറുതെ വിട്ടേക്കണേ..
വാൽക്കഷ്ണം : " ഇനിയെങ്ങാൻ അവനു കണ്ണു കാണുമെന്നു ഞാനറിഞ്ഞാൽ ഇനി കാണുമ്പോൾ കാണാൻ കണ്ണുണ്ടാവില്ലെന്നും പറയാൻ പറഞ്ഞൂന്നു പറ..."😉
No comments