Popular Posts

മധുരപ്രതികാരം


പ്രേമിച്ച പെണ്ണിനെ വേറൊരുത്തൻ കെട്ടി എട്ടിന്റന്നവൾ അവന്റെ ബൈക്കിന് പിറകിലിരുന്ന് പോകുമ്പോളൊന്ന് ചിരിച്ചു കാണിച്ചു..

ആ ചിരി കൊണ്ട് എന്നെ ഒന്നിരുത്തി എന്ത് ചെയ്യണം എന്നറിയാതെ നിന്ന് തലക്ക് ഭ്രമണം സംഭവിച്ചത് അവിടെ നിന്നായിരുന്നു..
വീട്ടിലെത്തി കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിച്ചു..
അങ്ങനെ മറക്കാനൊന്നുമാവില്ലവളെ..
അവളെ കെട്ടിച്ചു തരുമോ എന്ന് ചെന്ന് ചോദിച്ചപ്പോൾ അവളുടെ വീട്ടുകാർ ആദ്യം നോക്കിയതെന്റെ കുടുംബ മഹിമയാണ്..
സ്തീധനമൊന്നും വേണ്ടാ എന്ന് പറഞ്ഞപ്പോഴും അവളുടെ വീട്ടുകാർ നോക്കിയതെന്റെ കൈയ്യിലെന്തേലും ധനമുണ്ടോ എന്നാണ്..
ഇത്രയൊക്കെ ആയപ്പോഴേക്കും അവളും മുന്നോട്ടുള്ള ഭാവി നോക്കി അതോടെ നമ്മുടെ ഭാവിയും ഭാവനയും എങ്ങോ പോയി...

നാലു വര്‍ഷം കഠിനമായ തപസ്സിലായിരുന്നു ഇനി കല്യാണമൊന്നും കഴിക്കേണ്ട എന്ന് കരുതി അങ്ങനെ നടന്നു.
മൂത്ത പെങ്ങളുടെ കല്യാണം കഴിഞ്ഞു ഒന്നര വര്‍ഷം കഴിഞ്ഞപ്പോൾ ഇളയവളേയും കെട്ടിച്ചു വിട്ടു..

            ഇന്നിപ്പോൾ വീട്ടുകാരെൻ തപസ്സ് മുടക്കാനുള്ള ശ്രമത്തിലാണ് പല നേർച്ചകളും ചർച്ചകളും നടത്തി നോക്കി അങ്ങനെയുള്ള പല ശ്രമങ്ങളും നടത്തി നോക്കിയവർ..
ഇല്ല ഒരിക്കലും പതറിയില്ല മനസ്സ് പിന്നെ സെന്റിമെന്റ്സിൽ കയറി പിടിച്ചു... കുറേച്ചൊക്കൊ മനസ്സ് ചാഞ്ചാട്ടം തുടങ്ങി എന്നാലും അവരറിഞ്ഞില്ല
ഒടുക്കം എല്ലാ അമ്മമാരെ പോലെ എന്റമ്മയും ആ വാക്കിൽ കയറി പിടിച്ചു ``എടാ നിന്റെ കുഞ്ഞിനെ ഒന്നു കണ്ടിട്ടു വേണം എനിക്കൊന്നു കണ്ണടക്കാൻ എന്ന്..
തപസ്സിലായിരുന്നെൻ മനസ്സ് ഇളകി മറിഞ്ഞു..
ഞാൻ പെണ്ണു കാണാനൊന്നും പോകില്ല നിങ്ങള് പോയി കണ്ടോണം
ഇത് കേട്ടമ്മ പറഞ്ഞു ``എന്നിട്ട് വേണം ഞങ്ങള് നിന്റെ തലയിൽ ഒരുത്തിയെ കയറ്റി ഇരുത്തി എന്ന് പറയാൻ എടാ നീ പ്രേമിച്ചവൾ കെട്ടും കഴിഞ്ഞ് കൊച്ചുങ്ങൾ രണ്ടായി അറിയാമോ...
ഇനിയും അവളെ ഓർത്തിരിക്കാൻ നാണമില്ലേ... ഹൂം ''
അമ്മ ദേഷ്യ പെട്ടു... പിന്നെ ഞാനും പാതി മനസ്സുമായി സമ്മതിച്ചു..

കാണാൻ പോയ പെണ്ണിനോടൊക്കെ ഒരു പ്രണയമുണ്ടായിരുന്നു എന്നുള്ളതും പിന്നെ ഇല്ലാത്തതുമായ ചിലതൊക്കെ പറഞ്ഞു ഫലിപ്പിച്ചു പല പെണ്ണുങ്ങളും ഇത് കേട്ട് പിന്തിരിഞ്ഞു..

എന്നാൽ ഒരു ദിവസം പെണ്ണു കാണാൻ പോയപ്പോൾ ഈ കഥ ആ പെണ്ണിനോടും പറഞ്ഞു അവൾ ഇപ്പോ വരാമെന്ന് പറഞ്ഞു പോയി പിന്നെ വന്നത് ഒരു ചിരിയോടെ എന്നിട്ട് പറഞ്ഞു '' എനിക്ക് കഴിഞ്ഞതൊന്നും അറിയേണ്ട എനിക്കിഷ്ടമാണ് എന്ന് ...               ഇത് കേട്ടതും ഒരു വിറയലാകെ പകുതി ചായ തൊണ്ടയിൽ കിടന്നു പതഞ്ഞു.. എന്ത് പെണ്ണാണിത്... എന്നും പറഞ്ഞു ഞാൻ സ്ഥലം കാലിയാക്കി..
പിന്നെ വീട്ടുകാരും വിട്ടില്ല അവർ കെട്ടും നടത്തി..

        അങ്ങനെ ഒരുത്തി നമുക്കും പൂട്ടിട്ടു  രണ്ട് മാസം അങ്ങനെ പോയി ഒരു ദിവസം ഞാനും അവളും കൂടി ബൈക്കിൽ അവളുടെ വീട്ടിലേക്ക് പോവുകയായിരുന്നു അപ്പോളാണ് മുന്‍പ് പ്രേമിച്ചിരുന്നവൾ അവന്റെ കൂടെ ബൈക്കിന്റെ പിറകിലിരുന്ന് വരുന്നത് ...
ഞാൻ കണ്ട ഭാവം കാണിച്ചില്ല അവളടുത്ത് കൂടി പാസ് ചെയ്തു പോവുമ്പോൾ എന്റെ ഭാര്യ എന്റെ തോളിൽ ഒന്നു കൂടി ചേർത്തു പിടിച്ചു എന്നിട്ടവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു...
ആ ചിരിയിൽ അവളുടെ മുഖം ചൂളി പോകുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു..
ഇത് കണ്ടെൻ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു ഇത് ഇത്തിരി നേരത്തെ ആകാമായിരുന്നു എന്ന് തോന്നിപ്പോയി...
എന്നാലും എന്റെ പെണ്ണേ നന്നായി നന്നായി എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു
ഇത് കേട്ടെന്റെ ഭാര്യ ചോദിച്ചു എന്തു നന്നായീന്നാ.. പെട്ടെന്ന് പരിസരം വീണ്ടെടുത്തു ഞാൻ പറഞ്ഞു നിന്റെ സാരി നന്നായിട്ടുണ്ട്..
അവളെൻ തോളോട് ഒന്നു കൂടി ചേർന്നിരുന്നു ഇതിപ്പോഴാണോ കാണണേ എന്നവൾ
മനസ്സിൽ ഒരു ചിരി തിരിച്ചു കൊടുത്തു പകരം വീട്ടിയ സന്തോഷം..
ഒരു ഇളം കാറ്റ് തലോടി മനസ്സിന് കുളിരേകി...

No comments