ഒരു സൈക്കിൾ പ്രണയം
ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു പഴയ സൈക്കിൾ പ്രണയകാലം..
തുരുമ്പിച്ച പഴയ സൈക്കിളിൽ ഒരുപിടി സ്വപ്നങ്ങൾ വെച്ചുകെട്ടി,ഈയുള്ളവനും അന്ന് ആഞ്ഞു ചവുട്ടിയിരുന്നു ഒരുപാട് പ്രണയദൂരങ്ങൾ..
ബാല്യകാല സഖിയെ ആൺപിള്ളേർ കല്യാണം കഴിച്ച് കൊണ്ടുപോയ വിഷമത്തിൽ നാളുകൾ കഴിയ്ക്കുന്നൊരു കാലമാണ് സ്വപ്നയെ ആദ്യമായ് അതുപോലൊരു സൈക്കിൾയാത്രയ്ക്കിടെ കാണുന്നത്.
പ്രീഡിഗ്രിയോടെ പഠിപ്പ് നിർത്തി,വീട്ടിലെ ദാരിദ്ര്യം മൂലം ഒരു വർക്ക് ഷോപ്പിൽ ജോലിയ്ക്ക് കയറി.അവിടേക്കുള്ള അതിരാവിലത്തെ യാത്രയിലാണ് അവളെ കാണുന്നത്.
അവളും ഒരു സൈക്കിൾ യാത്രികയായിരുന്നു.സ്കൂളിലേക്കുള്ള അവളുടെ യാത്രയിൽ അവളോടൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു.സ്വർണ്ണനൂലുപോലെ മെലിഞ്ഞ് സുന്ദരിയായ കഥാനായികയുടെ കൂട്ടുകാരിയ്ക്ക് നിറം കറുപ്പായിരുന്നു.
ആ കറുപ്പാർന്ന കൂട്ട് അവളുടെ സൗന്ദര്യത്തിന് ഒന്നുകൂടി മാറ്റ് കൂട്ടി.
പതിവു യാത്രകളിലെ അവളുടെ നോട്ടങ്ങളും ചലനങ്ങളുമാണ്,ആകെയുള്ള മുഷിഞ്ഞ ഒറ്റമുറി മുണ്ടിൽ നിന്നും എൻറെ വേഷം,ബെൽബോട്ടം പാൻറിലേക്ക് മാറുവാൻ പ്രചോദനമായത്.
അങ്ങിനെ ഒരു ദിവസം പതിവ് വഴിയരികിൽ പതിവില്ലാതെ അവർ ഒതുങ്ങി നിൽക്കുന്നത് കണ്ടു.
എന്ത് പറ്റിയെന്ന് ചോദിയ്ക്കണമെന്നുണ്ടെങ്കിലും അതിനുതക്കതായ പരിചയവും ധൈര്യവുമില്ലാത്തതിനാൽ ഞാൻ അവരെ കടന്ന് പോയി.
ചേട്ടാ..
അപ്പോൾ പിറകിൽ നിന്നും വിളി വന്നു.
എന്തേ എന്ന ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞു.
ഈ..സൈക്കിളൊന്നു ശരിയാക്കാമോ.?
"സ്വർണ്ണനൂലിൻറെ" കൂട്ടുകാരിയാണ് ചോദിച്ചത്.
കേൾക്കേണ്ട താമസം,ഞാൻ അവർക്കരികിലെത്തി.
എന്ത് പറ്റി.?
"ചെയിൻ കക്കിയതാ"
(നമ്മുടെ നാട്ടിൽ സൈക്കിൾ ചെയിൻ സ്ളിപ്പാവുന്നതിൻറെ പ്രാദേശിക നാമം "കക്കുക" എന്നാണ്)
അങ്ങിനെ..ഞാനത് ശരിയാക്കിക്കൊടുത്തു.
"ചേട്ടാ..താങ്ക്സ്"
തിരികെ സൈക്കിളിൽ കയറവേ കൂട്ടുകാരിയുടെ വക നന്ദിവാക്കുകൾ.
പക്ഷേ ഞാൻ പ്രതീക്ഷിച്ചവളിൽ നിന്ന് ഒരു പുഞ്ചിരിപോലും എനിയ്ക്ക് കിട്ടിയില്ല.
പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ആ സുന്ദരമോഹന വദനത്തിൽ നിന്നും ഇടയ്ക്കിടെ എനിയ്ക്കത് കിട്ടിത്തുടങ്ങി.
ഒടുവിലൊരു നാളിൽ ഞങ്ങളറിയാതെ ഒരു പ്രണയം ഞങ്ങളിൽ പൊട്ടിവിടർന്നു.
അവളൊരു പേരുകേട്ട നായർ തറവാട്ടിലെ കുട്ടിയായിരുന്നു.അച്ഛനും ആങ്ങിളമാരുമൊക്കെ പട്ടാളത്തിലും.
പിന്നീടെപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന ഇടിയുടെയും വെടിയുടേയും പെരുമ്പറകൊട്ട് ഞാൻ ഉള്ളിലൊതുക്കി"ഇതൊക്കെ എന്ത്"എന്ന് അവളോട് പുഞ്ചിരിച്ചു.
"ചേട്ടനേപറ്റി ഒന്നും പറഞ്ഞില്ലല്ലോ" എന്ന അവളുടെ ചോദ്യത്തിന്,ഞാനും ഒട്ടും കുറച്ചില്ല.
കൂലിപ്പണിക്കാരനായ എൻറെ അച്ഛനെ അവൾക്കു വേണ്ടി,ടൗണിലെ സ്വർണ്ണക്കട മുതലാളിയാക്കി.ഞാൻ കൊച്ചു മുതലാളിയും.
അതോടെ..അവളുടെ നോട്ടം തുരുമ്പിച്ച എൻറെ സൈക്കിളിലേക്കായി.
"ഇതൊക്കെ ഒരു രസമല്ലേ..അതല്ലേ നിന്നെ എനിയ്ക്ക് കിട്ടാനിടയായതും..
എൻറെ ആ അവസരോചിതമായ ഡയലോഗ് അവൾക്ക് ബോധിച്ചു.
അങ്ങിനെ പ്രണയം കൊടുമ്പിരിക്കൊണ്ടു.
വേനലവധിയായ്.അവസാനമായ് അവൾ തന്ന പ്രേമലേഖനത്തിൽ ഇങ്ങനെ എഴുതിയിരുന്നു..
"കാത്തിരിയ്ക്കാം..ഈ വേനലല്ല,ആയിരം വേനലുകൾ"
വിരഹദു:ഖം നിറഞ്ഞ വേനൽ രാവുകളിൽ ആ കത്തും കെട്ടിപ്പിടിച്ച് ഞാനുറങ്ങി.
ഒരു നട്ടുച്ച നേരം വർക്ക്ഷോപ്പിലേക്കോടി കിതച്ചെത്തിയ മാരുതിക്കാറിൻറെ പഞ്ചറായ ടയർ മാറ്റി,കൂലിയ്ക്ക് കൈ നീട്ടവേയാണ് കാറിൻറെ പിൻ സീറ്റിലെ ഇരുട്ടിൽ നിന്നും രണ്ട് പരിചിത നയനങ്ങൾ ദൃശ്യമായത്.
അത്..അവളായിരുന്നു...സ്വപ്ന.
അറച്ചുപോയ എൻറെ കൈകളിൽ നിറച്ചുകിട്ടിയ കാശുമായ് ഉറച്ചുപോയതുപോലെ ഞാൻ വിറച്ച് നിൽക്കവേ..
ആ മാരുതിക്കാർ പാഞ്ഞുപോയി.
എൻറെ പ്രണയപുഷ്പകവിമാനത്തിൻറെ പഞ്ചറാണല്ലോ ഞാനൊട്ടിച്ച് വിട്ടതെന്ന് ഞെട്ടലോടെ ഓർത്ത് ഞാൻ അങ്ങിനെ തന്നെ നിന്നു.
വേനലവധി കഴിഞ്ഞു.സ്കൂൾ തുറന്നു..പതിവു പോലെ അവളും വന്നു.
പുഞ്ചിരിച്ചുകൊണ്ടടുത്ത എന്നോട് "കൊച്ചുമൊയ് ലാളി വരുന്നു"എന്ന് കളിയാക്കി ചിരിച്ച് അവൾ പോയി.
പക്ഷേ..അവൾ മാത്രം ചിരിച്ചില്ല,കൂട്ടുകാരി.
കുറേ നാളുകൾക്ക് ശേഷം അവൾ തനിച്ച് സൈക്കിളിൽ പോകുന്നത് കണ്ടിട്ട്,
കൂട്ടുകാരി എവിടെ എന്ന് ചോദിച്ചതിന്,പരിഹാസത്തോടെ ചുണ്ട് കോട്ടി അവൾ പോയി.
ആ പ്രണയം അവിടെ തകർന്നു.ഒരുമിച്ചുള്ള പ്രയാണങ്ങളും.
പിന്നീടൊരു ദിവസം ജോലി കഴിഞ്ഞ് വരും വഴിയാണ്,ടൗണിലെ ഗവൺമെൻറ് ഹോസ്പിറ്റലിൻറെ മുന്നിൽ ബസ് കാത്തു നിൽക്കുന്ന അവളുടെ കൂട്ടുകാരിയെ കണ്ടത്.കൂടെ ഒരു മെല്ലിച്ച സ്ത്രീയും.
അത് അവളുടെ അമ്മയായിരുന്നു.
എന്താ ഇവിടെ.?
അതുവരെയും പേരുപോലും ചൊദിച്ചിട്ടില്ലായിരുന്ന അവളോട് ഞാൻ തിരക്കി.
"അമ്മയേയും കൊണ്ട് വന്നതാണ്"
വല്ലാത്ത വിഷാദത്തോടെയെങ്കിലും.. പതിവ് പുഞ്ചിരി വരുത്തുവാൻ ശ്രമിച്ച് അവൾ പറഞ്ഞു.
പിന്നീടുള്ള സംസാരത്തിൽ നിന്നാണ്..അവളുടെ അച്ഛൻ മരിച്ചതും ഹൃദ്രോഗിയായ അമ്മയെ നോക്കാനായ് ഒറ്റ മകളായ അവൾ പഠിത്തം നിർത്തി വീട്ട്പണിയ്ക്ക് പോയിത്തുടങ്ങി എന്നും അറിഞ്ഞത്.
ഒടുവിൽ..വന്നു നിന്ന ബസ്സിലേക്ക് കയറവേ അമ്മ കേൾക്കാതെ ഞാനവളോട് പേര് ചോദിച്ചു.
"കവിത" എന്ന് മറുപടി പറഞ്ഞ് അവൾ പോകവേ,അവളോട് പറയുവാൻ ഇനിയും ഒരായിരം വാക്കുകൾ നെഞ്ചിൽ തിങ്ങുകയായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഇന്നും...
എൻറെ രണ്ടു മക്കളുടെ അമ്മയായ് അവൾ മാറിയിട്ടും..
എൻറെ മൺകുടിലിലെ പുൽപ്പായയിൽ
ഇതുവരെയും അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞു തീർന്നിട്ടില്ല ആ കാര്യങ്ങളൊന്നും..
കേട്ട് കൊതി തീർന്നിട്ടില്ല അവൾക്കും..
No comments