കവിത എഴുതുമോ
കല്യാണം നിശ്ചയിച്ച സമയം..നിർത്താതെയുള്ള ഫോൺ സംഭാഷണങ്ങൾക്കിടെ ഒരു നട്ട പാതിരായ്ക്ക് അവൾ അവനോട് ചോദിച്ചു"ഏട്ടാ കവിതയും കഥകളുമൊക്കെ ഇഷ്ടമാണോ?"ഞാൻ ഇത്തിരി അതിന്റെ സൂക്കേടുള്ള ആളാണ്കുറച്ചൊക്കെ എഴുതും. "മറുതലയ്ക്കൽ ഒരു നിമിഷത്തെ നിശബ്ദത യ്ക്കു ശേഷം ഒരു ചിരി കുലുങ്ങി കുലുങ്ങി അവളുടെ ചെവിയിലെത്തി...."ദൈവമേ ഈ ചിരിയുടെ അർത്ഥമെന്താണ്..ആക്കിയതാണോ എന്തോ..?
"പിന്നെ കവിത എനിക്കു ഭയങ്കര ഇഷ്ടമാ..ഞാൻ വായിക്കാറുമുണ്ട് ചൊല്ലാറുമുണ്ട്..ഇപ്പൊ കേക്കണോ നിനക്കു.." പുള്ളി വലിയ ഉത്സാഹം കാട്ടി..
"ഇപ്പൊ വേണ്ട ഏട്ടാ..എനിക്കു നേരിട്ടു കേട്ട മതി.." അവൾക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു..ഭർത്താവിനെ കുറിച്ചുള്ള സങ്കല്പങ്ങളിൽ വലിയൊരെണ്ണം സാധിച്ചിരിക്കുന്നു..ബാക്കി എല്ലാം കൊണ്ടും നല്ല ചേർച്ചയുണ്ട് ഇരുവരും.. ഈ ഒരു കാര്യത്തിലായിരുന്നു ഒരുആശങ്ക..
അതും ഓകെ..ഇനി എന്തു വേണം..?നമ്മുടെ ജീവിതം നൂറുശതമാനം വിജയപഥത്തിലെത്തും.. തന്നെ മനസിലാക്കി എഴുത്തിൽ സപ്പോർട് ചെയ്യും..ഓഹ്..എന്തെല്ലാം മനക്കോട്ടകൾ കെട്ടി ആ ഇത്തിരി നേരം കൊണ്ട്..
തന്റെ എഴുത്തുകൾ വായിച്ചു വിലയിരുത്തി വേണ്ട തിരുത്തലുകൾ നടത്തി അഭിനന്ദിക്കുന്ന ഭർത്താവ്..അതുകണ്ട സന്തോഷം പൂണ്ടുതാൻ ആ കൈ പിടിച്ച നെഞ്ചോട് ചേർത്തു പറയും"എന്റെ ഭാഗ്യാ..ഇങ്ങനെ ഒരാളെ.കിട്ടിയത്..വീട്ടിലൊന്നും എന്റെ എഴുത്തു ഒന്നു നോക്കുക പോലുമില്ല.."
തന്നെ കെട്ടാൻ പോകുന്ന ആളുടെ കവിഹൃദയത്തെ കുറിച്ചു അവൾ വാ തോരാതെ കൂട്ടുകാരികളുടെ മുന്നിൽ വിളമ്പി അവരുടെയൊക്കെ അസൂയ ആവോളം ആസ്വദിച്ചു..വല്ലാതെ അഹങ്കരിച്ചു.
അങ്ങനെ വിവാഹം കഴിഞ്ഞു..മധുവിധുവിന്റെ നാളുകൾ.
പുറത്തു നല്ല നിലാവുള്ള ഒരു രാത്രി..ആകാശത്തു തിങ്കൾ കല തെളിഞ്ഞു നിൽക്കുന്നു.. അവന്റെസ്നേഹ ലാളനങ്ങൾക്കു വിധേയയായി മടിയിൽ തല ചായ്ച്ചു കിടക്കെ അവൾ പ്രണയാർദ്രയായി അവനോട് മൊഴിഞ്ഞു"ചേട്ടാ..ആ കവിത.."
"ഏത് കവിത.."
"അന്നൊരിക്കൽ പാതിരായ്ക്ക് പാടാൻ നോക്കിയില്ലേ?"
അവൻ പാടാനായി തയാറെടുത്തു ശബ്ദം ഒന്നു ശരിയാക്കി..
അവളുടെ ഹൃദയം അവന്റെ ഈണത്തിലുള്ള കവിതാലാപനം കേൾക്കാനായി തുടിച്ചു മിഴിയടച്ചു നിന്നു..ഏത് കവിതായിരിക്കും ആലപിക്കുന്നത്? അവൾ കേളക്കാനായി കാത്തു കൂർപ്പിച്ചിരുന്നു..
"തിങ്കളും താരങ്ങളും
തൂവെള്ളി കതിർ ചിന്നും
തുങ്കമാം വാനിന് ചോട്ടി
ലാണെന്റെ വിദ്യാലയം..”
നീട്ടി വലിച്ചു നാലു വരി..ഒരു നിമിഷം താൻ എത്തിപ്പെട്ടത് അത്തിപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ്സ് മുറിയിലാണെന്നു അവൾക്കു തോന്നി..ഒരു കൈകൊണ്ട് ഊരി പോകുന്ന ട്രൗസർ വലിച്ചു കയറ്റി മറുകൈകൊണ്ട ഇടയ്ക്കിടെ ഒലിച്ചു വരുന്ന മൂക്കൊലിപ്പ് തടയാൻ പാടുപെട്ടു ഏങ്ങി വലിച്ചു കൊരവള്ളി പൊട്ടുമാറു പാടുന്ന ഖാദറുകുട്ടിയെയാണ് അവൾക്കപ്പോ ഓര്മ വന്നത്..അത് കേൾക്കുമ്പോഴേ താനടക്കം എല്ലാരും ചിരി തുടങ്ങും..അവൻ അതൊന്നും ശ്രദ്ധിക്കേയില്ല..തല ഒരു വശത്തേക്ക് എടുത്തു പിടിച്ചു വലിയ ശബ്ദത്തിൽ ഒരു കീറലാണ്..
"അതേ..എനിക്കു ഇത്രയേ ഓര്മയുള്ളു..പണ്ടെങ്ങാണ്ടു പഠിച്ചതല്ലേ..ഇത് നല്ല കവിതയല്ലേ.." ആലാപനം നിർത്തി അവൻ അവളുടെ മുടിയിഴയിൽ തലോടി കൊണ്ട് ചോദിച്ചു..അവൾ അതൊന്നുംകേൾക്കുന്നുണ്ടായിരുന്നില്ല.. വല്ലാത്തൊരു മരവിപ്പിൽ അനക്കമറ്റ് കിടക്കുകയായിരുന്നു..പാവം!!!ഒരു നിമിഷം കൊണ്ട് താൻ മനസിൽ സ്വപനം കണ്ടതൊക്കെയും ഒരു പെരുമഴയിൽ ഒലിച്ചു പോകുന്നത് അവൾ ഒരു മരവിപ്പോടെ അറിഞ്ഞു.. ഓഹ് ദൈവമേ..എന്തെല്ലാം മോഹങ്ങളായിരുന്നു...
മനസു നിറയെ ആ മുടിഞ്ഞ പാതിരാത്രിയാണ് ഇപ്പൊ ഓര്മ വരുന്നത്..... പാടാൻ തിടുക്കം കൂട്ടിയ ആളെ താനാണ് തടഞ്ഞത്....അന്നേ ഈ തിങ്കളും താരങ്ങളും പാടിച്ചിരുന്നെങ്കിൽ....
NB :( വായിക്കുന്നതൊക്കെ കൊള്ളാം..പക്ഷെ ഇത് സ്വന്തം അനുഭവമാണോ എന്ന കമെന്റ് കര്ശനമായി നിരോധിച്ചിരിക്കുന്നു..സത്യായിട്ടും അല്ല ട്ടോ..)
No comments