എന്റെ മൗനം
നിന്നെ ഇഷ്ടപ്പെടാൻ എനിക്ക് കാരണങ്ങളില്ല, ഇഷ്ടപ്പെടാതിരിക്കാനും. ബുദ്ധി എത്രത്തോളം പിന്നിലേക്ക് വിളിച്ചാലും മനസ്സ് നിന്നിൽ കീഴ്പ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഒരു തിരിച്ചുപോക്ക് അസാധ്യമെന്നു തോന്നുന്നിടത്ത് ഞാനിന്ന് ഇവിടെ ഒറ്റയ്ക്കാണ്.
പോകാൻ നേരവും നീ പറഞ്ഞു, നിന്റെ സൗഹൃദത്തെ പ്രണയമായി വ്യാഖ്യാനിച്ചതാണെന്റെ തെറ്റ് എന്ന്.
ശരിയായിരിക്കാം. പക്ഷേ, അതിനി തിരുത്തുന്നതെങ്ങനെ?
ഇന്നും സ്വരത്തിൽ നേരിയ പതർച്ച പോലും ഉണ്ടായിരുന്നില്ല നിനക്ക്, എന്റെ മൗനം ഉണ്ടാക്കിയ ചെറിയ നീരസങ്ങളൊഴിച്ചാൽ. തീരുമാനം ഉറച്ചതാണെങ്കിൽ വാക്കുകൾക്ക് ശക്തിയുണ്ടാവും, സത്യമാണ്.
പക്ഷേ, ഞാൻ തിരിച്ചറിഞ്ഞത് പ്രണയമായിരുന്നില്ല, പ്രതീക്ഷകളായിരുന്നു; അണയാനാളുന്ന ഒരു മൺചിരാതിന്റെ അവസാനത്തെ പ്രതീക്ഷ.
ഞാൻ തിരിഞ്ഞു നടക്കാൻ ശ്രമിക്കുകയാണ്. എന്റെ ചിന്തകളിൽ നിന്ന്, സ്വപ്നങ്ങളിൽ നിന്ന്, നിന്റെ അഭാവം നൽകുന്ന ഈ വല്ലാത്ത ശൂന്യതയിൽ നിന്ന്...
No comments