അമ്മ
ഭര്‍ത്താവ് വന്നു ഫ്ലാറ്റിലെ ബെല്‍ അടിച്ചതും അവള്‍ വാതില്‍ തുറന്നു. നടകള്‍ കയറി വന്നത് കൊണ്ട് അയാള്‍ ചെറുതായി കിതക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറുന്നതിനു മുന്‍പേ അവളുടെ ശബ്ദം ഉയര്‍ന്നു..
"ദിവസം മുഴുവനും എവിടെ പോയി കിടക്കുക ആയിരുന്നു. ഞാന്‍ ഓഫീസില്‍ വിളിച്ചപ്പോള്‍ രാവിലെ ചെന്ന് അധികം കഴിയുന്നതിനു മുന്‍പേ ലീവ് എടുത്തു പോയി എന്നാണല്ലോ പറഞ്ഞത്. മൊബൈലും സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നു..എവിടെ തെണ്ടാന്‍ പോയതാണെന്ന് പറഞ്ഞിട്ട് ഇങ്ങോട്ട് കയറിയാല്‍ മതി."
"അത് ഞാന്‍ നിനക്ക് രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ നീ എടുത്തില്ലല്ലോ.. ഞാന്‍ അയച്ച മെസേജ് നീ കണ്ടില്ലേ?. പിന്നെ വിളിക്കാന്‍ എനിക്ക് മൊബൈലില്‍ രേന്ജ് കിട്ടുന്നില്ലായിരുന്നു."
"ഞാന്‍ രാവിലെ ജോലി ഒക്കെ തീര്‍ത്തിട്ടു ഗുരുജിയുടെ ഭജനക്ക് പോകും എന്ന് നിങ്ങള്ക്ക് അറിയാമല്ലോ.. ആ സമയത്ത് ഞാന്‍ ഫോണ്‍ എടുക്കില്ല എന്ന് അറിയാവുന്നതും അല്ലെ? പിന്നെ നിങ്ങള്‍ മേടിച്ചു തന്നിരിക്കുന്ന ഈ പൊട്ട ഫോണില്‍ ഒരു നൂറു മെസ്സേജ് വരും, അതൊക്കെ നോക്കിക്കൊണ്ട് ഇരിക്കല്‍ അല്ലെ എന്റെ പണി?"
അപ്പോഴാണ് അയാളുടെ കയ്യിലിരുന്ന ഒരു പെട്ടിയും തുണികളുടെ ഒരു ഭാണ്ടക്കെട്ടും അവളുടെ കണ്ണില്‍ പെട്ട്ടത്.
"അല്ലാ.. എവിടുന്നാ ഈ വൃത്തികെട്ട പെട്ടിയും ഭാണ്ടക്കെട്ടും ഒക്കെ"
"അത് ഞാന്‍ നാട്ടില്‍ പോയി അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ പതിയെ പുറകെ വരുന്നുണ്ട് സ്റെപ്പ് കയറാന്‍ പ്രയാസം ആണല്ലോ. ഞാന്‍ ആദ്യം സാധനവും ആയി കയറി പോന്നു "
"എന്താ പറഞ്ഞെ? നിങ്ങളുടെ അമ്മയേം കൊണ്ട് വന്നിരിക്കുന്നോ? നാണമില്ലേ മനുഷ്യാ നിങ്ങള്ക്ക്? നിങ്ങളുടെ ചേട്ടനും, അനിയന്മാര്‍ക്കും അമ്മയെ നോക്കാന്‍ എന്താ കുഴപ്പം?"
"എടീ നീ പറയുന്നത് ഒന്ന് കേള്‍ക്ക്.. "
പക്ഷെ അവള്‍ നിര്‍ത്താതെ പറഞ്ഞു തുടങ്ങി. അയാള്‍ക്ക് പ്രതികരിക്കാന്‍ ഒരു അവസരം പോലും കൊടുക്കാതെ അവളുടെ ദേഷ്യം മുഴുവന്‍ പുറത്തേക്ക് പ്രവഹിച്ചു..
"പിന്നെ, ഞാന്‍ നിങ്ങള്‍ പറയുന്നത് മാത്രം കേട്ട് ജീവിച്ചാല്‍ എന്റെ കുട്ടികള്‍ കഷ്ട്ടത്തിലാകും..അങ്ങിനെ ഇപ്പോള്‍ തള്ള ഇവിടെ വന്നു സുഖിക്കാം എന്ന് കരുതണ്ട..ഇവിടെ നിങ്ങള്‍ മാസം തോറും കൊണ്ട് തരുന്ന ഇരുപതിനായിരം രൂപ കൊണ്ട് പിള്ളേരുടെ പടിപ്പും വീട്ടു ചിലവും ഒക്കെ എങ്ങിനെ കഴിക്കുന്നു എന്ന് എനിക്ക് മാത്രം അറിയാം.. നിങ്ങളുടെ അച്ഛന്‍ കൂടുതല്‍ ഷെയര്‍ കൊടുത്തവരൊക്കെ ഉണ്ടല്ലോ. അവരുടെ കെട്ടിയവളുമാരുടെ അടുത്ത് കൊണ്ട് പോയി വിട്."
"ഇപ്പോള്‍ വന്നതല്ലേ ഉള്ളൂ.. അകത്തേക്ക് കയറി പോലും ഇല്ല.. നീയൊന്നു അടങ്ങു" അവള്‍ പറയുന്നതിനിടയില്‍ അയാള്‍ ഇത്രയും പറഞ്ഞു ഒപ്പിച്ചു
"ദേ ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം.. ഇപ്പോള്‍ ഈ നിമിഷം എവിടെ ആണെന്നാല്‍ കൊണ്ട് ചെന്ന് ആക്കിക്കോണം..അല്ലെങ്കില്‍ ഞാന്‍ ഇറങ്ങി തന്നേക്കാം..അമ്മയും മോനും കൂടെ സുഖിച്ചു ജീവിച്ചോ.."
ഇത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ആയാസത്തോടെ നട കയറി വന്ന അമ്മ അയാളുടെ പുറകില്‍ എത്തി. കണ്ടതും അവള്‍ ഒരു നിമിഷം സ്ഥബ്ധ ആയി..
അവള്‍ അറിയാതെ പറഞ്ഞു..
"അമ്മെ.. എന്റെ അമ്മെ.."
അമ്മ പറഞ്ഞു..
"മോളെ നിന്റെ ചേട്ടനും ചേച്ചിയും കൂടെ എന്നെ നമ്മുടെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു..കുറെ നാള്‍ ആയി എന്നെ എവിടെ എങ്കിലും കൊണ്ടാക്കണം എന്ന് പറഞ്ഞു അവള്‍ അവനോടു വഴക്കായിരുന്നു..ഇന്ന് രാവിലെ ഈ സാധനങ്ങള്‍ ഒക്കെ പെട്ടിയിലാക്കി കയ്യില്‍ കുറച്ചു പൈസയും തന്നു അവന്‍ എന്നോട് വേറെ മക്കളുടെ അടുത്ത് എങ്ങാനും പോയി നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് രണ്ടു പേരും വീടും പൂട്ടിയിട്ടു എങ്ങോട്ടോ പോയി. അപ്പുറത്തെ ചന്ദ്രന്‍ കുട്ടി ഇവന് ഫോണ്‍ ചെയ്തു പറഞ്ഞു. എന്തായാലും ഇവന്‍ വന്നത് കൊണ്ട് ഞാന്‍ ഇവിടെ എത്തി. അല്ലെങ്കില്‍ എനിക്ക് ബസ് ഒക്കെ പിടിച്ചു ഇവിടെ വരെ വരാന്‍ അറിയാമായിരുന്നോ?"
"ആ മൂധേവി എന്റെ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ മാത്രം ധൈര്യം കാണിച്ചോ..അവളും അവളുടെ മക്കളും ഗുണം പിടിക്കില്ല..വളര്‍ത്തുന്നുണ്ടല്ലോ രണ്ടെണ്ണത്തിനെ ..അനുഭവിച്ചേ അവള് ചാവുകയുള്ളൂ..അല്ല, എന്റെ ആങ്ങള ഒരുത്തന്‍ ഉണ്ടല്ലോ.. പെണ്കൊന്തന്‍..അവളുടെ അടിമ ആയിട്ട് എന്തിനു ജീവിച്ചിരിക്കുന്നോ ആവോ"
"അമ്മ ഇങ്ങോട്ട് ഇരുന്നെ.. ചേട്ടാ..ആ പെട്ടിയൊക്കെ മുറിയിലേക്ക് വെയ്ക്ക്..ഞാന്‍ പോയി രണ്ടു ഗ്ലാസ് പാലില്‍ ഹോര്‍ലിക്സ് ഇട്ടു കൊണ്ട് വരാം.. നല്ല യാത്രാ ക്ഷീണം ഉണ്ടാവുമല്ലോ..
No comments