Popular Posts

കല്ല്യാണം കഴ്‌ഞ്ഞാൽ ചില അമ്മമാർ ഇങ്ങനെ ആവും

വൈകിട്ട് വീട്ടിലെത്തിയപ്പോൾ എന്നെ വരവേറ്റത് പതിവുപോലെ എന്റെ പ്രിയതമ മീനുന്റെ വാടിയ മുഖം തന്നെയാണ്..












ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മാസം അഞ്ചേ ആയുള്ളൂ.കല്യാണം കഴിഞ്ഞ അന്ന് മുതൽ നല്ല പ്രസരിപ്പും സന്തോഷവും ഒക്കെ ആയി നടന്നിരുന്ന അവൾ ഇപ്പോ ഒരാഴ്ചയായി ഇങ്ങനെ ആണ്. എന്തോ ഒരു വിഷമം അവളെ അലട്ടുന്നത്പോലെ.ഞാൻ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നുമില്ല.

ഓഫീസിലാണെങ്കിൽ നല്ല ജോലി തിരക്കാണ്.അവിടുത്തെ ടെൻഷനും വീട്ടിലെത്തുമ്പോൾ അവളുടെ പുഞ്ചിരിക്കാത്ത മുഖവും എല്ലാം എന്നെയും ഒരുപാട് അസ്വസ്ഥനാക്കിയിരുന്നു.

ഒന്നുമില്ല എന്നവൾ പല ആവർത്തി പറയുമ്പോഴും എന്തോ ഒരു വിഷമം അവളുടെ കണ്ണിൽ അവൾ ഒളുപ്പിച്ചത് പോലെ എനിക്ക് തോന്നി.

എന്റെ വീട്ടുകാർ ആയിട്ട് കണ്ടെത്തി തന്നതാണ് എനിക്ക് അവളെ. ഒരു പ്രണയവിവാഹമല്ലെങ്കിൽ കൂടി കല്യാണം ഉറപ്പിച്ചത് മുതൽ ഇന്ന് വരെ അവളെന്റെ പ്രണയിനി തന്നെയാണ്. അവൾ എനിക്കായി മാത്രം ജനിച്ചതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.

വീട്ടിൽ എല്ലാർക്കും അവളെ ഒരുപാട് ഇഷ്ടമാണ്. അവൾക്ക് അവരെയും.അവളില്ലാതെ ഇവിടാർക്കും പറ്റില്ല എന്ന അവസ്ഥയാണ്.

അവളുടെ മനസ്സിൽ എന്തോ ഒരു തേങ്ങലുണ്ട് എന്ന് എനിക്ക് മാത്രേ ചിലപ്പോൾ തോന്നിയിട്ടുണ്ടാകു.. ഒരാഴ്ചയായി ഞാൻ അതിനെ പറ്റി തന്നെ ചിന്തിക്കുന്നു. ഇനിയും ഇത് നീട്ടികൊണ്ട് പോകാൻ പറ്റില്ല എന്ന് ഞാൻ തീരുമാനിച്ച് ഡ്രസ്സ് പോലും മാറ്റി ഇടാതെ അവളുടെ അടുത്ത് ചെന്നു.

മര്യാദക്ക് ചോദിച്ചിട്ട് അവളൊന്നും പറയാത്തത് കൊണ്ട് നല്ലത് പോലെ ദേഷ്യപ്പെട്ടിട്ട് തന്നെയാണ് ഇത്തവണ ചോദിച്ചത്.എന്റെ പൊട്ടിത്തെറിച്ച ുകൊണ്ടുള്ള ചോദ്യം കേട്ട് ദേഷ്യം കൊണ്ടെങ്കിലും അവൾ കാര്യം പറയുമെന്ന് ഞാൻ കരുതി.

പക്ഷേ മറുപടി പറഞ്ഞത് അവളുടെ അധരങ്ങളല്ല.. കണ്ണീർ പൊഴിച്ച് അവളുടെ കണ്ണുകൾ ആയിരുന്നു..

ഞാൻ ആകെ അസ്വസ്ഥനായി.ഏറെ ആശങ്കയും. ഇത്രമേൽ എന്താണ് അവളെ അലട്ടുന്നത്.
അറിഞ്ഞുകൊണ്ട് താനൊരിക്കലും അവളെ വേദനിപ്പിച്ചിട്ടില്ല. ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ട്.. സ്നേഹമുള്ളിടത്തല്ലേ പരിഭവങ്ങൾ ഉണ്ടാകൂ.. പക്ഷേ അവളെ എന്താ ഇത്ര അലട്ടുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല.. ആ കണ്ണുനീർ തുള്ളികൾ മെല്ലെ തുടച്ച് അവളെ നോക്കി ഞാൻ ഒരിക്കൽ കൂടി കരണമാഞ്ഞു.

അവൾ മെല്ലെ കാര്യം പറഞ്ഞുതുടങ്ങി. മിക്കവാറും വീടുകളിലെ പോലെ അമ്മായി അമ്മ മരുമകൾ പ്രശ്നം തന്നെ.

അമ്മക്ക് അവളെ ഒരുപാട് ഇഷ്ടമാണ്.ഞാൻ ഉള്ളപ്പോൾ അവളെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചു ഞാൻ കണ്ടിട്ടില്ല.വന്ന നാളുകളിൽ അവളെ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ കുറച്ച് ദിവസമായി അമ്മ അവളെ വേദനിപ്പിക്കുന്ന രീതിയിൽ ആണത്രേ സംസാരം.

കല്യാണത്തിന് മുൻപ് എന്തുണ്ടെങ്കിലും ഞാൻ അമ്മയോടാണ് അഭിപ്രായം ഒക്കെ ചോദിക്കാറുള്ളത്. മീനു വന്നതിൽ പിന്നെ അമ്മയോട് ഞാൻ അകൽച്ച കാണിക്കുന്നു എന്നാണ് അമ്മയുടെ പരാതി. അവൾ അമ്മയുടെ കുറ്റങ്ങൾ ഒക്കെ എന്നോട് വന്ന് പറയുന്നുണ്ടോ എന്നൊക്കെ ആണ് അമ്മയുടെ ആശങ്ക. ചെറിയ രീതിയിൽ ഒക്കെ അമ്മ അവളോട് മൗനപ്രതികാരങ്ങൾ ചെയ്യുന്നുമുണ്ട്.

എന്നോട് പറഞ്ഞാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ടാണ് അവൾ ഒന്നും പറയാതിരുന്നത്.
ഞാൻ വീണ്ടും അസ്വസ്ഥനായി.ഇതിപ്പോ മിക്കവാറും വീടുകളിൽ ഇങ്ങനത്തെ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. എന്റെ കൂട്ടുകാർ ഒക്കെ അവരുടെ വീട്ടിലെ കാര്യങ്ങൾ പറയുമ്പോൾ ഇവിടെ അങ്ങനെ ഇല്ലല്ലോ എന്ന് കരുതി ഞാൻ സന്തോഷിക്കാറുണ്ട്.. പക്ഷേ.. ഇപ്പോ ഇവിടെയും.. ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ ചിന്തിച്ചു നിന്നു.

അമ്മയോട് ഇത് ചോദിച്ചാൽ ഇവിടെ ഒരു കുടുംബ പ്രശ്നം ഉണ്ടാകും. മീനു വന്ന് കേറിയതിൽ പിന്നെ ആണെന്നും പറഞ്ഞ് വലിയ പ്രശ്നം ആകും..

ഞാൻ മെല്ലെ അവളെ സമാധാനിപ്പി ക്കാൻ ആയി ഓരോന്ന് പറഞ്ഞു.

" മീനു.. നീ വിഷമിക്കല്ലേ.. അമ്മ ഒരു പാവമാണ്. പിന്നെ ഇത്രയും കാലം അമ്മ അല്ലെ എന്നെ നോക്കിയത്. ഇപ്പോ നീ വന്ന് എന്റെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ അമ്മക്ക് ചിലപ്പോൾ സങ്കടം ആവുന്നുണ്ടാകും. ഇപ്പോ അമ്മയെ ആർക്കും വേണ്ട എന്നൊക്കെ തോന്നും.അതാണ് ഓരോ പരിഭവങ്ങൾ ഒക്കെ ഇടക്ക് പറയുന്നത്. അത് നിന്നോട് ദേഷ്യം ഉള്ളത്കൊണ്ടല്ല നമ്മളെ ഒക്കെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണ്..
പിന്നെ ചിലനേരത്ത് അമ്മക്ക് ദേഷ്യം കേറിയാൽ എന്താ പറയാന്ന് അമ്മക്ക് പോലും അറിയില്ല. പ്രായമായതല്ലേ.. നീ അതൊന്നും കാര്യമാക്കണ്ട..

പ്രായമായാൽ എല്ലാവരും കുട്ടികളുടേത് പോലെ ആവും.. വാശിയും ദേഷ്യവും പരിഭവങ്ങളും ഒക്കെ കൂടുതൽ ആയിരിക്കും. നമ്മളും പ്രായമായാൽ ഇങ്ങനൊക്കെ തന്നെ കാണിക്കും. അത് കൊണ്ട് നീ വിഷമിക്കല്ലേ..അമ്മയെ തിരിച്ചു സ്നേഹിക്ക്.. അമ്മയുടെ ദേഷ്യമൊക്കെ മാറിക്കോളും.

നിന്റെ അമ്മ നിന്നെ വഴക്കൊക്കെ പറയാറില്ലേ..അതുപോലെ കരുതിയമതി. " സങ്കടങ്ങൾ മുഴുവൻ എന്നോട് പറയാൻ കഴിഞ്ഞതുകൊണ്ടോ.. എന്റെ ആശ്വാസവാക്കുകൾ കൊണ്ടോ.. എന്തോ.. അവളുടെ കണ്ണുകൾ വിടർന്നിരുന്നു..മുഖത്ത് പുഞ്ചിരിയുടെ പൂമൊട്ട് പാതി വിടർന്നിരുന്നു..

രാത്രി അവൾ കാണാതെ ഞാൻ പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്നു. ഓഫീസിലെ ചില വിശേങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ അമ്മ വല്ലാത്ത സന്തോഷത്തിൽ ആകുന്നത് ഞാൻ കണ്ടു..

പതിയെ ഞാൻ അമ്മയോട് ചോദിച്ചു.. " അമ്മേ..മീനുവിനു എന്തോ വിഷമം ഉള്ളത് പോലെ. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. അവൾ അമ്മയോട് എന്തെങ്കിലും പറഞ്ഞോ ??"

എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞെട്ടലാണോ ദേഷ്യമാണോ എന്ത് വികാരമാണ് അമ്മക്ക് വന്നതെന്ന് എനിക്ക് മനസിലായില്ല..

എന്റെ ചോദ്യത്തിന് "ഇല്ല " എന്ന് മാത്രമേ അമ്മ മറുപടി പറഞ്ഞുള്ളു.

ഞാൻ വീണ്ടും അമ്മയോട് ഓരോന്ന് പറഞ്ഞു.

" അമ്മേ.. അവളെ നന്നായിട്ട് നോക്കിയേക്കണേ.. സ്വന്തം നാടും വീടും വീട്ടുകാരേം ഒക്കെ വിട്ട് നമ്മുടെ വീട്ടിലേക്കു വന്നതല്ലേ അവൾ. അമ്മായിഅമ്മ ഒരിക്കലും അമ്മക്ക് പകരമാവില്ല എങ്കിലും..എന്റെ അമ്മ ഇവിടുള്ളപ്പോൾ അവൾക്ക് അവളുടെ അമ്മ ഇവിടുണ്ടായെങ്കിൽ എന്ന് തോന്നരുത്.
അവൾക്ക് അവളുടെ വീട്ടിൽ ഉള്ളതിനേക്കാൾ സ്വാതന്ത്ര്യം നമ്മുടെ വീട്ടിൽ ഉണ്ടാകണം. കാരണം ആ വീട്ടിൽ അവൾ ജീവിച്ചതിനേക്കാൾ കൂടുതൽ ഇവിടെയാണ് ജീവിക്കാൻ പോകുന്നത്.

അവളുടെ ഇഷ്ടങ്ങളൊക്കെ അമ്മ ചോദിച്ചറിയണം. അമ്മ ആയിട്ട് തന്നെ എനിക്ക് തന്നതാണ് അവളെ..
ഒരിക്കൽ അമ്മയും അവളെ പോലെ വീടും നാടും ഒക്കെ വിട്ട് ഈ വീട്ടിലേക്ക് വന്നതല്ലേ. അന്ന് അമ്മക്കുണ്ടായ അതേ ടെൻഷൻ ഒക്കെ ഇപ്പോ അവൾക്കും ഉണ്ടാകും.
അമ്മ എല്ലാം ചോദിച്ചറിയണം ട്ടോ..മോളെ പോലെ നോക്കണേ.. "

എന്റെ സംസാരം കേട്ടപ്പോൾ അമ്മക്ക് സ്വന്തം തെറ്റുകൾ മനസിലായത് കൊണ്ടാവണം ചെറിയൊരു കുറ്റബോധം ഞാൻ ആ മുഖത്ത് കണ്ടു.. എങ്കിലും എല്ലാം മറച്ചു വെച്ച് ഒരു പുഞ്ചരിയോടെ അമ്മ പറഞ്ഞു.. " ഇതൊക്കെ നീ പറഞ്ഞിട്ട് വേണോ.. അവളെന്റെ മകളല്ലേ.. അവൾക്ക് ഇപ്പോ ഒരു വിഷമവും ഇല്ല.. ഇനി നീയായിട്ട് അവളെ വേദനിപ്പിക്കാതിരുന്നാൽ
മതി.. ഇവ്ടെല്ലാർക്കും അവൾ പ്രിയങ്കരിയാണ് "

അമ്മയുടെ മറുപടി കേട്ട് സന്തോഷത്തോടെ തിരിഞ്ഞു നടന്നപ്പോൾ വാതിലിനടുത്ത് മീനുവിനെ കണ്ട് ഞാൻ ഞെട്ടി.. അവൾ എല്ലാം കേട്ടിരുന്നു.

എന്തോ.. പെട്ടെന്ന് ഒരു ചെറിയ ചമ്മൽ എനിക്ക് തോന്നി.. എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ നടന്നു..
രാത്രി കിടക്കാൻ നേരം അവൾ റൂമിലേക്ക് വന്നപ്പോൾ അവളുടെ മുഖം ഒരു പൂർണ്ണചന്ദ്രനെ പോൽ എനിക്ക് തോന്നി മെല്ലെ എന്റെ അരികിൽ വന്ന് എന്റെ കൈ പിടിച്ചവൾ പറഞ്ഞു.. തന്നെ മനസിലാക്കാനും ഒപ്പം നിൽക്കാനും ഇങ്ങനൊരു ആളുള്ളപ്പോൾ അവൾക്ക് ഒരു സങ്കടവും ഇല്ല എന്ന്. അവൾ ഭാഗ്യവതി ആണെന്ന്..

അത് പറയുമ്പോൾ അവൾ ഒരുപാട് സന്തോഷവതിയായായിരുന്നു.. ആ കണ്ണുകളിൽ കണ്ണുനീരും ചുണ്ടിൽ പുഞ്ചിരിയും ഉണ്ടായിരുന്നു.. എനിക്കെന്റെ മീനുവും അമ്മയും ഒരുപോലെ പ്രിയപ്പെട്ടതാണ്.. ഒരാൾക്കും പകരമാവാൻ മറ്റൊരാൾക്ക് ആവില്ല..

അവളുടെ സന്തോഷം കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.. ഒപ്പം മനസ്സും..ആശ്വാസവും സന്തോഷവും കൊണ്ട്..

രചന :-മൃദുല മുരളി

No comments