എൻജിനീയറിങ് കഴിഞ്ഞ്, കിട്ടിയ സപ്ലിയുമൊക്കെയായി തേരാ പാരാ തെണ്ടി നടക്കുന്ന ടൈം
എൻജിനീയറിങ് കഴിഞ്ഞ്, കിട്ടിയ സപ്ലിയുമൊക്കെയായി തേരാ പാരാ തെണ്ടി നടക്കുന്ന ടൈം… അപ്പോഴാണ് മ്മടെ സ്വന്തം പിതാശ്രീടെ വക അന്ത്യ ശാസനം…
___ മോനെ (ആ ഡാഷ് ഇങ്ങളുദ്ദേശിച്ചത് തന്നെയാ മക്കളെ)നാളെ തൊട്ട് കലവറയിൽ വന്നില്ലേൽ എന്റെ മറ്റേ മൊഖം നീ കാണും( സാഗർ എന്ന മിത്രത്തിനെ മാത്രമേ നിനക്കറിയൂ, ജാക്കി എന്ന ശത്രൂനെ അനക്കറിയില്ല) ആ ഡയലോഗും നമിച്ചോണ്ട് , അച്ഛനെ ജാക്കിയാക്കേണ്ട എന്നുള്ള സദുദ്ദേശത്തോടെ( അല്ലാണ്ട് പണിയൊന്നുമില്ലാഞ്ഞിട്ടോ പേടിച്ചിട്ടോ അല്ല) പിറ്റേന്ന് തൊട്ടു ഞാൻ കലവറയിൽ പോവാനുള്ള തീരുമാനത്തിലെത്തി……
അങ്ങിനെ കുറെ കാലത്തിനു ശേഷം അന്നാദ്യമായി ഞാൻ സൂര്യനെ കണ്ടു.. ഒന്നേ കണ്ടുള്ളൂ… അല്ല ഒന്നേ നോക്കിയുള്ളൂ … അതിനു മുന്നേ മുതുകിനിട്ടൊരു ചവിട്ടും പോയി കുളിച്ചു വന്നു വണ്ടിയെടുക്കെടാ പോത്തെ ന്നൊരലർച്ചയും…. ബാത്‌റൂമിൽ കയറിയതും ഇറങ്ങിയതും ഒരുമിച്ചായിരുന്നു.. ഹോസ്റ്റലിൽ നിന്ന് പഠിച്ചെന്റെ ഓരോരോ ഗുണങ്ങളെ….
അങ്ങനെ വലതു കാലു വെച്ച് കലവറ യിലോട്ടു കേറി. കലവറ ന്നു പറഞ്ഞ പാചകപ്പുര… അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ദേഹണ്ണകാരൻ ആണ്… അങ്ങിനെ സിവിൽ എൻജിനീയർ ആയി പ്ലാനും വരച്ചു എ സി യിലിരുന്നു ജോലി ചെയ്യാൻ സ്വപ്നം കണ്ട ഞാൻ വെണ്ടക്കെടേം മുരിങ്ങാക്കടേം അളവെടുത്തു അടുപ്പിന്റെ തീയും പുകയും കൊള്ളാൻ തുടങ്ങി… എവിടെ ചെന്നാലും അച്ഛന് എന്നെ കുറിച്ച് പറയാൻ മാത്രേ നേരള്ളൂ( നല്ലതാവില്ലന്നു ഊഹിക്കാലോ)…
അങ്ങനെ ഒന്ന് രണ്ടു മാസത്തിനു ശേഷം അച്ഛന്റെ പ്രിയ സ്നേഹിതന്റെ മകന്റെ കല്യാണത്തിന് പോയപ്പോഴാണ് അവളെ വീണ്ടും കാണുന്നത്… ഓ… ഈ അവളാരാന്നല്ലേ??… അതൊരു ഫ്ലാഷ് ബാക്ക് സ്റ്റോറി… ഞാനന്ന് പത്തില് പഠിക്കുന്ന കാലം.. കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ ഒക്കെ കൂട്ടുകാരന്മാര് സെറ്റാക്കുന്നത് കണ്ട് ,അണ്ടി കളഞ്ഞ അണ്ണാനെ പോലെ നടന്നിരുന്ന ടൈം.. അന്ത കാലം…. ഒരു വിധപെട്ടവരെല്ലാം വളഞ്ഞു കുപ്പിയിലായി… എനിക്ക് മരുന്നിനു പോലും ഒന്നില്ലാത്ത അവസ്ഥ… അപ്പോഴാണ് ചങ്ക് ബ്രോ ലവൾടെ കാര്യം പറയുന്നേ… ക്ലാസ് ലീഡറ്,സ്കൂൾ ലീഡറ് പോരാത്തേന് സ്കൂളിന്റെ റാങ്ക് പ്രതീക്ഷേം…. കാണാനും കുഴപല്യ… വളയില്ല ന്നുറപ്പുണ്ടായിട്ടും ചങ്കിന്റെ ഒരൊറ്റ വിശ്വാസത്തിന്റെ പുറത്തു അവൾക്കൊരു ലൗ ലെറ്ററങ്ങു കാച്ചി…. അവളത് നേരെ ക്ലാസ് ടീച്ചറിനും…. അവിടുന്ന് നേരെ പ്രിൻസിപ്പലിലോട്ട്…. ചോദ്യായി പറച്ചിലായി കരച്ചിലായി ….. അവസാനം ന്തായി ആളും പോയി മാനോം പോയി… ആ അലവലാതി സ്കൂളും മാറി പോയി… ഞാൻ ബ്ലിങ്കസ്സ്യ …..ന്നാലും ഈ ആദ്യ പ്രണയോം ആദ്യ കാമുകീം ഒരു ഒന്നൊന്നര സംഭവാണ്…. ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവം…. മ്മടെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു കിടക്കുന്ന സംഭവം…
അവള് എവിടെ പോയിന്നൊക്കെ ഞാൻ അന്വേഷിച്ചിരുന്നു.. അവൾക്ക് മെറിറ്റില് എന്ജിനീയറിങ്ങിന് കിട്ടി എന്നറിഞ്ഞോണ്ട് മാത്രം, പാസ്സാവില്ലെന്നുറപ്പുണ്ടായിട്ടും ലോൺ എടുത്ത് എങ്ങിനിയറിങ്ങിന് ചേർന്ന ഹത ഭാഗ്യനായ കാമുകനായിരുന്നു ഞാൻ… അതോണ്ട് ന്തായി!!! നാലു വർഷത്തെ പഠിപ്പും നാല്പത് വർഷം എഴുതിയാലും തീരാത്ത സപ്ലിയും…
ആ ലവളാണ് ,ആ അലവലാതിയെ ആണ് ഞാനിന്നു വീണ്ടും കണ്ടത്… പക്ഷെ!! സത്യം പറയാലോ… കണ്ടാ കണ്ണെടുക്കാൻ തോന്നില്ല്യ… ഒന്നൂടെ തുടുത്തു ചുമന്നു ചെറിപ്പഴം പോലെ സുന്ദരി ആയിട്ടുണ്ടവൾ…. ഈ ആണുങ്ങളൊക്കെ ഇത്ര ലോലഹൃദയരായി പോയല്ലോ ദൈവമേ!!!!
ഇവൾക്കിവിടെ ഇതെന്തു കാര്യം ന്ന് ആലോചിക്കുമ്പോഴാണ് കല്യാണ ചെക്കന്റെ പെങ്ങളേം കൂട്ടി അവള് കലവറയിലോട്ടു വന്നേ…. മെല്ലെ അവിടുന്ന് സ്കൂട്ടാവാൻ നോക്കിയ കറക്റ്റ് ടൈമിന് അച്ഛന്റെ വിളി… ” ആദി, അവിയലിലോട്ടുള്ള തേങ്ങ ചിരകിയെടുക്കെടാ”…. അങ്ങിനെ അവൾടെ മുന്നിലിരുന്ന് ഞാൻ തേങ്ങ ചിരകാൻ തുടങ്ങി…
“എന്നെ മനസ്സിലായോ ആദി?”.. അവൾടെ കിളി നാദം…..
ചത്താലും മറക്കൂല്ലെടി പുല്ലേ… നീ കാരണം നാണം കെട്ടേന് അളവില്ല എന്ന് പറയണം ന്നുണ്ടായിരുന്നു… പക്ഷെ അപ്പോഴേക്കും അച്ഛൻ ഇടങ്കോലിട്ടു….
” മോളേതാ? നല്ല മുഖ പരിചയം… ”
“ഞാൻ പോസ്റ്റ്മാനായിരുന്ന ബാലന്റെ മകളാ…”
“അയ്യോ, അറിയൊന്നോ… ഞാനും അച്ഛനും വല്യ കൂട്ടായിരുന്നു.. സ്ഥലം മാറ്റം കിട്ടി പോയെ പിന്നെ ഒരു വിവരോം ഇല്ലായിരുന്നു.. എല്ലാര്ക്കും സുഖാണോ? മോളെന്തു ചെയ്യുന്നു??”….
“ഞാൻ പ്പോ വിപ്രോയില് ജോലി ചെയ്യാ , ബാംഗ്ലൂരില്, അവിടെയി വിനയേട്ടനും ജോലി ചെയ്യണേ.. ”
ഓ… അപ്പൊ അതാണ് സംഭവം.. കല്യാണ ചെക്കന്റെ കൂടെ ജോലി ചെയ്യുന്നവളാ… ആ ബന്ധത്തിന്റെ പുറത്തു വന്നതാ…..
“ആഹാ! അപ്പൊ മോള് എൻജിനിയറിങ് കഴിഞ്ഞതാ ലെ? എവിടെയാ പഠിച്ചേ?”
” ഞാൻ ഇവിടുത്തെ ഗവർണ്മെന്റ് എൻജിനിയറിങ് കോളേജില്.. ക്യാംപസ് സെലക്ഷനിൽ ജോലിം കിട്ടി… ആദി എന്ത് ചെയ്യാ??”….
“അയ്യോ!! മോൾക്കറിയില്ലേ അവൻ വല്യ എൻജിനിയറാ…. ലോണെടുത്ത കാശു കൊണ്ട് തമിഴ് നാട്ടില് പോയി പഠിച്ചു വല്യ പട്ടം കൊണ്ട് വന്നിരിക്കുവാ.. ഇപ്പോ ദാ അവിയലും സാമ്പാറും ഉണ്ടാക്കുന്ന വല്യ പണിയാ…. “അച്ഛൻ എന്നെ പുച്ഛത്തോടെ നോക്കി….
എന്നെ കൊലക്ക് കൊടുക്കാനാണോ ടി പുല്ലേ ഇങ്ങോട്ടെഴുന്നള്ളിയെ എന്നുള്ള ഭാവത്തില് ഞാനവളെ ഒന്ന് നോക്കി… ന്റമ്മോ!! എന്താ ഒരു ഭംഗി… കരിമഷിയെഴുതിയ കണ്ണുകൾ… കാതിലിട്ട ജിമ്മിക്കി, കൈയ്യിലണിഞ്ഞ ചുമന്ന വളകൾ… എല്ലാറ്റിനുമുപരിയായി കാറ്റിലങ്ങനെ ആടിയുലയുന്ന അവളുടെ കാർകൂന്തൽ…. ന്റെ ഹൃദയത്തിലങ് തറച്ചു… പിന്നെ നോക്കാൻ നിന്നില്ല്യാ… നോക്കിയാ കണ്ട്രോള് പോവും… അല്ലേൽ തന്നെ അവളെയൊക്കെ നോക്കി വായില് വെള്ളമൂറിച്ചിട്ടു കാര്യമില്ലല്ലോ… അവള് വല്യ എൻജിനിയർകാരി… മ്മള് പാവം സപ്ലികാരൻ…..
പാതിരയായാലും കലവറ ഉണർന്നിരിക്കും… ഏകദേശമെല്ലാം സെറ്റാക്കി വെച് ഞാൻ ഒന്ന് മുതു ചായ്ക്കാനായി തുടങ്ങുമ്പോഴേക്കും വിനയേട്ടൻ വന്നു…. എല്ലാരും കിടന്നിരുന്നു….
” ആദി, ഒന്ന് പുറത്തേക്ക് വാടാ”….
“ആഹാ! അത് ശരി, കല്യാണ ചെക്കൻ ഉറങ്ങാണ്ട് ഇത് എന്തിനുള്ള പരിപാടിയാ??”…
” ശ്…….”
എന്റെ കയ്യും പിടിച്ചോണ്ട് വിനയേട്ടൻ പുറത്തു കടന്നു.. തൊടിയിലേക്ക് പോവുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു
“ന്താ ഏട്ടാ സംഭവം?? ഞാൻ ഇന്ന് അടിക്കില്ല ട്ടോ.. ”
” അയ്യടാ!! അവന്റൊരു പൂതി……
ഇതാടാ ചെക്കാ സംഭവം.. ഒരുത്തി ഇവിടെ വന്നിരിക്കുന്നതെ കല്യാണം കൂടാനൊന്നും അല്ല… ന്നാടാ ഇത് പിടി…..”
“ഇതെന്ത് കീറ കടലാസ്സാ”…..
ദൈവമേ!!!ഞാൻ പണ്ട് അവൾക്ക് കൊടുത്ത ലൗ ലെറ്ററ്.. ഇതിങ്ങേർടെ കയ്യിലെങ്ങനെ?? ഛെ!! അങ്ങേര് വായിച്ചിട്ടുണ്ടെങ്കി മാനം കപ്പലേറി.. മൊത്തം അക്ഷര തെറ്റും ലോകോത്തര തോൽവി ഉണക്ക സാഹിത്യോം… ഞാനിത്രേം പോക്കായിരുന്നോ??
വിനയേട്ടൻ അതെന്റെ കയ്യിലേല്പിച്ചു പോയി… ഇവളിതും പൊക്കി പിടിച്ചോണ്ട് വരേണ്ട കാര്യം…
” ഓ! പണ്ടത്തെ കലിപ്പ് തീർന്നിട്ടില്ല ല്ലേ ടി പുല്ലേ?? അങ്ങേർക്കിത് കാണിച്ചു കൊടുത്തു എന്നെ നാറ്റിച്ചില്ലേ?? ഇനി വേറെ ആർക്കൊക്കെ കാണിച്ചു കൊടുക്കാനാണെടി ഇങ്ങോട്ടെഴുന്നള്ളിയെ??”
“അപ്പൊ എഴുതുമ്പോ അറിയില്ലായിരുന്നോ ആരെങ്കിലും കണ്ടാ നാണക്കേട് ആണെന്ന്?”… അവളുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടി കേട്ടപ്പോ എനിക്ക് ദേഷ്യം ഇരട്ടിച്ചു….
“എടി ..എടി..എടി…
നീയൊന്നും എത്ര വലിയ എൻജിനിയർ ആയിട്ടും കാര്യല്യാ.. മനസ്സ് നന്നാവണമെടി.. അന്നേ കുറെ തല്ലു കൊള്ളിച്ചതല്ലേ?? ഇനിയിപ്പോ അതൊന്നും പോരാഞ്ഞിട്ടാണോ അതും താങ്ങി പിടിച്ചോണ്ട് ഇങ്ങോട്ടു വന്നേ എന്നെ നാറ്റിക്കാൻ… ഇതെവിടെന്നു തപ്പി പിടിച്ചെടുത്തു… ??”
നീയൊന്നും എത്ര വലിയ എൻജിനിയർ ആയിട്ടും കാര്യല്യാ.. മനസ്സ് നന്നാവണമെടി.. അന്നേ കുറെ തല്ലു കൊള്ളിച്ചതല്ലേ?? ഇനിയിപ്പോ അതൊന്നും പോരാഞ്ഞിട്ടാണോ അതും താങ്ങി പിടിച്ചോണ്ട് ഇങ്ങോട്ടു വന്നേ എന്നെ നാറ്റിക്കാൻ… ഇതെവിടെന്നു തപ്പി പിടിച്ചെടുത്തു… ??”
“വെറുതെയല്ല ഇത്രേം സപ്ലി വാരി കൂട്ടിയേ?”
“എന്തോന്ന്??”
“കുന്തം”…..
“അതേടി, ഞാൻ സപ്ലി വാരി കൂട്ടിയിട്ടുണ്ട്.. അത് നിന്നെ പോലെ പഠിച്ചു വല്യ ഉദ്യോഗസ്ഥനാവാൻ അറിയാൻ മേലാഞ്ഞിട്ടല്ല… അങ്ങിനെ ഞാൻ പഠിച്ചു വല്ല ഉദ്യോഗോം കിട്ടി നിന്റെ കൂട്ട് ബാംഗ്ലൂരിലോ ദുബായിലോ ഒക്കെ പോയി നിന്നാ ,പിന്നേം എന്റെ അച്ഛനും അമ്മേം ഈ തീയത്തും പോകേത്തും തനിച്ചാവും.. അതിനെനിക്കു മനസ്സില്ലെടി പുല്ലേ… നിന്റെ ഒരു മൾട്ടി നാഷണൽ കമ്പനിക്കും ഈ അടുക്കളെടെ സുഖം തരാൻ പറ്റില്ല്യ… ഒരു കപ്പ് ചായ പോലും തിളപ്പിക്കാനാറിയാത്ത നിന്നോടൊന്നും ഒരു വെപ്പുകാരന്റെ മഹത്വം പറഞ്ഞാ മനസ്സിലാവില്ല….. ”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവള് പറഞ്ഞു…
” അന്നെന്തിനാ എനിക്ക് ഇങ്ങനൊരു കത്തെഴുതിയെ? നേരിട്ട് പറഞ്ഞാ പോരായിരുന്നോ?….”
” ഓ… അപ്പൊ നേരിട്ട് തല്ലി തീർക്കായിരുന്നല്ലോ ല്ലേ?? ആഹാ കൊള്ളാം മോളെ മനസ്സിലിരുപ്പ്……അർദ്ധരാത്രിക്ക് വിളിച്ചവൾടെ പൊന്നാരം… ഉറക്കോം കളഞ്ഞു സാമാനം……” ഞാനാ കത്ത് ചുരുട്ടി വലിച്ചെറിഞ്ഞോണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി….
“ആദി, രണ്ടു വർഷത്തെ ബോണ്ടുണ്ട് അവിടെ…. അത് കഴിഞ്ഞാ ഞാനീ അടുക്കളയിലോട്ടു വന്നോട്ടെ???”
ഞാൻ നിലത്തേക്ക് വലിച്ചെറിഞ്ഞ കത്തെടുത്ത് എന്റെ നേരെ നീട്ടികൊണ്ടവൾ പറഞ്ഞു….
“ഇതെവിടുന്നും തപ്പി പിടിച്ചോണ്ട് വന്നതല്ല, എത്ര തല്ലു കിട്ടിയിട്ടും കൈയ്യിന്നാ ലെറ്ററു വിടാതെ പിടിച്ചു നിന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.. ഞാൻ അന്ന് അത്രക്കൊന്നും വിചാരിച്ചിരുന്നില്ല .. ആദ്യമായിട്ടാ എന്റെ ജീവിതത്തിൽ അങ്ങനെയൊക്കെ ഉണ്ടാവുന്നത്… എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു… പക്ഷെ, തിരിച്ചിറങ്ങി ആദി എന്നോട് പറഞ്ഞില്ലേ, നീ നോക്കിക്കോ നിന്നെ തന്നെ ഞാൻ കെട്ടുള്ളു എന്ന് , ആ വാക്കുകൾ എന്റെ ഹൃദയത്തിലാണ് കൊണ്ടത്..അന്നും ഇത് പോലെ എന്റെ മുഖത്തേക്ക് ഈ കത്ത് വലിച്ചെറിഞ്ഞിരുന്നു… ഈ പെൺകുട്ട്യോൾക്ക് ഒരു സ്വഭാവണ്ട്, ആദ്യത്തേതെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരിക്കും… എനിക്ക് ആദ്യമായി കിട്ടിയ കത്താണിത്… ഈ കത്തും ഇത് തന്ന ആളും അന്ന് തൊട്ട് എന്റെ മനസ്സിൽ കേറിയതാ… ഇപ്പൊ വീട്ടില് പറയാൻ സമയമായിന്നു തോന്നുന്നു … അതിനു മുൻപ് ആദിയുടെ അഭിപ്രായം അറിയാൻ വേണ്ടി മാത്രാ ഞാൻ ഇത്രയും ദൂരം”………..
ഞാനപ്പൊ ആലോചിച്ചത് ഇതൊക്കെ എപ്പോ സംഭവിച്ചു എന്നുള്ളതായിരുന്നു…. എനിക്കടിയല്ലാതെ വേറൊന്നും ഓർമയിലില്ല…
അവളെയൊന്നു നോക്കി ചിരിച്ചോണ്ട് ഞാൻ തിരിച്ചു നടന്നു… അവളോടി വന്നെന്റെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞു..
“ആദി, ഞാൻ തമാശ പറഞ്ഞതല്ല… എനിക്കൊരു മറുപടി തന്നിട്ട് പോ”
അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ വീണ്ടും നടന്നു…
“ആദി ഇഷ്ടമല്ലെങ്കിൽ അതെങ്കിലും”……
” ആദി”
ആ വിളിയിൽ ഒരു തേങ്ങലും കൂടി ഉണ്ടായിരുന്നു.. ഞാൻ അതും അവഗണിച്ചോണ്ട് നടത്തം തുടർന്നു..
അവള് വിചാരിച്ചു എനിക്കവളെ ഇഷ്ടമില്ലാത്തൊണ്ട് ഞാൻ തിരിഞ്ഞു നടന്നതാണെന്ന്… അല്ല മക്കളെ… സീൻ വേറെ.. ഞാൻ നേരെ പോയത് ബാത്ത് റൂമിലോട്ടാ… അവിടെ നിന്ന് ഒരു നാക്കുമുക്ക ഡാൻസങ് കാച്ചി… പൊട്ടന് ലോട്ടറി അടിച്ച പോലായില്ലേ!!!! അവള്….. അതും ഈ എന്നെ…. അവിടെയിരുന്ന ബക്കറ്റ് വരെ തല്ലി പൊട്ടിച്ചു കളിച്ചു… ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക
ഞാൻ തിരിച്ചു ചെന്നപ്പോ അവളവിടെ ഉണ്ടായിരുന്നില്ല… അപ്പോഴേക്കും കലവറ ഉണർന്നിരുന്നു… സദ്യക്കുള്ളതെല്ലാം റെഡി ആക്കാനായി ഞാനും അവരോടൊപ്പം കൂടി… മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു.. എന്തെന്നില്ലാത്ത ഉത്സാഹം… അവളെയൊന്നു കാണാൻ മനസ്സ് കൊതിച്ചു..
കല്യാണമൊന്നും കൂടാൻ വെപ്പുകാർക്ക് സാധിക്കാറില്ല… കെട്ടു കഴിയുന്നതിന് മുന്നേ സദ്യക്കുള്ള നീണ്ട നിര പ്രത്യക്ഷപ്പെട്ടു… വിളമ്പുകാരനായി ഓടി നടക്കുന്നതിനിടയിലാണ് അവളെ വീണ്ടും കണ്ടത്.. പച്ച പാട്ടുസാരിയൊക്കെ ഉടുത്ത്, ഒരു പച്ച പനംതത്ത പാറി വന്ന പോലെ…
അവളെന്നെ നോക്കിയതെ ഇല്യ.. രണ്ടു മൂന്ന് തവണ വിളമ്പാൻ അടുത്ത് ചെന്നിട്ടും തല ഉയർത്തിയില്ല… അങ്ങനെ കെട്ടും ബഹളോം കഴിഞ്ഞു… എനിക്കാണെങ്കി അവളോടൊന്നു സംസാരിക്കാൻ പറ്റാഞ്ഞിട്ട്… പക്ഷെ നിന്ന് തിരിയാനുള്ള സമയം പോലും കിട്ടിയില്ല, പിന്നാ സംസാരം… സാധനങ്ങളെല്ലാം കേറ്റി അച്ഛനേം അമ്മേം ബാക്കിയുള്ളോരേം കൂടി വണ്ടിയിൽ കേറ്റിയങ്ങു പറഞ്ഞയച്ചു… ബൈക്ക് എടുക്കാനെന്നും പറഞ്ഞ്, അവളവിടെ ഉണ്ടോ എന്നറിയാനായി ഞാൻ അകത്തേക്ക് ചെന്നു.. അവള് ബാഗ് റെഡി ആക്കുകയായിരുന്നു….
” മീരെ, ഒന്ന് വന്നേ”!!
എന്നെ അപ്രതീക്ഷിതമായി കണ്ടത് കൊണ്ടാവണം അവളൊന്നു ഞെട്ടി… ഒരാട്ടിൻകുട്ടിയെ പോലെ എന്റെ പിന്നാലെ അനുസരണയോടെ വരുന്ന അവളെ കണ്ടപ്പോ ഉള്ളിൽ ഞാൻ പൊട്ടിച്ചിരിക്കുകയായിരുന്നു…
“നിനക്കു കഷ്ണം നുറുക്കാനൊക്കെ അറിയോ?? ”
” മ്മ്”… അവളത്ഭുതത്തോടെ എന്നെ നോക്കിയൊന്നു മൂളി….
“ന്നാ വാ കേറ്?”
“എങ്ങോട്ടാ??”
“അമ്മക്കൊരു കൈ സഹായിയെ വേണം ന്നു പറഞ്ഞിരുന്നു മരുമോളായിട്ട്!!! എനിക്കൊരു ഭാര്യേം”….
അവളുടെ കണ്ണുകളിലലയടിച്ച സന്തോഷത്തിന്റെ തിളക്കം കണ്ടപ്പോൾ ഞാനവളെ എന്നിലേക്ക് ചേർത്ത് നിർത്തി ചോദിച്ചു…
” പോരുന്നോ ടി പുല്ലേ??”
അതിന് കയ്യിലൊരു നല്ല അടി തന്നാണവൾ മറുപടി പറഞ്ഞത്…
“അപ്പൊ ഇന്നലെ ജാഡ കാണിച്ചതാണല്ലേ ടാ തെണ്ടി?””… പിന്നെ അടിയോടടി പൊടി പൂരമായിരുന്നു… ആ തൊടി മുഴുവനിട്ടോടിച്ചു ആ പൂതന എന്നെ….
” കെട്ടാൻ പോവുന്നവനെ ഇങ്ങനെയിട്ടോടിച്ചു കഷ്ടപ്പെടുത്തല്ലേ ടി പെണ്ണേ… പാപം കിട്ടും… ”
ഓടി ക്ഷീണിച്ചു നിക്കുന്ന എന്റെ കവിളത്തൊരുമ്മ തന്നവൾ പറഞ്ഞു… “ഇനിയെന്ത് പാപം കിട്ടാൻ? ഒരു മഹാപാപത്തിനെയാണല്ലോ ചുമലിലേറ്റിയിരിക്കുന്നെ??”….
“മഹാപാപമല്ലെടി, മഹാ പാവം!!!!”….
എന്റെ നെഞ്ചിലേക്ക് ചാഞ്ഞ അവളുടെ കൈകളിൽ കൈകോർത്തു പിടിച്ചു പറഞ്ഞു, “പെൺകുട്ട്യോൾക്ക് മാത്രല്ലടോ, ആൺകുട്ട്യോൾക്കും ആദ്യത്തേതെല്ലാം പ്രിയപ്പെട്ടതാണ്… നിനക്ക് വേണ്ടി മാത്രല്ലെടി പുല്ലേ ഇക്കണ്ട സപ്ലിയൊക്കെ ഞാൻ വാരിക്കൂട്ടിയെ!!”
“അയ്യടാ!! പോടാ ചെക്കാ…..”
“ചെക്കാന്നോ?? ചേട്ടാന്ന് വിളിക്കെടി!!!”
അവളുടെ കരിമഷിയെഴുതിയ മിഴികളിൽ പൊടിഞ്ഞ കണ്ണുനീരെന്റെ ചുംബനം കൊണ്ട് മായ്ച്ചെടുത്ത് അവളെ ചേർത്തു നിർത്തുമ്പോൾ ഞാനറിയുകയായിരുന്നു പ്രണയം വല്ലാത്തൊരു സംഭവം തന്നെയാണെന്ന്…..
സപ്ലി ഒന്നും കിട്ടിയില്ലേലും അവളെയങ്ങു കെട്ടി…അവളേം കെട്ടിപ്പിടിച് ബൈക്കിലാ നാട് മുഴുവൻ ചുറ്റിയപ്പോ ഞാൻ അറിയാതെ പറയുകയായിരുന്നു അല്ലേലും ഈ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടുന്നതെ ഒരു സുഖാട്ടോ!!!
ശുഭം
രചന: നിരഞ്ജൻ എസ് കെ
No comments