സ്നേഹിച്ചപെണ്ണിന്റെ കല്ല്യാണത്തിനു പോയിട്ടുണ്ടോ ?
അവളുടെ വിവാഹ ദിവസം..
അന്നായിരുന്നു ഞാൻ അവളെ അവസാനമായി കണ്ടത്. വിവാഹ വേഷത്തിൽ അവൾ ഏറെ സുന്ദരിയായിരുന്നു..

നടക്കാതെ പോയ ഞങ്ങളുടെ സ്വപ്നങ്ങളിൽ പറഞ്ഞിരുന്നത് പോലെ ഓറഞ്ച് നിറത്തിലുള്ള വിവാഹസാരി ആയിരുന്നു അവൾ അണിഞ്ഞിരുന്നത്. ഓഡിറ്റോറിയത്തിൽ നിന്നും വരനുമൊത്ത് നടന്നു മറയുമ്പോൾ അവൾ ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നു. വരാന്തയുടെ അറ്റത്ത് കൈകൾ രണ്ടും കെട്ടി ഒരു തൂണിൽ ചാരി ഞാൻ നിന്നിരുന്നത് അവൾ എപ്പോഴോ കണ്ടിരുന്നു. ആ ദിവസം എന്നെ അവൾ പ്രതീക്ഷിച്ചിരുന്നിരിക്കണം..
ഞാൻ നിർനിമേഷനായി നോക്കി നിന്നു. അവൾ അച്ഛനോടും അമ്മയോടും യാത്ര പറയുന്നതും, അനിയനോട് ചെവിയിൽ എന്തോ പറയുന്നതും, അവൻ പെട്ടെന്ന് തല ഉയർത്തി ചുറ്റും നോക്കുന്നതും, ആ കണ്ണുകൾ എന്നിലെത്തി നിൽക്കുന്നതും ഞാൻ കണ്ടു..
അവളുടെ ചിരി എന്നത്തേക്കാളും മനോഹരമായിരുന്നു.

എന്നെയും എന്റെ സ്വപ്നങ്ങളെയും തനിച്ചാക്കി അവൾ പോകുമ്പോൾ പറഞ്ഞിരുന്നത്
നീ വിഷമിക്കരുത്. എന്നെ നഷ്ടപ്പെട്ടു എന്നോർക്കയുമരുത്. നീ നിവർന്ന് നിൽക്കണം. അഭിമാനത്തോടെ.. ചങ്കൂറ്റത്തോടെ.. ഇനി നിന്നെ കണ്ടാൽ ഞാൻ നിന്നെ നോക്കി എന്ന് വരില്ല, പരിചയം ഭാവിക്കുക പോലുമില്ല. പക്ഷേ നിന്റെ വിളി ഞാൻ എവിടെയും പ്രതീക്ഷിക്കും.
ഒരിക്കൽ കൂടി അവൾ നോക്കും എന്ന് കരുതി ഞാൻ നിന്നു. എവരുടെയും അനുഗ്രഹാശിസ്സുകൾ വാങ്ങി അവൾ വരനോടൊപ്പം കാറിൽ കയറി.വിവാഹ സംഘം കയറിയ വാഹനങ്ങൾ അകന്നു.

ഞാൻ പതിയെ ഇറങ്ങി നടന്നു. ചുവന്ന വാകപ്പൂക്കൾ നിറഞ്ഞിരുന്ന മരത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന എന്റെ ബൈക്കിനരുകിലെത്തി. ഗുൽമോഹർ പൂക്കളോടും മഴയോടുമുള്ള എന്റെ പ്രണയം അവളിൽ പലപ്പോഴും അസൂയ ഉളവാക്കിയിരുന്നു..എന്റെചിന്തകൾ മനസ്സിലാക്കിയെന്നോണം, വാകപ്പൂക്കളുടെ ഒരു ചെണ്ട് ഒടിഞ്ഞ് ബൈക്കിന്റെ ഹാൻഡിലിൽ വീണു കിടന്നിരുന്നു.

ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങും നേരം അവൻ ഓടിയെത്തി. ചേട്ടാ... ചേട്ടൻ പോകുവാണോ??
ഞാൻ ശാന്തമായി അവനെ നോക്കി.
അവളുടെ പേരും പറഞ്ഞ് കൂട്ടുകാരോടൊത്ത് എന്നെ തല്ലാൻ വന്നവൻ. ജാതിപ്പേര് വിളിച്ച് എന്നെ ആക്ഷേപിച്ചവൻ... എന്റെ ബൈക്കിന്റെ ടയർ കുത്തിപൊളിച്ചവൻ. ഒടുവിൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ്, അവളോടുള്ള എന്റെ പ്രണയത്തിൽ നിന്നും പിൻമാറുവാൻ പറഞ്ഞ്, മുന്നിൽ വന്ന് നിന്ന് കണ്ണീരൊലിപ്പിച്ചു കരഞ്ഞവൻ..
എല്ലാം വീണ്ടും ഓർത്തു..
ഞാൻ അവനെ ശ്രദ്ധിക്കാതെ ബൈക്ക് തിരിച്ചു.
അല്ല, ചോറ് കഴിച്ചിട്ട്..
അവൻ പകുതിക്ക് നിർത്തി.

ഞാൻ പറഞ്ഞു, കാമുകിയുടെ കല്യാണം കണ്ട് ചോറുണ്ണാൻ വന്നതല്ല. പിന്നെ നിരാശാ കാമുകന്റെ റോൾ എടുക്കാൻ വന്നതുമല്ല.
വരണം എന്ന് തോന്നി.. വന്നു..
ഞാൻ പോട്ടെ..
അവന്റെ മറുപടിക്ക് കാക്കാതെ ഞാൻ മുന്നോട്ട് നീങ്ങി.. മുൻപിലെ പാതയിൽ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും കൈകൾ കോർത്ത് നടന്നു നീങ്ങുന്നു..
ഓർമ്മയിൽ ഓറഞ്ച് നിറത്തിലുള്ള വിവാഹ സാരിയും... മുത്ത് പൊഴിയുന്ന ചിരിയും...
No comments