Popular Posts

എല്ലാവരും സ്വന്തം പ്രണയത്തിന് വേണ്ടി പലതും നഷ്ടപ്പെടുത്തിയവരാണ്

2 പല്ല് പോയാൽ എന്താ, പെണ്ണ് കിട്ടിയല്ലോ!
--------------------------------------------------------------------

എല്ലാവരും സ്വന്തം പ്രണയത്തിന് വേണ്ടി പലതും നഷ്ടപ്പെടുത്തിയവരാണ്. അവർക്ക് മുന്നിൽ എന്റെ നഷ്ടം വെറും തുച്ഛമാണ്. 2 പല്ല് കൊടുത്തു വാങ്ങിയതാണ് എന്റെ പ്രണയം. ഇത് നടക്കുന്നത് കുറച്ചു കൊല്ലം മുൻപാണ്.

അതായത് 30 വയസായിട്ടും പെണ്ണ് ശരിയാകാതെ വിഷമിച്ചു നടക്കുന്ന കാലം. പണ്ടേ ആരെയെങ്കിലും നോക്കിയിരുന്നെങ്കിൽ 2 പിളേളര് ഉണ്ടാകേണ്ട സമയം. കാണുന്ന പെണ്ണിന്റെ വീട്ടുകാർക്കെല്ലാം സർക്കാർ ജോലിയുളള ചെക്കൻമാരെ മതി. അതിപ്പോ പെണ്ണ് 10 തോറ്റാലും ഡിമാന്റിന് ഒരു കുറവുമില്ലട്ടോ. ഇതിനുമേണ്ടം സർക്കാർ ജോലിയുണ്ടോ ഈ നാട്ടിൽ.

എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ! എന്റെ പേരാണ് ജേക്കബ്. ചെറിയ ബിസിനസാണ്. എന്ന് പറഞ്ഞാൽ മാസം ഒന്ന് രണ്ട് ലക്ഷം രൂപ വരുമാനം കിട്ടുന്ന ബിസിനസ്. അപ്പച്ചനും അമ്മച്ചിയും അപ്പാപ്പനും അടങ്ങുന്ന ചെറിയ ഒരു കുടുംബം. ഒരു പെങ്ങൾ ഉള്ളതിനെ നേരത്തെ കെട്ടിച്ചു വിട്ടു. എന്നിട്ടും അവൾക്ക് ഞാൻ കെട്ടി കാണണമെന്നൊര് ആഗ്രഹമില്ല. അമ്മച്ചിയ്ക്കാണെങ്കിൽ ഞാനിപ്പോഴും കൊച്ചനാ.

ഈസ്റ്ററിന്റെ അന്നാണ് ആ സംഭവം നടന്നത്. നോമ്പ് അവസാനിക്കുന്നതായതുകൊണ്ട് ആക്രമണമായിരുന്നു ഭക്ഷണത്തോട്. കോഴിക്കാൽ കടിച്ചു പൊട്ടിക്കുന്നതിനിടയിലാണ് "കിടുക്കോ" എന്ന് ശബ്ദം കേട്ടത്.  പിന്നെ വാ തുടക്കാനും വയ്യ അടയ്ക്കാനും വയ്യ. അടുത്ത് മെഡിക്കൽ കോളേജുളളത് കൊണ്ട് അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോൾ അടുത്ത കെട്ടിടത്തിലെ ഡെന്റൽ കോളേജിലോട്ട് വിട്ടു. അവിടെ വച്ചാണ് എന്റെ ജീവിതം മാറുന്നത്.

അവിടെ ചെന്നപ്പോഴത്തെ അവസ്ഥയൊന്നും പറയേണ്ട. മീൻ വെട്ടുമ്പോൾ വാ തുറന്നു ഇരിക്കുന്ന പൂച്ച കണക്കെ ഞാൻ, ചുറ്റും കാക്ക കൂട്ടം പോലെ പഠിക്കുന്ന പിളേളരും. എല്ലാവരും പച്ചത്തൊപ്പിയും മാസ്ക്കും വച്ചിട്ടുണ്ട്. ഇതെന്താ എന്റെ വായിൽ നിന്ന് വല്ല വിഷവാതകവും വരുന്നുണ്ടോ, ഇവർ ഇങ്ങനെ ചെയ്യാൻ. ഒന്നുമില്ലെങ്കിലും ക്ലോസ്സ് അപ്പ് ഇട്ടാ പല്ല് തേക്കാറ്, അതും 2 നേരം. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ വന്നു താടി പിടിച്ചു വലിച്ചു ശരിയാക്കി തന്നു. ആദ്യത്തെ പിടുത്തതിന് തന്നെ ശരിയായിരുന്നു. പക്ഷേ ആ ദുഷ്ടൻ, കാക്ക കൂട്ടത്തിന് മനസിലാകാൻ വേണ്ടി വീണ്ടും വീണ്ടും എന്റെ താടിയിൽ പണിതു.

എല്ലാം കഴിഞ്ഞ് ഇറങ്ങാറായപ്പോൾ ഒരു കുട്ടി വന്ന് ചോദിച്ചു.

"അച്ചായാ, ഒരു അണപ്പല്ല് നല്ല കേടാണല്ലോ. അത് എടുത്തു കളയുന്നതല്ലേ നല്ലത്?"

ഞാനൊന്ന് അവളെ നോക്കി. ആകെ കണ്ണും പുരികവുമേ കാണുന്നുളളൂ. പൊട്ട് ഇല്ല.  എന്തിനേറെ പറയുന്നു,  കണ്ണ് പോലും എഴുതിയിട്ടില്ല. പക്ഷേ പെണ്ണ് കൊളളാം. എന്നാലും എന്നെ എന്തിനാ അവൾ അച്ചായനെന്ന് വിളിച്ചത്? ചിലപ്പോൾ ഫയലിലെ പേര് കണ്ടിട്ടാവാം. ഞാൻ പറഞ്ഞു.

"വേദനയൊന്നുമില്ല. പിന്നെ എന്തിനാ എടുക്കുന്നേ?"

"വേദനയില്ലെങ്കിലും ഇൻഫെക്ഷൻ വന്നാലോ? ബാക്കി ഉള്ളതുകൂടി ചീത്തയാകും."

അവളുടെ സംസാരത്തിൽ മയങ്ങി പല്ലെടുക്കാമെന്ന് വച്ചു. അവൾ സൂചി കുത്തിയതും പല്ല് പറിച്ചതും ഒന്നും ഞാനറിഞ്ഞില്ല. തുന്നികെട്ടി പറഞ്ഞു വിട്ടു. 7 ദിവസം കഴിഞ്ഞ് തുന്നൽ അഴിക്കാൻ ചെല്ലാൻ പറഞ്ഞു. ആ 7 ദിവസം അവളെ കാണുന്നുളള തയ്യാറെടുപ്പായിരുന്നു. ഞാനാകെ മാറി.

അവിടെ ചെന്നപ്പോൾ വേറെ ഒരു കുട്ടിയാണ് കുത്തികെട്ട് അഴിച്ചത്. അവളെ നോക്കിയിട്ടൊന്നും കണ്ടില്ല. ആരോടെങ്കിലും ചോദിക്കിനാണെങ്കിൽ പേര് പോലുമറിയില്ല. ഞാനവിടെ നിന്ന് പരുങ്ങുന്നത് കണ്ടിട്ടാവാം ഒരു കുട്ടി വന്നു കാര്യം അന്വേഷിച്ചു.

" എന്താ ചേട്ടാ പ്രശ്നം?"

"ഒന്നുമില്ല. എന്റെ പല്ലെടുത്ത കുട്ടിയെ ഒന്ന് കാണാനായിരുന്നു."

"എന്തിനാ ചേട്ടാ. വെപ്പ് പല്ല് വച്ച് തരാമെന്ന് പറഞ്ഞിരുന്നോ?"

"അതെ."

" പേരെന്താ പല്ലെടുത്തുതന്ന കുട്ടിയുടെ? "

"അറിയില്ല. "

"ശരി. ഫയൽ താ. ഞാൻ നോക്കി പറയാം."

ആ കുട്ടി ഫയൽ നോക്കി പേര് പറഞ്ഞു. ഇപ്പോ എവിടെ കാണുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും അവളുടെ അടുത്തെത്തി.  ആ മുഖം മുഴുവനായി ഒന്ന് കണ്ടു.

"മെറിൻ... ഓർമയുണ്ടോ?"

""ഇല്ല.  ആരാണ് മനസിലായില്ല."

തിരിച്ചു ഓടാന്നാണ് എനിക്കപ്പോൾ തോന്നിയത്. 7 ദിവസം കണ്ട സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു. തോറ്റ് മടങ്ങാൻ ഞാൻ തയ്യാറല്ലായിരുന്നു. ഫ്ലാഷ്ബാക്ക് പോലെ എല്ലാം ഞാൻ പറഞ്ഞു. അപ്പോഴാണ് അവളുടെ മുഖത്തെ  വിഷമം ഞാൻ ശ്രദ്ധിച്ചത്. കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു. മുഴുവൻ പല്ലില്ലാത്ത ഒരാളെ പേഷന്റ് ആയിട്ട് വേണമെന്ന്. കോട്ട തികയ്ക്കാൻ ആണെന്ന്. എന്നാലെ പരീക്ഷ എഴുതിപ്പിക്കുളളൂ.

"അതിനെന്താ. എന്റെ അപ്പാപ്പന് ഒറ്റ പല്ലില്ല. ഞാൻ കൊണ്ട് വരാം. എന്ന് വരണം? ഇതിനാണോ താൻ ഇത്രയ്ക്ക് വിഷമിച്ചിരിക്കുന്നത്?."

"ഉറപ്പായും കൊണ്ട് വരുമോ? വാക്ക് മാറ്റില്ലല്ലോ? നമ്പർ തരാമോ? ഞാൻ വിളിക്കാം."

അങ്ങനെ നമ്പറുകൾ കൈമാറി, പിന്നീട് ഹൃദയം കൈമാറാമെന്ന ആശയോടെ ഞാൻ തിരിച്ചു പോയി. വീട്ടിലെത്തിയപ്പോൾ അപ്പാപ്പൻ ഭയങ്കര സെന്റി. പുളളിയ്ക്ക് ആകെ ഒരു പല്ലേയുളളൂ. അതും മുന്നിൽ. അത് എടുത്തു കളഞ്ഞാലേ എനിക്ക് അവളുടെ അടുത്തേക്ക് കൊണ്ടുപോകാൻ കഴിയൂ. അപ്പോഴാണ് ആകെ ഒരു പല്ലല്ലേയുളളൂ അത് കളയേണ്ട എന്നുളള വാശി. അവസാനം കാര്യം പറഞ്ഞപ്പോൾ അപ്പാപ്പൻ സമ്മതിച്ചു. എനിക്ക് ഒരു പെണ്ണിനെ കിട്ടാൻ വേണ്ടിയല്ലേ?

പിന്നീട് അപ്പാപ്പനെയും കൂട്ടിപോയി. ഒന്നല്ല 5 തവണ. അപ്പാപ്പൻ ആരാ മോൻ എപ്പോഴും എന്നെപ്പറ്റി വാ തോരാതെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ 5 തവണ നല്ല ഒന്നാന്തരം വെപ്പുപല്ല് അപ്പാപ്പന് കിട്ടി. എനിക്ക് നല്ലൊരു സുഹൃത്തിനേയും. പിന്നെ വിളിയായി പറച്ചിലായി. അവസാനം കല്ല്യാണവും കഴിഞ്ഞു.

അവൾക്ക് ആകെ ഒരു കുഴപ്പമേ ഞാൻ കണ്ടുളളൂ. അവൾ ഭീകരിയായ വായിനോക്കിയായിരുന്നു. ഞാൻ അടുത്തുണ്ടെങ്കിൽ പോലും അവൾ കമന്റ് അടിക്കും.

"ആ ചെക്കന്റെ പല്ല് കൊളളാമല്ലേ അച്ചായാ. നന്നായി അറേജ് ചെയ്ത്ട്ടുണ്ട്. നല്ല വെളുപ്പ്. നല്ല ഒക്ലൂഷൻ"

"നീ കണ്ട ചെക്കൻമാരുടെ വായും നോക്കി നടന്നോ!"

"അങ്ങനെ വാ നോക്കി നടന്നതുകൊണ്ടാ നിങ്ങളുടെ മിന്ന് എന്റെ കഴുത്തിൽ കിടക്കുന്നത്."

"ഓ.. ആ മിന്ന് കെട്ടാൻ 2 പല്ലാ ഞാൻ പകരം കൊടുത്തത്."

" അതുകൊണ്ട് എന്നാ നഷ്ടം. നല്ല ഒന്നാന്തരം ചങ്ങനാശേരി അച്ചായത്തിയെ കിട്ടിയില്ലോ?"

 NB: ആത്മകഥയല്ല

~ ശാരി പി പണിക്കർ ( ചാരു )

No comments