Popular Posts

ഞാൻ ചെവിയൊന്ന് കൂർപ്പിച്ചുനോക്കി. .ആൽമരത്തിന്റെ ചോട്ടീന്നാ ശബ്ദം വരുന്നത്‌. .ഇതാരപ്പാ ഈ നിമിഷം ഇവിടെ പാദസരവും ഇട്ട്‌ നടക്കുന്നത്‌ ? തെല്ലതിശയത്തോടെ ഞാൻ ആൽമരച്ചോട്ടിലേക്ക്‌ നടന്നു. . (Romantic & Funny)

യക്ഷിയും ഞാനും
ജോലി കഴിഞ്ഞ്‌ എല്ലാ ശനിയാഴ്ച്ചയും ലീവിനു വീട്ടിലേക്ക്‌ വരുന്നതൊരുശീലമാണു. .  .
  രാത്രിയിലാണു പൊതുവേ ഞാൻ വീട്ടിൽ വരുന്നത്‌. .
 ബസ്‌ വീടിന്റെ കുറച്ചപ്പുറത്തുള്ള സ്റ്റോപ്പിൽ എത്തുന്നത്‌ രാത്രി 9 മണിയ്ക്കാണു. .
ബസ്‌ ഇറങ്ങിയാൽ കൂട്ടുക്കാരുടെ കൂടെ പാടത്തുള്ള ഓലപ്പുരയിൽ കള്ളും കുടിച്ച്‌ സൊറ പറഞ്ഞിരിക്കുന്നതൊരു പതിവായതിനാൽ വീട്ടിൽ എത്താൻ രാത്രി 11 ആവും. . . .
ആ ശനിയാഴ്ച്ചയും ഞാൻ പതിവുപോലെ  വീട്ടിലേക്ക്‌ ബസ്‌ കയറി
     ബസ്സ്‌ ഇറങ്ങി നേരെ നടന്നത്‌ ആ ഓലപുരയിലേക്കാണു.
പുര എന്ന് പറഞ്ഞാൽ കുറച്ച്‌ ആഡംബരമാവും.
പുര അല്ല ഒരു ഷെഡ്‌. .
പന്നിയും മറ്റും വാഴയും പച്ചക്കറികളും നശിപ്പിക്കുന്നത്‌ തടയൻ കാവലിരിക്കുന്നവർ ഉണ്ടാക്കിയ ഷെഡ്‌ ആണത്‌.. .
 .അതിപ്പോ ഞങ്ങൾ നാലഞ്ച്‌ പേർ ഞങ്ങളുടേ തറവാട്ട്‌ സ്വത്താക്കി മാറ്റി. . .
ഓലപുരയിലെത്തിയതും കൂട്ടുക്കാർ ബിയറും ടച്ചിങ്ങ്സും എല്ലാം തയ്യാറാക്കി കാത്തിരിക്കുകയാണു. .
പൊതുവേ ഞാൻ ഒരു കുപ്പി ബിയർ അടിച്ചാൽ ഫ്ലാറ്റ്‌ ആണു. .എന്റെ കപാസിറ്റി അതാണു. .
കൂടെയുള്ളവന്മാർ വെള്ളമടിയിൽ മാസ്റ്റർ ഡിഗ്രീ എടുത്തവരും. . .
       എത്രയൊക്കെ കുടിച്ച്‌ കാറ്റ്‌ കൊണ്ടിരുന്നാലും കൃത്യം 11 മണിയ്ക്ക്‌ എനിക്ക്‌ വീട്ടിലേക്ക്‌ പോവണം.അത്‌ നിർബന്ധമാണു. .
അല്ലെങ്കിൽ അന്ന് പുറത്ത്‌ കിടക്കേണ്ടിവരും. . .
അമ്മ ഗെറ്റ്‌ ഔട്ട്‌ അടിച്ച ഒരുപാട്‌ ചരിത്രമുണ്ട്‌. .
.ഒരു കുപ്പി കഴിഞ്ഞപ്പോഴേക്കും തല കറങ്ങാൻ തുടങ്ങി.. . .
പതിയെ പതിയെ വീട്ടിലേക്ക്‌ നടന്നു. . .
കൂടെയുള്ളവർ ഇനിനി വീട്ടിൽ പോവില്ലാ. .അതോണ്ട്‌ ഞാൻ തനിച്ചാണു നടത്തം
ഒരു കാവുണ്ട്‌. .അതിന്റെ മുന്നിലൂടെയാണു നടത്തം. . . .
അമ്പലത്തിന്റെ മുന്നിൽ തല വിരിച്ച്‌ നിൽക്കുന്ന രണ്ടാൽ മരവും മാനം മുട്ടെ നിൽക്കുന്ന ഒരു പാലമരവും. .
കാവിന്റെ മുന്നിൽ എത്തിയപ്പോൾ പാലപ്പൂവിന്റെ നല്ല ഗന്ധം. . . . ആഹ്‌. . .
വർഷത്തിൽ ഒരിക്കൽ അതും ഞാൻ നാട്ടിൽ ഉള്ള കാലങ്ങളിൽ മാത്രം എനിക്ക്‌ അനുഭവിക്കാൻ പറ്റിയിട്ടുള്ള ഒരു പ്രത്യേക മണം. . . .
ഞാൻ ശ്വാസം ഒന്നാഞ്ഞുവലിച്ചു. .
.ശരിക്കൊന്നാസ്വദിക്കട്ടെ ഈ മണം. . .മണമ്പിടിക്കുന്നതിനിടയിലാ ഒരു പാദസ്വരത്തിന്റെ ശബ്ദം കേട്ടത്‌. .
ഞാൻ ചെവിയൊന്ന് കൂർപ്പിച്ചുനോക്കി. .ആൽമരത്തിന്റെ ചോട്ടീന്നാ ശബ്ദം വരുന്നത്‌.
.ഇതാരപ്പാ ഈ നിമിഷം ഇവിടെ പാദസരവും ഇട്ട്‌ നടക്കുന്നത്‌ ? തെല്ലതിശയത്തോടെ ഞാൻ ആൽമരച്ചോട്ടിലേക്ക്‌ നടന്നു. .
     പൊതുവേ കാവിൽ രാവിലെ കുറച്ച്‌ പേർ തൊഴാൻ വരും പിന്നെ വൈക്കിട്ട്‌ നമ്പൂരി വിളക്ക്‌ വെക്കാനും.
ഇതാണു അവസ്ഥ. .ഇങ്ങനെയുള്ള കാവിൽ ഈ നട്ടപാതിരയ്ക്ക്‌ ആരാണു. . .
ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ ആൽമരചുവട്ടിനടുത്തെത്തി. . . . ചുറ്റും നൊക്കീട്ടും പാദസരം ഇട്ട ആളെ കാണുന്നില്ല. . .
ഇതെവിടാന്നാ ശബ്ദം എന്നോർത്ത്‌ ശങ്കിച്ച്‌ നിക്കോമ്പാഴാണു പിറകീന്ന് ശൂ ശൂ എന്ന വിളി.  . . . .
തിരിഞ്ഞ്‌ നോക്കീീപ്പോ മുടി അഴിച്ചിട്ട്‌ ഉണ്ടക്കണ്ണുകളുമായി വെളുത്ത ചുരിദാറിട്ട ഒരു പെൺകുട്ടി. . . . .
അമ്മാ പ്രേതം എന്ന് പറഞ്ഞ്‌ ചക്ക വെട്ടിയിട്ടപൊാലെ പൊത്തോം എന്ന് പിന്നിലേക്ക്‌ വീണതോർമ്മയുണ്ട്‌.
നേരം പുലർന്നപ്പോഴാണു കണ്ണു തുറന്നത്‌. . .
തലേന്ന് കുടിച്ച ബിയറൊക്കെ അപ്പോഴേക്കും നീരാവിയായിട്ടുണ്ട്‌. . . പതിയെ എണീറ്റു. . .
വീണ്ടും പാലപ്പൂവിന്റെ മണം. . .
ചുറ്റും നോക്കി. . .
അനിയത്തിയുടെ കുട്ടികൾക്ക്‌ വേണ്ടി വാങ്ങിയ തേന്മിട്ടായിയുടെ പാക്കറ്റ്‌ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. .
ഇതിനകത്തിരുന്ന മിട്ടായിയൊക്കെ ന്ത്യേ.
ഇനി അതും ആ യക്ഷി ? ഹേയ്‌ തേൻ മിട്ടായി തിന്നുന്ന യക്ഷ്യോ ?. . .
ഞാൻ ആലമരത്തിന്റെ മുകളിലേക്ക്‌ ഒന്നുനോക്കി നെടുവീർപ്പിട്ടു. . . .ന്താ ഇന്നലെ ണ്ടായേ. .
.ആ . . .
കള്ളുകുടിച്ച്‌ ബോധം കുറവായിരുന്നെങ്കിലും ആ വെള്ളചുരിദാരിട്ട സുന്ദരിയുടെ മുഖം അപ്പഴേ മനസ്സിൽ പതിഞ്ഞതാ.. . . .
എന്നാലും എന്റെ തേൻ മിട്ടായി. .
ഇനിയിപ്പോ എല്ലാം എന്റെ തോന്നലായിരുന്നോ ?
ആ കള്ളുകുടിച്ചോണ്ട്‌ തോന്നിയതാവും. .
യക്ഷിയുമില്ല ഒരു പിണ്ണാക്കുമില്ല എന്ന് മനസ്സിൽ ആണയിട്ട്‌ പറയുന്നതിനൊപ്പം ഇനി നട്ടപാതിരയ്ക്ക്‌ ഈ വഴിയിലൂടെ വരില്ലെന്നുറപ്പിച്ച്‌ പതിയെ വീട്ടിലേക്ക്‌ നടന്നു. . .
അടുത്ത ആഴ്ച്ച പതിവിലും നേരത്തെയാണു ഞാൻ വന്നത്‌.
.ഇന്നിനി ഓലപുരയിലേക്ക്‌ പോവണ്ട. . .
ഞാൻ വീട്ടിലേക്ക്‌ നടന്നു. . .
കാവിനടുത്തെത്തിയതുംകഴിഞ്ഞ ആഴ്ച്ച കണ്ട ആ സുന്ദരി എന്റെ നേരെ ഓടിവരുന്നു. . .
മുടിയൊക്കെ അഴിച്ചിട്ട്‌ ഒരു ഭദ്രകാളിയെ പോലെ. . .
 ദേവ്യേ യക്ഷിന്ന് പറഞ്ഞ്‌ ഞാൻ അടുത്തുകണ്ട ഒരു പറങ്കിമവിലേക്ക്‌ ചാടിക്കേറി.  . . .
പുളിയനുറുമ്പുകളുടെ കടികൾക്കിടയിലും കയ്യിലുള്ള തേൻ മിട്ടായിയുടെ പൊതി ഞാൻ ചേർത്തുപിടിച്ചു. 
 ഇത്തവണയെങ്കിലും ഇത്‌ വീട്ടിലേക്കെത്തിക്കണം. . . .
ആ സുന്ദരി ഓടി മറയുന്നതും നോക്കി ഞാൻ അവിടെ അള്ളിപ്പിടിച്ചിരുന്നു. . . .
നിക്കടീ എന്ന ഒരു പുരുഷ ശബ്ദം കേട്ടപ്പോഴാണു ഞാൻ താഴോട്ട്‌ നോക്കീത്‌. . .
നോക്കീപ്പൊ ദാണ്ടേ കുടവയറും കട്ടിമീശയും തലേക്കെട്ടും ഉള്ള ഒരു നാൽപ്പത്തഞ്ചുക്കാരൻ അവളുടെ പിന്നാലെ പായുന്നു.
ങേ ഇതെന്താ സംഭവം ? ഞാൻ മെല്ലെ മരത്തീന്ന് ഊർന്നിറങ്ങി. .
കയറണപോലെ അത്ര ഈസി അല്ല ഇറങ്ങുന്നതെന്ന് അപ്പോ എനിക്ക്‌ മനസ്സിലായി. . .
പിന്നാമ്പുറം കീറീന്നാ തോന്നണെ. . .   . . .
 നല്ല നീറ്റലു. . . .ഹൂൂ . . . .ആ കിളവൻ ഓടിയ ഭാഗത്തേക്ക്‌ ഒന്നും മനസ്സിലാവാതെ ഞാൻ നോക്കി നിന്നു. . .
കുറച്ചു കഴിഞ്ഞതും ആ കിളവൻ ആ കുട്ടിയുടെ മുടിയും പിടിച്ച്‌ വലിച്ച്‌ എന്റെ മുന്നിലേക്കെത്തി. .
  ഒരു 20 വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു സുന്ദരി. . .നെറ്റിയിൽ ചന്ദനവും വാലിട്ടെഴുതിയ കണ്മഷി കണ്ണും .
.നല്ല ഐശ്വര്യമുള്ള മുഖം. . .
കണ്ണീർ വറ്റിയ ആ മുഖം ദയനീയമായി എന്നെയൊന്ന് നോക്കി. . .
എനിക്ക്‌ എന്ത്‌ ചെയ്യണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥഇവിടെ വാടീ നായിന്റ മോളേ എന്ന് അയാൾ അലറാൻ തുടങ്ങി. .
അവളുടെ ദയനീയമായാ നോട്ടം.
.എന്നിൽ നിന്ന് അവൾ എന്തോ പ്രതീക്ഷിക്കുന്നതുപോലെ. . . .
പിന്നെ ഞാനൊന്നും നോക്കീലാ. .
ആ കിളവന്റെ മുന്നിലേക്ക്‌ കേറി ചെന്നു. . .എന്താ ചേട്ടാ പ്രശ്നം. . . ?

അത്‌ ചോദിക്കാൻ നീയാരാടാ  $&#&##@$& . . . .!!!
ഹോ ന്തൂട്ട്‌ ജാതി തെറിയാ. . . .
ചെവി പൊട്ടിപ്പോയി. . .
.ഇങ്ങനേം ണ്ടോ മനുഷ്യന്മാർ. . .
അയാളുടെ കയ്യിൽ നിന്നും അവൾ കുതറി മാറാൻ ശ്രമിക്കുംതോറും അയാളുടെ പിടി മുറുകുന്നു. . . .
അല്ല ചേട്ടാ ന്തിനാ ഈ കുട്ട്യേ ഇങ്ങനെ ഉപദ്രവിക്കുന്നത്‌ ?  പിന്നേയും തെറി. . .
ഞാൻ എന്റെ ടോൺ ഒന്ന് മാറ്റി. .പിടി വിടടോ അവളെ. . അയാൾ എന്നെ തറപ്പിച്ചൊന്നു നോക്കി. . .
പിന്നെ എന്നെ ഒരു തള്ളായിരുന്നു. .
.വേച്ച്‌ വേച്ച്‌ ഞാൻ അപ്പുറത്തേക്ക്‌ വീണു. . ആവശ്യമില്ലാതെ എന്റെ ശരീരത്തിൽ ആരെങ്കിലും കൈ വെച്ചാൽ പെട്ടന്ന് പ്രഷർ കയറുന്ന സ്വഭാവമാണു എന്റേത്‌. . .
ഞാൻ ചാടി എണീറ്റ്‌ അയാളുടെ കുടവയറു നോക്കി ആഞ്ഞൊരു ചവിട്ടങ്ങ്‌ കൊടുത്തു. .ദാ കിടക്കുന്ന അങ്ങേരു അടുത്തുള്ള അമ്പലകുളത്തിൽ. . .
മൂക്കറ്റം തണ്ണി ആയിരുന്നതിനാൽ അയാൾ കുളത്തിൽ നിന്നും കരകയറാനാവാതെ കയ്യും കാലുമിട്ടടിക്കുന്നു. . .
വെള്ളം ഒരുപാട്‌ കുടിച്ചെന്നാ തോന്നണെ. . .
ചാവണ്ടാ ന്ന് കരുതി ഞാൻ അയാളെ കരയിലേക്ക്‌ വലിച്ച്‌ കയറ്റി. . .
അയാൾ കരയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നു
ന്താ കുട്ടീ പ്രശനം ?
ഞാൻ അവളുടെ അടുത്ത്‌ ചെന്ന് ചോദിച്ചു. . .
അത്‌ തന്റെ അച്ഛനാ ആഴച്ചയിലൊരിക്കൽ ലീവിനു വീട്ടിൽ വരുന്ന അച്ഛൻ കള്ളുകുടിച്ച്‌ തന്നെയും അമ്മയേയും തല്ലുന്നത്‌ പതിവാണെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണീ ഓട്ടം എന്നും ആ കുട്ടി പറഞ്ഞത്‌. .
ആഹാ ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ എന്ന് പറഞ്ഞുക്കൊണ്ട്‌ ഞാൻ ആ കിളവനെ ഒന്നു നോക്കി. . .
കിടക്കുന്ന കിടപ്പും ആ മോന്തയും കണ്ടാൽ നേരത്തെ കണ്ട ആ അലവലാതി ആണെന്ന് പറയില്ല. .
ന്തൊരു നിഷ്കളങ്കതയാ ആ മുഖത്ത്‌ വാരിവലിച്ചിട്ടേക്കണേ. . . തെണ്ടി. . . . .അപ്പോൾ ഞാൻ അന്ന് കണ്ട ആ പ്രേതം കുട്ടി ആയിരുന്നല്ലേ. . .
എന്റെ ചോദ്യത്തിനു ഒരു പുഞ്ചിരിയായിരുന്നു മറുപടി. . .
       അല്ല ചേട്ടൻ ന്താ അന്ന് ന്നെ കണ്ടതും ബോധം കെട്ടേ ? ആൺകുട്ട്യോളു ഇത്രയ്ക്ക്‌ പേടിത്തൊണ്ടന്മാരാണോ ?  ഈ നേരത്തെ അവളുടെ തമാശ എനിക്കങ്ങിഷ്ടായി. .
ഇഷ്ടം ന്ന് വെച്ചാൽ പെരുത്തിഷ്ടം. . .
അത്‌ പിന്ന നട്ടപ്പാതിരയ്ക്ക്‌ ആ കോലത്തിൽ കണ്ടാൽ ആരും ഒന്നു പകച്ചുപോവും ചമ്മൽ പുറത്ത്‌ കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു. .
ന്നാലും നല്ല ആളാ. .ഞാൻ എത്ര തവണ കുലുക്കി വിളിച്ചെന്നറിയോ. . .എണീക്കാണ്ടയപ്പോ ഞാൻ കരുതി ആളു തട്ടി പോയീന്ന്. .
പിറ്റേന്ന് വൈകിട്ട്‌ അമ്പലത്തിൽ വെച്ച്‌ കണ്ടപ്പഴാ മനസ്സിലായേ ആൾക്‌ നല്ല ആയുസ്സ്‌ ഉണ്ടെന്ന്. .. . .
ഉള്ളിലെ വേദനകൾക്കിടയിലെ അവളുടെ തമാശ. .
അത്‌ ആസ്വദിക്കാൻ ഒരു സുഖം തന്നെ. . .
അല്ലാ അപ്പോ ന്റെ തേൻ മിട്ടായി ന്ത്യേ. . .
 രാവിലേ എണീറ്റപ്പോൾ കവറു മാത്രേ ഞാൻ കണ്ടുള്ളൂൂ. . .
ആ അത്‌ ഞാൻ തിന്നു തീർത്തു. . .
ഒന്നും കഴിക്കാതെയാ ഞാൻ അങ്ങൊട്ട്‌ ഓടിവന്നത്‌ അതോണ്ട്‌ നല്ല വിശപ്പായിരുന്നു . .  . .
ഒരു കൂസലുമില്ലാതെ അവൾ പറഞ്ഞു
         അങ്ങേരുടെ ഞരക്കവും മൂളലും കേട്ടപ്പോഴാണു ഇനി കാര്യത്തിലേക്ക്‌ കടക്കം എന്ന് കരുതീത്‌. .
പൊലീസുക്കാരനായ കൂട്ടുക്കാരനെ വിളിച്ച്‌ കാര്യം പറഞ്ഞു. . .
അവളെയും കൊണ്ട്‌ സ്റ്റേഷനിൽ എത്തി കമ്പ്ലൈന്റ്‌ കൊടുക്കാം എന്ന് അവൻ പറഞ്ഞതിനനുസരിച്ച്‌ ഞങ്ങൾ പോയി ആ രാത്രിയിൽ തന്നെ കമ്പ്ലൈന്റ്‌ കൊടുത്തു. . .
എത്രയൊക്കെ ആയാലും സ്വന്തം അച്ഛൻ അല്ലേ. . .
ഒപ്പിടാൻ നേരം അവളുടെ കണ്ണുനിറഞ്ഞു. .സാരമില്ല മോളേ ഇതോടെ അച്ഛൻ നന്നാവും അച്ചനെ നന്നാക്കാൻ മോൾ ഒപ്പിട്ടേ മതിയാവൂ എന്ന ഇൻസ്പെക്ട്ടറുടെ മറുപടി കേട്ട്‌ അവൾ ഒപ്പിട്ടു. .
അപ്പോ തന്നെ അയാളെ പോലീസ്‌ പൊക്കുകയും ചെയ്തു. . .
പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല. . . . വീട്‌ എവിടെയാണെന്ന് അറിയില്ല. . . പേരും അറിയില്ല. . .എന്താ ചെയ്യുന്നത്‌ എന്നും അറിയില്ല. .. .
ലീവ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വരുന്ന വഴി വെറുതേ ഞാൻ ആ ആൽമരച്ചോട്ടിലേക്കൊന്ന് നോക്കി. .ഇല്ലാ അവൾ ഇല്ല.  മനസ്സിൽ വിഷമവും നിറച്ചുക്കൊണ്ട്‌ ഞാൻ ബസ്സ്‌ കയറി. . .
വീട്‌ എവിടെയാ എന്നൊന്ന് ചോദിക്കായിരുന്നു. . .
അതിനും പറ്റീല . .
തൊട്ടടുത്ത്‌ ഒരുപാട്‌ സമയം അവൾ ഉണ്ടായിരുന്നിട്ടുകൂടി അതൊന്നും ചോദിക്കാൻശ്രമിക്കാത്തതിനെ കുറിച്ചോർത്ത്‌ ഞാൻ മനസ്സാ എന്നെ തന്നെ ശപിച്ചു

ബസ്സിലിരിക്കുമ്പോഴും അവളുടെ ആ പുഞ്ചിരിക്കുന്ന മുഖമായിരുന്നു മനസ്സ്‌ നിറയെ. .  ജോലിത്തിരക്കുകൾക്കിടയിൽ പതിയെ അവളെ ഞാൻ മറന്നു. . .വീണ്ടും ഒരു ലീവ്‌. .
നട്ടപാതിരയ്ക്കുള്ള കാവിന്റെ മുന്നിലൂടെയുള്ള നടത്തം ഒഴിവാക്കാനായ്‌ ഞാൻ അന്നൽപം നേരത്തേ ഇറങ്ങി. . . കാവിന്റെ അടുത്തെത്തിയപ്പോൾ ആൽ മരത്തിന്റെ ചോട്ടീന്നുള്ള ശൂ ശൂ വിളിക്കേട്ട്‌ ഞാൻ നോക്കി. . .
ദേ ആ സുന്ദരി. .എന്നെ നോക്കി അവൾ ഒന്നു ചിരിച്ചു. . .ഞാൻ അവളുടെ അടുത്തേക്ക്‌ ചെന്നു. .
ന്താ  ഈ സമയം ഇവിടെ. . .
അച്ഛൻ വീണ്ടും തുടങ്ങ്യോ. .. .
ഓടി വന്നാണോ ?
ഇല്ലാ അച്ഛൻ ഇപ്പോ പഴയ ആളല്ല അന്ന് ഏട്ടൻ പോലീസിൽ പറഞ്ഞൊണ്ട്‌ അച്ഛനിപ്പോ നന്നായി. . .
കള്ളും കുടിക്കില്ല്യാ അടീം ഉണ്ടാക്കില്ല്യാ. .
അത്‌ പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നിരുന്നു . . .അമ്മയ്ക്ക്‌ ഒരു വഴിപാട്‌ ണ്ടായിരുന്നു.. . .
അച്ഛൻ നന്നായാൽ കാവിൽ ചുറ്റുവിളക്ക്‌ കത്തീക്കാം ന്നു. .
അതിനു വന്നതാ. . .
അമ്മേ ഇതാ ഞാൻ പറഞ്ഞ ആ ചേട്ടൻ അവൾ അമ്മയ്ക്ക്‌ എന്നെ പരിചയപ്പെടുത്തി കൊടുത്തു ഇരുട്ടാവുന്നതിനു മുന്നേ വിളക്ക്‌ വെച്ച്‌ അവർക്ക്‌ വീട്ടിൽ പോവണം എന്നുള്ളതിനാൽ ഞാൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ നടന്നു. .
.ഇന്നും പേരു ചോദിക്കാൻ പറ്റീല. .സാരല്ല. . .

      ലീവ്‌ കഴിഞ്ഞ്‌ പതിവ്‌ പോലെ ഞാൻ തിരിച്ചു. .
കാവിന്റെ മുന്നിലെത്തിയതും
ഏട്ടാ എന്നൊരു വിളി. . .
നോക്കീപ്പോ അവൾ. .ഇന്നവൾ പതിവിലും കൂടുതൽ സുന്ദരിയായിരിക്കുന്നു. . .
ചന്ദനം തൊട്ട ആ മുഖത്ത്‌ സർവ്വത്ര ഐശ്വര്യം. . .ചുവപ്പും വെളുപ്പും ചേർന്ന ദാവണി. . .
ചുരിദാറിനേക്കാൾ അവൾക്കിണങ്ങുന്നത്‌ ദാവണിയാണെന്ന് തോന്നിപ്പോയി  ഇന്നെന്താ രാവിലെ ആണല്ലോ. . .
ന്താ ഈ നേരത്ത്‌ ?
ഒന്നുല്ല്യ. . .
അവൾ പറഞ്ഞു. .
മ്മ് ഞാനൊന്നു മൂളി. .. .
കുറച്ച്‌ നേരം രണ്ടാളും ഒന്നും മിണ്ടീല. .
നിശബ്ദതയെ കീറിമുറിച്ചത്‌ അവളാണൂ.
ഇനി എന്നാ ഏട്ടൻ വരാ ?
അടുത്ത ആഴ്ച്ച വരും. .ഞാൻ പറഞ്ഞു. . .
ന്താ ഇയാൾടെ പേരു ?  രാധിക. .രാധൂ ന്നാ എല്ലാരും വിളിക്കണേ. .
ഏട്ടന്റെ പേരെന്താ ?
മനു. .
ന്താ ചെയ്യുന്നെ ? ജോലി ആണോ ?
മ്മ് ഇയാളോ. .
ഞാൻ പടിയ്ക്കാ ഡിഗ്രീ . .
എന്നിട്ട്‌ പുഞ്ചിരിച്ചുക്കൊണ്ട്‌ വാഴയിലയിൽ പൊതിഞ്ഞ ഒരു പൊതി
 അവൾ എന്റെ നേരെ നീട്ടി. .
ന്ത ഇത്‌ ? ഞാൻ ചോദിച്ചു. . .
ഇത്‌ അമ്മ ണ്ടാക്കിയ കുമ്പിളപ്പമാ. . . .
അന്നത്തെ തേൻ മിട്ടായിക്ക്‌ പകരം ഇതിരിക്കട്ടെ. . . .
എന്നിട്ട്‌ അവൾ ഒന്ന് ചിരിച്ചു. . .
അതേയ്‌ ഒറ്റയ്ക്ക്‌ കഴിച്ചാൽ മതി ട്ടോ. . .
വേറെ ആർക്കും കൊടുക്കണ്ട. .
തെല്ലൊരു കുശുമ്പുണ്ടോ ആ വാക്കുകളിൽ. .
ഹേയ്‌ ണ്ടാവില്ല. .
ഇതെങ്ങനെയാ മുഴോനും ഞാൻ ഒറ്റയ്ക്ക്‌ കഴിക്കുന്നെ ?
 കുറച്ച്‌ കൂട്ടുക്കാർക്കും കൊടുത്തോട്ടെ എന്ന എന്റെ ചോദ്യത്തിനു കൊടുത്തോളൂ എന്നായിരുന്നു മറുപടി
കൂട്ടുക്കാർ ഇത്‌ ആരു തന്നതാ ന്നു ചോദിച്ചാൽ ഏട്ടൻ ന്ത്‌ പറയും ? എന്ന ചോദ്യത്തിനു എന്താ പറയണ്ടേ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി. . .
നാണത്താൽ ആ മുഖം ചുവന്നിരുന്നു. . .ഞാൻ എന്റെ അമ്മ തന്നതാണെന്ന് പറയട്ടെ ? അവളുടെ മുഖമൊന്നു വാടി. . .
അവൾ ഒന്നും മിണ്ടാതെ താഴോട്ട്‌ നോക്കി നിന്നു. .
ഞാൻ മെല്ലെ ആ താടി പിടിച്ചുയർത്തി. .അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. . . . .
.ടീ പെണ്ണെ ഞാൻ എന്റെ പെണ്ണു തന്നതാണെന്നു പറയാം. .പോരേ ?
        നിറഞ്ഞ കണ്ണുകൾ തുടച്ചുക്കൊണ്ട്‌ ഒന്ന് പോ ചെക്കാ എന്ന് പറഞ്ഞ്‌ അവൾ എന്നെ പിന്നിലേക്കുന്തി പാദസരവും കിലുക്കി പാടവരമ്പിലൂടെ ഓടി. .
      ന്താ ഞാൻ പറയണ്ടേ ?
അതോ അമ്മ തന്നതാണെന്ന് പറയണോ ?

അമ്മ തന്നതാണെന്ന് പറഞ്ഞാൽ അടുത്ത വരവിനു ഇയാളെ ഞാൻ കൊല്ലും നോക്കിക്കോ എന്ന് പറഞ്ഞ്‌ ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ അവൾ മറഞ്ഞു. . . .

അവൾ പോയതും ഒരുപാടിഷ്ടത്തോടെ ഞാനാ പൊതി തുറന്നു .
പതിയെ ആ പൊതിയഴിച്ചതും അവിടെയാകെ പാലപ്പൂ മണം പരന്നു. . . . . . . . .

രചന : മനു ജി മേനോൻ

No comments