Popular Posts

യക്ഷി

"വൃശ്ചികം മുതൽ പുറത്തിറങ്ങുന്ന യക്ഷിയെ കണ്ടിട്ടുണ്ടോ? "

അന്നുവരെ എനിക്കും അറിയില്ലായിരുന്നു.   ആകാശഗംഗയ്ക്കപ്പുറം മറ്റൊരു യക്ഷിയേയും  അന്നുവരെ ഞാൻ കണ്ടിട്ടുമില്ല. അതോണ്ടെന്നെ യക്ഷി  കാര്യമായി  സ്വാധീനിച്ചിരുന്നില്ല എന്നതാണ് സത്യം. ഇനി അഥവാ യക്ഷി വന്നാലും ഓടിക്കാനുള്ള വിദ്യകൾ എന്റടുത്ത് ഉണ്ടായിരുന്നു.

പെട്ടെന്ന് കിട്ടാൻ പാകത്തിൽ മാലയിൽ കോർത്തിട്ട ഗുരുവായൂരപ്പന്റെ ലോക്കറ്റ്, സേഫ്റ്റി പിൻ, കയ്യിൽ കാവിലെ ചരട്, മുടിയിൽ ആരും കാണാതെ ഒളിപ്പിച്ചിരുന്ന വേപ്പില.  അനീഷനെ സ്വാധീനിച്ചു നേടിയ രണ്ട് അറബി വാക്കുകൾ, ആൽബിൻ പഠിപ്പിച്ചു തന്ന കുരിശ് വരയ്ക്കൽ " തുടങ്ങി ഒരു വെടിക്കുള്ള മരുന്നൊക്കെ കൊണ്ട് നടക്കുമ്പോഴാണ് ഉച്ചനേരത്ത് വറുത്ത കടലയോ പുളിങ്കുരുവോ തിന്ന് കാട്ടിലൂടെ പോകരുതെന്നും അങ്ങനെ പോയി പ്രേതം പിടിച്ചവരുടെ കഥ ഉദാഹരണസഹിതവും രഞ്ജു പറഞ്ഞു തന്നത്.

പ്രേതഭൂത പിശാശുക്കളും മുനിയും കാരണം  ഇരുട്ടാവും മുൻപേ വീടെത്തുകയും രണ്ടാം കണ്ണനോ പോക്കാനോ ചാക്ക് മാപ്ലക്കോ പിടിച്ചു കൊടുക്കും മുന്നേ ചോറും ഉണ്ട് തലയിണയ്ക്കിടയിൽ ആണി വെച്ച് ഉറങ്ങുമ്പോഴേക്കും വരും കൂമന്റെ നിലവിളിയോ നായ്ക്കളുടെ ഓരിയിടലോ.  പകലാണെങ്കിൽ വെള്ള പൂക്കൾ പിടിച്ചു ആരും ഇല്ലാത്തിടത്ത് നിന്നാൽ പ്രേതത്തെ കാണാം പക്ഷെ രാത്രി...... 

ഞങ്ങടെ സ്കൂളിനപ്പുറം കുറച്ചു പോയാൽ  ശവപ്പറമ്പാണ്,തീ കത്തിച്ച ശവങ്ങളുടെ കഥകളും, കുഴിച്ചിടാൻ കൊണ്ടുവന്നവയുടെ ഭീകരതയും മുതൽ ഇടയ്ക്കിടെ വന്ന് പോകാറുള്ള പ്രേതങ്ങളും അവിടെന്നും രക്ഷതേടി ഓടിച്ചെല്ലാറുള്ള ആല്മരച്ചോട്ടിലെ ഗണപതിയും ചേർത്ത് ആ വഴി വരുന്നവരുടെ സാഹസിക കഥകൾ കേട്ട്  അതുവഴി പോകുന്ന കുട്ടികളെ മനസ്സിൽ ബഹുമാനിച്ചിരുന്ന കാലം.

നട്ടുച്ചയ്‌ക്കോ അർധരാത്രിയോ ഒറ്റയ്ക്ക് കാട്ടിലും മേട്ടിലും മുതൽ പാടവരമ്പത്തു പോലും പോകാൻ കഴിയാത്തവണ്ണം പേടിപ്പിച്ചിരുന്ന ഈ യക്ഷി കഥകൾ കേൾക്കാനും പറയാനും അന്ന് എത്രപേരാണ് ഉണ്ടായിരുന്നത്.  വെയിലേറ്റു മയങ്ങിക്കിടക്കുന്ന ഇഴജന്തുക്കളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ പറഞ്ഞുണ്ടാക്കിയ നുണക്കഥകളിൽ മുങ്ങി പോയ ബാല്യം. പറയുന്നതെന്തും കണ്ണുമടച്ചു വിശ്വസിച്ചിരുന്ന കാലം

"അതെന്താ വൃശ്ചികമാസത്തിലെ യക്ഷികൾ "

"അപ്പോഴല്ലേ എല്ലാരും മലയ്ക്ക് പോകാൻ മാല ഇടുന്നത്. അപ്പൊ അവര് സ്വാമിയാകും, സ്വാമിമാരെ പ്രേതങ്ങൾക്കു ഇഷ്ടമില്ല.  അതോണ്ട് അതുവരെ അവരുടെ മേലെ ഉണ്ടാകുന്ന യക്ഷി പുറത്ത് വരുകയാ ന്ന് "

"ന്നാലും നിന്റെ അമ്മയ്ക്കും പ്രേതം കൂടിയോ? "

"മ്മ്......  തേക്കിൻ കാട്ടിൽ വിറക് പെറുക്കാൻ ഉച്ചസമയത്ത് പോയപ്പോൾ, 'അമ്മ പുളിങ്കുരു വറുത്തത് തിന്നപ്പോ കൂടി "

"എന്നിട്ട് അമ്മേനെ പൂട്ടിയിട്ടോ? "

"ഇല്ല, മാമന്റെ വീട്ടിൽ കൊണ്ടോയി.  അവിടെ ഒഴിപ്പിക്കാൻ ആള് വരും, എട്ടാം ദിവസമേ വരൂ.....  എന്റമ്മേനെ വടികൊണ്ട് തല്ലുന്നത് ഓർക്കുമ്പോഴാ സങ്കടം.  'അമ്മ മരിക്കാതെ വന്നാൽ മതിയായിരുന്നു " അന്നവളെ ആശ്വസിപ്പിക്കാൻ വേണ്ടി വന്നത് ഒരുപിടി പച്ചപ്പുളി യാണ്

അതിന് ശേഷമാണ് അത്രകാലം ഒരു പേടിയുമില്ലാതിരുന്ന അടുത്ത വീട്ടിലെ സ്വാമിക്കാലത്തു മാത്രം മുങ്ങുന്ന പ്രേതം കൂടിയ പെണ്ണുങ്ങളെ തിരിച്ചറിയാൻ തുടങ്ങിയതും. അവരിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചതും.  അച്ഛന്മാരാണ് നല്ലവർ അവരേയൊരിക്കലും പ്രേതം പിടിക്കാറില്ല,പത്ത് വയസ്സുവരെയുള്ള പെൺകുട്ടികളെയോ അറുപത് കഴിഞ്ഞ മുത്തിയമ്മമാരെയോ പ്രേതം പിടിക്കാറില്ല.

പ്രേതത്തിന് വേണ്ടത് കാണാൻ ചന്തമുള്ള, അല്ലെങ്കിൽ വേണ്ട അടുത്തവീട്ടിലെ വല്യമ്മ കറുത്ത് ചന്തമില്ല എങ്കിലും പ്രേതം ഒരിക്കൽ പിടിച്ചതായി ഓർക്കുന്നു. പതിനൊന്ന് മുതൽ അൻപത്തി ഒന്പത് വരെയുള്ളവരെ പിടിക്കും. അത്രയും കാലം സൂക്ഷിക്കണം ഞാൻ,  കൈ കൂട്ടി എണ്ണി നോക്കി ഇപ്പൊ ഒൻപത്  ഇനി പത്ത് പതിനൊന്ന്..... ദൈവമേ വേഗം വയസായി കിട്ടിയെങ്കിൽ !!!

കുഞ്ഞുമനസ്സിൽ ആഴത്തിൽ പതിഞ്ഞ ഈ കഥകൾക്ക് ഹൈ സ്കൂൾ എത്തിയപ്പോൾ കേൾവിക്കാർ കുറയുകയും പരസ്പരം നോക്കിയുള്ള ചിരികൾ കൂടുകയും ചെയ്തപ്പോൾ ഞാനും മറന്നു വൃശ്ചികമാസത്തിലെ യക്ഷികളെ.

ബോയ്സിനും ഗേൾസിനും വേറെ വേറെ പഠിപ്പിച്ച സൃഷ്ടിയുടെ രഹസ്യങ്ങളെ ബയോളജി ടീച്ചർ പരിചയപ്പെടുത്തും വരെ നീണ്ട് നിന്ന തെറ്റിദ്ധാരണകൾ അവസാനിച്ചപ്പോൾ  ഈ സമൂഹം സ്ത്രീയ്ക്ക് നേരെ എന്തിനിങ്ങനെ മുഖം തിരിക്കുന്നു എന്ന ദേഷ്യമായിരുന്നു പിന്നീട്.

അല്ലെങ്കിലും അതെന്നും അങ്ങനെയായിരുന്നല്ലോ ആർഷഭാരത സംസ്കാരത്തിൽ.  മാതാവിനെ ദൈവത്തോളമുയർത്തി ഓരോ പെണ്ണിന്റെയും ആത്മാഭിമാനത്തെ മുറിപ്പെടുത്തിയ പരാശര പുത്രാ രാമായണത്തിൽ വാൽമീകിയുടെ തെറ്റ് മഹാഭാരതത്തിലും ആവർത്തിച്ചത് എന്തെ?  എന്ന് ചോദിക്കാൻ കഴിഞ്ഞെങ്കിൽ എന്നെത്ര ആഗ്രഹിച്ചിരുന്നു.

ഞാനും സാമൂഹ്യ ജീവിയാണ്. എനിക്കധികമൊന്നും വേണ്ട ഗവ. അനുശാസിക്കുന്ന തുല്യത മാത്രം. മത സംഹിതകൾ മുതൽ  ചരിത്ര -ഇതിഹാസങ്ങൾ വരെ പറയുന്നു "സൃഷ്ടിയുടെ ആവശ്യകതയും ലോകത്തിന്റെ നിലനിൽപ്പും, എന്നിട്ടും ആ കാരണങ്ങളെ കണ്ണുമടച്ചു നിരാകരിക്കുന്നതിലെ യുക്തി എന്താണാവോ.  ഏറ്റവും കൂടുതൽ മാനസികമായും ശാരീരികമാകും വേദനയനുഭവിക്കുന്ന കാലത്ത് മറ്റ് ജീവിതഭാരങ്ങളിൽ നിന്നും മുക്തി നേടാൻ പിതാമഹന്മാർ കണ്ടെത്തിയ യക്ഷിക്കഥ പോലൊരു വിശ്വാസമാണെങ്കിൽ ഇന്ന് അതിന്റെ പേരിൽ ഒരുപാടുപേർ അപമാനിക്കപ്പെടുന്നുണ്ട്.


അല്ലെങ്കിലും മാതൃ ദേവതയെ പൂജിച്ചിരുന്ന അതെ ഭാരത സംസ്കാരം തന്നെയല്ലേ സ്ത്രീയുടെ ആത്മാഭിമാനത്തിന് വില നല്കാതിരുന്നതും

രാമായണത്തിലെ സീത മുതൽ നിങ്ങളിത് വായിക്കുന്നതിനുംനിമിഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഏതോ ഭാരതസ്ത്രീയുടെ ആത്മാഭിമാനം വരെ ചോദ്യം ചെയ്യുന്നുണ്ട് സാമൂഹ്യ നീതിയെ.
ശരിക്കും പറഞ്ഞാൽ മുന്പുള്ളവർ വൃശ്ചികമാസത്തിലെ യക്ഷികളോട് കാട്ടിയ പരിഗണന പോലും ആധൂനിക ലോകത്തെത്തുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടോടെ ആഘോഷിച്ചു നശിപ്പിക്കുന്നതിലൂടെ ഇല്ലാതെയാവുകയാണ്.

നിഷ്കളങ്കതയുടെ അവരണത്തിൽ നിന്നും അനാവശ്യ കൗതുകങ്ങൾക്കു പുറകെ പോയി ലൈംഗികതയ്ക്ക് ഏതെങ്കിലും തരത്തിൽ അടിമപ്പടുന്ന ബാല്യങ്ങൾ ഇല്ലാതിരിക്കാൻ
സ്ത്രീ ശരീരം തേടി അനാവശ്യ സൈറ്റുകളിൽ കേറി ഇറങ്ങാതിരിക്കാൻ
വീട്ടിലെ കുളിമുറിയിൽ പോലും രഹസ്യക്യാമറ വെക്കാതിരിക്കാൻ
അനാവശ്യ വാശിയും ദേഷ്യവും നിര്ബന്ധബുദ്ധിയും അക്രമണസ്വഭാവവും അവർക്കൊപ്പം വളരാതിരിക്കാൻ
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തപെടാതിരിക്കാൻ  യക്ഷിക്കഥകൾ നല്ലതാണ്.

സുരക്ഷിതത്വത്തിന്റെ ആവശ്യകതയെ യക്ഷിക്കഥകളായി പറഞ്ഞുകൊടുക്കാൻ ആരെങ്കിലും വേണം കണ്ണെത്താ  ദൂരത്ത് മക്കൾ പോയാലും അവർക്ക് അവരെത്തന്നെ സൂക്ഷിക്കാനായൊരു കവചമുണ്ടാക്കുവാൻ. അല്ലെങ്കിലും കുട്ടികൾ  നന്മയും സത്യവും ധർമവും നീതിയും കഴിഞ്ഞാൽ  പഠിക്കേണ്ടത്  ചെയ്ത തെറ്റിന് മരണത്തിനപ്പുറത്തു നിന്നും പകതീർക്കാൻ വരുന്ന പ്രേതങ്ങളെ കുറിച്ചാണ്... അല്ലെങ്കിൽ യക്ഷികൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ,തന്നെ ദ്രോഹിച്ചവരെ മാത്രം പിന്തുടരുന്ന യക്ഷികൾ ... !

Courtesy

No comments