മീനാക്ഷി
"കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്"
"ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ പുഴയിലൊന്ന് കുളിയ്ക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ"
"ഇത് നിന്റെ അമേരിക്കയിലെ സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ കണ്ണാ"
മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി കേറുന്നതാ ബുദ്ധി. ഇല്ലെങ്കി അടി ഉറപ്പാ..
പത്തു വർഷത്തിന് ശേഷം എത്തിയതാണ് നാട്ടിൽ... പുതുക്കിയെടുക്കാൻ ഒരുപാട് ഓർമകളുണ്ട്..
പത്താം ക്ലാസ് വരെ മുത്തശ്ശിയോടൊപ്പം ഇവിടെ അടിച്ചുപൊളിച്ചു നടന്നതാ.. അതിനുശേഷം അമേരിക്കയിലുള്ള അച്ഛന്റെ അടുത്തേക്ക് പോയതാണ്.. ഇഷ്ടമുണ്ടായിട്ടല്ല.. അച്ഛന്റെ ആജ്ഞക്ക് വഴങ്ങേണ്ടി വന്നു..
അമ്മയില്ലാത്ത കുറവ് ഒരിക്കലും മുത്തശ്ശി അറിയിച്ചിരുന്നില്ല.. മടിയിൽ കിടത്തി ഒരുപാട് ആശ്വസിപ്പിച്ചു..
"ന്റെ കണ്ണൻ എവിടെ ആണെങ്കിലും മുത്തശ്ശിയുടെ മനസ്സ് കൂടെ ഉണ്ടാവും"
മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി അമേരിക്കയിലേക്ക് പറന്നു..
അവിടെ ഒരുപാട് പൊരുത്തക്കേടുകളുണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ എല്ലാം ശെരിയായി.. ഒന്നൊഴികെ.. മീനു!!!
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ യാത്ര തകർത്തെറിഞ്ഞ എന്റെ സ്വപ്‌നം.. മീനാക്ഷി.. കറുത്തു ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും..
ഈ ജന്മം എന്റേത് മാത്രമായിരിക്കുമെന്നു സർപ്പക്കാവിലെ നാഗങ്ങളുടെ ശിലയ്ക്കു മുൻപിൽ വച്ച് പലവുരു സത്യം ചെയ്ത് തന്ന എന്റെ മീനൂട്ടി..
അന്ന് കരഞ്ഞുകൊണ്ട് അവൾ തന്ന കടലാസു കഷ്ണത്തിലെ 'കാത്തിരിക്കും' എന്ന അക്ഷരങ്ങൾ ഞാൻ വായിച്ചു തീർത്തപ്പോഴേക്കും ഒരു തേങ്ങലിനോടൊപ്പം അവളുടെ പാദസരക്കിലുക്കവും അകന്നുപോയിരുന്നു.
എന്നും സന്ധ്യയ്ക്ക് സർപ്പക്കാവിൽ വിളക്ക് വെക്കാൻ അവളെത്തുമ്പോൾ ഒരു പിടി മഞ്ചാടിയുമായി ഞാനവിടെ കാത്തിരിയ്ക്കാറുണ്ടായിരുന്നു.. ഇരുട്ടും വരെ ഞങ്ങൾ അവിടെയിരുന്ന് സ്വപ്നങ്ങൾ നെയ്ത് കൂട്ടാറുണ്ടായിരുന്നു..
തിരിച്ചു വരുമെന്ന് വാക്കു കൊടുത്തു ഞാൻ മടങ്ങിയപ്പോഴുള്ള അവളുടെ കരഞ്ഞു തളർന്ന മുഖം എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്...
അതിനുശേഷം മീനുവിനെക്കുറിച്ച് ഒരറിവും ഉണ്ടായിട്ടില്ല. എങ്കിലും എന്റെ മീനു കാത്തിരിക്കുന്നുണ്ടാവും.. അവൾക്കുകൂടി വേണ്ടിയാണ് വർഷങ്ങൾക്കു ശേഷമുള്ള ഈ മടക്കം..
ഒരുപാട് നാളുകൾക്ക് ശേഷം മുത്തശ്ശിയുണ്ടാക്കിയ പുളിശ്ശേരിയും അച്ചാറും കൂട്ടുകറിയുമൊക്കെ കൂട്ടി ഊണ് കഴിച്ചു.. മനസ്സും നിറഞ്ഞു.
രാത്രി മുകളിലുള്ള എന്റെ പഴയ മുറിയിലേക്ക് ചെല്ലുമ്പോൾ ശരീരത്തേക്കാൾ വേഗത്തിൽ മനസ്സവിടെ ഓടിയെത്തിയിരുന്നു..
കട്ടിലിനടിയിലെ പഴകി തുരുമ്പിച്ച ഇരുമ്പുപെട്ടി തപ്പിയെടുത്തു.. പൊടിപിടിച്ച പഴയ ഡയറിയുമായി കട്ടിലിൽ വന്നിരുന്നു..
അതിന്റെ ഇളകിയ പേജുകൾക്കിടയിൽ അവളുടെ ചിരിച്ച മുഖം.. വയലിനരികിലെ മൂവാണ്ടന്മാവിന്ന് ഒരു കുല പച്ചമാങ്ങ പറിച്ചു കൊടുത്തതിനു അവൾ വരച്ചു തന്നതായിരുന്നു ആ ചിത്രം.. എന്നെക്കൊണ്ട് വയ്യ മാവിലൊന്നും വലിഞ്ഞു കേറാൻ എന്ന് പറഞ്ഞതിന് രണ്ടു ദിവസമാ മിണ്ടാതിരുന്നത്.. കാന്താരി!!
നാളെത്തന്നെ മീനൂനെ പോയി കാണണം. ഈശ്വരാ അവളെങ്ങാനും വേറെ വിവാഹം കഴിച്ചിട്ടുണ്ടാവ്വ്വോ? ഏയ് ഒരിക്കലുമില്ല.. ഒരിയ്ക്കൽ തമാശക്ക് അവളോട് ഞാൻ വേറെ പെണ്ണിനെ കെട്ടുമെന്ന് പറഞ്ഞപ്പോൾ കണ്ണേട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ പെണ്ണാ..
എന്നെക്കാളും രണ്ടു വയസ്സ് കുറവെ ഉള്ളുവെങ്കിലും രണ്ടു വയസ്സിന്റെ ബുദ്ധിയെ ഉള്ളു അവൾക്കെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..
ഞാൻ കഴിഞ്ഞിട്ടേ അവൾക്ക് മറ്റെന്തും ഉണ്ടായിരുന്നുള്ളു..
സ്നേഹം കൂടുമ്പോൾ അവൾ തന്നിരുന്ന ഉമ്മകളൊക്കെയും എന്റെ ഹൃദയത്തിലിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്..
ഞാൻ വേറെ ഏതെങ്കിലും പെൺകുട്ടികളോട് സംസാരിച്ചാൽ കണ്ണു നിറച്ചു പിണങ്ങിയിരിക്കുന്ന അവളുടെ അടുത്തേക്ക് ചെന്നാൽ കണ്ണേട്ടൻ എന്റെ മാത്രമാ എന്നും പറഞ്ഞു ചിണുങ്ങുന്ന എന്റെ തൊട്ടാവാടിപ്പെണ്ണിനെ കാണാൻ ഹൃദയം വെമ്പൽ കൊണ്ടു.
അവളെപ്പറ്റി മുത്തശ്ശിയോട് അന്വേഷിച്ചാലോ.. വേണ്ട. ആദ്യം അവളോട് തന്നെ ചോദിക്കണം.. ആ പഴയ ഇഷ്ടം ഇപ്പോഴുമുണ്ടെങ്കിൽ ഒരു താലിച്ചരടും കെട്ടി കൊണ്ടു പോകണം, എന്റെ പെണ്ണായിട്ട്..
ഓരോന്നോർത്ത് ഉറങ്ങിപ്പോയതറിഞ്ഞില്ല.. പിറ്റേന്ന് വീട്ടിൽ നിന്ന് ഒന്നു പുറത്തിറങ്ങാൻ പോലുമായില്ല.. കൂട്ടുകാരും അയൽക്കാരും ബന്ധുക്കളുമൊക്കെയായി ആകെ ബഹളമായിരുന്നു.. എല്ലാരേയും വീണ്ടും കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു..
സന്ധ്യ മയങ്ങിയപ്പോൾ ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞിറങ്ങി. മീനുവിനെ കാണണം.. അതു മാത്രമായിരുന്നു ലക്ഷ്യം.
അമ്പലവും അരയാലും സർപ്പക്കാവുമെല്ലാം പഴയത് പോലെത്തന്നെയുണ്ടായിരുന്നു.. അൽപ്പം പഴമയുടെ കലർപ്പുണ്ടെന്നു മാത്രം.
പോകുന്ന വഴിയിൽ നിന്നും ഒരു പിടി മഞ്ചാടി പെറുക്കി നേരെ സർപ്പക്കാവിലേക്ക് ചെന്നു.. ഞാൻ വന്ന വിവരം അറിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അവളെവിടെ എത്തും.
ചെന്നു നോക്കുമ്പോൾ നാഗ ശിലയ്ക്കു മുൻപിൽ വിളക്കെരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ക്ഷണനേരംകൊണ്ട് എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.. അവളവിടെ ഉണ്ടായിരുന്നില്ല.. നിരാശയോടെ ഞാനവിടെ നിൽക്കുമ്പോൾ പിറകിലൊരു കിളിനാദം..
"കണ്ണേട്ടാ.."
മനസ്സിലൊരായിരം തിരികൾ ഒരുമിച്ചു തെളിഞ്ഞു.. മീനു!!!
"എന്നെ.. എന്നെ മനസ്സിലായോ കണ്ണേട്ടന്??"
ഞാൻ കയ്യിൽ കരുതിയ മഞ്ചാടിക്കുരു അവൾക്കു നേരെ നീട്ടി മീനൂട്ടീ ന്ന് വിളിച്ചപ്പോൾ പെയ്യാനിരുന്ന കാർമേഘം പോലെ അവളെന്നിലേക്ക് വീണു വിതുമ്പിക്കരഞ്ഞു.. എന്റെ കണ്ണുകളും ഈറനായി..
അവളുടെ കണ്ണുകൾ തുടച്ച് ഇത്രയും കാലം കാത്തു വച്ച സ്നേഹം നെറ്റിയിലേക്ക് പകർന്നപ്പോൾ പരിഭവത്തോടെ അവൾ പറഞ്ഞു
"എവിടെയായിരുന്നു ഇത്രയും കാലം?ഇങ്ങനൊരാള് ഇവിടെ കാത്തിരിക്കുന്നുണ്ടെന്നു വല്ലപ്പോഴെങ്കിലും ഒന്ന് ഓർത്തോ??ഇനി കണ്ണേട്ടൻ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നതല്ല."
"വരാതിരിക്കാൻ എനിക്ക് കഴിയുമെന്ന് നിനക്ക് തോന്നിയിരുന്നോ മീനൂട്ടി.."
"ഒരു തവണയെങ്കിലും ഒന്ന് വരാമായിരുന്നു.. ഈ വരവും പ്രതീക്ഷിച്ചു ഞാൻ എന്നും കാത്തിരിയ്ക്കുമായിരുന്നു"
അവൾ കഷ്ടപ്പെട്ട് തേങ്ങലടക്കി
"നിന്നെ കൊണ്ടുപോവാനാണ് ഞാൻ വന്നത്.. നാളെ രാവിലെത്തന്നെ ഞാൻ വീട്ടിലേക്ക് വരാം, ഈ പൊട്ടിപ്പെണ്ണിനെ എനിക്ക് തരൊ ന്ന് ചോദിക്കാൻ"
ഞാൻ പതിയെ ചിരിച്ചു... അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം കരഞ്ഞു.. പാവം വരുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും കാത്തിരുന്നതാണ്. ഇനിയും എന്റെ മീനൂട്ടിയെ വേദനിപ്പിയ്ക്കാൻ വയ്യ..
അവളെ ചേർത്തിരുത്തി ഓരോ വിശേഷങ്ങൾ പങ്കുവെച്ച് ഇരുട്ടുന്നത് വരെ ഞങ്ങൾ അവിടെ ഇരുന്നു.. വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ആനന്ദത്തിന്റെ കുളിർമഴ പെയ്യുകയായിരുന്നു..
രാത്രി ഭക്ഷണത്തിന് ശേഷം മുത്തശ്ശിയുടെ മടിയിൽ കിടക്കുമ്പോൾ പതിയെ കാര്യം അവതരിപ്പിച്ചു.
"മുത്തശ്ശി ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കോ?"
"മുത്തശ്ശീടെ കുട്ടൻ പറ"
"നമ്മുടെ തെക്കേതിലെ മീനാക്ഷിയെ എനിക്ക് വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു.. "
"ഏത് ആ രാഘവന്റെ മോളോ"
"അതേ"
"ന്റെ കുട്ട്യേ.. മുത്തശ്ശി പറയാനിരിയ്ക്കായിരുന്നു നിന്നോട്. ആ മീനാക്ഷി ഒരു കല്യാണത്തിനും സമ്മതിക്കില്ല്യാർന്നു. എന്നിട്ട് കഴിഞ്ഞ മകരത്തിൽ ആ കുട്ടീടെ സമ്മതമിലാതെ രാഘവൻ കല്ല്യാണം ഉറപ്പിച്ചു"
"എന്നിട്ട്"
"എന്താ പറയാ കണ്ണാ.. നിശ്ചയത്തിന്റെ അന്ന് പുലർച്ചെ ദാ നമ്മുടെ സർപ്പക്കാവിന്റെ മുന്നിൽ അതിന്റെ വെറുങ്ങലിച്ച ശരീരമാ കാണുന്നത്.. എന്തിനാ മീനു അങ്ങനെ ചെയ്തത് ന്ന് ഇപ്പോളും ആർക്കും അറിയില്ല.. നല്ല കുട്ടിയായിരുന്നു. സമയദോഷം.. അല്ലാതെന്താ"
മുത്തശ്ശി നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചു.. എന്റെ സപ്ത നാഡികളും തളരുന്ന പോലെ തോന്നി.. ശരീരമാകെ ഒരു തളർച്ച ബാധിക്കും പോലെ.. ഒരു പാദസരക്കിലുക്കം ദൂരേക്ക് അകന്നകന്നു പോവും പോലെ..
ശുഭം
No comments