Popular Posts

കാന്താരി_ഇസ്തം

"ന്റെ പൊന്ന് അനൂ നാളെ നേരം വെളുത്താൽ നമ്മുടെ കല്യാണമല്ലേ അത് കഴിഞ്ഞാൽ പിന്നെ എത്ര വേണെങ്കിലും ആവാലോ.. വാശി പിടിയ്ക്കല്ലേ പ്ലീസ്"
"എനിക്കൊന്നും കേൾക്കണ്ട.. ഇങ്ങനൊരു പേടിത്തൊണ്ടൻ... വിഷ്ണ്വേട്ടൻ എന്നോട് വാക്കു പറഞ്ഞതല്ലേ.. എന്നിട്ടിപ്പോ മാറ്റി പറയാണോ??"
"എടീ പോത്തേ.. താഴെ മുഴുവൻ ആൾക്കാരാ.. അവർടെ കണ്ണുവെട്ടിച്ചു വരാൻ പറ്റാത്തോണ്ടല്ലേ.. "
"അപ്പൊ ഞാനോ? അത്രേം ബഹളത്തിന്റെ ഇടയിൽ എത്ര കഷ്ടപ്പെട്ടിട്ടാ വന്നതെന്നറിയോ? മര്യാദക്ക് വന്നോ ഞാൻ പുറത്തുള്ള ബസ് സ്റ്റോപ്പിൽ ഉണ്ട്"
"അനൂ ഞാൻ നിന്റെ കാലു പിടിയ്ക്കാടി.. ഒന്നു വീട്ടിപ്പോടീ..പ്ലീസ്"
"ഹും..പത്തു മിനിറ്റ് കൂടി ഞാൻ നോക്കും. അത് കഴിഞ്ഞു കണ്ടില്ലെങ്കി വീട്ടിലോട്ട് കേറി അങ്ങു വരും.. പറഞ്ഞില്ലെന്നു വേണ്ട"
"അയ്യോ കട്ടാക്കല്ലേ.. ഹലോ.. ഹലോ.."
ദൈവമേ... ഇവളിതെന്ത് ഭാവിച്ചാ.. ഏതോ ദുർബല നിമിഷത്തിൽ അറിയാതെ പറഞ്ഞു പോയതാ, കല്യാണത്തിന്റെ തലേന്ന് രാത്രി ബൈക്കിൽ ട്രിപ്പ് പോയിട്ട്,പുലർച്ചെ എല്ലാരും ഉണരുന്നതിനു മുൻപ് വീട്ടിൽ കേറാന്ന്..
എന്റെ തെറ്റാ.. അഞ്ചു വർഷം പ്രേമിച്ചിട്ടും ഇതിന്റെ തനി സ്വഭാവം അറിയാമായിരുന്നിട്ടും ഞാൻ അങ്ങനൊരു മണ്ടത്തരം പറയാൻ പാടില്ലായിരുന്നു.. ഇറങ്ങിച്ചെല്ലുകയല്ലാതെ വേറെ നിവൃത്തിയില്ല.. ഈശ്വരാ നീ കാത്തോണേ..
ബിപി കേറിക്കേറി അങ്ങു എവറസ്റ്റിൽ എത്തി നിക്കുമ്പോഴാ ഇടിത്തീ പോലെ അവളുടെ മെസ്സേജ്..
"ഇനി അഞ്ചു മിനിട്ടും കൂടിയേ ഉള്ളു.."
സൈക്കോളജിക്കൽ മൂവ്.. പിശാശ്.. തറവാട്ടിലെ തലമൂത്ത കാരണവന്മാരുടെയോ അമ്മേടെ പരദൂഷണ ടീംസിന്റെയോ കയ്യിൽ പെട്ടാൽ പിന്നെ നാണം കേടാൻ വേറെ വല്ലതും വേണോ?
ഒരു വിധം ആരും കാണാതെ അടുക്കള വഴി പുറത്തിറങ്ങുമ്പോൾ പിറകിൽ ഒരു അശരീരി.
"കല്യാണച്ചെക്കനെന്താ പാതിരക്ക് അടുക്കളയിൽ പരിപാടി"
നോക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ജാനകി വല്ല്യമ്മയുടെ ചിരിച്ച മുഖം..
"ഹിഹി.. ഇതാര്.. ജാനകി വെല്യമ്മയോ.. സുഖം തന്നെ അല്ലെ... ഭക്ഷണമൊക്കെ കഴിച്ചല്ലൊ അല്ലെ.. അപ്പൊ ശെരി നാളെ കാണാട്ടോ.. ഗുഡ് നൈറ്റ്.."
വാലിന് തീ പിടിച്ച പോലെയുള്ള എന്റെ ഓട്ടം കണ്ടുള്ള അവരുടെ നിൽപ്പ് വക വെക്കാതെ ഞാൻ റൂമിലേക്ക് തന്നെ കേറി..
ടെറസ് വഴി ആരും കാണാതെ പുറത്തേക്കിറങ്ങി.. നോക്കുമ്പോൾ ബൈക്ക് പുറത്തുണ്ട്.. ഭാഗ്യം.. സ്ഥലമില്ലാതെ ആരോ അവിടെ നിർത്തി ഇട്ടതാണ്.. അനിയൻ ആവാൻ ആണ് സാധ്യത.. ദൈവമേ നീ കാത്തു..
കഷ്ടപ്പെട്ട് ബൈക്ക് ഉരുട്ടി ബസ് സ്റ്റോപ് വരെ കൊണ്ട്‌ പോയി... നോക്കുമ്പോൾ വിജയീഭാവത്തിൽ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഇളിച്ചു നിൽക്കുന്നു എന്റെ ഭാവി വധു..
"വേഗം വാ... നമുക്ക് പെട്ടെന്ന് പോകാം"
"ഹലോ ഹലോ എങ്ങോട്ടു പോവാനാ ഒരുങ്ങിക്കെട്ടി നിൽക്കുന്നെ??"
"അതൊക്കെ പറയാം.. വേഗം സ്റ്റാർട്ട് ആക്ക്... ആരെങ്കിലും കാണുന്നതിന് മുൻപ് വേഗം പോകാം"
"നിനക്ക് എന്തിന്റെ കേടാടീ ദുഷ്ട്ടേ.. നേരം പന്ത്രണ്ടര കഴിഞ്ഞു.. മര്യാദക്ക് കിടന്നു ഉറങ്ങേണ്ട സമയത്തു അവളുടെ ഒരു വട്ട്.."
"അയ്യടാ ഇത് വട്ടൊന്നുമല്ല.. ഞാൻ എഫ്ബീല് ഒരു സ്റ്റോറി വായിച്ചിരുന്നു.. അതിലെ ചെക്കനും പെണ്ണും കൂടെ കല്യാണത്തിന്റെ തലേന്ന് ഇങ്ങനെ പോവുന്നുണ്ട്.. അത് കണ്ടപ്പോ തുടങ്ങിയ ആഗ്രഹാ.. അന്ന് പറഞ്ഞപ്പോ നീയല്ലേടാ പറഞ്ഞേ കൊണ്ടൊവ്വാന്ന്.."
"ടാ ന്നാ?? മര്യാദക്ക് വിഷ്ണ്വേട്ടാന്ന് വിളിക്കേടി.. നാളെത്തൊട്ടു നിയ്യന്റെ ഭാര്യയാ ഓർമ വേണം.."
"അയ്യടാ ന്റെ പട്ടി വിളിക്കും.. മര്യാദക്ക് വണ്ടി സ്റ്റാർട്ട് ചെയ്‌തോ.. ഇല്ലെങ്കി ഞാനിപ്പോ എല്ലാരേം വിളിച്ചുകൂട്ടും.. നാണക്കേടാവ്വേ.."
"സാമദ്രോഹി.. ആ കേറ് കേറ്.. എങ്ങോട്ടാ"
"ആ എനിക്കറിയില്ല.. എങ്ങോട്ടെങ്കിലും പോ"
"ഏഹ്.. ഹെന്റെ അത്തിപ്പാറ അമ്മച്ചീ.. ഇതിന്റെ കൂടെ ആണല്ലോ ഞാൻ ഈ ആയുസ്സ് മുഴുവൻ ജീവിക്കേണ്ടത്..."
"പുതുമഴയായി വന്നു ഞാൻ..."
"ദേവ്യേ.. യക്ഷീന്റെ പാട്ടൊക്കെയാണോടീ നട്ടപ്പാതിരയ്ക്ക് പാടുന്നെ.. ഒന്നു മിണ്ടാണ്ട് ഇരിക്കാവോ?"
"ഇതു വേണ്ടേ?? ന്നാൽ വേറെ പാടാം.. ആ.. ആ..ആ"
"ഈ ശവത്തിനെക്കൊണ്ടു തോറ്റല്ലോ ദൈവമേ.. ടീ അനൂ മിണ്ടാണ്ട് ഇരുന്നില്ലെങ്കിൽ ചവുട്ടി താഴെ ഇടും പറഞ്ഞേക്കാം.."
"ഓ പിന്നെ.. അത്ര ധൈര്യമൊന്നും നിനക്കില്ലടാ കൊരങ്ങാ.."
"ഓഹോ.. രണ്ടും കല്പിച്ചാണോ.. ന്നാൽ ചവുട്ടി താഴെ ഇട്ടിട്ടു തന്നെ കാര്യം"
"ആയിക്കോട്ടെ.. താഴെ ഇട്ടോ.. എന്നിട്ട് നാളെ കല്യാണം കഴിക്കാൻ ഒരുങ്ങിക്കെട്ടി പോയിട്ടു കെട്ടാൻ ആളില്ലാതെ ശശി ആയി നിന്നോ.."
"ആഹ് അതോണ്ട് മാത്രം നീ രക്ഷപ്പെട്ടു.. കല്യാണം ഒന്നു കഴിഞ്ഞോട്ടെ ടീ.. നിന്റെ അന്ത്യമാ.."
"ആരുടെ അന്ത്യമാണെന്നു നമുക്ക് കാണാടാ"
"ഇങ്ങനെ പോയാൽ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ നീയെന്നെ കൊല്ലൂല്ലോ ടീ... മനസ്സാക്ഷി വേണം മനസ്സാക്ഷി.."
"ഏയ് എന്റെ വിഷ്ണ്വേട്ടനെ ഞാൻ കൊല്ല്വോ ??"
"ഏയ്.. നീ കൊല്ലാതെ കൊല്ലും.. യക്ഷി.."
"ഹിഹി"
"ഇതിനാണോടീ നീ ഫെയ്ക് അക്കൗണ്ട് ഉണ്ടാക്കി വന്നു എന്നെ വളച്ചത്.."
"ഞാൻ വളച്ചൂന്നോ??ഏതു വകേല്? ഞാനാണല്ലോ നിങ്ങൾക്ക് റിക്വസ്റ്റ് അയച്ചത്.. ന്നിട്ടു പരിജയപ്പെട്ടിട്ട് സൂപ്പർ കാരക്ടറാ, അടിപൊളി വോയ്‌സ് ആണ്, ചക്കയാണ് മാങ്ങയാണ് ന്നൊക്കെ പറഞ്ഞിട്ട് പ്രൊപ്പോസും ചെയ്ത് ഒടുക്കത്തെ സെന്റിയും അടിച്ച് പാവം ആയിട്ടു അഭിനയിച്ചു വളച്ചത്"
"അത് പിന്നെ നിന്റെ കാന്താരിന്നുള്ള പ്രൊഫൈൽ നേമും ഏതോ ഹിന്ദി നടീടെ പിക്കും കട്ട ചാറ്റും ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചോ ഇമ്മാതിരി സാദനം ആണെന്ന്.."
"എന്നിട്ടിപ്പോ എന്തേ?? ഇത്രയും ലുക്കും നല്ല കിടിലൻ സ്വഭാവവും ഉള്ള കുട്ടീനെ കിട്ടീലെ?"
"ഹഹ.. വേറെ ആരും ഇല്ലെങ്കി"
"ഏഹ്?? എന്തെങ്കിലും പറഞ്ഞോ??
"ഏയ് ല്ലല്ലോ.. തോന്നീതാവും"
"മമ്"
"ടീ അനു.."
"ആഹ്.."
"അനുവേ"
"എന്തോന്നാ"
"അനു.... യ്"
"പറ കോപ്പേ"
"ടീ നിന്റെ ഫേസ്ബുക്ക് സ്റ്റോറി സത്യാട്ടോ.. ഈ യാത്രക്ക്യേ ഒരു ഫീലൊക്കെ ഉണ്ട്..."
"ഈ.. അതല്ലേ ഞാൻ പറഞ്ഞേ... ഇപ്പൊ കറക്ട് ആയില്ലേ.."
"അത് ശെരിയാ ഇത്രയും കാലം നമ്മൾ ഈ ബൈക്കിൽ ചുറ്റിയ പോലെ ഒന്നുമല്ല.. എന്തോ ഒരു ഇത് ഇണ്ട് ട്ടാ.."
"ആ അതാ ഞാൻ പറഞ്ഞത്.. ഇനി നാളെയോ മറ്റന്നാളോ അത് കഴിഞ്ഞു ഏതൊരു ദിവസം ഇങ്ങനെ പോയാലും ഈ ഫീല് കിട്ടൂല.."
കടൽക്കരയിലിരുന്നു കാറ്റു കൊള്ളുമ്പോൾ ഉള്ളിൽ ഉന്മേഷത്തിന്റെ അമിട്ട് പൊട്ടിയ പോലൊരു ഫീലിംഗ്..
നാളെ നേരം പുലർന്നാൽ പിന്നെ, തിരകൾക്ക് പിന്നാലെ ഓടിയും ഉറക്കെ കൂവി വിളിച്ചും അമ്പിളിമാമനെ പോലും വെറുതെ വിടാതെ കത്തി വെച്ചും ഇരിയ്ക്കുന്ന ഈ കാന്താരി എന്റെ സ്വന്തമാണല്ലൊന്നു ഓർക്കുമ്പോ വല്ലാത്തൊരു സന്തോഷം..
എല്ലാരും പറയുന്നത് ശെരിയാ.. പ്രേമിക്കാനും കല്യാണം കഴിക്കാനുമൊക്കെ മിണ്ടാപ്പൂച്ചയേക്കാൾ നല്ലത് ഇതുപോലത്തെ അഡാർ കാന്താരികളാ.. അവർക്കാകുമ്പോൾ ഉള്ളിലൊന്നു വച്ചിട്ട് പുറമെ വേറെ ഒന്ന് കാണിക്കാൻ അറിയില്ല..
ഒരുപാട് സാരിയും ആഭരങ്ങളും വാങ്ങിക്കൊടുക്കുന്നതിനെക്കാൾ അവർക്കിഷ്ടം ഇതുപോലത്തെ കൊച്ചു കൊച്ചു യാത്രകളും കട്ട സപ്പോർട്ടും ആയിരിക്കും...
സാധാരണ പെണ്ണുങ്ങളെപ്പോലെ അസൂയയും കുശുമ്പും കുറ്റം പറച്ചിലുമൊന്നും അവർക്ക് വശമുണ്ടാവില്ല.. പിന്നെ കുറച്ച് പോസസ്സീവ്നെസ് ഉണ്ടാവുന്നത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നേ..
നിന്നെക്കാളും വലുതാണോ എനിക്ക് അവരൊക്കെ ന്ന് ചോദിച്ചു കെട്ടിപൊടിച്ചൊരു ഉമ്മ കൊടുത്താൽ തീരാവുന്നതെയുള്ളൂ അത്..
അവരുടെ പിണക്കങ്ങൾക്കൊന്നും ഒരിക്കലും ആയുസ്സുണ്ടാവില്ല.. ഒരു ചോക്ലേറ്റ് അല്ലെങ്കിൽ ടെഡി.. അതിൽ തീരും ഊതിപ്പെരുപ്പിച്ചു വച്ചതൊക്കെ..
എത്ര ഡയലോഗ് അടിച്ചാലും ഉള്ളിൽ കട്ട സ്‌നേഹം ആയിരിക്കും.. എന്ത് കച്ചറ പരിപാടിയ്ക്കും കൊടിയും പിടിച്ചു മുന്നിലുണ്ടാകും..
പിള്ളേരുടെ സ്വഭാവമാണെന്നൊക്കെ പറഞ്ഞു വഴക്കു പറയാതെ അവരോടൊപ്പമൊന്ന് കൂടി നോക്കു.. എത്ര വലിയ സങ്കടമുണ്ടെങ്കിലും അതൊക്കെ അകന്നു പൊയ്ക്കോളും.. മനസ്സിൽ കള്ളമില്ലാത്തവരോടൊപ്പം കൂട്ടു കൂടാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമല്ലേ??
അപ്പൊ ശെരി.. പറഞ്ഞു നിൽക്കാൻ നേരമില്ല... എന്റെ കാന്താരി അവിടെ കാത്തു നില്പുണ്ട്... അതിനെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വേണം ആരും കാണാതെ എനിക്കും വീട് പറ്റാൻ..
അപ്പൊ എങ്ങനെയാ?? കല്യാണത്തിന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവില്ലേ..ഇനിയും ഇതുപോലെ ഓരോരോ വട്ടും കാണിച്ചു അടിച്ചു പൊളിക്കാൻ ഞങ്ങളിവിടൊക്കെത്തന്നെ കാണുട്ടൊ..
ശുഭം

No comments