”പ്രണയം നടിച്ചു പീഡനം…. പെൺകുട്ടി ആത്മഹത്യ ചെയ്തു….”
”പ്രണയം നടിച്ചു പീഡനം…. പെൺകുട്ടി ആത്മഹത്യ ചെയ്തു….”
അകത്തളത്തിൽ ടീവിയിൽ നിന്നും ഉയർന്നുകേട്ട ആ വാർത്തക്കും കാതോർത്തു ചാരുകസേരയിൽ മലർന്നു കിടക്കുമ്പോൾ മുറുക്കാൻ പെട്ടിയുമായി
ഉമ്മറപ്പടിയിലിരുന്നിരുന്ന മുത്തശ്ശിയെന്നെ കണ്ണിറുക്കിയൊന്നു നോക്കി…
ഉമ്മറപ്പടിയിലിരുന്നിരുന്ന മുത്തശ്ശിയെന്നെ കണ്ണിറുക്കിയൊന്നു നോക്കി…
”നിനക്കുണ്ടോടാ ചെക്കാ പ്രേമം??”
നനവുള്ള വെറ്റിലയെടുത്തു ചുണ്ണാമ്പ് തേച്ചുകൊണ്ടു മുത്തശ്ശി ചോദിക്കുമ്പോൾ, അരികിലെ തിണ്ണയിലിരുന്നിരുന്ന അനിയത്തികുട്ടിയൊരു ചിരി പാസ്സാക്കി…
”കൂടുകൂട്ടാൻ ഒരു കാക്ക പോലും തിരിഞ്ഞുനോക്കാത്ത വളർന്നു പന്തലിച്ചു നിൽക്കുന്ന മുറ്റത്തെ ആ മൂവാണ്ടൻ മാവ് പോലെയാ ഏട്ടൻ…”
കളിയാക്കിക്കൊണ്ടുള്ള അവളുടെ സ്വരത്തിൽ മുറ്റത്തെ മൂവാണ്ടനിലേക്ക് ഞാൻ നിർവികാരതയോടെ നോക്കിയിരുന്നു….
”ഇപ്പഴത്തെ തലമുറയുടെ പൊക്കിതെങ്ങോട്ടാണോ എന്റെ ഭഗവാനെ…”
ചുണ്ണാമ്പു തേച്ച വെറ്റില ചുരുട്ടി വായിലാക്കവേ, അകത്തളത്തിൽ നിന്നും കേട്ട വാർത്തയിൽ മുത്തശ്ശിയുടെ മുഖം പുച്ഛഭാവത്തിൽ ചുളിഞ്ഞു…
വെറ്റിലയും പുകലയും അടക്കയും കൂട്ടി നന്നായൊന്നു മുറുക്കി തുപ്പി, പുതുതലമുറയുടെ പുത്തൻ രീതികളോടുള്ള എതിർപ്പ് പ്രകടിച്ചുകൊണ്ടു മുറുക്കാംപെട്ടിയുമായി മുത്തശ്ശി അകത്തേക്ക് നടന്നു…
”എന്നോടും പറഞ്ഞു ഒരാൾ ഇഷ്ടമാണെന്നു….”
മുത്തശ്ശി പോയെന്നുറപ്പുവരുത്തി, ഉമ്മറത്തിണ്ണയിൽ പഠിച്ചുകൊണ്ടിരുന്ന അനിയത്തികുട്ടി പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറയുമ്പോൾ ചാരുകസേരയിൽ നിന്നും ചാടിയെഴുനേറ്റിരുന്നു ഞാനവളെ തുറിച്ചൊന്നു നോക്കി….
”പേടിക്കണ്ട ഏട്ടാ.. കൂടെ പഠിക്കുന്നതാ.. ആ പയ്യൻ ഇതുപോലെയൊന്നുമല്ല…. പഠിക്കാൻ മിടുക്കൻ… നല്ല സ്വഭാവം….”
ഉയർന്നുകേട്ട വാർത്തയും, എന്റെ മുഖത്തെ രൗദ്ര ഭാവവും കണ്ടിട്ടാകണം അവളെന്നെ അനുനയിപ്പിക്കാനെന്നോണം പറഞ്ഞു….
”നിനക്കിഷ്ടമാണോ??”
ചില സന്ദർഭങ്ങളിൽ എടുത്തുചാട്ടം വലിയ ആപത്തിലേക്കേ വഴി തെളിയിക്കൂ എന്ന ചിന്തകൊണ്ടാകാം,, ഉള്ളിൽ അരിച്ചുകയറിയ അരിശം പുറത്തുകാണിക്കാതെ ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…
”അത്… അതുപിന്നെ…”
കണ്ണിൽ നോക്കാതെ തല താഴ്ത്തിയിരുന്നു വാക്കുകൾക്കായി അവൾ പതറുമ്പോഴേ കാര്യം ഞാൻ മനസ്സിലാക്കിയിരുന്നു….
പ്രണയിക്കുന്നതൊരു തെറ്റല്ല…. പക്ഷേ പുതുതലമുറയുടെ പ്രണയം…. ചിന്തിക്കേണ്ടിയിരിക്കുന്നു…. ഒന്നല്ല… ഒരായിരം തവണ…
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം, അവൾക്കരികിലായി ഞാനും തിണ്ണയിൽ ഇരിപ്പുറപ്പിച്ചു….
”നീ അവനെയൊന്നു വിളിക്ക്….”
അരികിലിരുന്നിരുന്ന അവളുടെ ഫോണെടുത്തു നീട്ടികൊണ്ടു പറയുമ്പോൾ അവളെന്നെ മിഴിച്ചു നോക്കി…
”ഞാനൊന്നു കഥാനായകനെ പരിചയപ്പെടട്ടെടോ…”
ഒരു ചെറുചിരിയോടെ ഞാൻ പറയുമ്പോൾ മിഴിച്ചിരുന്ന അവളുടെ കണ്ണുകളിലൊരു പുഞ്ചിരി വിടർന്നു…
നമ്പർ ഡയൽ ചെയ്തു ഫോൺ തിരികെ എനിക്ക് നേരെ നീട്ടി…
”ഹലോ.. എന്താ തീരുമാനം??”
മറുതലക്കൽ നിന്നും ആവേശത്തോടെയുള്ള അവന്റെ സ്വരം കേട്ട നിമിഷം ഫോണിലെ ലൗഡ്‌സ്‌പീക്കർ ഞാൻ ഓൺ ചെയ്തു…
”തീരുമാനം കാരണവന്മാരുമായി സംസാരിച്ചെടുക്കുന്നതല്ലേ ഉചിതം??”
മൃദുവായി ഞാൻ ചോദിക്കുമ്പോൾ മറുതലക്കൽനിന്നും നിശ്ശബ്ദതയായിരുന്നു മറുപടി…
”പേടിക്കണ്ട… ഞാൻ അവളുടെ ചേട്ടനാണ്… നിനക്കത്രയിഷ്ടമാണെങ്കിൽ നമുക്കിത് നല്ല രീതിയിൽ തന്നെ ആലോചിക്കാം….”
നാണം തുളുമ്പിയ അവളുടെ മുഖത്തുനോക്കികൊണ്ടു അവനോടായി ഞാൻ പറയുമ്പോൾ മറുതലക്കൽ നിന്നും അവന്റെ ശബ്ദം ഉയരുന്നുണ്ടായിരുന്നു….
”അത് ചേട്ടാ… ഞാൻ.. ഒരു തമാശക്ക്.. ഫ്രണ്ട്‌സൊക്കെ പറഞ്ഞപ്പോൾ.. ”
വാക്കുകൾ മുഴുവനാക്കാതെ പരിഭ്രമത്തോടെ അവൻ പറയുമ്പോൾ കേട്ടുകൊണ്ടിരുന്ന അവളുടെ മുഖത്തെ പുഞ്ചിരി പതിയെ പതിയെ ഇല്ലാതായി….
നാവിൽ വികടസരസ്വതി ഉളവെടുത്തുവെങ്കിലും ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കി തിണ്ണയിൽ വെച്ചു…
”ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണേൽ നിന്നെ തേടി ഈ വീട്ടുപടിക്കൽ വരും… വരണം… അതാണ് ആണത്തം…
ഇനി തീരുമാനമെടുക്കേണ്ടത് നീയാണ്…”
തലതാഴ്ത്തിയിരിക്കുന്ന അവളോടായ് പറഞ്ഞുകൊണ്ട് മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലേക്ക് ഞാൻ നടന്നു….
”കൂടുകൂട്ടുവാനാരുമില്ലെങ്കിലെന്താ….. തണലേകി തലയുയർത്തിപ്പിടിച്ചു നിക്കുവല്ലേ നമ്മൾ രണ്ടും”
എന്നഭിമാനത്തോടെ പറഞ്ഞുകൊണ്ട് മാവിൻ തടിയിൽ തഴുകുമ്പോൾ, ഒരു വിങ്ങിപൊട്ടലോടെ കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ടവൾ മുറിയിലേക്കോടി….
പ്രണയം ചിലപ്പോഴെല്ലാം മഞ്ഞപിത്തം ബാധിച്ച പോലെയാണ്… തെറ്റുകളും ശരികളും തിരിച്ചറിയാനാകാത്ത വിധം അത് പ്രണയത്തിന്റെ മഞ്ഞ വലയം സൃഷ്ടിക്കും….
അതുകൊണ്ടു തന്നെയാകാം അവളെടുക്കാൻ ഒരുങ്ങുന്ന തീരുമാനത്തെപ്പറ്റി എന്റെയുള്ളിൽ ആധിയുണ്ടായിരുന്നതും,, പിറ്റേന്ന് കോളജിൽ നിന്നും വരുന്നതുവരെ അവളെയും കാത്തു ഞാൻ മിഴിച്ചിരുന്നതും….
പക്ഷേ കോളേജിൽ നിന്നെത്തിയിട്ടും എനിക്ക് മുഖം നൽകാതെ അവൾ ഓടി ഒളിക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു… അവൾക്കുമിപ്പോൾ പ്രണയത്തിന്റെ മഞ്ഞപ്പിത്തമാണെന്നു….
അല്ലേലും ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കുമൊന്നും ഈ തലമുറ ചെവി നൽകാറില്ലല്ലോ എന്ന ചിന്തയിൽ ഉമ്മറപ്പടിയിലിരിക്കുമ്പോൾ അകത്തെ മുറിയിൽ ഫോൺ ബെൽ ഉയരുന്നുണ്ടായിരുന്നു….
”എവിടെ അവൾ… ഞാനിന്നവളെ കൊല്ലും…”
കലിതുള്ളിക്കൊണ്ടായിരുന്നു മുറിയിൽ നിന്നും അമ്മ ഉമ്മറത്തേക്കെത്തിയത്….
കാര്യമെന്തന്നറിയാതെ ഞാൻ അമ്മയെ മിഴിച്ചുനോക്കി…
”കൂടെ പഠിക്കുന്ന ഒരുത്തന്റെ മൂക്കിടിച്ചു പരത്തിയത്രെ നിന്റെ പുന്നാര പെങ്ങൾ…”
എന്റെ കണ്ണുകളിലെ സംശയം അറിഞ്ഞിട്ടാവണം കലിയടക്കാനാകാതെ പറഞ്ഞുകൊണ്ട് അമ്മ അവളെയും തേടി അകത്തേക്ക് നീങ്ങി…
ഒന്നും മനസ്സിലാകാതെ തലയും ചൊറിഞ്ഞുകൊണ്ടിരിക്കുമ്പോൾ മുറ്റത്തെ മൂവാണ്ടൻ മരക്കൊമ്പിൽ നിന്നും ഒരു ചെറുചിരിയുയർന്നു….
ഒറ്റക്കണ്ണിറുക്കിക്കൊണ്ടുള്ള അവളുടെ ആ ചിരിയിൽ, ഞാനവളെയൊന്നു സസൂക്ഷ്മം നോക്കി…
‘അതെ… അവന്റെ മൂക്ക് തന്നെ… ഇനി ഒരു പെണ്ണിനേയും കബളിപ്പിക്കാൻ അവൻ മുതിരരുത്….’
എന്റെ സംശയങ്ങൾക്കുള്ള ഉത്തരമെന്നോണം അവളുടെ കണ്ണുകൾ പറയുമ്പോൾ,, ചിരിയാടാക്കാനാകാത്തവിധം ഞാൻ അട്ടഹസിച്ചു….
അതെ… അവൾ ചെയ്തതാണ് ശരി… തെറ്റുചെയ്യുന്നവന്റെ മൂക്കിടിച്ചു തകർക്കാൻ കെൽപ്പുള്ളവളായി അവൾ വളരട്ടെ…. ഇന്നത്തെ സ്ത്രീ സമൂഹവും…
ആധിയോടും മഞ്ഞപ്പിത്തത്തിനോടും ആ ചിരിയോടെ വിട പറഞ്ഞുകൊണ്ട്
മുറ്റത്തെ മൂവാണ്ടൻ മാവിന് വെള്ളമൊഴിക്കാനൊരുങ്ങുമ്പോൾ മരക്കൊമ്പിലിരുന്നവൾ അവൾ ഉറക്കെ വിളിച്ചുകൂവുന്നുണ്ടായിരുന്നു….
മുറ്റത്തെ മൂവാണ്ടൻ മാവിന് വെള്ളമൊഴിക്കാനൊരുങ്ങുമ്പോൾ മരക്കൊമ്പിലിരുന്നവൾ അവൾ ഉറക്കെ വിളിച്ചുകൂവുന്നുണ്ടായിരുന്നു….
”തണലുമാത്രമല്ല….. ഒരു കൈത്താങ്ങുകൂടിയാണ്.. മൂവാണ്ടനും, പിന്നേ……”
(ശുഭം..)
No comments