Popular Posts

ഒരു ഉച്ചനേരം (School Nostalgia)

ഒരു ഉച്ചനേരം....

പതിവിലും 10 മിനിറ്റ് വൈകിയാണ് ക്ലാസ്

കഴിഞ്ഞത്. 12:30 നു ബെല്ലടിച്ചപോഴെ

നിർത്താനുള്ള ആഹ്വാനം കുട്ടികളുടെ കണ്ണിൽ കണ്ടതാണ്. വയറു വിശന്നാൽ

പിന്നെയെന്തൊന്നു സോഷിയോളജി. എനിക്കും അടിവയറ്റിൽ എരിച്ചിൽ

തുടങ്ങിയിട്ട് നേരം കുറച്ചായിരുന്നു.. പക്ഷെ

പഠിപ്പിക്കുന്നതിൽ മുഴുകി കഴിഞ്ഞാൽ അത് മുഴുമിക്കാതെ നിർത്തുകയെന്നുപറഞ്ഞാൽ

എനിക്കതൊരു പ്രയാസമാണ്.. സ്റ്റാഫ്

റൂമിൽ ചെന്നപ്പോഴേക്കും എല്ലാവരും പൊതിച്ചോറുമായി വട്ടമേശ സമ്മേളനം

തുടങ്ങിക്കഴിഞ്ഞിരുന്നു.. ഉച്ചയൂണിന്റെ

സമയമെന്നു പറഞ്ഞാൽ അതൊരാഘോഷമാണ്...എല്ലാ ഡിപ്പാർട്മെന്റിലെം സാറുമാരും ടീച്ചർമാരും

ഒന്നിച്ചുകൂടി ഒരു വലിയ മേശക്കുചുറ്റും ഇരുന്നു ഭക്ഷണം കഴിക്കലും രാഷ്ട്രീയം

പറച്ചിലും സൊറപറച്ചിലുമെല്ലാമായി ബഹുരസമായിരിക്കും.. മേരിക്കുട്ടി ടീച്ചറുടെ

മീൻ കറിയും പൊതുവാൾ മാഷിന്റെ തീയലും

അന്നമ്മ ടീച്ചറുടെ ബീഫു മുളകിട്ടതും..സുലൈമാൻ സാറിന്റെ ഭാര്യയുടെ സ്പെഷ്യൽ മലബാറി മട്ടൻ സ്റ്റൂവും നമ്പൂതിരി മാഷിന്റെ തെക്കൻ അവിയലും ഞങ്ങളുടെ മേശപ്പുറത്തു നിറയുമ്പോൾ കേരളത്തിന്റെ വടക്കേയറ്റം

മുതൽ തെക്കേയറ്റംവരെയുള്ള എല്ലാ

പാചകകലകളും ഒന്നിച്ചുകണ്ട സംതൃപ്തിയാണ് ഞങ്ങൾക്ക്. ശെരിക്കുംപറഞ്ഞാലീ മതസൗഹാര്ദം ഊട്ടിയുറപ്പിക്കപ്പെടുന്നത് ഇത്തരം ഭക്ഷണം

പങ്കുവയ്ക്കലിൽ നിന്നുമല്ലേയെന്നു എനിക്ക്

പലപ്പോഴും തോന്നിയിട്ടുണ്ട്.. ജാതിയും

വർണവും ഭക്ഷണരാഷ്ട്രീയവും മറ്റുപല

കോളേജുകളിലും അധ്യാപകർക്കിടയിൽപോലും പ്രകടമാണെന്ന അവസ്ഥയിൽ ഞങ്ങളുടെ

കുട്ടികൾക്ക് മുന്നിൽ ഒത്തൊരുമയുടെയും

മതസൗഹാര്ദത്തിന്റെയും തികഞ്ഞ മാതൃകകളായിരുന്നു ഞങ്ങൾ..

പരസ്പരം പങ്കുവെയ്ക്കലാണ് ജീവിതം

എന്ന് ഞങ്ങളവരെ പഠിപ്പിച്ചിരുന്നില്ല പകരം

കാണിച്ചുകൊടുക്കുകയാരുന്നു.. ഊണുകഴിഞ്ഞു ഇത്തിരി നേരം വിശ്രെമിക്കാൻ ഞാൻ സാധാരണയായി

ലൈബ്രറിയിലേക്കാണ് പോകാറ്. ആരുടേയും കയ്യെത്തിപ്പെട്ടിട്ടില്ലാത്ത ഏതേലും കോണിലെ ഒരു ബുക്ക് എടുത്തുകൊണ്ട് കുറച്ച്നേരം സ്വസ്ഥമായി

ലൈബ്രറിയുടെ ശാന്തതയിൽ ഇരിക്കുകയായിരുന്നു എന്റെ ദിനചര്യ..

അന്നും പതിവുപോലെ ഊണുകഴിഞ്ഞു ഞാൻ ലൈബ്രറിയിലേക്കു പോകുകയായിരുന്നു.. അപ്പോഴാണ്  ഗ്രൗണ്ടിലേക്ക് തിരിയുന്ന വഴിയുടെ ഇപ്പുറത്തുനില്ക്കുന്ന പുളിമരച്ചോട്ടിൽ

യാദൃച്ഛികമായി ഞാനാകാഴ്ച കണ്ടത്..

കോളേജിന്റെ പറമ്പിൽ എവിടെനിന്നോ വെട്ടിയ ഒരു കീറ്റ് വാഴയില പുളിമരച്ചോട്ടിലെ

ബെഞ്ചിൽ വിരിച്ചിട്ടു ഒരു കൂട്ടം കുട്ടികൾ നില്കുന്നു.. കൃത്യമായി പറഞ്ഞാൽ അഞ്ചുപേർ..മൂന്നു ആൺകുട്ടികളും

രണ്ടു പെൺകുട്ടികളും.. അതിൽ നിന്നും

രണ്ടുപേർ തങ്ങളുടെ സാധാരണയിലും

വലിയ ചോറ്റുപാത്രമെടുത് അതിലെ ഭക്ഷണം ആ വാഴയിലയിലേക്കിടുന്നു.. കൂടെയുള്ളവർ അവരെ അതിനു സഹായിക്കുന്നു.. എന്നിട്ടവർ ഒന്നിച്ചു അതിൽ കയ്യിട്ടു വാരികഴിക്കുന്നു.. അതിനിടയിൽ പരസ്പരം കളിയാക്കുകയും

മീനിനും കറിക്കുമൊക്കെയായി തമാശക്ക്

വഴക്കിട്ടും..പിന്നീട്   പപ്പാതി

 മുറിച്ചു പങ്കുവെച്ചും..സൊറപറഞ്ഞു പൊട്ടിച്ചിരിക്കുന്നു.. അവരുടെയിടയിൽ

തട്ടമിട്ട കുട്ടിയുണ്ടായിരുന്നു കുറിതൊട്ട

കുട്ടിയുമുണ്ടായിരുന്നു..

ആ കാഴ്ച കണ്ടെന്റെ മനസ്സ് നിറഞ്ഞു. അതുപിന്നീടെന്റെ കണ്ണിലൂടെ പുറത്തേക്കൊഴുകി തുടങ്ങി.. ഒരു നിമിഷം

ഞാനാലോചിച്ചു..രണ്ടുപേർക്കുള്ള ഭക്ഷണം

അവർ അഞ്ചുപേരും നിറഞ്ഞ മനസ്സോടെ

കഴിക്കുന്നു.. അവരാരും സമ്പാദിച്ചു തുടങ്ങിയിട്ടില്ല.. അവരുടെ സമ്പത്തിൽ

നിന്നും ഉണ്ടാക്കിയതല്ല അവർ പങ്കുവെയ്ക്കുന്നത്.. അവരുടെ അച്ഛനോ

അമ്മയോ സമ്പാദിച്ചതാവാം.. ആ രണ്ടു

 ചോറ്റുപാത്രങ്ങൾക്കും സാധാരണയിലും

വലിപ്പമുള്ളതിൽ നിന്നും തന്റെ മകനോ

അല്ലെങ്കിൽ മകളോ കഴിക്കുന്നതിനൊപ്പം

ഒരാൾക്കും കൂടി കഴിക്കാനുള്ളത് നിറയ്ക്കാൻ

കരുതൽ കാണിച്ച അമ്മമാരേ കാണാം.. അവിടെ അവർക്കുമുന്നിൽ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും

ദിനംപ്രതി മാറിവരുന്ന തീവിലകളില്ല.. അങ്ങനെ ചിന്തിക്കാനും അവർക്കു പറ്റില്ല. കാരണം അവർ അമ്മമാരാണ്..

പരസ്പരം പങ്കുവെക്കുക എന്നതിന്റെ

അര്ത്ഥം ഞാൻ ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു..

ഉള്ളവർ പരസ്പരം .. പങ്കുവയ്ക്കുന്നതിലുപരി

ഉള്ളത്  ഇല്ലാത്തവരോടുംചേർന്നു പങ്കുവയ്ക്കുന്നതിനാണ് മഹത്വമെന്നു തിരിച്ചറിയുന്നു..

നമ്മൾ പഠിച്ചവരാണ് പഠിപ്പിക്കുന്നവരാണ്

അധ്വാനിക്കുന്നവരുമാണ്.. ഈ കുട്ടികൾ

നമ്മളെ ഓർമിപ്പിക്കുന്നു നമ്മൾ പഠിച്ചതൊക്കെ മൂല്യമില്ലാതായിരിക്കുന്നുവെന്നു...

"ഒരു ഉച്ചനേരം..."

                                               രചന

                                         അമൽ ഹരി

No comments