Popular Posts

അമ്മയുടെ വിഷുക്കൈനീട്ടം (ഗ്രാമം-Nostalgia)

അമ്മയുടെ വിഷുക്കൈനീട്ടം

ലീവിനു നാട്ടിലേക്ക്‌ പോവുകയാണു. . .
കാപ്പി കാപ്പി. .ട്രെയിനിലെ ചായക്കാരന്റെ ശബ്ദം കേട്ടാണു ഉറക്കത്തിൽ നിന്നെണീറ്റത്‌. . ..
.എവിടെയെത്തി ? വിൻഡോയിലൂടെ പുറത്തേക്ക്‌ നോക്കി. .നിലമ്പൂർ എത്തുന്നതേ ഉള്ളൂ. . .
ട്രെയിൻ തേക്കിൻ കാടിനുള്ളിലൂടെ ചൂളം വിളിച്ച്‌ പായുകയാണു. . .. .നല്ല മഴക്കോളുണ്ട്‌. .
തണുത്ത കാറ്റും. . .വൈകുന്നേരം ആയതുക്കൊണ്ടാവും ഇരുട്ട്‌ പടർന്നു തുടങ്ങിയിരിക്കുന്നു. . . .
മഴ ചാറാൻ തുടങ്ങി. .  ജനലിലൂടെ കൈ പുറത്തേക്കിട്ട്‌ ഇറ്റി വീഴുന്ന ഓരോ മഴത്തുള്ളികളും വിരലുകൾക്കൊണ്ട്‌ തട്ടിത്തെറിപ്പിക്കാൻ തുടങ്ങി. . .
അതുക്കണ്ടിട്ടാവണം മുന്നിൽ ഇരുന്ന പെൺകുട്ടിയുടെ മുഖത്ത്‌ ഒരു പുഞ്ചിരി. . . ട്രെയിനിന്റെ സ്പീഡ്‌ കുറയാൻ തുടങ്ങി. .നിലമ്പൂർ എത്തിയിരിക്കുന്നു. .
ലഗേജുമായി വാതിലിനടുത്ത്‌ നിലയുറപ്പിച്ചു. .   റെയിൽപ്പാളം അവസാനിക്കുന്നത്‌ നിലമ്പൂർ ആയതിനാൽ തിരക്ക്‌ വളരെ കുറവാണു. . .
ഇവിടെ വന്ന് ട്രെയിൻ തിരിച്ചുപോവുകയാണു പതിവ്‌. . .സ്റ്റേഷനുമുന്നിൽ ഓട്ടോക്കാരുടെ ബഹളം. .
യാത്രക്കാരെ പിടിക്കാനുള്ള പെടാപ്പാടാണൂ. . .ഓട്ടോയിൽ പോവാണെൽ 5 മിനുറ്റിൽ വീടെത്താം. .
നടക്കാനാണെങ്കിൽ 15 മിനുറ്റ്‌ എടുക്കും. .ഈ വലിയ ലഗേജുകളും കൊണ്ട്‌ നടക്കാൻ നന്നേ പ്രയാസമാവും. .എന്നാലും സാരല്ല നടക്കാൻ തീരുമാനിച്ചു. . .
പാളം മുറിച്ച്‌ കടന്ന് തേക്കിൻ കാടിനിടയിലൂടെ പതിയെ നടന്ന് മെയിൻ റോഡിലെത്തി. . .
രണ്ടുവർഷമായിരിക്കുന്നു ഈ വഴിയിലൂടെ നടന്നിട്ട്‌. .
.മുൻപ്‌ പലപ്പോഴും ഈ വഴി പോയിട്ടുണ്ടെങ്കിലും അന്നൊന്നും കിട്ടിയിട്ടില്ലാത്തൊരു സുഖം. . .
ചുറ്റും കണ്ണോടിച്ചു. . .ഒരു മാറ്റവുമില്ല സ്ഥലങ്ങൾക്കൊന്നും. . .
കവലയും ക്ലബ്ബും റേഷൻ കടയും എല്ലാം പുരോഗതൊയൊന്നുമ്മില്ലാതെ അങ്ങനെ തന്നെ. .  . .
 ക്ലബ്ബിൽ കാരംസ്‌ കളിക്കുന്നവർക്കിടയിലൂടെ കണ്ണോന്നോടിച്ചു. .  ഇല്ല പരിചയമുള്ള മുഖങ്ങളൊന്നുമില്ല. .
നടത്തം തുടർന്നു. . മെയിൻ റോഡ്‌ കഴിഞ്ഞ്‌ ചെറിയൊരു പോക്കറ്റ്‌ റോഡിലേക്ക്‌ തിരിഞ്ഞു. .
അടുത്തുള്ള ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലൂടെയാണു വഴി. . .
അമ്പലത്തിൽ നിന്നും പാട്ടുക്കേൾക്കുന്നു. . .വിഷൂനു ഇനി 2 ദിവസം കൂടിയേ ഉള്ളൂ അതാവും അമ്പലത്തിൽ ഇത്ര തിരക്ക്‌. . .
അമ്പലത്തിനുമുന്നിൽ എത്തിയപ്പോൾഒരു നിമിഷം കണ്ണൊന്നടച്ച്‌ പ്രാർത്ഥിച്ചു.ശേഷം കൈ തൊട്ട്‌ നെറുകിൽ വെച്ചതിനു ശേഷം നടപ്പ്‌ തുടർന്നു. . . . .
പാത അവസാനിക്കാറായെന്ന മുന്നറിയിപ്പുമായി പാതയുടെ നടുക്ക്‌ വലിയൊരു കൊന്ന മരം നിൽക്കുന്നു. . .
ഇവിടെ അവസാനിക്കുകയാണു പാത.ഇനിയങ്ങോട്ട്‌ പാടവരമ്പത്തൂടെയാണു നടത്തം. . . . .
കണിക്കൊന്നകൾ പൂത്തു നിൽക്കുന്ന ചില്ലകളിലേക്ക്‌ ഒരു നിമിഷം ഞാനൊന്നു നോക്കി നിന്നു.അവയ്ക്കിടയിലൂടെ കാർമ്മേഘങ്ങളാൽഇരുണ്ടുകൂടിയ നീലാകാശത്തെ കാണാം. . . .
ഒരു മഴത്തുള്ളി എന്റെ മുഖത്തേക്ക്‌ പതിച്ചു. . .
എങ്ങുനിന്നോ എത്തിയ നനുത്ത കാറ്റ്‌ ആ മഴത്തുള്ളികളേയും കൊണ്ട്‌ എന്നെ തഴുകി കടന്നുപ്പോയി. . .
പാടവരമ്പത്തേറിങ്ങി നടത്തം തുടർന്നു.
.കൊയ്ത്തു കഴിഞ്ഞ പാടത്ത്‌ അങ്ങിങ്ങായി കറ്റ കൂട്ടിയിട്ടത്‌ കാണാം. . .
ഒരു സൈഡിൽ കുട്ടികൾ പന്ത്‌ കളിക്കുന്നു. . .ചില വികൃതികൾ തൂങ്ങി നിൽക്കുന്ന തെങ്ങോലകളിൽ സർക്കസ്‌ അഭ്യാസിയെപ്പോലെ തൂങ്ങിയാടുന്നു. . . .
അവർക്കിടയിലൂടെ ഞാൻ നടപ്പ്‌ തുടർന്നു. .നേരം നന്നേ ഇരുട്ടിയിരിക്കുന്നു. . . .
മഴ ഇപ്പോ പെയ്യും എന്ന പ്രതീതിഎന്റെ നടപ്പിന്റെ വേഗം കൂട്ടി. . .
എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണു ഞാൻ തിരിഞ്ഞുനോക്കിയത്‌. . .
തെങ്ങോലയിൽ ആടിയ ഒരു കുട്ടി ഓലയടക്കം താഴെ വീണിരിക്കുന്നു. . .
മറ്റുകുട്ടികളെല്ലാം അത്‌ കണ്ട്‌ പൊട്ടിച്ചിരിക്കുന്നുണ്ടെങ്കിലും അവന്റെ മുഖത്ത്‌ ഒരു ചമ്മൽ കാണാം. .
ഞാൻ കണ്ടോ എന്നറിയാനായി അവൻ എന്റെ മുഖത്തേക്ക്‌ നോക്കുന്നുണ്ട്‌. . .
കണ്ടു എന്ന് മനസ്സിലാക്കിയ അവൻ മുഖത്തെ ജാള്യത മറയ്ക്കാൻ നന്നേ പാടുപ്പെട്ടുക്കൊണ്ട്‌ ഷർട്ടിലും നിക്കറിലും ഉള്ള പൊടി തട്ടിക്കളയുന്നു. .
.ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട്‌ നടപ്പ്‌ തുടർന്നു. . .
ലഗേജും തൂൽകിയുള്ള നടത്തം കൈ വേദനിക്കുന്നു. . .പാടവരമ്പ്‌ അവസാനിച്ചു. . . .
ഇനി ഒരു ചെറിയ തോട്‌ ഉണ്ട്‌. .അത്‌ ചാടികടക്കണം. .ഈ ലഗേജും വെച്ചുള്ള ചാട്ടം എന്ന സാഹസത്തിനു തുനിയാൻ ഞാൻ ഒരുക്കമല്ലാ. . .
നല്ല ക്ഷീണം. . .പയ്യെ ആ വെള്ളത്തിലേക്കിറങ്ങി.  . .
തണുത്ത വെള്ളം. . .
പരൽ മീനുകൾ കാലിനിടയിലൂടെ ഊളിയിട്ട്‌ പായുന്നു. .എന്തോ ഒരു ഇക്കിളിപോലെ. . .വെള്ളം കൈക്കുമ്പിളിൽ കോരിയെടുത്ത്‌ മുഖം ഒന്ന് കഴുകി. . .ഹോ നല്ല തണുപ്പ്‌. . . .
മനൂ എപ്പഴാ വന്നേ എന്നുള്ള വിളികേട്ട്‌ പിറകൊട്ട്‌ നോക്കി. .ലക്ഷ്മിയേടത്തിയാണു. . ഇപ്പോ വരുന്ന വഴിയാ ഏടത്തീ. . .
വീടിനടുത്തുള്ളതാ. . .
ഈ വർഷമെങ്കിലും ഞങ്ങൾക്കൊരിലയിട്ട്‌ സദ്യ തരോ നീയ്‌. . .അതോ കെട്ടാനുള്ള തീരുമാനൊന്നും ഇല്ലേ കുട്ട്യെ നിനക്ക്‌ എന്ന ഏടത്തിയുടെ ചോദ്യത്തിനു സമയമാവട്ടെ എന്ന സ്ഥിരം മറുപടി പറഞ്ഞ്‌ ഞാൻ പയ്യെ നടന്നു. . .
വീടെത്താറായി. . ഗേറ്റ്‌ തുറന്ന് മുറ്റത്തേക്ക്‌ കയറി. . .ഉമ്മറകോലായിൽ അമ്മ വിളക്ക്‌ വെച്ച്‌ സന്ധ്യാദീപം ചൊല്ലുന്നു.  . . .
എന്നെ കണ്ടതും ആ കണ്ണു വിടർന്നു. . എണീറ്റോടിവന്നു എന്നെ കെട്ടിപ്പിടിച്ചൂ.  . .
മനൂട്ടാ എന്താ ഇത്ര വൈകിയേ. . .? ഒരുപാട്‌ ക്ഷീണിച്ചൂട്ടോ. . . ആകെ കറുത്ത്‌ കരുവാളിച്ച്‌ ഒരു കോലായി ന്റെ കുട്ടി. .
അമ്മ പരിഭവം പറയാൻ തുടങ്ങീ. . .
ചങ്കുപ്പറിച്ച്‌ സ്നേഹിച്ച പ്രണയിനി എന്നേക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ വീട്ടുക്കാർ സമ്മതിക്കില്ലാ എന്ന സ്ഥിരം പല്ലവി പറഞ്ഞ്‌ എന്നെ ഒഴിവാക്കി അവന്റെ കൂടെ പോയൊരറ്റകാരണം കൊണ്ടാണു അവൾ ചിന്തിക്കുന്നതിനേക്കാളും അവൾക്ക്‌ കിട്ടിയതിനേക്കാളും കൂടുതൽ ഉയരങ്ങളിലേക്ക്‌ നടന്ന് കയറണം എന്ന വാശിയിൽ ഞാൻ ഗോവയിലേക്ക്‌ വണ്ടി കയറിയത്‌.
.അവിടത്തെ ചൂടും വെയിലും അമ്മയ്ക്കറിയില്ലല്ലോ. .ഞാൻ പറഞ്ഞിട്ടുമില്ലാ. . .
ലഗേജുമെടുത്ത്‌ അമ്മ അകത്തേക്ക്‌ കയറി. .
ഞാൻ വീടിനു ചുറ്റും ഒന്നു കണ്ണോടിച്ചു. . .
ഒരുപാട്‌ മാറ്റങ്ങൾ. . .അതൊന്നും ഒരു മാറ്റമായി എനിക്ക്‌ തോന്നീല. . .
മുറ്റത്തിന്റെ ഒരു മൂലയിൽ തുളസ്സിത്തറയിൽ കാറ്റിൽ ചിമ്മി കത്തുന്ന ദീപം എന്നെ നോക്കി ഒന്നു കണ്ണുച്ചിമ്മി. .
.എല്ലാം പഴയതുപോലെ തന്നെ. . .
 പണ്ട്‌ ഞാൻ കൂട്ടുക്കാരന്റെ വീട്ടിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന ലവ്‌ ബേർഡ്സ്‌ എന്നെ നോക്കി കലപില കൂട്ടുന്നു. .
.പയ്യെ ഞാൻ അവറ്റകളുടെ കൂടിനടുത്തെത്തി. . .ഞാൻ പോവുമ്പോൾ ആറെണ്ണം ഉണ്ടായിരുന്നുള്ളൂ. .
.ഇപ്പോ ദേ ഒരു പത്തിരുപതെണ്ണം. .
നീലയും വെള്ളയും മഞ്ഞയും പച്ചയും എല്ലാം കൂടെ കാണാൻ നല്ല രസം. . .
രണ്ട്‌ തുളസിതൂമ്പ്‌ പറിച്ച്‌ ഞാൻ അവറ്റകൾക്ക്‌ നേരെ നീട്ടി. . . . .
അനുസരണയുള്ള കുഞ്ഞുങ്ങളെപ്പോലെ അവ എന്റെ കൈവിരലുകളിലിരുന്ന് തുളസ്സിതൂമ്പ്‌ കൊത്തിവലിക്കാൻ തുടങ്ങി. . .
പണ്ടേ അങ്ങനെയാ. .എന്നെ കാണുമ്പോൽ എല്ലാംകൂടെ കലപില കൂട്ടും. .
തുളസിതൂമ്പ്‌ കിട്ടാനുള്ള കോലാഹലമാണത്‌
കൂടും അടച്ച്‌ ഞാൻ തിരിഞ്ഞ്‌ നടന്നു.  .
പോർച്ചിൽ ആരുമാരും ശ്രദ്ധിക്കാതെ വർഷങ്ങളായി എന്റെ സാമീപ്യമറിയാതെ എനിക്ക്‌ വേണ്ടി കാത്തിരിക്കുന്ന എന്റെ ബൈക്ക്‌ എന്നെ നോക്കി കരയുന്ന പോലെ.
.ഞാൻ ഓടി ബൈക്കിന്റെ അടുത്തെത്തി. .
എന്റെ സുഖങ്ങളിലും ദുഖങ്ങളിലും എന്റെ കൂടെ ഉണ്ടായിരുന്നവൻ. . .
എത്ര സ്പീഡിൽ പോയാലും എന്നെ താഴെ വീഴ്ത്താതെ ഒരു പോറലുപോലുമേൽപ്പിക്കാതെ എന്നെ കാത്തുരക്ഷിച്ചവൻ. . .എല്ലാ പരിക്കുകളും വീഴ്ച്ചകളും സ്വന്തം ശരീരത്തിലേറ്റുവാങ്ങി എന്നെ സംരക്ഷിച്ചവൻ. . .
ഓടിച്ചെന്ന് ഞാൻ ബൈക്കിന്റെ ഹെഡ്‌ ലൈറ്റിൽ ഒരു ഉമ്മ നൽകി. . . ബൈക്ക്‌ മൂടിയിട്ടിരുന്ന ഷീറ്റ്‌ എടുത്തുമാറ്റി പയ്യെ ഒന്ന് തലോടി. . .. . .
അവിടവിടെയായി പൊടിയും മറ്റും. . .
അമ്മേ ഈ ബൈക്ക്‌ കഴുകാറില്ലേ ?
ആ ചാവി ഒന്നിങ്ങെടുത്തേ. . .
അതൊക്കെ കഴുകിയിട്ടതാ. .
ഇങ്ങോട്ട്‌ കയറി വാ നീയ്‌. . .ചായ എടുത്ത്‌ വെച്ചിട്ടുണ്ട്‌ എന്നും പറഞ്ഞ്‌ അമ്മ കീയുമായി വന്നു. . .
വണ്ടൊയൊന്ന് സ്റ്റാർട്ടാക്കി. . .എന്റെ സാമീപ്യമറിഞ്ഞിട്ടാവണം അവനൊന്ന് മുരണ്ടു. . .
ഞാൻ കുറച്ച്‌ നേരം ആക്സിലേറ്റർ കൂട്ടിയിട്ട്‌ അവന്റെ പുറത്തൊന്ന് കയറിയിരുന്നു. . .
ഇപ്പോ മനസ്സിനൊരാശ്വാസം.
. .മെല്ലെ വീടിന്റെ സൈഡിലൂടെ പിന്നാമ്പുറത്തേക്ക്‌ നടന്നു.
. .പഴുത്ത മാങ്ങയ്ക്ക്‌ വേണ്ടി എന്റെ കല്ലേറു മുഴുവൻ കൊണ്ട്‌ ചോരവാർത്തിരുന്ന മുത്തശ്ശിമാവിന്റെ ചോട്ടിലൊരിത്തിരി നേരം ഞാനിരുന്നു. . .
എങ്ങുനിന്നോ വീശിയ കാറ്റിൽ ഒരു പഴുത്ത മാങ്ങ ഞെട്ടേറ്റ്‌ എന്റെ മുന്നിൽ പതിച്ചു. .
.എന്റെ കല്ലേറുകൊള്ളാൻ കെൽപ്പില്ലാത്തതിനാൽ  മാവ്‌ സ്വയം വീഴ്ത്തിയതാവാം ആ മാങ്ങ. .ഞാൻ ഓടിച്ചെന്നതെടുത്തു. . .പതിയെ ഒന്നു കടിച്ചു. . .നല്ല മധുരം. . .
അത്‌ കഴുകീട്ട്‌ കഴിച്ചാ മതി എന്ന് അമ്മ പറഞ്ഞെങ്കിലും അപ്പഴേക്ക്‌ മാങ്ങയെല്ലാം വയറ്റിലെത്തിയിരുന്നു. . .
കോഴികളെല്ലാം എന്നെ കണ്ടതും കൂടുകളിലേക്കോടി. . .
ഞാൻ വന്നതിനാൽ തങ്ങളിലാരാണു നാളെ കറിച്ചട്ടിയിലാവുന്നത്‌ എന്ന പേടിയായിരിക്കാം അവറ്റകളേ കൂട്ടിലേക്കോടിക്കയറാൻ പ്രേരിപ്പിച്ചത്‌. . .
അകത്തേക്ക്‌ കയറി. .
അമ്മ ചായ എടുത്ത്‌ വെച്ചിരിക്കുന്നു കൂടെ ആവിപറക്കുന്ന ഉണ്ണിയപ്പവും. . .
 കഴിക്കുന്നേനു മുന്നെ ഒന്നു കുളിക്കാൻ പറഞ്ഞത്‌ അമ്മയാണു. .ഡ്രസ്സ്‌ മാറ്റി ഒരു മുണ്ടും ഉടുത്ത്‌ തോർത്തും സോപ്പുമെടുത്ത്‌ അടുത്തുള്ള തോട്ടിലേക്ക്‌ നടന്നു. . .
നല്ല നിലാവുണ്ട്‌. . .തണുത്ത കാറ്റും. .
മടിച്ചുമടിച്ചാണേലും വെള്ളത്തിലേക്കൊന്നെടുത്തുച്ചാടി. . .
വെള്ളത്തിലേക്കൊന്നൂളിയിട്ടു. . .തണുത്തിട്ട്‌ വിറയ്ക്കുന്നു. . .
കുറച്ചുനേരം വെള്ളത്തിൽ നീന്തി കളിച്ചു. .
കൂട്ടിനു നിലാവുള്ളതിനാലും പണ്ട്‌ സ്ഥിരം കുളിക്കുന്നത്‌ ഇവിടെനിന്നായതിനാലും ഈ രാത്രിയിലും പേടി തോന്നിയില്ലാ. .
മതിതീരുവോളം വെള്ളത്തിൽ കയ്യും കാലുമിട്ടടിച്ചു. . . . .
പണ്ട്‌ അവളോട്‌ മതിയാവോളം സംസാരിച്ചത്‌ ഈ തോടിന്റെ കരയിൽ നിന്നാണു.
.വീണ്ടും ഇവിടെ എത്തിയപ്പോൾ മറന്നുതുടങ്ങിയതെല്ലാം മനസ്സിലേക്കോടിവന്ന് കണ്ണുന്നീർത്തുള്ളിയായ്‌ രൂപം പ്രാപിച്ച്‌ കവിളിനെ തഴുകാൻ തുടങ്ങി. . .
വീണ്ടും വെള്ളത്തിനടിയിലേക്കൂളിയിട്ട്‌ സങ്കടങ്ങളെയെല്ലാം വെള്ളത്തിന്റെ ആഴങ്ങളിലേക്ക്‌ തള്ളിയിട്ടു. . .
കരയ്ക്ക്‌ കയറി തല തോർത്തുമ്പോഴാണു ബഷീറിക്കാന്റെ വരവ്‌. . .അല്ല ചെങ്ങായിയേ അനക്ക്‌ പെണ്ണൊന്നും കെട്ടണ്ടേ. . .ഇങ്ങനെ നടന്നാൽ മതിയോ. . . .
എന്നെ കാണുമ്പോൾ അങ്ങേർ ചോദിക്കുന്ന ഒരേ ഒരു വാക്ക്‌ ഇത്‌ മാത്രാണു. .പിന്നെ കാണുമ്പോൾ ഒരു ചിരിയും. . .
 ഇതുപോലെയുള്ള ചെറിയ ചെറിയ കുശലം പറച്ചിലുകളും ചിരികളും മാത്രമാണു ജീവിതത്തിൽ എനിക്കിപ്പോൾ ആകെയുള്ള കൂട്ട്‌.  .
ഫേസ്ബുക്കിലും വാട്സാപ്പിലും മാത്രം തലകുനിച്ചിരുന്ന് പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഒരു പുഞ്ചിരിക്കൊണ്ടെങ്കിലും മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നതിനോടാണു. .
അവർ മാത്രമേ എന്നും നമുക്ക്‌ കൂട്ടിനുണ്ടാവൂൂ എന്നതാണു എന്റെ വിശ്വാസം. . .
അതാണൊരാശ്വാസവും. .അതുകൊണ്ടുത്തന്നെ എവിടെ ചെന്നാലും അവിടെയൊക്കെ എന്നെ അറിയുന്ന ചിലരെങ്കിലും ഉണ്ടാവും. . .
തോർത്തുമെടുത്ത്‌ ചെമ്പരത്തിയും കല്ല്യാണസൗഗന്ധികവും പൂത്തുനിൽക്കുന്ന ഇടവഴിയിലൂടെ വീട്‌ ലക്ഷ്യമാക്കി നടന്നു.  . .
എവിടെന്നൊക്കെയോ പടക്കം പൊട്ടുന്ന ശബ്ദങ്ങൾ. .
.ഒരു വികൃതിപ്പയ്യൻ ഒരു കോൽ പടക്കം കത്തിച്ച്‌ എന്റെ നേരെ ഒരേറു. .ഞാൻ വരുന്നത്‌ കണ്ടില്ലാന്ന് തോന്നുന്നു. .കൃത്യം എന്റെ കാലിന്റെടേൽ കിടന്ന് അത്‌ പൊട്ടി. .
.പണ്ട്‌ വിഷൂനു കൂട്ടുക്ലാരുടെ മുന്നിൽ വല്ല്യ ആളും ചമയാൻ ഗുണ്ടും അമിട്ടും കത്തിച്ച്‌ എറിഞ്ഞ്‌ പൊട്ടിചപ്പോൾ എംതോരം അമിട്ടും ഗുണ്ടും എന്റെ കയ്യിലൊരുന്ന് പൊട്ടീട്ടുണ്ട്‌.അപ്പോഴാ ഇത്തിരിപ്പോന്ന ഈ കോൽ പടക്കം. . .
കുട്ടികളെല്ലാം മൽസരിച്ച്‌ പടക്കം പൊട്ടിക്കുകയാണു. . .പെൺകുട്ടികൾ പടക്കം പൊട്ടിക്കാൻ വളരെ പിന്നിലാണു. .
 .അവർക്ക്‌ പേടിയാ. .അവർ ഇങ്ങനെയുള്ള സാഹസത്തിനൊന്നും മുതിരില്ലാ. . .അവരൊക്കെ മത്താപ്പും പൂത്തിരിയും നിലചക്രവും കത്തിച്ച്‌ കളിക്കുന്നു.  . . .
ഒരു ഉത്സവ പ്രതീതി. . . ചില വിരുതന്മാർ പരസ്പരം പടക്കം എറിഞ്ഞ്‌ പൊട്ടിച്ച്‌ കളിക്കുന്നു. .ആകെപ്പാടെ ഒരു ബഹളം. . .
വീട്ടിലേക്ക്‌ കയറി. .മുറ്റത്തേതോ ഒരു കാറു നിൽപ്പുണ്ട്‌. . .ആരാണാവോ ഈ നേരത്ത്‌ വന്നത്‌ ? ഞാൻ ഹാളിലേക്ക്‌ കയറി. .
 .മാമാാ എന്ന് വിളിച്ചുകൊണ്ട്‌ അനിയത്തിയുടെ പീക്കിരികൾ ഓടി വന്നു. .
 .2 കുട്ടികളാ അവൾക്ക്‌. . .രണ്ട്‌ പേരെയും ഞാൻ കെട്ടിപിടിച്ച്‌ കവിളത്തൊരുമ്മ കൊടുത്തു. . .കാറിൽ വന്നത്‌ അനിയത്തും അളിയനുമാണെന്ന് അപ്പഴാ മനസ്സിലായത്‌. .
വിഷു ആയതുക്കൊണ്ടും ഞാൻ വന്നതോണ്ടും വന്നതാ അവൾ. .അല്ലേലും അവൾക്ക്‌ എന്നും വരാലോ. .തൊട്ടടുത്താ അവളെ കെട്ടിച്ചുവിട്ടത്‌. . .

ഏട്ടാ ഒത്തിരി ക്ഷീണിച്ചല്ലോ തടിയും ഒരുപാട്‌ കുറഞ്ഞു എന്നുള്ള അവളുടെ കമന്റുകൾക്കിടയിൽ ചിരിച്ചുക്കൊണ്ട്‌ ഞാൻ ഡ്രസ്സ്‌ മറ്റെട്ട്‌ വരാടി പെണ്ണെ എന്ന് പറഞ്ഞ്‌ എന്റെ റൂമിലേക്ക്‌ കയറി. . .റൂമിലാകെ എന്റെ മണം. .
 .ഞാൻ കിടന്ന എന്റെ കട്ടിലും കിടക്കയും എന്നെ മാടിവിളിയ്ക്കുന്ന പോലെ. . .
അലമാര തുറന്ന് ഒരു മുണ്ട്‌ എടുത്തുടുത്തു. .ഞാൻ നിധിപോലെ കാത്തുസൂക്ഷിച്ച പഴയ പ്രണയത്തിന്റെ ശേഷിപ്പുകൾ കത്തുകളായും ആശംസാകാർഡുകളായും വാലെന്റൈൻ ഗിഫ്റ്റുകളായും അങ്ങനെ തന്നെ അതിനുള്ളിരിക്കുന്നു. 
. .ആ കത്തുകളിലെ വരികൾക്കിടയിലൂടെ പതിയെ ഒന്നു കണ്ണോടിച്ചു. . .ഇനിയും അത്‌ വായിച്ചാൽ ശരിയാവില്ലാന്ന് കരുതി നിറഞ്ഞ കണ്ണുകൾ തുടച്ച്‌ ഞാൻ തലയിണയിലേക്ക്‌ മുഖം പൂഴ്ത്തി. . .
വാതിലിൽ മുട്ട്‌ കേട്ടിട്ടാണു കണ്ണുതുറന്നത്‌..
 . .ടാ കോരാ വാടാ. . .
കൂട്ടുക്കാർ എനിക്കിട്ട പേരാണു കോരൻ എന്ന്. .നാട്ടിൽ മനു എന്ന് പറഞ്ഞാൽ അറിയുന്നതിനേക്കാൾ കോരൻ എന്ന് പറഞ്ഞാലേ പലർക്കും അറിയൂ. . .
അത്രയ്ക്ക്‌ ഫെയ്മസ്സാ. . . . വാടാ അലവലാതി എന്നുള്ള വിളീക്കേട്ട്‌ എണീറ്റ്‌ വാതിൽ തുറന്നതും എല്ലാം കൂടെ എന്നെ റൂമിലേക്ക്‌ തന്നെ തള്ളിയിട്ടു. . .എത്രക്കാലായടാ കണ്ടിട്ട്‌ ?  പട്ടീ ഞങ്ങളെയൊക്കെ കാണാൻ നിനക്ക്‌ ഒരു ആഗ്രഹവുമില്ലാ ലേ. . .
പരിഭവം പറച്ചിലും പിണക്കങ്ങളും ഇണക്കങ്ങളും. .കുട്ടിക്കാലം തൊട്ടുള്ള സൗഹൃദങ്ങളാണു.  . .
അമ്മേ ഞാൻ ഇതാ വരുന്നു എന്ന് പറഞ്ഞ്‌ കൂട്ടുക്കാരുടെ കൂടെ പുറത്തേക്കിറങ്ങി. . .
നേരെ പോയത്‌ തോട്ടിൻ വക്കത്തുള്ള പാടത്തേക്കാണു. .
.നല്ല നിലാവ്‌. .ദൂരെ ആരൊക്കെയോ ചൂട്ടും കത്തിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. . . .നല്ല നിലാവ്‌. .ഒരു വരമ്പിൽ ഇരുപ്പുറപ്പിച്ചു എല്ലാരും. . .
ഒരു ബൈക്കിന്റെ ലൈറ്റ്‌ കണ്ടാണു തിരിഞ്ഞ്‌ നോക്കിയത്‌. . .
കൂട്ടത്തിലുള്ളവന്റെ കിട്ടിയോടാ എന്ന് ചോദ്യത്തിനു കിട്ടി എന്ന എന്ന മറുപടിയിലെ ആ ശബ്ദം കേട്ടാണു ആളെ തിരിച്ചറിഞ്ഞത്‌ . .
വിഷ്ണു. . .
കുട്ടിക്കാലം തൊട്ട്‌ എന്റെ കൂടെ എല്ലാ തെണ്ടിത്തരത്തിനും കൂട്ടുനിന്നവൻ. . .എന്നെ കണ്ടതും അവൻ ഓടിവന്ന് കെട്ടിപ്പിടിച്ചു. .
അളിയാ എത്ര കാലായടാ. . 
എന്ന് പറഞ്ഞ്‌ കരയാൻ തുടങ്ങിയ അവനെയും എന്നെയും എല്ലാരും വന്ന് കെട്ടിപ്പിടിച്ച്‌ പിന്നെ ഒരു സങ്കടകടലായിരുന്നു അവിടെ. .. . .കൂട്ടത്തിലൊരുത്തൻ ബൈക്കിന്റെ പിറകിലുള്ള സഞ്ചിയിൽ നിന്ന് നാലഞ്ച്‌ കുപ്പി കൊണ്ടുവന്നു.
.ബിയർ ആണു. .ഞാൻ വന്നെന്നറിഞ്ഞപ്പോൾ ഒന്ന് കൂടാം എന്ന് കരുതി. . .സിപ്പ്‌ സിപ്പായി കുടിക്കുന്നതിനിടയ്ക്ക്‌ അച്ചാറിലും തൊട്ട്‌ നക്കാൻ മറന്നില്ല. . .
അവിടെയിരുന്ന് തമാശപറച്ചിലുകളും മറ്റുമായി സമയം പോയത്‌ അറിഞ്ഞില്ല. .വിഷൂനു എല്ലാരും വീട്ടിലേക്ക്‌ വരണം എന്ന് പറഞ്ഞ്‌ ഞാൻ പതിയെ വീട്ടിലേക്ക്‌ നടന്നു.
 .വീട്ടിലെത്തിയുടനെ ബാഗ്‌ തുറന്ന് മുഷിഞ്ഞ വസ്ത്രങ്ങൾ ഞാൻ അമ്മയുടെ മുന്നിലേക്ക്‌ നീട്ടി. .
അമ്മേ അലക്കാനുള്ളതാ. . .എവിടെ പോയാലും എനിക്കൊരു സ്വഭാവമുണ്ട്‌ നാട്ടിലേക്ക്‌ വരുമ്പോൾ ഞാൻ എന്റെ എല്ലാ ഡ്രെസ്സും കൊണ്ടുവരും.
എന്നിട്ട്‌ അമ്മയെക്കൊണ്ട്‌ അലക്കിക്കും. . .അതൊരു ശീലമായിരിക്കുന്നു. .
.അമ്മയുടെ കൈക്കൊണ്ട്‌ അലക്കിയാലേ മനസ്സിനൊരു സംത്രിപ്തി കിട്ടൂൂ. . .
പണ്ടൊക്കെ അമ്മയുടെ അലക്ക്‌ കണ്ട്‌ ഞാൻ ഒരുപാട്‌ വഴക്കിട്ടിട്ടുണ്ട്‌. .അലക്കുകല്ലും അമ്മയും തമ്മിലുള്ള മൽപിടുത്തത്തിൽ എന്റെ എന്തുമാത്രം ഷർട്ടുകളാ അന്നൊക്കെ പിഞ്ഞി പോയത്‌. .
 .കോളറിലെ ഷർട്ട്‌ കളയാൻ കല്ലിൽ വെച്ച്‌ ഒരു ഉരയ്ക്കലാ. . .
അത്‌ കാണുമ്പഴേ മൻസ്സിലുറപ്പിക്കും നാളെ ഷർട്ടിന്റെ കോളർ എലി കടിച്ചപോലെയാവും ന്നു. . .
ഇപ്പോ കുറച്ചായി അതൊക്കെ വല്ലാണ്ട്‌ മിസ്സ്‌ ചെയ്തിരിക്കുന്നു. . .
പിറ്റേന്ന് നേരം വെളുത്തപ്പോൾ ആദ്യത്തെ ദൗത്യം കണിക്കൊന്ന പറിയ്ക്കാൻ പോവാ എന്നതാണു. . .
വിഷൂനു കണികാണാൻ കണിക്കൊന്നയും വെക്കാറുണ്ടല്ലോ. . .എന്നാലേ കണി കണി ആവൂ. . .വീറ്റിനടുത്തുള്ള കുറേ പീക്കിരകളേയും കൂട്ടുക്കാരേയും കൂട്ടി നേരെ കാട്ടിലേക്ക്‌. . അവിടെ ഒരുപാട്‌ കൊന്ന മരങ്ങളുണ്ട്‌. .
 പൂക്കളെല്ലാം എത്രയോ ഉയരത്തിലാണു. . .
ഉറുമ്പ്‌ കടിയും സഹിച്ച്‌ എങ്ങനെയൊക്കെയോ വലിഞ്ഞ്‌ കയറി സാധനം ഒപ്പിച്ചു. . .ഇനി അടുത്ത ദൗത്യം രാത്രി പൊട്ടിക്കാനുള്ള പടക്കങ്ങളും പൂത്തിരികളും. . .
നേരെ ടൗണിലേക്ക്‌ വച്ച്‌ പിടിച്ചു. പടക്കം പൊട്ടിക്കിന്നതിലും മറ്റും കമ്പക്കാരനായതിനാൽ 6000 രൂപയ്ക്ക്‌ എല്ലാം കൂടെ വാങ്ങിച്ചു. .കുട്ടിക്കാലം തൊട്ടേ ഞാൻ അങ്ങനെയാ. .
സ്കൂളിൽ പടിക്കുന്ന കാലത്ത്‌ വെക്കേഷൻ സമയത്ത്‌ മിട്ടായി കച്ചവടം ചെയ്തും അടുത്ത പറമ്പിലെ കശുവണ്ടി മോഷ്ടിച്ച്‌ വിറ്റും 600 രൂപയ്ക്ക്‌ പോലും ഞാൻ പടക്കം വാങ്ങി പൊട്ടിച്ചിരുന്നു. . ..
.ഒരിക്കൽ മാത്രമെ അതിനൊരു മുടക്കം ഉണ്ടായിട്ടുള്ളൂ കാരണം പടക്കം വാങ്ങിക്കാൻ ഞാം സ്വരുക്കൂട്ടിയ പൈസയ്ക്ക്‌ അമ്മയ്ക്കും അനിയത്തിയ്ക്കും വിഷുക്കോടി എടുത്തുക്കൊടുത്തു. . .ആദ്യമായി എന്റെ കയ്യിൽ നിന്ന് വിഷുക്കോടി കിട്ടിയ അമ്മ്യുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. .
പകരം അമ്മ കണി കാണിക്കുമ്പോൾ തന്നിരുന്നത്‌ മുഷിഞ്ഞ്‌ കീറിയ പത്തുരൂപാ നോട്ടുകളായിരുന്നു. . .
എന്നിട്ട്‌ അമ്മ പറയും അമ്മയുടെ കയ്യിൽ ഇത്‌ മത്രേള്ളൂ ന്ന്. .അന്ന് ആ പൈസയ്ക്ക്‌ പത്തുരൂപാ നോട്ടിനേക്കാളും വിലയുണ്ടായിരുന്നു എന്റെ മനസ്സിൽ. . .
ടൗണിൽ പോയി തിരിച്ചെത്തിയപ്പോൾ അടുക്കളയിൽ പച്ചക്കറികളും മറ്റും നിരന്നിരിക്കുന്നു. .അച്ചന്റെ വകയാണു. . . വാങ്ങിയ പടക്കങ്ങളും പൂത്തിരികളും പൊട്ടിച്ച്‌ തീർക്കാൻ സന്ധ്യ ആവും വരെ ഒരു കാത്തിരിപ്പായിരുന്നു പിന്നീട്‌. . .
അനിയത്തിയുടെ കുട്ടികൾ പൂച്ച മത്തിയിലേക്ക്‌ നോക്കി ഇരിക്കുന്ന പോലെ പടക്കപൊതിയും നോക്കി താടിയ്ക്ക്‌ കയ്യും കൊടുത്ത്‌ ഇരിക്കാണു. .
മാമാ രാത്രി എന്താ ആവാത്തെ. . .
ഇപ്പഴേ പോട്ടിക്കാം എന്നൊക്കെ.കമന്റിടുന്നു. .അവരുടെ ക്ഷമ നശിച്ചെന്ന് സാരം. . .
രാത്രിയായതും വീടിനടുതുള്ള സകല പിള്ളേരെം കൂട്ടി പടക്കം പൊട്ടിക്കുക എന്ന ദൗത്യത്തിലേക്ക്‌ കടന്നു. . .
പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും മറ്റു കോലാഹലങ്ങളും കേട്ടിട്ടാവണം അടുത്ത വീട്ടിലെ പശു കയറുപൊട്ടിച്ച്‌ ഓടിയിട്ട്‌ അതിനെ പിടിച്ചത്‌ ദൂരെയുള്ള പാടത്തൂന്നാ. .  . . .
രാവിലെ അമ്മയുടെ വക കണികാണലാണു. . .രാത്രി എല്ലാം ഒരുക്കിവെച്ചത്‌ ഞാനും അനിയത്തിയുമാണു. . .നേരത്തെ എണീറ്റു കണിക്കണ്ടു. . .
സമയം 4 ആയതേ ഉള്ളൂ. . .കണികണ്ടു. .  പതിവു തെറ്റിക്കാതെ അന്നും അമ്മ എന്റെ കൈവെള്ളയിലേക്ക്‌ വെച്ച്‌ തന്നു  പത്തുരൂപാ നോട്ടുകൾ. . .
പകരം ഞാൻ അമ്മയ്ക്ക്‌ നൽകിയത്‌ സ്വർണ്ണകളറുള്ള അഞ്ചുരൂപാ നാണയതുട്ടുകളായിരുന്നു. .
അനിയത്തിയുടെ കുട്ടികൾക്ക്‌ അവരുടെ മഞ്ചാടിക്കുരു ശേഖരത്തിലേക്ക്‌ ഒരു പൊതി മഞ്ചാടിക്കുരുവും. . . . .
പെട്ടന്നാണു ബാഗിനേക്കുറിച്ച്‌ ഓർമ്മവന്നത്‌. . .റൂമിൽ കയറി ബാഗ്‌ തുറന്നു. .എല്ലാർക്കുമായി ഗോവയിൽ നിന്ന് വാങ്ങിച്ച്‌ വിഷുക്കോടി പുറത്തെടുത്തു. .
എല്ലാവർക്കുമായി അത്‌ വീതം വെച്ചു. .അമ്മയ്ക്ക്‌ സാരിയാണു. .അച്ഛനു സ്വർണ്ണകരയുള്ള മുണ്ടും ഷർട്ടും.
.അനിയത്തിയ്ക്ക്‌ ചുരിദാർ മതിയെന്ന് പറഞ്ഞതോണ്ട്‌ അത്‌ കൊടുത്തു. .
കുട്ടികൾക്കിഷ്ടപെട്ടത്‌ അവർക്കും. . .
ഉമ്മറത്തൂന്ന് കണികാണും നേരം എന്ന പാട്ടുക്കേട്ട്‌ ചെന്ന് നോക്കിയപ്പോൾ കുറച്ച്‌ കുട്ടികൾ കൃഷ്ണവേഷം കെട്ടി പടക്കവും പൊട്ടിച്ച്‌ കണി വാങ്ങാൻ വന്നിരിക്കുന്നു. . .
ഒന്ന് രണ്ട്‌ മൂന്ന്. .
നാട്ടിലെ സകലമാന കുരുത്തക്കേടുകളും ഉണ്ട്‌ കൂട്ടത്തിൽ. . .
അവർക്കുള്ളതും കൊടുത്ത്‌ നേരെ അടുക്കളയിലേക്ക്‌ നടന്നു. .ഇനി അമ്മയെ സഹായിക്കുക എന്നതാണു ജോലി. . . തേങ്ങ ചിരകണം. .പച്ചക്കറി അരിയണം. .
എന്തെല്ലാം പണികളാ എനിക്കായി കാത്തുനിൽക്കുന്നത്‌. . .എല്ലാം ഒന്നൊനായി ചെയ്ത്‌ തീർത്തപ്പോഴെക്കും ഉച്ചയായി. . .
എല്ലാം കഴിഞ്ഞ്‌ തോർത്തും സോപ്പുമായി തോട്ടിലേക്ക്‌. വിശാലമായൊന്നു കുളിക്കണം. . .
തോട്ടിലാണേൽ കൂട്ടുക്കാരും നാട്ടിലുള്ള പീക്കിരികളുമെല്ലം ഉണ്ട്‌. .അവരുടെ കൂടെ കുറച്ചുനേരം നീരാടി. .
.ഇന്നലത്തെപ്പോലെ തണുപ്പില്ല വെള്ളത്തിനു. . . .
കുളികഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴെക്കും അമ്മ സദ്യ വിളമ്പിയിരുന്നു. . . വീട്ടുക്കാരുടെയും കൂട്ടുക്കാരുടെയും കൂടെ സദ്യ ആസ്വദിച്ച്‌ കഴിച്ചു. . .
കറികൾക്കെല്ലാം അമ്മയുടെ സ്നേഹത്തിന്റെ രുചിയുണ്ടായിരുന്നു. . . . . .
കൂട്ടുക്കാർ തന്നെയാണു എല്ലാം വിളമ്പി തന്നത്‌.
പിന്നെ കഴിക്കാം എന്ന് പറഞ്ഞ്‌ മടിപ്പിടിച്ചിരുന്ന അമ്മയേയും അച്ഛനേയും പുൽപായയിൽ ഇരുത്തി എല്ലാം വിളമ്പിക്കൊടുത്തത്‌ ഞാനായിരുന്നു.കൂടെ അനിയത്തിയുടെ മൂന്നും ആറും വയസ്സായ കുട്ടികളും എന്റെ കൂട്ടുക്കാരും. . . .
അനിയത്തി എന്റെ ലഗേജ്‌ ഒരുക്കുന്ന തത്രപ്പാടിലായിരുന്നു. .
ലീവ്‌ ഇന്ന് കഴിയും . .വൈകിട്ട്‌ നാലിന്റെ ട്രെയിനിനു തിരിച്ച്‌ പോവണം. . . . . .
സമയമായി. .ഈ സന്തോഷക്കടലിൽ നിന്ന് തിരിച്ചുപോവുന്നതിനെക്കുറിച്ചോർത്തപ്പോൾ കണ്ണു നിറഞ്ഞു. . . . .അമ്മ സാരിതലപ്പുക്കൊണ്ട്‌ കണ്ണുതുടയ്ക്കുന്നത്‌ കണ്ടു. .അമ്മയുടേം കണ്ണു നിറഞ്ഞുവോ. . . . .
മാമൻ ഇനി എപ്പഴാ വരാ എന്നും പറഞ്ഞ്‌ അനിയത്തിയുടെ കുട്ടികൾ ചിണുങ്ങാൻ തുടങ്ങീ. . .
ഇനി അവിടെ നിന്നാൽ തടഞ്ഞുനിർത്തിയ കണ്ണീരെല്ലാം പുറത്തേക്ക്‌ ചാടും എന്നറിയാമായിരുന്നതിനാൽ ഞാൻ പുറത്തേക്കിറങ്ങി. .
കിളികളോടും ബൈക്കിനോടും മുത്തശ്ശിമാവിനോടും യാത്രപറഞ്ഞുക്കൊണ്ട്‌ കുന്നോളം വേദനയുമായി ഞാൻ വീടിന്റെ ഗേറ്റ്‌ കടന്നു. . . . .
മനസ്സിലെ വേദനകളെല്ലാം കണ്ണുനീരാക്കി പുറത്തേക്ക്‌ കളയുന്നതിനോടോപ്പം ഞാൻ എന്റെ നടത്തത്തിന്റെ വേഗതയും കൂട്ടീ. . ദൂരങ്ങൾ പിന്നിട്ട്‌ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അകലെനിന്ന് അമ്മ കൈവീശി കാണിക്കുന്നുണ്ടായിരുന്നു. .
ഞാൻ അകലങ്ങളിലേക്ക്‌ മറയും വരെ ആ കൈ വായുവിൽ ചലിച്ചുക്കൊണ്ടേയിരുന്നു. . .
      കൂടെ നിലയ്ക്കാത്ത എന്റെ കണ്ണീർ പ്രവാഹവും. . . . . .
#Manu G menon

1 comment: