Popular Posts

ഞാൻ ഇത്രേം റൊമാന്റിക് ആയാൽ മതിയോ ? ഇനീം വേണമെങ്കിൽ, ? (Love and Romance)



"അനൂ നിന്റെ വിഷ്ണു ഏട്ടൻ ആളെങ്ങനാ, റൊമാന്റിക് ആണോ ?"

"എന്ത് ?"

 " നിന്റെ കെട്ട്യോൻ ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?"

നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ വിഷ്ണു ഏട്ടന്റെ കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,..

കഴുത്തിലെ വലിയ താലിമാലയും, നെറുകിലെ ചുവന്ന സിന്ദൂരവുമെല്ലാം എന്നെ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമാക്കി,.

ബോയ്സിൽ ആരുടെയൊക്കെയോ മുഖത്തൊരു നിരാശാഭാവം,. അഭിഷേക് അല്ലേ അത് ? ഇവനെങ്ങാനും ഇനി എന്നോട് വല്ല പ്രേമവും ഉണ്ടായിരുന്നോ ? അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് !

"അല്ല അനു എക്സാം എങ്ങനെ ഉണ്ടാരുന്നു ?"

"കുഴപ്പമില്ലായിരുന്നു " ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

"ഇന്നലെ ഉറക്കമിളച്ചിരുന്നു പഠിച്ചുകാണും അല്ലേ ? ചേട്ടനെങ്ങനാ ഹെൽപ് ഒക്കെ ചെയ്യണ ടൈപ്പ് ആണോ ?"

അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു,.
എന്തിനാ അച്ഛാ എന്നെ ഇപ്പോൾ തന്നെ കെട്ടിച്ചുവിട്ടത്, ഇവരുടെയൊക്കെ മുന്നിൽ ഇതുപോലെ നാണം കെടാനോ ? ഓർക്കുംതോറും എനിക്ക് കരച്ചിൽ വന്നു. താഴെ രണ്ടനിയത്തിമാരാണ്, അവരുടെ ഭാവിയെക്കുറിച്ചും ചിന്തിക്കണ്ടേ, അതാണ് ഈ പ്രായത്തിൽ എന്നെയെന്തിനാ കെട്ടിച്ചുവിടണതെന്നു ചോദിച്ചപ്പോൾ അച്ഛൻ തന്ന ഉത്തരം,.

ആദ്യം വന്ന ആലോചന തന്നെയാണ് വിഷ്ണു എട്ടന്റേത്,. ഡിഗ്രി കഴിഞ്ഞുമതി കല്യാണമെന്നാണ് അവർ പറഞ്ഞത്, ആ ഒരു റിലാക്സേഷനിൽ ഇരിക്കുമ്പോഴാണ് എന്റെ ജാതകം നോക്കണത്, 19 വയസിൽ കല്ല്യാണം നടന്നില്ലെങ്കിൽ പിന്നെ 27 ൽ നോക്കിയാൽ മതീത്രെ,. പിന്നെ എല്ലാം പെട്ടന്നായിരുന്നു, എൻഗേജ്മെന്റും, ഡേറ്റ് തീരുമാനിക്കലും എല്ലാം,.

കഷ്ടകാലം വരുമ്പോൾ ഒന്നിച്ചാണല്ലോ വരിക, എന്റെ കല്യാണപ്പിറ്റേന ്നായിരുന്നു യൂണിവേഴ്സിറ്റി എക്സാം,. എത്ര കരഞ്ഞിട്ടും ഒരു കാര്യവും ഉണ്ടായില്ല,. ബുക്ക്സ് ഒന്ന് മറിച്ചുനോക്കാൻ പോലും അവസരം കിട്ടിയില്ല,.
ഭർത്താവിന്റെ വീട്ടിലെ അടുക്കളക്കാര്യം നോക്കാനുള്ള നീ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിട്ടെന്ത് കാര്യമെന്ന അമ്മായിമാരുടെ പരിഹാസം കൂടിയായപ്പോൾ വിഷ്ണു ഏട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലിക്ക് അല്പം കൂടെ മുറുക്കം കൂടി,.
********
പരിചയപ്പെടലും ഫോട്ടോ സെക്ഷനും ഒക്കെ കഴിഞ്ഞപ്പോഴേക്കും പാതിരാത്രി ആയി, തന്നുവിട്ട പാൽഗ്ലാസ് റൂമിലെ ടേബിളിൽ വെച്ചിട്ട്, ഞാൻ ആരും കാണാതെ അനിയത്തിമാരെക്കൊണ്ട് എടുപ്പിച്ച ബുക്കും ഹാൾ ടിക്കറ്റും തപ്പി,.

പതിയെ ബുക്ക് തുറന്നു,. ദാ, കണ്ണിൽ ഇരുട്ട് കയറുന്നു, ടെൻഷൻ കൊണ്ടാവണം ഒന്നും തലയിൽ കയറുന്നില്ല,. വാതിൽക്കൽ ആളനക്കം,.

കർത്താവെ വിഷ്ണുവേട്ടനാണ്! അപ്പോഴാണ് അന്നെന്റെ ഫസ്റ്റ് നൈറ്റ് ആണെന്ന ബോധ്യം പോലും എനിക്കുണ്ടായത്,. ബുക്ക് വേഗം ബെഡ്ഷീറ്റിനുള്ളിലേക്ക് തിരുകി,.

എന്റെ പരിഭ്രമം കണ്ടാവണം പുള്ളിയെന്നെ സൂക്ഷിച്ചു നോക്കി,. ബെഡ്ഷീറ്റിനുള്ളിൽ തിരുകിയ പുസ്തകങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടാവണം,.

"ഓ നാളെ എക്സാം ആണല്ലേ ?" ഞാൻ ടെൻഷനിൽ തലയാട്ടി,.

"കല്യാണത്തിരക്ക് കാരണം ഒന്നും പഠിച്ചുകാണില്ല,.. ?"

"മ്മ് "

"എങ്കിൽ ഇനി സമയം കളയണ്ട, ഇരുന്ന് പഠിച്ചോ !"
സ്വപ്നമോ, സത്യമോ ? പഠനത്തിന്റെ ആധിക്യത്തിൽ എപ്പോഴോ ഉറങ്ങിപ്പോയ എന്നെ വിളിച്ചുണർത്തിയതും, കോളേജിൽ ഡ്രോപ്പ് ചെയ്തതും എല്ലാം വിഷ്ണു ഏട്ടൻ ആയിരുന്നു,.
എന്ത് നല്ല മനുഷ്യൻ !

ആ മനുഷ്യനാണ് റൊമാന്റിക് ആണോ എന്ന് ചോയ്ക്കണത് !

"അല്ല അനൂ, എക്സാം കഴിഞ്ഞില്ലേ ? ഇനിയിപ്പോൾ ഹണിമൂൺ ഒക്കെ കഴിഞ്ഞിട്ടേ ക്ലാസ്സിലേക്ക് ഉണ്ടാവുള്ളൂലോ അല്ലേ ?"

അല്ല അതുപിന്നെ അങ്ങനൊക്കെ തന്നെ ആയിരിക്കണല്ലോ അല്ലേ ?!
************
വീട്ടിൽ ചെന്നപ്പോൾ ആ മനുഷ്യൻ എന്നെ പിന്നെയും ഞെട്ടിച്ചു, ഞങ്ങളുടെ ബെഡ്റൂം ഒരു സ്റ്റഡി റൂം ആക്കി മാറ്റിയിരുന്നു പുള്ളി, എന്റെ ബുക്ക്സ് ഒക്കെ എപ്പോൾ പോയി എടുപ്പിച്ചോ എന്തോ !

"എക്സാം എങ്ങനെ ഉണ്ടായിരുന്നു ?"

"കുഴപ്പമില്ലായിരുന്നു "

"മ്മ് " ഒരു മൂളൽ മാത്രം, ആളിത്തിരി ഗൗരവക്കാരനാണ്, എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഒരിക്കൽ പോലും എന്നെയൊന്ന് ഫോൺ വിളിക്കുകയോ, പുറത്തൊന്ന് കറങ്ങാൻ കൊണ്ട് പോവുകയോ ചെയ്തിട്ടില്ല,.
എന്തൊരു മനുഷ്യനാണ് !! ഇത്തിരിയൊക്കെ റൊമാന്റിക് ആവാലോ ! ഇതിപ്പൊ റൊമാൻസ് പോയിട്ട്, എന്നെ യഥാവിധം ഒന്ന് മൈൻഡ് ചെയ്യണത് കൂടെയില്ല !
ആ രാത്രിയിലും വിഷ്ണുവേട്ടൻ തന്റെ ഉറക്കം സോഫയിലേക്ക് മാറ്റിയപ്പോൾ തന്നെ ഞങ്ങൾക്കിടയിൽ എന്തൊക്കെയോ എരിഞ്ഞുപുകയാൻ തുടങ്ങിയതായി എനിക്ക് തോന്നി,.

ഹണിമൂൺ പോയിട്ട്, ഒരു സിനിമ കാണാൻ പോലും കൊണ്ടോയില്ല,. പിറ്റേന്ന് അയാൾ പതിവ് പോലെ ഓഫീസിലേക്കും, ഞാൻ ക്ലാസ്സിലേക്കും പോയി, വീണ്ടും ഒരിക്കൽ കൂടെ എല്ലാരുടെയും മുന്നിൽ നാണം കെട്ടു,. ***-**-*****
"എന്റെ കെട്ടിയോൻ ഒട്ടും റൊമാന്റിക് അല്ല!"

ദിയയോട് ഞാനത് പറയുമ്പോൾ, അത്രമാത്രം എനിക്കെന്നെ നഷ്ടപ്പെട്ടിരുന്നു, അവൾ എന്നെ ആശങ്കയോടെ നോക്കി,.
കാര്യങ്ങളെല്ലാം ഞാനവളോട് പറയുമ്പോൾ നാലഞ്ച് മാസമായി ചുമക്കുന്ന വലിയൊരു ഭാരം എന്നിൽ നിന്നും ഞാൻ ഇറക്കിവെക്കുകയായിരുന്നു,.

"ഒന്നില്ലെങ്കിൽ അയാൾക്കെന്തോ പ്രശ്നമുണ്ട്, അതുമല്ലെങ്കിൽ, ഇതിന് മുൻപ് വല്ല റിലേഷൻഷിപ്പും ?!"

ഞാൻ ദിയയെ നോക്കി,. "അല്ല അനു, നീ ഇത്ര സുന്ദരി ആയിട്ട് കൂടി അയാൾ നിന്നോട് അകൽച്ച കാണിക്കാൻ വേറെന്താ കാരണം ?" എനിക്ക് വല്ല ഹാർട്ട് അറ്റാക്കും വരുമെന്ന് തോന്നി, ബാംഗ്ലൂർ ഡേയ്സിലെ ശിവയെപ്പോലെ എന്റെ ഭർത്താവിനും വല്ല മുൻകാമുകിമാരും ഉണ്ടാവുമോ എന്നൊരു സംശയം എന്നിൽ ശക്തമായി, ഒടുവിൽ എന്റെ സംശയങ്ങളെ സത്യമാക്കിക്കൊണ്ട് അയാളുടെ ബുക്കിൽ നിന്നും എനിക്കൊരു ഫോട്ടോ കിട്ടി,. **-*********

"വിഷ്ണു ഏട്ടാ, എനിക്കിത്തിരി സംസാരിക്കാനുണ്ട്!"

എന്റെ ഗൗരവം കണ്ടാവണം പുള്ളിയൊന്ന് ഞെട്ടി,. അതിനുള്ള ധൈര്യം എനിക്ക് എവിടുന്നാണ് വന്നതെന്ന്, ഇപ്പോഴും നോ ഐഡിയ!

"എന്താ ?" ഞാൻ വാതിൽ കുറ്റിയിട്ടു,.

"സത്യം പറയണം എന്താ നിങ്ങടെ പ്രശ്നം ? ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ എന്നോട് ഇങ്ങനെ പെരുമാറണത് ?"

പുള്ളിയുടെ മുഖത്തു അത്ഭുതം,. "എന്ത് ചെയ്തെന്നാ ?"

"ഞാൻ നിങ്ങടെ ഭാര്യയാണ് , ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല, നിങ്ങടെ ഈ പെരുമാറ്റം,. ഞാനും ഒരു പെണ്ണാണ്, എനിക്കും ഫീലിങ്ങ്സ് ഒക്കെ ഉണ്ട്, വിവാഹജീവിതത്തെക്കുറിച്ചു സ്വപ്നങ്ങളും,. "

"നീയെന്താ അനു ഒരുമാതിരി സീരിയൽ നടിമാരെപ്പോലെ ? ഞാനെന്ത് ചെയ്തെന്നാ ?"

"ശരിയാ നിങ്ങൾ ഒന്നും ചെയ്തില്ല,.. ഒന്നും,.. " എനിക്കെന്നെ കൈവിട്ടു പോയിരുന്നു,.

"ദാ ഇവളാണോ, നിങ്ങൾക്കെന്നോടുള്ള അകൽച്ചയ്ക്ക് കാരണം ?"

ആ ഫോട്ടോ കണ്ടതും ഷോക്ക് ഏറ്റവനെപ്പോലെയായി വിഷ്ണു ഏട്ടന്റെ മുഖം,. ഒന്നും മിണ്ടാതെ റൂമിൽ നിന്നിറങ്ങിപ്പോയി,.

പക്ഷേ എനിക്കുള്ള ഉത്തരം ആ നിശബ്ദതയിൽ നിന്നും ലഭിച്ചിരുന്നു,. **********
ഇനിയൊരു നിമിഷം ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല, ഒരു ഭാര്യയെന്ന നിലയിൽ ഞാൻ പൂർണമായി പരാജയപ്പെട്ടിരുന്നു, വിഷ്ണു ഏട്ടൻ എന്നെ ഒന്ന് തടയുക പോലും ചെയ്തില്ല,.

" മോളെ, അനു, അമ്മയ്ക്ക് മോളോടൊന്ന് സംസാരിക്കണം,. എനിക്ക് പറയാനുള്ളത് കേൾക്കാൻ നീ മനസ് കാണിക്കണം,. "

വിഷ്ണുവേട്ടന്റെ അമ്മയാണ്,.

"ആ ഫോട്ടോയിലെ കുട്ടിയുടെ പേര് അശ്വതി , അവന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു,. ഡിഗ്രിക്ക് പഠിക്കുമ്പോഴാ കല്ല്യാണം കഴിഞ്ഞത്, ഏറെ താമസിയാതെ അവൾ ഗർഭിണി ആയി,. പക്ഷേ, അവളുടെ ആ പ്രായത്തിൽ ഒരു കുഞ്ഞിനെ ചുമക്കാനുള്ള കരുത്ത് അവളുടെ ഗർഭപാത്രത്തിനുണ്ടായിരുന്നില്ല, പ്രസവത്തിൽ അമ്മയും കുഞ്ഞും.! ,. "

ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു,.

"മോളെ വിവാഹം കഴിക്കാനും അവന് താല്പര്യമില്ലായിരുന്നു, നീ ചെറിയ കുട്ടിയാണെന്നാ അവൻ പറഞ്ഞത്, എന്റെ നിർബന്ധം കൊണ്ടാ അവൻ ഈ കല്യാണത്തിന് സമ്മതിച്ചത്,. നിന്നോട് അകൽച്ചയോടെ പെരുമാറിയതും ആ കാരണം പറഞ്ഞാ,. അവൾ പഠിച്ചോട്ടെ എന്ന്, അല്ലാതെ നിന്നോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിട്ടല്ല "

കണ്ണുനീർ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല,.

"ഇനിയും മോൾക്ക് പോണം എന്നാണെങ്കിൽ അമ്മ തടയില്ല " അവിവേകമായിപ്പോയി, എടുത്തുചാട്ടമായിപ്പോയി,.
ഞാൻ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു,.
********
വിഷ്ണു ഏട്ടൻ അപ്പോൾ ഗാർഡനിൽ ആയിരുന്നു, എന്നെക്കണ്ടതും മുഖം മങ്ങി,. "പോയില്ലേ നീ ?" മുഖത്ത് ദേഷ്യം

"ഐ ആം സോറി,. ഞാൻ ഏട്ടനെ മനസിലാക്കാൻ ശ്രമിച്ചില്ല "

"അയ്യേ എന്താ ഇത് ? കണ്ണ് തുടക്ക്,. "

ചേർത്തുനിർത്തി മിഴികൾ തുടക്കുമ്പോൾ,. വിഷ്ണു ഏട്ടൻ ചോദിച്ചു,.

"ഞാൻ ഇത്രേം റൊമാന്റിക് ആയാൽ മതിയോ ? ഇനീം വേണമെങ്കിൽ, വേഗം റെഡി ആവ്, ഒരു റൊമാന്റിക് മൂവിക്ക് പോവാം,. "

" ഞാൻ വരാം,. ബട്ട് ആ ബുള്ളറ്റ് എടുക്കണം,. "

"എന്റെ കൊച്ചേ മഴക്കാറൊക്കെ ഉണ്ട്, മഴ പെയ്യാൻ ചാൻസ് ഉണ്ട് "

"അതിനെന്താ, മഴയല്ലേ റൊമാൻസിന് ഏറ്റവും ബെസ്റ്റ് !"

"എന്നാൽ പിന്നെ ഓക്കേ" ***********

-ശുഭം -
രചന-#അനുശ്രീ
Photo credit- Sarath Raj Chamayam

No comments