Popular Posts

ഒരു പ്രേതകഥ ( Comedy )

ടാ മനൂ പെൺകൊച്ചിന്റെ നമ്പർ വേണോ ?
    വീടിനടുത്ത്‌ സ്ഥിരം വായ്നോക്കി ഇരിക്കുന്ന ഓലഷെഡിൽ ഞങ്ങൾ കൂട്ടുക്കാർ രാത്രി കുശലം പറഞ്ഞിരിക്കുമ്പോഴായിരുന്നു ഉറ്റ സുഹൃത്ത്‌ വിഷ്ണുവിന്റെ ആ ചോദ്യം. . . . .
നമ്പർ എന്നുകേട്ടപ്പോൾ എന്റെ കണ്ണു വിടർന്നു. . .
   രാത്രി കൂടെയിരിക്കുന്ന കൂട്ടുക്കാരൊക്കെ അവരുടെ കാമുകിയോടും മറ്റും ഫോണിൽ സംസാരിച്ചോണ്ടിരിക്കുമ്പോൾ ഞാൻ മാത്രം അന്തം വിട്ട്‌ കുന്തം വിഴുങ്ങിയ പൊലേ അതും കേട്ട്‌ വായും പൊളിച്ചിരിക്കും. . .
സത്യത്തിൽ ചക്കരേ. . .മോളേ എന്ന അവരുടെ ആ ഫോൺ സംഭാഷണത്തിൽ എനിക്ക്‌ വല്ല്യ കുശുമ്പ്‌ ഉണ്ടായിരുന്നു. . . . .
ഹോ ആ ചക്കരേ ന്നുള്ള വിളിക്കേട്ടാൽ തൊട്ടടുത്തിരിക്കുന്ന എനിക്ക്‌ പോലും രോമാഞ്ചമാ. .  എന്ത്‌ നല്ല ഈണത്തിലാ ആ വിളി. . .
അപ്പോൾ മറുതലയ്ക്കൽ നിന്നും അവൾ അവനോട്‌ മോനേ കുട്ടാ. . . .   .
എല്ലാരും ഒരോ മൂലയിൽ സൊള്ളിക്കൊണ്ടിരിക്കുകയാ. . . .
ഇടയ്ക്കിടയ്ക്ക്‌ ഒരോരോ വൃത്തികെട്ട അപസ്വരങ്ങൾ ,പല്ലി ചിലക്കുന്നതാണോ അല്ലാ ഒരുത്തൻ കാമുകിയ്ക്ക്‌ ഉമ്മ കൊടുത്തതാ. . .
 അവന്റെ ഉമ്മ കൊടുക്കൽ കണ്ടാ തന്നെ അറിയാം തുപ്പലുമുഴുവൻ സ്പീക്കറീക്കൂടെ ഓൾടെ ചെവീലെത്തും. .ചീ വഷളൻ. . .
      ചിലർക്ക്‌ മൂന്നും നാലും കാമുകിമാരാ. . . സത്യത്തിൽ എനിക്കിതുപോലെ വിളിക്കാൻ ആരും ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിനു നല്ല സങ്കടാ. . .
     അപ്പോളൊക്കെ ബർ തെ  ഞാൻ കസ്റ്റമർക്കെയറിൽ വിളിച്ച്‌ ആ ചേച്ചിമാരോട്‌ സംസാരിച്ച്‌ സമാധാനപ്പെടും. . . .
   പലപ്പോഴും അവന്മാരുടെ ഫോണിൽ നിന്ന് ഞാൻ നമ്പറുകൾ അടിച്ച്‌ മാറ്റാൻ ശ്രമിചിട്ടുണ്ട്‌. .ബട്ട്‌ ഒന്നും നടക്കൂല. .
    എങ്ങനെ കിട്ടാനാ സരിത എന്നുള്ളത്‌ ഫോണിൽ സേവ്‌ ചെയ്യുന്നത്‌ ശരത്ത്‌ എന്നാണു. . .രമ്യ എന്നത്‌ രമേഷ്‌ എന്നും. .പിന്നെ എങ്ങനെ കിട്ടാനാ. . .
   നമ്പർ വേണോ എന്നുള്ള വിഷ്ണൂന്റെ ചോദ്യം കേട്ട്‌ സൊള്ളിക്കിണ്ടിരുന്നവരൊക്കെ അവന്റെ ചുറ്റും കൂടി. . .
      പിന്നെ എല്ലാം പെട്ടന്നായിരുന്നു. .അവൻ പരസ്യമായി നമ്പർ പറഞ്ഞ്‌ കഴിഞ്ഞതും എല്ലാരും പെട്ടന്ന് ആ നമ്പർ ഡയൽ ചെയ്തതും ഒരുമിച്ചായിരുന്നു. . .
  എല്ലാരും സ്പീക്കർ ഇട്ടു. .മറുതലയ്ക്കൽ നല്ല പാട്ട്‌. .കോളർ ടൂണാ. . . .
       ലജ്ജാവതിയെ നിന്റെ കള്ള കടക്കണ്ണിൽ. . .അന്നത്തെ ഹിറ്റ്‌ പാട്ടാ. . .കോളൊന്നെടുക്ക്‌ നിന്റെ ലജ്ജയൊക്കെ കാണിച്ചുത്തരം ഞാൻ മനസ്സിൽ പറഞ്ഞു. . . .
     പെട്ടന്നാ ഞാൻ അത്‌ ശ്രദ്ധിച്ചത്‌,ഞങ്ങൾ 6 പേർ ഒരുമിച്ച്‌ ഒരേ സമയം വിളിച്ചിട്ടും ആ നമ്പറിൽ ബെല്ലടിക്കുന്നു. .
     നമ്പർ ബിസി എന്ന് കാണിക്കുന്നില്ല. . .ങേ അതെങ്ങനെ  . എനിക്കതിശയമായി. . .
    അവന്മാർക്കും ഞാൻ പറഞ്ഞപ്പോഴാ കത്തിയത്‌. . .ഡാ പൊട്ടന്മാരെ ഈ നമ്പർ ആക്സിഡന്റിൽ മരിച്ചുപ്പോയ ഒരു പെണ്ണിന്റേയാ. . .
     ഈ നമ്പറിലേക്ക്‌ എത്ര നമ്പറീന്ന് ഒരേ സമയത്ത്‌ വിളിച്ചാലും ബെല്ലടിക്കും. . .
     പക്ഷേ കോൾ എടുക്കില്ല.  .
    രാത്രി പന്ത്രണ്ട്‌ മണിയ്ക്ക്‌ ആ നമ്പറീന്ന് തിരിച്ച്‌ കോൾ വരും ന്നും അത്‌ നമ്മൾ അറ്റൻഡ്‌ ചെയ്താൽ സംസാരിക്കുന്നത്‌ പ്രേതം ആയിരിക്കും ന്നും ജനൽ തുറന്ന് പ്രേതം നമ്മുടെ അടുത്തേയ്ക്ക്‌ വരും ന്നും അവൻ പറഞ്ഞത്‌ കേട്ടപ്പോൾ അവന്റെ ചെവികുറ്റിയ്ക്ക്‌ നോക്കി ഒന്ന് കൊടുക്കാൻ തോന്നി എനിക്ക്‌. . .
       ഡാ അലവലാതി എന്നോട്‌ തന്നെ വേണമായിരുന്നോ ഇത്‌ ? എന്റെ നെഞ്ചൊന്ന് കാളി. . . .ഞാൻ ഇത്‌ മുൻപും കേട്ടിരുന്നു. .ഇങ്ങനെ വിളിച്ച ഏതോ ഒരുത്തനു പ്രാന്തായീ ന്നും അവന്റെ വീട്ടിൽ പ്രേതം വന്നൂ എന്നൊക്കെ. .  . .
    അത്‌ എന്റെ പേടി ഇരട്ടിയാക്കി. .ഇതും പറഞ്ഞ്‌ വിഷ്ണു അങ്ങ്‌ പോയി. .
    ഞങ്ങൾ 6 പേരും പേടിച്ച്‌ മുഖത്തോട്‌ മുഖം നോക്കിയിരിക്കുമ്പോഴാണു തോട്ടടുത്ത തെങ്ങിൽ നിന്നും പൊത്തോം ന്ന് പറഞ്ഞ്‌ ഒരു തേങ്ങ വീണത്‌. . അയ്യോ പ്രേതം എന്ന് ഞാൻ പേടിച്ചൊച്ചവെച്ച്‌ കൂടെയുള്ളവരെ നോക്കിയപ്പോൾ അവന്മാരിക്കെ 2 കിലോമീറ്ററപ്പുറം എത്തീട്ടുണ്ട്‌. . .
    പിന്നൊന്നും നോക്കീലാ ദേവ്യേ ന്ന് വിളിച്ചോരോട്ടമായിരുന്നു .
    എവിടെയൊക്കെയോ തട്ടി തടഞ്ഞ്‌ വീണതോർമ്മയുണ്ട്‌. .. .
   വീടിന്റെ ഗേറ്റിനടുത്തേക്കെത്താൻ കുറച്ചൂടെ ഓടണം. .
അതിനുള്ള ധൈര്യമില്ലാത്തതിനാൽ മതിലുച്ചാടി അടുക്കളയിലൂടെ റൂമിൽ കയറി വാതിലടച്ചു. .
     അപ്പുറത്തെ ബഷീറിക്കാന്റെ പാടത്തൂന്ന് മോഷ്ടിച്ച വാഴക്കുല വിറ്റ്‌ വാങ്ങി കുടിച്ച രണ്ട്‌ കുപ്പി ബിയർ അപ്പഴേക്കും ആവിയായിരുന്നു. .
    ക്ലോക്കിൽ നോക്കി സമയം 11 മണി. .അവൻ പറഞ്ഞ സമയം വെച്ച്‌ നോക്കിയൽ 12 മണിയ്ക്ക്‌ ഇനി ഒരു മണിക്കൂർ മാത്രം. . .
    ഫോൺ മെല്ലെ എടുത്ത്‌ സ്വിച്ച്‌ ഓഫ്‌ ആക്കി. .പ്രേതം ഇങ്ങോട്ട്‌ വിളിച്ചാൽ അല്ലേ കുഴപ്പം. . .
     അല്ലാ ഇനീപ്പോ ഫോൺ തന്നതാനെ സ്വിച്ച്‌ ഓൺ ആയാലോ ? അല്ലാ പ്രേതത്തിനു ആ കഴിവും ണ്ടല്ലോ. . ഫോൺ എടുത്ത്‌ ബാറ്ററി ഊരി അലമാരയിൽ വെച്ചു. . ഫോൺ തലയിണക്കടിയിലും. .
     ഇനി പ്രേതമല്ലാ ഓൾടെ ഉപ്പൂപ്പ വിചാരിച്ചാൽ പോലും ഓണാക്കാൻ പറ്റൂല. . .
      റൂമിന്റെ ചുറ്റും കണ്ണോടിച്ചു,അയ്യോ ജനലിനു കർട്ടണില്ല എങ്ങനും പ്രേതം പുറത്തുനിന്ന് പാളിനോക്കിയാൽ എന്നെ കാണും. .
      ഞാനാണേൽ ഈ ചൂടുക്കാലത്ത്‌ ജട്ടിപോലും ഇടാതെയാ കിടത്തം. .
      ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ ലേ. എന്നെ പേടിപ്പിക്കാൻ വരുന്ന പ്രേതം ഇനി എന്നെ കണ്ട്‌ പേടിക്കണ്ടാന്ന് കരുതി അടുത്ത റൂമിൽ പോയി അമ്മയുടെ മൂന്നാലു സാരി എടുത്തു വരുന്ന വഴിക്ക്‌ നീ ന്താടാ സാരിയൊക്കെ എടുത്ത്‌ തൂങ്ങിച്ചാവാൻ പോവുന്നോ ? ആ  നന്നായി   അങ്ങനേലും എനിക്ക്‌ ഒന്ന് മനസമാധാനം കിട്ടട്ടെ  . . .
       സാധാരണ ഇത്‌ കേൾക്കുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഞാൻ ഒന്ന് ചിരിക്കുകയാ പതിവ്‌. .ആ പതിവ്‌ ഞാൻ തെറ്റിച്ചു. . .
     അമ്മാ മനുഷ്യൻ പേടിച്ചിരിക്കുമ്പോൾ ഇങ്ങനെയുള്ള കോമഡി പറഞ്ഞ്‌ ചിരിപ്പിക്കല്ലേ ട്ടാ. .എനിക്ക്‌ ദേഷ്യവും വിഷമവും ഒരുമിച്ചങ്ങ്‌ വന്നതും പ്രേതപ്പേടിയിൽ വന്നതുപോലെ അതെല്ലാം തിരിച്ചുപോയതും പെട്ടന്നായിരുന്നു. . .
       സാരിയൊക്കെ ജനലീക്കൂടെ മുഴോനും ചുറ്റി. .ഇല്ലാ ഇനി കുഴപ്പല്ലാ. . .ഒന്നു ശ്വാസം വിട്ടു. . ഇരുമ്പ്‌ പ്രേതങ്ങൾക്ക്‌ പേടിയാണെന്ന് അമ്മൂമ്മ പറഞ്ഞുതന്ന ഒരു മുത്തശികഥയിൽ ഞാൻ കേട്ടിട്ടുണ്ട്‌. .പതിയെ വാതിൽ തുറന്ന് അടുക്കളയിലേക്ക്‌ ചെന്നു. .
    അമ്മേ വെട്ടുക്കത്തിയുണ്ടോ ? ന്തിനാടാ വെട്ടുക്കത്തി എന്നുള്ള അമ്മേടെ ചോദ്യത്തിൽ ഉണ്ടായത്‌ മുഴുവൻ ഞാൻ പറഞ്ഞു. .
    അത്‌ കേട്ടതും അമ്മ ഒരു ചിരിയായിരുന്നു. . . നിനക്ക്‌ വട്ടുണ്ടോടാ ഇതൊക്കെ വിശ്വസിക്കാൻ ? പോത്തുപോലെ വളർന്നല്ലോ. . .
    അമ്മയുടെ കളിയാക്കലൊന്നും എന്റെ പേടിക്കുറയ്ക്കാൻ സഹായിച്ചില്ലാ. . .കത്തിയെടുത്ത്‌ റൂമിലേക്ക്‌ നടന്നു. .
        ഇനിയെന്ത്‌ ? ആ അത്‌ തന്നെ. . .അമ്മേ കോടാലി ണ്ടോ ? പിന്നെ അരിവാളും പിച്ചാത്തീം ഉണ്ടേൽ അതൂടെ . .എല്ലാം എടുത്ത്‌ ജനലിൽ വരിവരിയായി വെച്ചു. .
    ഹാവൂ ഒരു താൽക്കാലിക ആശ്വാസം. . . . ഒരു കുരിശുമാല കിട്ടിയിരുന്നേൽ !! അലമാര തുറന്നു.. . ഇല്ലാ കുരിശുമാല ഇല്ല. . . 
     അവസാനം കഴുത്തിൽ കിടക്കുന്ന സ്റ്റീലിന്റെ മാല ഊരി ജനലിൽ തൂക്കി. .ആഹാ ഇനി പ്രേതത്തിന്റെ കളിയൊന്നും നടക്കൂല. . .
     എന്റെ പേടി കണ്ടാവണം അച്ചനോട്‌ ഹാളിൽ എന്റെ റൂമിന്റെ വാതിലിന്റെ മുന്നിൽ കിടക്കാൻ പറഞ്ഞു അമ്മ. . .ഇപ്പോ കുറച്ചോക്കെ ദൈര്യം വരുന്നുണ്ട്‌. .
         മ്മ് മ്മ് അല്ലാ എന്റെ അനിയത്തി എന്ന് പറയുന്ന സാധനം ന്ത്യേ ? ഈ ബഹളങ്ങൾക്കിടയിലും ഓളു സുഖ ഉറക്കം. . .
  അല്ലേലും കട്ടിലു കണ്ടാൽ ഭൂമി കുലുങ്ങ്യാൽ പോലും ഓളറിയൂല. .ഞാൻ പതിയെ തക്കോൽ ദ്വാരത്തിലൂടെ ഹാളിലേക്ക്‌ നോക്കി. .
   ആ അച്ഛൻ അവിടെ തന്നെ ഉണ്ട്‌. . .
     കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ മാത്രമല്ലാ കുട്ടിക്കാലത്ത്‌ അമ്മ പടിപ്പിച്ച്‌ തന്ന സകല ശ്ലോകങ്ങളും പാടി പ്രാത്ഥിച്ച്‌ കണ്ണടച്ച്‌ കിടന്നു. .  രാവിലേ കണ്ണു തുറന്നു നോക്കീപ്പോൾ ചുക്കുക്കാപ്പിയുമായി അനിയത്തിൽ മുന്നിൽ നിൽക്കുന്നു. . .
      ഹോ ഭാഗ്യം ഓളു കുളിച്ച്‌ ചന്ദനം ഒക്കെ തൊട്ടിട്ടാ വന്നേക്കണേ. . .
   ഉറങ്ങി എണീറ്റപാടേ ഉള്ള വരവായിരുന്നേൽ  പ്രേതമാണെന്ന് കരുതി എന്റെ ഉള്ള ബോധംകൂടി പോയേനെ. . .
        ഞാൻ സ്വർഗ്ഗത്തിൽ എത്ത്യോ ? ചുറ്റുമൊന്ന് കണ്ണോടിച്ചു. .അച്ഛൻ ഹാളിൽ ടിവി കാണുന്നു. . .ഹ്മ്മ് സ്വർഗ്ഗമല്ല വീട്‌ തന്നെ. .
      കഴുത്തിൽ പയ്യെ ഒന്ന് തടവി. .ഇല്ലാ കൂർത്ത പല്ലുകൾ ആഴ്‌ന്നിറങ്ങിയ പാടുകൾ ഒന്നുല്ലാ. . . . അല്ലേലും ആകെയുള്ള ചോര മുഴോനും കൊതുക്‌ കുടിച്ചു. .പിന്നെ പ്രേതത്തിനു ഞാനിതെവിടന്നു എടുത്ത്‌ കൊടുക്കാനാ. . .
      ഞാൻ പയ്യെ എണീറ്റു. . .കാലിനും കയ്യിനും നല്ല വേദന.ഇന്നലത്തെ ഓട്ടത്തിനിടയ്ക്കുള്ള വീഴചകളിൽ കിട്ടിയ മുറിപ്പാടുകളും മറ്റും. . .
    നേരെ അടുക്കളയിലേക്ക്‌ ചെന്നു. ..നെറ്റിയിൽ കൈവെച്ച്‌ അമ്മ പറഞ്ഞു പനിക്കുന്നുണ്ടല്ലൊ നിനക്ക്‌. . .ഞാനും തൊട്ടുനോക്കി ശരിയാ നല്ല പനി. . .ഡോക്ട്ടറെ കാണിക്കണ്ട. . .
     ചന്ദ്രേട്ടനെ കാണിച്ചാൽ മതി,അച്ഛനാ പറഞ്ഞത്‌. . . .
   ചന്ദ്രേട്ടൻ വീടിന്റെ അടുത്തുള്ള ഒരു സ്വാമിയാണു. .മന്ത്രവാദവും മറ്റും ഉണ്ടെന്നാ നാട്ടുക്കാരു പറയുന്നത്‌. .
  ബാലഭൂമിയിലോ ബാലമംഗളത്തിലോ ഉള്ള അക്കുടനോ കുക്കുടനോ ഇല്ലേ ഈ കോഴത്തല പോലെ ഉള്ള ഒരാൾ. .അയാളെ കാണാൻ അതുപോലെ ണ്ട്‌. . പണ്ടൊരിക്കൽ ഒരു നഗ്നപൂജ നടത്തിയേനു നാട്ടുക്കാർ പഞ്ഞിക്കിട്ടോണ്ട്‌ പുള്ളിയിപോൾ വിശ്രമത്തിലാ. .
     അവിടെപോയി ഒരു ചരുടും പൂജിച്ച്‌ കെട്ടി വീട്ടിലേക്ക്‌ കാലെടുത്തുവെക്കാൻ തുടങ്ങിയപ്പോൾ ഇനിയിങ്ങനത്തെ കൊസ്രക്കൊള്ളി പരിപാടിയും കാണിച്ച്‌ മനുഷ്യനെ മെനക്കെടുത്തിയാ നിന്റെ മുട്ടുക്കാലു തല്ലിയൊടിക്കും എന്ന അച്ഛന്റെ ഡയലോഗും. . .
                    സ്വസ്ഥം

രചന : Manu G Menon

No comments