Popular Posts

അച്ഛൻ ഇനി എന്നെ കാണാൻ കോളേജിലേയ്ക്ക് വരരുത്...."-മകളുടെ ഈ വാക്കുകൾ ആ അച്ഛനെ തകർത്തു കളഞ്ഞു. ഇത്‌ വായിച്ചാൽ കരഞ്ഞുപോവും😰😰



"അച്ഛൻ ഇനി എന്നെ കാണാൻ കോളേജിലേയ്ക്ക്  വരരുത്...."-മകളുടെ ഈ വാക്കുകൾ  ആ അച്ഛനെ തകർത്തു കളഞ്ഞു.

ഡോക്ടറാകാൻ പഠിക്കുന്ന അവൾക്ക്   കാലത്തിനൊപ്പം സഞ്ചരിക്കാത്ത ആ മനുഷ്യനെ കൂട്ടുകാർക്കും സഹപാഠികൾക്കും മുന്നിൽ അച്ഛനെന്നു പറയാൻ കുറച്ചിലായിരുന്നു.

പഴയ തുരുമ്പിച്ച ആ ഒടങ്കൊല്ലി സൈക്കിളിൽ നരച്ചു കീറാറായ പഴയ ഷർട്ടും തേഞ്ഞു തീർന്നൊരു വള്ളിച്ചെരിപ്പും ധരിച്ചെത്തിയ ആ മനുഷ്യനെ അപ്പാടെ തകർത്തു കളയുന്നതായിരുന്നു മകളുടെ പ്രതികരണം.

കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി മോളെ കാണാൻ കൊതിച്ചെത്തിയ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

മകൾക്കായി വാങ്ങിയ പലഹാരപ്പൊതി അവൾക്കു നല്കി നിറകണ്ണുകളോടെ അയാൾ സൈക്കിളിൽ  മടങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ ആ അദ്ദേഹത്തിന്റെ  കാഴ്ച തെല്ലു മറച്ചിരുന്നു.

ആ പൊതിയിലുണ്ടായിരുന്ന ചൂടാറാത്ത പരിപ്പുവടകളെ പുച്ഛത്തോടെ  നോക്കിയപ്പോൾ അവളുടെ മനസ്സിൽ കൂട്ടുകാരുടെ അച്ഛനമ്മമാർ അവർക്കായി വാങ്ങി നല്കിയിരുന്ന വില കൂടിയ സമ്മാനങ്ങളായിരുന്നു.

ആ പൊതി വലിച്ചെറിഞ്ഞപ്പോൾ അവളറിഞ്ഞില്ല വാത്സല്യ നിധിയായൊരു അച്ഛന്റെ നെഞ്ചിലെ ചൂടുള്ള ആ പരിപ്പു വടകൾക്ക് സമ്പന്നരായ കൂട്ടുകാരുടെ അച്ഛനമ്മമാർ വാങ്ങി നല്കുന്ന സമ്മാനങ്ങളേക്കാൾ സ്വാദുണ്ടെന്ന്.

അവധി ദിവസങ്ങളിലും വീട്ടിലെത്താതെ കൂട്ടുകാർക്കൊപ്പം നഗരത്തിൽ ആഘോഷിച്ചു നടന്ന അവൾ വീട്ടിൽ തന്നെ കാത്തിരിക്കുന്ന അച്ഛനെ മനപൂർവം മറന്നു.ചെറുപ്പത്തിൽ അച്ഛന്റെ സൈക്കിളിൽ മുന്നിൽ നിന്നു മാറാതെ വിരലിൽ തൂങ്ങി നടന്ന അവളിന്നു വല്ലാതെ മാറിപ്പോയിരിക്കുന്നു.

മകൾക്കു നാണക്കേടവാതിരിക്കാൻ  പിന്നീടവളെക്കാണാൻ കോളേജിലേക്കു ആ അച്ഛൻ പോയില്ലെങ്കിലും പൊരിവെയിലിൽ കഷ്ടപ്പെട്ടും മുണ്ടു മുറുക്കി ഉടുത്തും കടം വാങ്ങിയും പൊന്നുമോൾക്കൊരു കുറവും വരാതെ കഴിയാനുള്ള പണം ആ പാവം എത്തിച്ചു കൊടുത്തിരുന്നു.

ആ ഓണം കേറാ മൂലയിൽ കിടന്നു അവൾക്കായി കഷ്ടപ്പെടുന്ന അച്ഛനെ അവൾക്കിന്നു വേണ്ട. അവളിന്നൊരു ന്യൂ ജെൻ നഗര സന്ധതിയായി മാറിയിരുന്നു. മുന്തിയ കോളേജും ഹോസ്റ്റലും നഗരവുമായിരുന്നു അവളുടെ സ്വർഗ്ഗം.

യാദൃർശ്ചികമായി പിന്നീടെപ്പോഴോ പട്ടണത്തിൽ വച്ചു കണ്ട അച്ഛന്റെ പഴയ സുഹൃത്ത് പറഞ്ഞു കേട്ട തന്റെ അച്ഛന്റെ പഴയ കാര്യങ്ങളിഞ്ഞ അവൾ ഞെട്ടി...

ചെറുപ്പത്തിൽ  അമ്മ നഷ്ടപ്പെട്ട അവളെ ആ കുറവറിയിക്കാതെ നോക്കാനായി ഗൾഫിലെ ജോലി വലിച്ചെറിഞ്ഞ്  നാട്ടിൽ മഴയോടും വെയിലിനോടും മല്ലടിച്ച് മണ്ണിൽ ചോരനീരാക്കി അവളെ വളർത്തിയ അച്ഛന്റെ കഷ്ടപ്പാടുകൾ അവൾ തിരിച്ചറിഞ്ഞതപ്പോഴാണ്.

ഭാര്യ മരിച്ചു കഴിഞ്ഞും വിവാഹാലോചനകൾ പലതുവന്നെങ്കിലും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാതെ സ്വന്തം മകൾക്കു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച ആ മനുഷ്യനെ അന്നു മണ്ടനെന്നു വിളിച്ചവർക്കു തെറ്റയില്ലയെന്നു കാലം തെളിയിച്ചുവെന്ന് അവളറിഞ്ഞു..

രണ്ടാനമ്മ പൊതുവെ ദുഷ്ട കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരുന്ന അക്കാലത്ത് പൊന്നുമോൾക്ക് രണ്ടാം ഭാര്യ പെറ്റമ്മയെപ്പോലെ ആകുമോയെന്നു ഭയന്ന് മകൾക്കു വേണ്ടി വിവാഹം വേണ്ടായെന്നുവച്ച യുവാവായിരുന്ന തന്റെ അച്ഛനെ അവൾ കണ്ണീരോടെ ഓർത്തു.

അവധിയാകാൻ കാത്തിരുന്ന് തനിക്കു വേണ്ടി ജീവിതം മാറ്റിവച്ച അച്ഛനെക്കാണാൻ അവളെത്തിയപ്പോൾ വാടക വീടിന്റെ കിഴക്കേത്തൊടിയിൽ പൊരിവെയിലിൽ എന്തോ നട്ടു നനച്ചുണ്ടാക്കുന്ന അച്ഛനെ കണ്ടവളുടെ കണ്ണു നിറഞ്ഞു.

എല്ലിച്ച ശരീരവും ഒട്ടിയ വയറുമായി ഇപ്പോഴും തനിക്കായി കഷ്ടപ്പെടുന്ന ആ മനുഷ്യന്റെ കാലിൽ വീണു അവൾ.എല്ലാത്തിനും മാപ്പു ചോദിക്കുമ്പോഴും "സാരോല്ല മോളേ... " എന്നൊരു മറുപടി മാത്രം.

രാത്രി അച്ഛനോടൊന്നിച്ചാഹാരം കഴിക്കവേ അവൾക്കായി വിഭവസമൃദ്ധ ആഹാരം ഒരുക്കിയ അച്ഛൻ പൊടിയരിക്കഞ്ഞി കുടിച്ച് "എനിക്കിതാ മോളേ ശീലം ... " എന്നു പറയുമ്പോളവൾ തിരിച്ചറിഞ്ഞു കോളേജ് കാന്റീനിലെ വില കൂടിയ ഭക്ഷണം അവൾ കഴിക്കുമ്പോൾ ഇവിടെ മുണ്ടു മുറുക്കി ഉടുത്തു ശീലിച്ച അച്ഛനെ...

കോളേജിൽ പഠിക്കുന്ന തനിക്ക് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനായി വിയർപ്പിൽ കുതിർന്ന നോട്ടുകൾ അയച്ചു തരുമ്പോഴും കീറലുകൾ തുന്നിപ്പിടിപ്പിച്ച പഴയ കുപ്പായമാണ് അച്ഛൻ ഇട്ടിരുന്നതെന്നവൾ മനസ്സിലാക്കി.

തന്റെ ആഗ്രഹം പോലെ  മെഡിസിനു ചേരാൻ കഷ്ടപ്പെട്ടുണ്ടാക്കിയ അഞ്ചു സെന്റ് സ്ഥലവും ഓടിട്ട വീടും  വിറ്റ ആ അച്ഛൻ പേരുകേട്ട ഹോസ്റ്റലിൽ തന്നെ അയച്ച് പൊട്ടിപ്പൊളിഞ്ഞ  ഒരു വാടകക്കുടിലിൽ  ഒതുങ്ങിക്കൂടുകയായിരുന്നു.

ജൻമാഭിലാഷമായിരുന്ന ഒരു സ്കൂട്ടറെന്ന മോഹം വേണ്ടായെന്നു വച്ച് തനിക്കായി ഒരു പഴഞ്ചൻ തുരുമ്പിച്ച ഒടങ്കൊല്ലി സൈക്കിളിൽ ജീവിച്ച അച്ഛനെ തിരിച്ചറിയാൻ വൈകിയതിൽ അവൾ സ്വയം പഴിച്ചു.

ഇന്നിപ്പൊ കുട്ടിക്കാലത്തെന്നപോലെ  തൊടിയിലൂടെ അച്ഛന്റെ തഴമ്പിച്ച ആ കൈയ്യും പിടിച്ചു നടക്കുന്നതിനിടയിൽ തേഞ്ഞു തീരാറായ ആ ചെരിപ്പിന്റെ വള്ളി പൊട്ടിയിട്ടും അതു കാലിലിട്ട് വേച്ചു വേച്ചു നടക്കുന്ന അച്ഛനെ കണ്ടപ്പോൾ അവളറിയാതെ കരഞ്ഞു പോയി...//
കടപ്പാട്
P. Sudhi

No comments